പുതുവൈപ്പില്‍ എല്‍പിജി സംഭരണകേന്ദ്രം നിര്‍മിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുതെന്ന് സമരസമിതി

ioc-strike-t
SHARE

പ്രദേശവാസികളുടെ എതിര്‍പ്പ് അവഗണിച്ച് പുതുവൈപ്പില്‍ ഐഒസിയുടെ എല്‍പിജി സംഭരണകേന്ദ്രം നിര്‍മിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുതെന്ന് ഐഒസി വിരുദ്ധസമരസമിതി. ജില്ലാകലക്ടര്‍ വിളിച്ചു ചേര്‍ത്ത സമവായ ചര്‍ച്ചയില്‍ ഐഒസിക്കെതിരായ പ്രതിഷേധത്തില്‍ സമരസമിതി പ്രവര്‍ത്തകര്‍ ഉറച്ചുനിന്നു. സര്‍ക്കാ‍ര്‍ നിയോഗിച്ച വിദഗ്ധസമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടര്‍, ഐഒസി ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികള്‍, സമരസമിതി നേതാക്കള്‍ എന്നിവരുമായി ചര്‍ച്ച നടത്തിയത്.

സര്‍ക്കര്‍ അനുമതി ലഭിച്ചാല്‍ പുതുവൈപ്പില്‍ എല്‍പിജി സംഭരണകേന്ദ്രത്തിന്റെ നിര്‍മാണ പ്രവര്ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാന്‍ തയാറാണെന്ന ഐഒസിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ജില്ലാ കലക്ടര്‍ സമവായ ചര്‍ച്ച നടത്തിയത്. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളാണ് ജില്ലാ കലക്ടര്‍ അവതരിപ്പിച്ചത്. കടലിനുള്ളില്‍ 50 മീറ്റര്‍ ഉള്ളിലേക്ക് 100 മീറ്റര്‍ ഇടവിട്ട് ഏഴ് പുലിമുട്ടുകള്‍ നിര്‍മിക്കുക, പ്രദേശത്ത് ഐഒസി ഡ്രെയിനേജ് സംവിധാനം ഒരുക്കി നല്‍കുക, കണ്ടല്‍ വനങ്ങള്‍ വച്ചുപിടിപ്പിക്കുക തുടങ്ങിയവയാണ് നിര്ദേങ്ങള്‍. എന്നാല്‌ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്ന നിര്‍ദേശങ്ങളൊന്നും തന്നെ വിദഗ്ധസമിതി റിപ്പോര്‍ട്ടിലില്ലെന്ന് സമരസമിതി ആരോപിച്ചു. പദ്ധതിക്കെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകും.

സംഭരണകേന്ദ്രത്തിന് ലഭിച്ച പാരിസ്ഥിതിക അനുമതിക്കെതിരെ നല്‍കിയ അപ്പീലുകള്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ തള്ളിയിരുന്നു. ഈ തീരുമാനം സുപ്രീംകോടതിയും ശരിവച്ചു. പക്ഷേ പ്രദേശവാസികളുടെ എതിര്‍പ്പ് മറികടന്ന് നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഐഒസി.

MORE IN CENTRAL
SHOW MORE