രോഗികള്‍ക്കായി ബഗ്ഗി കാര്‍ സൗകര്യം ഒരുക്കി കോട്ടയം അതിരൂപത

kottayamhospital-baggi-car2
SHARE

കോട്ടയം ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ക്കായി ബഗ്ഗി കാര്‍ സൗകര്യം ഒരുക്കി കോട്ടയം അതിരൂപത.  പ്രഥമ ബിഷപ് മാര്‍ കുര്യാക്കോസ് കുന്നശേരിയുടെ ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ചാണ് രണ്ട് ബഗ്ഗി കാറുകള്‍ ആശുപത്രിക്ക് കൈമാറിയത്. സംസ്ഥാനത്ത് ആദ്യമായാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ ബഗ്ഗി കാര്‍ സൗകര്യം ലഭ്യമാക്കുന്നത്.

ആശുപത്രി മുറ്റത്തുകൂടെ അരിച്ചരിച്ച് നീങ്ങിയ വണ്ടിയിലായിരുന്നു എല്ലാവരുടെയും കണ്ണ്. അവശരായി വന്നവരൊക്കെ ഒരു നിമിഷത്തേക്ക് ഉഷാറായി. 

ചുറ്റിക്കറങ്ങുന്ന ലൈറ്റുമിട്ടെത്തിയ ബഗ്ഗി ആംബുലന്‍സ് ആദ്യ ദിവസം തന്നെ ഹിറ്റ്. പൂര്‍ണമായും ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ശബ്ദവും പുകയുമില്ലാത്ത രണ്ട് ബഗ്ഗികളാണ് ജനറല്‍ ആശുപത്രിയില്‍ സര്‍വീസ് ആരംഭിച്ചത്. ആംബുലന്‍സ് ബഗ്ഗിയില്‍ മൂന്ന് രോഗികള്‍ക്ക് ഇരിക്കാനും ഒരു രോഗിയെ സ്ട്രെച്ചറില്‍ കൊണ്ടുപോകാനും സൗകര്യമുണ്ട്. അറുപത് കിലോമീറ്റര്‍ വേഗതയില്‍ സ‍ഞ്ചരിക്കാവുന്ന ബഗ്ഗിയില്‍ 350 കിലോ ഭാരം വഹിക്കും. ഗുരുതരാവസ്ഥയിലുള്ള രോഗികളെ  സുരക്ഷിതമായി വാര്‍ഡുകളില്‍ എത്തിക്കാവുന്ന വിധത്തിലാണ് ക്രമീകരണം. രണ്ടാമത്തെ ബഗ്ഗി ആശുപത്രി ഉപകരണങ്ങള്‍ എത്തിക്കാനാണ്. 

അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ആശുപത്രി അധികൃതര്‍ക്ക് ബഗ്ഗി കാറുകള്‍ കൈമാറി. 11 ലക്ഷം രൂപ ചെലവഴിച്ച് കോയമ്പത്തൂര്‍ ആസ്ഥാനമായ കമ്പനിയില്‍ നിന്നാണ് കാറുകള്‍ വാങ്ങിയത്. പത്ത് ഏക്കറുള്ള ജനറല്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ നിന്ന് നടന്നാണ് രോഗികള്‍ വാര്‍ഡിലേക്കും ഓപ്പറേഷന്‍ തിയറ്ററിലേക്കും പോകുന്നത്. വീല്‍ചെയറും സ്ട്രെച്ചറും ഇത്രയും ദൂരംകൊണ്ടുപോകുമ്പോള്‍ ഉണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ട് പരിഗണിച്ചാണ് രൂപതയുടെ ഇടപെടല്‍. 

MORE IN CENTRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.