മൂന്നുലക്ഷത്തിലധികം ലീറ്റര്‍ വെള്ളം തിരുവല്ല റയില്‍വേ സ്റ്റേഷനില്‍ കെട്ടിക്കിടക്കുന്നു

thiruvala-water
SHARE

പ്രളയകാലത്തെ കുടിവെള്ള ദൗര്‍ലഭ്യം പരിഹരിക്കാനെത്തിച്ച മൂന്നുലക്ഷത്തിലധികം ലീറ്റര്‍ വെള്ളം തിരുവല്ല റയില്‍വേ സ്റ്റേഷനില്‍ കെട്ടിക്കിടക്കുന്നു. കുടിക്കാന്‍ ഉപയോഗിക്കാനാവില്ലെന്ന പരിശോധനാ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒരു മാസമായി വാഗണ്‍ തിരുവല്ലയില്‍ കിടക്കുകയാണ്. ഒന്നാംനമ്പര്‍ പ്ലാറ്റ്ഫോമില്‍ വാഗണ്‍ കി‌ടക്കുന്നതിനാല്‍ യാത്രക്കാര്‍ക്ക് ദുരിതമാണെന്നും ആക്ഷേപമുണ്ട്.

പ്രളയത്തിനുപിന്നാലെ കഴിഞ്ഞ മാസം ഇരുപതിനാണ് റയില്‍വേ ചെന്നൈയില്‍നിന്ന് മൂന്നുലക്ഷത്തി ഇരുപതിനായിരം ലീറ്റര്‍ വെള്ളവുമായി പ്രത്യേക ട്രെയിന്‍ തിരുവല്ലയിലെത്തിയത്. പത്ത് ഫ്ലാറ്റ് ബോഗികളില്‍ അന്‍പത്തിയൊന്‍പത് ടാങ്കുകളിലാണ് വെള്ളമെത്തിച്ചത്. അയ്യായിരം ലീറ്ററിന്‍റെ അന്‍പത്തിനാല് ടാങ്കുകളും പതിനായിരം ലീറ്ററിന്‍റെ അഞ്ച് ടാങ്കുകളുമാണ് വാഗണിലുണ്ടായിരുന്നത്. റവന്യുവകുപ്പ് നടത്തിയ പരിശോധനയില്‍ കഠിനജലമാണെന്നും കുടിക്കാനാകില്ലെന്നും കണ്ടെത്തിയതോടെ ഏറ്റെടുക്കാനുള്ള നടപടിയുണ്ടായില്ല. പിന്നീട് ശുചീകരണത്തിനായി ഉപയോഗിക്കാമെന്ന് നിര്‍ദേശമുണ്ടായെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുമൂലം അഗ്നിശമന സേനയടക്കം പിന്‍വാങ്ങി. വെള്ളം തിരിച്ചയക്കാന്‍ തീരുമാനിച്ചെങ്കിലും ജീവനക്കാരുടെ അപര്യാപ്തതമൂലം വാഗണ്‍ ഇപ്പോഴും തിരുവല്ലയില്‍ കിടക്കുകയാണ്. ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിന്‍റെ ഒരറ്റത്തായി ലോക്ക് ചെയ്തിട്ടിരിക്കുന്ന വാഗണ്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായിരിക്കുകയാണ്.

എന്നാല്‍ തിരുവല്ല സ്റ്റേഷനിലെ രണ്ടും മൂന്നും പ്ലാറ്റ് ഫോമുകള്‍ മാത്രമാണ് നിലവില്‍ ഉപയോഗിക്കുന്നതെന്നും മറ്റ് രണ്ട് പ്ലാറ്റ്ഫോമുകള്‍ അടിയന്തിര സാഹചര്യങ്ങളിലേക്കുള്ളതാണെന്നും റയില്‍വേ അറിയിച്ചു. ലോക്കോപൈലറ്റ് അടക്കമുള്ള ജീവനക്കാരുടെ ലഭ്യതയനുസരിച്ച് വാഗണ്‍ തിരുവല്ലയില്‍നിന്ന് കൊണ്ടുപോകുമെന്നും അധികൃതര്‍ പറഞ്ഞു.

MORE IN CENTRAL
SHOW MORE