വൈദികനെ നിയോഗിക്കാത്തതിൽ വിശ്വാസികളുടെ പ്രതിഷേധം

koratty
SHARE

കൊരട്ടി സെന്റ് മേരീസ് ഫൊറോന പളളിയ്ക്കു കീഴിലെ മൂന്നു കുരിശു പള്ളികളിൽ തിരുകർമങ്ങൾക്ക് വൈദികനെ നിയമിക്കാത്തതിൽ വിശ്വാസികളുടെ പ്രതിഷേധം. കൊരട്ടി പള്ളിയിലെ വിശ്വാസികളും കുരിശുപള്ളികളിലെ വിശ്വാസികളും തമ്മിൽ വാക്കേറ്റവും ബഹളവും ഉണ്ടായി. പൊലീസ് ഇടപ്പെട്ടാണ് പ്രശ്നം പരിഹരിച്ചത്.  

കൊരട്ടി സെന്റ് മേരീസ് പള്ളിയിൽ കുർബാന കഴിഞ്ഞ ഉടനെയായിരുന്നു ഒരു വിഭാഗം വിശ്വാസികൾ പ്രതിഷേധിച്ചത് .  കട്ടപ്പുറം, വഴിച്ചാൽ,  ആറ്റപ്പാടം കുരിശുപളളികളിലെ വിശ്വസികളാണ് പ്രതിഷേധിച്ചത്. കുരിശുപള്ളികളിൽ  തിരുകർമങ്ങൾക്ക് വൈദികരെ രൂപത പിൻവലിച്ചിരുന്നു. ഇടവക ഭരണ സമിതിയും എറണാകുളം .. അങ്കമാലി അതിരൂപതയും തമ്മിൽ അഭിപ്രായ ഭിന്നത തുടരുന്നതാണ് കാരണം. ഈ സാഹചര്യത്തിലാണ് പ്രതിഷേധം. 

പള്ളിയിൽ സംഘർഷാവസ്ഥയെത്തുടർന്ന് പൊലീസ് വിശ്വാസികളെ പിരിച്ചുവിട്ടു. പളളിയിൽ അജപാലന ശുശ്രൂഷകൾ പുതിയ കമ്മിറ്റിയംഗങ്ങൾ തടസപ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടി എറണാകുളം-അങ്കമാലി അതിരൂപത പൊലീസിൽ നൽകിയ പരാതിയിൽ നാളെ രാവിലെ 10ന് ചാലക്കുടി ഡിവൈഎസ്പി ഓഫിസിൽ ചർച്ച നടക്കും. അതിരൂപതാ സഹായ മെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, പള്ളി വികാരി ഫാ.ജോസഫ് തെക്കിനിയൻ എന്നിവരാണ് പരാതിക്കാർ. ഇവരെ ഉൾപ്പെടുത്തിയാണ് ചർച്ച. നേരത്തെ കൊരട്ടി പൊലീസ് നടത്തിയ ചർച്ചാ ശ്രമം പാളിയിരുന്നു. അതിരൂപതാ ആസ്ഥാനത്തു നിന്ന് വൈദീകർ അന്നത്തെ ചർച്ചയിൽപങ്കെടുക്കാനെത്തിയില്ല. അതേസമയം അതിരൂപതാ കച്ചേരിയുടെ വിധിയെ തുടർന്ന് പള്ളി കമ്മിറ്റികളിൽ നിന്ന് പുറത്താക്കപ്പെട്ടവർ ഹൈക്കോടതിയിൽ സമർപ്പിച്ച കേസിൽ 20ന് വാദം നടക്കും. കൊരട്ടി പള്ളിയിലെ കാണിക്ക സ്വർണം വിറ്റതിലെ ക്രമക്കേടിനെ ചൊല്ലിയാണ് വിശ്വാസികളും രൂപതയും തമ്മിൽ തെറ്റിയത്.

MORE IN CENTRAL
SHOW MORE