ദേശീയപാതവികസനത്തിന്‍റെ പേരില്‍ വീണ്ടും സമരഭൂമിയായി കൊച്ചി ചേരാനല്ലൂര്‍

cheranalloor-NH-strike
SHARE

ബട്ടര്‍ഫ്ലൈ ഫ്ളൈ ഒാവറിന്റെ പേരില്‍ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ ചേരാനല്ലൂര്‍ നിവാസികള്‍ പ്രക്ഷോഭത്തിന്. ദേശീയപാത 66ല്‍ വരാപ്പുഴ ചേരാനല്ലൂര്‍  ജംഗ്ഷന്‍ വികസനത്തിന്റെ പേരിലാണ് ദേശീയപാത അതോറിറ്റി ബട്ടര്‍ഫ്ലൈ ഫ്ളൈ ഒാവര്‍ നിര്‍മിക്കാനൊരുങ്ങുന്നത്. ഇതോടെ 181 കുടുംബങ്ങളും അന്‍പതോളം കച്ചവടസ്ഥാപനങ്ങളുമാണ് കുടിയിറക്കല്‍ ഭീഷണിയിലായിരിക്കുന്നത്.  

വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡ് നിര്‍മാണം, ദേശീയപാത 66ന്റെ വികസനം എന്നിങ്ങനെ മുന്‍പ് രണ്ട് വട്ടം സ്ഥലം വിട്ടു നല്‍കിയവരാണിവര്‍. പലര്‍ക്കും ഇനിയുള്ളത് അഞ്ചും, പത്തും സെന്റിലുള്ള കിടപ്പാടം മാത്രം. ശേഷിക്കുന്ന ഭൂമിയില്‍ സമാധാനമായി ജീവിച്ചിരിന്നുവര്‍ക്കിടയിലേക്കാണ് ഇടിത്തീ പോലെ ദേശീയപാത അതോറിറ്റിയുടെ ബട്ടര്‍ഫ്ലൈ ഫ്ലൈഒാവര്‍ വന്ന് വീണിരിക്കുന്നത്.

ചേരാനല്ലൂര്‍ പഞ്ചായത്തിലെ 2,3 വാര്‍ഡുകളില്‍ നിന്നായി ഏകദേശം 40 ഏക്കറോളം സ്ഥലമാണ് ഫ്ളൈഒാവറിനായി ഏറ്റെടുക്കാന്‍ എന്‍എച്ച്എഐ ഒരുങ്ങുന്നത്. 181 വീടുകളും, അന്‍പതോളം കച്ചവടസ്ഥാപങ്ങളും, നാല് ആരാധനാലയങ്ങളും, ഒരു സര്‍ക്കാര്‍ ആശുപത്രിയുമടക്കമാണ് കുടിയിറക്ക് ഭീഷണിയിലുള്ളത്. ചേരാനല്ലൂര്‍ ജംഗ്ഷനില്‍ ഇത്തരമൊരു ഫ്ളൈഒാവറിന്റെ ആവശ്യം എന്തെന്നാണ് നാട്ടുകാരുടെ ചോദ്യം. ഇടപ്പള്ളി, വൈറ്റില, കുണ്ടന്നൂര്‍ എന്നിവിടങ്ങളിലെ തിരക്കിന്റെ നാലിലൊന്ന് പോലും ഇവിടെയില്ല. ചെറിയ ഒരിടവേളയ്ക്ക് ശേഷം പാതവികസനത്തിന്റെ പേരില്‍ ചേരാനല്ലൂര്‍ വീണ്ടും പ്രക്ഷോഭഭൂമിയാവുകയാണ്. ബട്ടര്‍ഫ്ളൈപദ്ധതി ഉപേക്ഷിക്കുംവരെ ശക്തമായ സമരം തുടരാന് തന്നെയാണ് ചേരാനല്ലൂര്‍ ബട്ടര്‍ഫ്ളൈ ഫ്ളൈഒാവര്‍ കുടിയിറക്കല്‍ വിരുദ്ധസമിതിയുടെ തീരുമാനം

MORE IN CENTRAL
SHOW MORE