കൂവപ്പാറയിൽ കിണറ്റിൽ വീണ കാട്ടാനക്കുട്ടിയെ രക്ഷപ്പെടുത്തി

SHARE
elephant-rescue

കോതമംഗലം കൂവപ്പാറയിൽ കിണറ്റിൽ വീണ കാട്ടാനക്കുട്ടിയെ രക്ഷപ്പെടുത്തി. മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച് കിണറിന്റെ വശങ്ങൾ ഇടിച്ചാണ് അര്‍ധരാത്രിയോടെ ആനക്കുട്ടിയെ കരയ്ക്കു കയറ്റിയത്. 

രാത്രി എട്ടുമണിയോടെയാണ് രണ്ടുവയസുള്ള പിടിയാന കോതമംഗലം കൂവപ്പാറ തോപ്പിക്കുടി മൊയ്തീന്റെ പുരയിടത്തിലെ കിണറ്റിൽ വീണത്. കാടിറങ്ങി നാട്ടിലെത്തിയ കാട്ടാനക്കൂട്ടത്തിൽ നിന്ന് കാൽ വഴുതി കുട്ടിയാന പതിനഞ്ചടിയോളം ആഴമുള്ള കിണറ്റിൽ വീഴുകയായിരുന്നു. 

കുട്ടിയാനയ്ക്ക് കാവലായി കാട്ടാനകൾ കിണറിന്റെ പരിസരത്ത് ഏറെ നേരം നിലയുറപ്പിച്ചു. നാട്ടുകാർ കൂടിയതോടെ കാട്ടാനകൾ കൂവപ്പാറ പുഴ നീന്തി അക്കരെ കടന്നു. നിലവിളിയുമായി കുട്ടിയാന കിണറ്റിലും തുടർന്നു. 

നാട്ടുകാരുടേയും വനംവകുപ്പിന്റേയും മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് കുട്ടിയാനയെ രക്ഷപ്പെടുത്തിയത്. മണ്ണുമാന്തി ഉപയോഗിച്ച് കിണറിന്റെ വശങ്ങൾ ഇടിച്ചാണ് കുട്ടിയാനയെ കരയ്ക്കു കയറ്റി കാട്ടിലേക്ക് തിരികെ വിട്ടത്. 

കൂവപ്പാറ പുഴയോടും, വനത്തോടും ചേർന്നതാണ് അപകടസ്ഥലം.  നട്ടുച്ചയ്ക്കും കാട്ടാനകൾ ഇറങ്ങുന്ന സ്ഥലമാണ് കൂവപ്പാറയെന്ന് നാട്ടുകാർ പറയുന്നു.  കാട്ടാനശല്യത്തിനെതിരെ പലതവണ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

MORE IN CENTRAL
SHOW MORE