കടല്‍ഭിത്തി നിര്‍മിച്ചില്ല: പെട്രോള്‍ നിറച്ച കുപ്പികളുമായി ആത്മഹത്യ ഭീഷണി

kodungallur-protest
SHARE

കൊടുങ്ങല്ലൂര്‍ എറിയാട് നാട്ടുകാര്‍ പെട്രോള്‍ നിറച്ച കുപ്പികളുമായി ആത്മഹത്യ ഭീഷണി മുഴക്കി റോഡ് ഉപരോധിച്ചു. സംഘര്‍ഷം രൂക്ഷമായതോടെ കടകളടപ്പിച്ചു. കടല്‍ഭിത്തി നിര്‍മിക്കാത്തതാണ് പ്രതിഷേധത്തിന് കാരണം. 

കടല്‍ഭിത്തി നിര്‍മിക്കാത്തതിനാല്‍ നൂറോളം വീടുകളില്‍ വെള്ളം കയറിയിരുന്നു. കിടപ്പാടം നഷ്ടപ്പെട്ട ഈ ദീരദേശവാസികളുടെ ജനപ്രതിനിധികള്‍ കണ്ടതുമില്ല. അധികൃതരുടെ ശ്രദ്ധപതിയാന്‍ അവസാന മാര്‍ഗമെന്ന നിലയ്ക്കാണ് പെട്രോള്‍ കുപ്പികളുമായി ഇവര്‍ തെരുവിലിറങ്ങിയത്. നേരത്തെ, സ്ഥലം എം.എല്‍എയുമായി നാട്ടുകാര്‍ ചര്‍ച്ച നടത്തിയിരുന്നു. ഉടനെ കടല്‍ഭിത്തി നിര്‍മാണം തുടങ്ങാമെന്ന് എം.എല്‍.എ ഉറപ്പും നല്‍കി. പക്ഷേ, പിന്നീട് ഒരുനടപടിയും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് തെരുവില്‍ പ്രക്ഷോഭം അരങ്ങേറിയത്.

കടലാക്രമണം തടയുവാൻ താല്‍ക്കാലിക തടയണ നിർമിക്കണം. അറപ്പതോട് തുറക്കണം. ഈ ആവശ്യങ്ങളില്‍ നിന്ന് നാട്ടുകാര്‍ പിന്നോട്ടില്ല. 

കടകളടപ്പിച്ച് റോഡ് ഉരോധിച്ചു. ചിലർ പെട്രോൾ നിറച്ച കുപ്പികളുമായി ആത്മഹത്യ ഭീഷണി മുഴക്കി. സംഭവമറിഞ്ഞ് തീരദേശ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. തുടക്കത്തിൽ അനുരഞ്ജനത്തിന് നാട്ടുകാര്‍ വിസമ്മതിച്ചു. അവസാനം, തഹസില്‍ദാര്‍ സ്ഥലത്ത് എത്തി ചര്‍ച്ച ചെയ്തതോടെ സമരം അവസാനിപ്പിച്ചു. രണ്ട് ആവശ്യങ്ങളും നടപ്പാക്കാന്‍ ഉടന്‍ ഇടപെടുമെന്നാണ് റവന്യൂ ഉദ്യോഗസ്ഥര്‍ നല്‍കിയ ഉറപ്പ്. കടല്‍ക്ഷോഭം ശക്തമായതോടെ രണ്ടു കിലോമീറ്റര്‍ കരയെടുത്തു. നിരവധി കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാംപുകളിലാണ് കഴിയുന്നത്. 

MORE IN Kuttapathram
SHOW MORE