വേനല്‍ കടുത്തു; ചാലക്കുടി പുഴയില്‍ നിന്നുള്ള കുടിവെള്ള പമ്പിങ് നിര്‍ത്തിവച്ചു

chalakudy-river-pumping-t
SHARE

കടുക്കുന്ന വേനലിന്റെ തുടക്കത്തിലേ ചാലക്കുടി പുഴയില്‍ നിന്നുള്ള കുടിവെള്ള പമ്പിങ് നിര്‍ത്തിവച്ചു.  സ്വകാര്യ കമ്പനി തള്ളുന്ന രാസമാലിന്യങ്ങള്‍ പുഴയെ ആകമാനം നശിപ്പിച്ചതോടെയാണ് ജലഅതോറിറ്റിയുടെ നടപടി. പകൽമുഴുവന്‍ ചുവന്ന നിറത്തിലാണ് പുഴ ഒഴുകുന്നത്.

എറണാകുളം, തൃശൂർ ജില്ലകളിലെ അഞ്ച് ലക്ഷത്തിലധികം പേര്‍ ദൈംദിനം കുടിവെള്ളത്തിനായി ആശ്രയിച്ച ചാലക്കുടിപ്പുഴയുടെ ഗതി ഇപ്പോൾ ഇങ്ങനെയാണ്. പകൽനേരങ്ങളിൽ ഏതാണ്ട് ഇരുപത് കിലോമീറ്ററിലധികം ഇതാണ് വെള്ളത്തിന് നിറം. രാത്രിയിൽ ഇത് കറുപ്പാകും. 

കാടുകുറ്റി പഞ്ചായത്ത് പ്രദേശത്ത് രണ്ടാഴ്ച മുൻപാണ് ഇങ്ങനെ കണ്ടുതുടങ്ങിയതെങ്കില്‍ ഇപ്പോഴിത് പുഴയുടെ കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിക്കുകയാണ്. തുടക്കത്തിൽ ഇതേ വെള്ളം ദിവസങ്ങളോളം നാട്ടുകാർക്ക് എത്തിച്ച ജല അതോറിറ്റിക്ക് ഒടുവിൽ പമ്പിങ് നിർത്തിവക്കേണ്ടിവന്നു. കാതികൂടത്തെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ നിറ്റാജലാറ്റിൻ പുഴയിലേക്ക് ഒഴുക്കുന്ന രാസമാലിന്യങ്ങളാണ് കാരണമെന്ന് വ്യക്തം. ടി‍‍ഡിഎസ്, ക്ലാറൈഡ് എന്നിവയടക്കം 65 ടൺ മാലിന്യമാണ് ദിവസേന പുഴയിലേക്ക് തള്ളുന്നത്. തൊട്ടടുത്ത കണ്ടൻകടവ് റഗുലേറ്ററിന്റെ ഷട്ടർ കേടായി പുഴയുടെ ഒഴുക്ക് നിലച്ചപ്പോൾ മാത്രമാണ് മാലിന്യം ഇത്ര രൂക്ഷമായി വെള്ളപ്പരപ്പിൽ ദൃശ്യമായത്. പുഴയോരത്തുള്ളവർക്ക് വെളളത്തിൽ ചവിട്ടാൻ തന്നെ ഭയം. കമ്പനിക്കെതിരെ വർഷങ്ങളായി സമരം െചയ്യുന്നവർ നിവൃത്തികെട്ട് വീണ്ടും സംഘടിക്കുകയാണ്. 

പമ്പിങ് നിർത്തി ജലഅതോറിറ്റിയുടെ വെള്ളം കിട്ടാതായതോടെ ടാങ്കറുകള്‍ വഴിയെത്തുന്ന കുടിവെള്ളം മാത്രമാണ് ഇപ്പോൾ നാട്ടുകാർക്ക് ആശ്രയം. വേനൽ രൂക്ഷമാകാനിരിക്കെ ഇതെത്ര ഫലപ്രദമാകുമെന്ന് കണ്ടറിയണം. വീട്ടുമാലിന്യം പുഴയിലേക്ക് തള്ളിയാലും കേസെടുക്കാൻ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമവും ഇവിടെ നോക്കുകുത്തിയാണ്. സമർദം ശക്തമായതോടെ പൊലീസ് പേരിനൊരു കേസെടുത്തത് മാത്രം മിച്ചം. 

MORE IN CENTRAL
SHOW MORE