നമ്മളിടങ്ങളിൽ ചർച്ച ചെയ്ത, തോറ്റുകൊടുത്ത, ട്രോളിയ 2023ലെ സോഷ്യലിടം

YearEnd-SocialyYours
SHARE

2023 സൈബറിടം ആഘോഷിച്ച വർഷം. വാളുകള്‍ നിരന്തരം ശബ്ദിച്ച വര്‍ഷം. ഒന്നിന് പിന്നാലെ ഒന്നായി വിവാദങ്ങൾ, വാക്പോരുകൾ.  മാപ്പു പറച്ചിലുകൾ. പിന്നെ സോഷ്യൽ മീഡിയ ഇടപെടലുകളും കരുതലുകളും ആശ്വാസത്തിന് വഴിമാറിയ നിമിഷങ്ങളും നമ്മൾ കണ്ടു.സൈബറിടത്തേക്ക്, ചിരിയും ചിന്തയും മാറിമാറിത്തെളിഞ്ഞ ആ വാളുകളിലേക്ക് ഒരെത്തിനോട്ടം ആണിത്. പോയ വർഷം നമ്മൾ നമ്മളിടങ്ങളിൽ ചർച്ച ചെയ്ത, കത്തിക്കയറിയ, തോറ്റുകൊടുത്ത, ട്രോളിയ 2023.

pazhayidm

പഴയിടം കലോൽസവ വിവാ​ദത്തിലാണ് 2023  പിറന്നപ്പോൾ തന്നെ  സൈബറിടം കൊട്ടിക്കയറിയത്. അടുത്ത കലോൽസവം മുതൽ കലവറയിൽ നോൺവെജ് ഉണ്ടാകുമെന്ന മന്ത്രി വി.ശിവന്‍കുട്ടിയുടെ പ്രഖ്യാപനമായിരുന്നു തുടക്കം. പിന്നാലെ ഇനി കലോൽസവ പാചകത്തിനില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി അങ്ങ്  പ്രഖ്യാപിച്ചു. അതോടെ ചർച്ചകൾ കൊഴുത്തു. പോസ്റ്റോടു പോസ്റ്റ്. മറുപോസ്റ്റ്. സം​ഗതി ജോർ.

Manorama-Paper

ആർആർആറിലെ  നാട്ടു നാട്ടു നേടിയ ഓസ്കർ അവാർഡായിരുന്നു മറ്റൊരു സന്തോഷ നിമിഷം. പാട്ടിന്റെ ചുവട് ഇൻഫോ ​ഗ്രാഫിക്സ് ആക്കിയ മനോരമയും വാളുകളിൽ ചർച്ചയായി.പിന്നാലെയെത്തിയ കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ സമരം പുതിയ വിവാ​ദങ്ങൾക്കാണ് വഴി തുറന്നത്. ജാതി വിവേചനം ഉൾപ്പെടെ ഡയറക്ടർ ശങ്കർ മോഹൻ ഇൻസ്റ്റിറ്റ്യൂട്ടിലെടുത്ത നടപടികളുടെ പേരിൽ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടായിരുന്നു വിദ്യാർഥികളുടെ സമരം. ഒടുവിൽ രാജി. ആദ്യം ശങ്കറിനെ പിന്തുണച്ചതിന്റെ പേരിൽ അടൂർ ​ഗോപാല കൃഷ്ണനും ട്രോളുകളുടെ വാളിനിരയായി.

അഭിമാനതാരം പിടി ഉഷയാണ് പിന്നീട് സൈബർലോകത്തിന്റെ പ്രതിഷേധചൂടറിഞ്ഞത്.  ബ്രിജ്ഭൂഷൻ സിങ്ങിനെതിരായ ലൈംഗിക പീഡനാരോപണത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നടത്തിയ പ്രതിഷേധത്തെ വിമർശിച്ച അവർ  ഒറ്റപ്പെട്ടു. കായിക, രാഷ്ട്രീയ, സിനിമാ മേഖലകളിൽനിന്നടക്കം ഉഷയുടെ നടപടിയെ നിശിതമായി വിമർശിച്ച് പലരും രംഗത്തുവന്നു.ഉഷേച്ചി അങ്ങനെ കുറച്ചുനാൾ എയറിലായിരുന്നു. പിന്നെ ചേച്ചി ആ റിലേ കൈമാറിയത് ഒരമ്മാവനാണ്. നമ്മുടെ പാലക്കാട്ടെ കല്യാണം. പാലക്കാട് പല്ലശ്ശന സ്വദേശി സച്ചിന്റേയും കോഴിക്കോട് മുക്കം സ്വദേശി സജ്‌ലയുടെയും വിഹാഹമാണ് ഒരു തലക്കിടി കാരണം വൈറലായത്. പിന്നെ ആ അമ്മാവനെ തിരഞ്ഞായിരുന്നു സോഷ്യൽമീഡിയയുടെ പോക്ക്.

​ഗിരിജേച്ചിയും തൃശൂരിലെ അവരുടെ ​ഗിരിജാ തിയറ്ററും ആരും മറക്കാനിടയില്ല. ബുക്കിങ് ആപ്പുകൾ ഈടാക്കുന്ന തുക ഒഴിവാക്കി നേരിട്ട് വാട്‌സ്ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും ടിക്കറ്റുകൾ ബുക്ക് ചെയ്യാനുളള സംവിധാനം ഏർപ്പെടുത്തിയതോടെയാണ് ഡോ. ഗിരിജയ്‌ക്കെതിരെ സൈബർ ആക്രമണം ഉണ്ടായത്. സൈബർ ആക്രമണവും, സോഷ്യൽമീഡിയ അക്കൗണ്ട് പൂട്ടിക്കലും വഴി തിയറ്റർ നടത്തിപ്പ് പ്രതിസന്ധിയിലായ ഡോ. ഗിരിജ സമൂഹത്തിന്റെ പിന്തുണ തേടി മുന്നോട്ട് വരികയായിരുന്നു. മാധ്യമ വാർത്ത അങ്ങനെ സോഷ്യൽ മീഡിയ ഏറ്റെടുത്തു. തിയറ്റർ നിറഞ്ഞു കവിഞ്ഞു.ബഹിരാകാശ ദൗത്യത്തിൽ പുതുചരിത്രം കുറിച്ച് ഇന്ത്യയുടെ മൂന്നാം ചാന്ദ്രപര്യവേക്ഷണ ദൗത്യം ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിലിറങ്ങിയ വർഷം കൂടിയാണ് 2023. രാജ്യമൊന്നാകെ ആ അഭിമാനനേട്ടത്തെ സ്വന്തം വാളുകളിലും സ്റ്റാറ്റസുകളിലും റീലുകളിലും ട്വീറ്റുകളിലും നിറച്ച് ആഘോഷിച്ചു.

ആലുവയിലെ ആറുവയസുകാരിയുടെ തട്ടിക്കൊണ്ടുപോകലും ക്രൂരമായ കൊലപാതകവും കണ്ണീരായും രോഷമായും പോസ്റ്റുകളിൽ നിറ‍ഞ്ഞ വർഷം കൂടിയാണ് കടന്നുപോകുന്നത്. വർഷം അവസാനിക്കുന്നതിന് മുൻപ് തന്നെ പ്രതിക്ക് ശിക്ഷ ഉറപ്പിക്കാനായി എന്നത് മാത്രമാണ് ആശ്വാസം.ആ കുഞ്ഞുമുഖം മായാഞ്ഞതു കൊണ്ടാണ് കൊല്ലത്തെ ആറുവയസുകാരിയുടെ തട്ടിക്കൊണ്ടുപോകലിൽ കേരളമൊന്നാകെ ജാ​ഗ്രതയോടെ തിരഞ്ഞ് തുനിഞ്ഞിറങ്ങിയത്. സോഷ്യൽമീഡിയ മുഴുവൻ രണ്ടു പകൽ അവൾ മാത്രമായിരുന്നു, മുഖചിത്രങ്ങൾ അവളുടേതായിരുന്നു. കാടടച്ച് തിരച്ചിൽ, പ്രാർത്ഥനകൾ ഒാരോ മിനിറ്റിലും അപ്ഡേറ്റുകളായി  പോസ്റ്റുകൾ. അവളെ ഒരു പോറലും കൂടാതെ കണ്ടെത്തിയെന്ന വാർത്ത പോസ്റ്റുകളിൽ നിന്ന് പോസ്റ്റുകളായി കൈമാറിയത് ശരവേ​ഗമാണ്. പ്രമുഖരുൾപ്പെടെയാണ് ആശ്വാസം എന്ന് പോസ്റ്റിട്ടത്.

മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആൻറണിയുടെ മകൻ അനിൽ ആൻറണി ബിജെപിയിൽ ചേർന്നതാണ് പോയവർഷം സൈബർലോകം ട്രോളി ഒരു വഴിയാക്കിയത്. അനിൽ മാത്രമല്ല പിതാവ്  എ.കെആന്റണിയും അനില്‍ ചെന്നുകേറുന്ന ബിജെപിയും വരെ വാളിനിരയായി. ചാണ്ടി ഉമ്മനും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പും പാർട്ടിക്കാർ മാത്രമല്ല ചർച്ചയാക്കിയതും വാദപ്രതിവാദങ്ങൾ നടത്തിയതും. രാഷ്ട്രീയം ശ്രദ്ധിക്കാത്ത ന്യൂജെൻസ് പോലും പുതുപ്പള്ളിയിലേക്ക് പോയി, ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശനവും പോസ്റ്റുകളായും ചിത്രങ്ങളായും മുഖപുസ്തകത്തിലും ഇൻസ്റ്റ​ഗ്രമിലും പാറി നടന്നു. അച്ചു ഉമ്മനും ഗീതു ജെയ്ക്കിനും എതിരെയുള്ള സൈബര്‍ ആക്രമണം അതിരുകടന്നതും കേരളം കണ്ടു. ഉപതിരഞ്ഞെടുപ്പ് ജയിച്ച ശേഷമുള്ള അച്ചു ഉമ്മന്റെ മാസ് ഡയലോ​ഗ് സോഷ്യൽമീഡിയ ആ​ഘോഷമാക്കി.

മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട ​ഗ്രോ വാസുവിനെതിരായ കേസ് മറ്റൊരു വിഷയം.  മജിസ്ട്രേറ്റ് സ്വന്തം ജാമ്യത്തിൽ വിട്ടെങ്കിലും വാസു രേഖകളിൽ ഒപ്പു വയ്ക്കാൻ തയാറാവാതെ അറസ്റ്റ് വരിച്ച് ജയിലിൽ പോയത് സോഷ്യല്‍ ലോകത്ത് കയ്യടി നേടി.പൈതൃകവും ചരിത്രവും ആവോളമുള്ള മഹാരാജാസ് കോളജ് പക്ഷെ പോയ വർഷം ചരിത്രത്തിലിടം നേടിയത് നാണക്കേടിന്‍റെ പേജിലാണ്. മഹാരാജാസിലെ കാഴ്ച പരിമിതിയുള്ള അധ്യാപകനെ  കുട്ടികൾ അപമാനിച്ചതും അതിന്റെ വിഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവച്ചതും വലിയ ചർച്ചയായി.

കൈകുഞ്ഞുമായി നഗരസഭയിലെത്തി ജോലി ചെയ്യുന്ന മേയര്‍ ആര്യാ രാജേന്ദ്രൻ ചിത്രവും  വൈറലായി. വിവിധ തൊഴിലിടങ്ങളിൽ കുഞ്ഞുമായി ജോലി ചെയ്യുന്ന അമ്മമാരുടെ ചിത്രങ്ങൾ പങ്കുവച്ചാണ് എന്ത് പ്രഹസനമാണ് സജീ എന്ന് സൈബർ ലോകം തിരിച്ചു ചോദിച്ചത്. ദിവ്യ എസ് അയ്യര്‍ കുട്ടിയെയുമായി വന്നപ്പോള്‍ പരിഹസിച്ചവരുടെ ഇരട്ടത്താപ്പിനും നല്ല കൊട്ട് കിട്ടി.യുപിയില്‍ അധ്യാപിക കുട്ടികളെ കൊണ്ട് ഇതരമതസ്ഥനായ  കുട്ടിയുടെ മുഖത്തടിപ്പിച്ചത് തെല്ലൊന്നുമല്ല സോഷ്യൽമീഡിയയെ ചൊടിപ്പിച്ചത്. വിഡിയോ പലരും എക്സിൽ പങ്കുവച്ച് തങ്ങളുടെ പ്രതിഷേധമറിയിച്ചു, പിന്നീട് മാപ്പു പറഞ്ഞ് അധ്യാപിക തന്നെ രം​ഗത്തെത്തി.

anil-antony-bjp-new

ഡൽഹിയിൽ നടന്ന ജി 20 ഉച്ചകോടിക്ക്  മുന്നോടിയായി രാജ്യതലസ്ഥാനത്തെ ചേരികൾ പ്ലാസ്റ്റിക് ഷീറ്റുകളും ഫ്ലക്സ് ബോർഡുകളും ഉപയോഗിച്ച് മറച്ച അധികൃതരുടെ നടപടിയാണ് വിമർശന വിധേയമായ മറ്റൊന്ന്. ലോക നേതാക്കളും പ്രതിനിധികളും കടന്നുപോകാൻ സാധ്യതയുള്ള മേഖലകളിലെ ചേരികളായിരുന്നു മറച്ചത്.രാജ്യത്തിന്റെ വികസനവും സംസ്കാരവും  ഇതോണോ എന്നാണ് അന്ന് സോഷ്യൽ മീഡിയ ഉയർത്തിയ ചോദ്യം.

ktm-oommenchandy-kallara

സംസ്ഥാന അവാർഡ് വാങ്ങിയ ശേഷം അവാർഡ് ശിൽപം എന്തുകൊണ്ട് ആണായിക്കൂടാ എന്ന നടൻ അലൻസിയറിൻറെ ചോദ്യം വൻ വിവാദമാണ് ഉയര്‍ത്തിയത്. അലൻസിയറിനെതിരെ സോഷ്യൽ മീഡിയ ആഞ്ഞടിച്ചു. പ്രമുഖരടക്കം വൻ വിമർശനമുയർത്തി. എന്നിട്ടും അലൻസിയർ പറഞ്ഞതിൽ ഉറച്ചുനിന്നു.  ട്രോൾ മഴ.സംവിധായകൻ കെ.ജി.ജോർജിന്റെ മരണത്തിന് പിന്നാലെ കുടുംബത്തിന് ചില കോണുകളില്‍ നിന്ന് വിമര്‍ശനം നേരിടേണ്ടി വന്നതും കണ്ടു സോഷ്യലിടം. അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ.  എ.കെ.ആൻറണിയുടെ ഭാര്യ എലിസബത്തിന്റെ  കൃപാസനം വെളിപ്പെടുത്തലിൽ സൈബർ ലോകം ട്രോളുകളുടെ പെരുമഴ തന്നെ നിറച്ചു. നടൻ

Arya-Rajendran

കൃഷ്ണകുമാർ  തന്റെ കുടുംബത്തിൽ ജോലിക്കാർക്ക്  പണ്ട് കുഴി കുത്തി ഭക്ഷണം കൊടുത്തിരുന്നുവെന്ന് പറഞ്ഞത് ട്രോളൻമാർ ആഘോഷമാക്കി. ശബരിമലയിലെ തിരക്കും കുട്ടി കരയുന്ന വിഡിയോയും വ്യാപകമായി പ്രചരിച്ചു. പക്ഷെ സൈബർ ലോകം വളരെ ജാ​ഗ്രതയോടെ അത് കൈകാര്യം ചെയ്തുവെന്ന് എടുത്തു പറയുക തന്നെ വേണം.കളമശേരിയിൽ പ്രാർത്ഥനാ യോഗത്തിനിടെയുണ്ടായ പൊട്ടിത്തിറിയില്‍ ചിലയിടത്തെങ്കിലും ആ ജാഗ്രത കണ്ടില്ല. പ്രതി ഒരു പ്രത്യേക മത വിഭാ​ഗത്തിൽപ്പെട്ടയാളാണ് എന്ന രീതിയിൽ തുടക്കത്തിൽ തന്നെ വ്യാപകമായി പ്രചരണം ഉണ്ടായി. മത ദ്വേഷത്തിനായി ഒരു വരിയെങ്കിലും കുറിക്കുന്നവരെ ഒറ്റപ്പെടുത്തുന്ന കാഴ്ചയും പിന്നാലെ കേരളം കണ്ടു

വര്‍ഷാവസാനം എയറിലായത് സംവിധായകൻ രഞ്ജിത്താണ്. ആള് ഭീമന്‍ രഘുവിനെ പരിഹസിച്ചു. തൂവാനത്തുമ്പികളിലെ മോഹൻലാലിന്റെ  തൃശൂര് ഭാഷയെ അത്യാവശ്യം ചെറുതായിട്ട് വിമർശിക്കുകയും ചെയ്തു. പോരെ പൂരം. ട്രോൾ പൂരം. ലാലേട്ടൻ തന്നെ അവസാനം അതിന് മറുപടിയും പറഞ്ഞു. നൈസായിട്ട് അതങ്ങട് സൈഡാക്കി.നടൻ മമ്മൂട്ടിയാണ് ഈ വർഷം സോഷ്യല്‍ വാളുകളില്‍ ഏറ്റവും കയ്യടി നേടിയ നടൻ. അദ്ദേഹം തിരഞ്ഞെടുക്കുന്ന സിനിമകളും കഥാപാത്രങ്ങളും നല്ല വാക്കുകള്‍ നേടി. സ്വവർ​ഗാനുരാ​ഗം എന്ന പ്രമേയത്തെ ധൈര്യപൂർവ്വം ഏറ്റെടുത്ത് വിജയിപ്പിച്ചപ്പോള്‍, സൈബറിടം അത് ആഘോഷമാക്കിയെന്ന് മാത്രമല്ല, തുറന്ന ചർച്ചകൾക്കും സിനിമ വഴിവെച്ചു.

alencier-award

സ്ത്രീധനം വീണ്ടും സൈബർ ലോകം ചര്‍ച്ച ചെയ്തത് തിരുവനന്തപുരത്തെ ഡോക്ടര്‍ ജീവനൊടുക്കിയതിന് പിന്നാലെയാണ്. അതിൽ പ്രതിസ്ഥാനത്തു വന്നതും ഡോക്ടർ തന്നെ. ഡോ വന്ദനയുടെ മരണത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാർ നടത്തിയ സമരത്തിലെ റുവൈസിന്റെ പ്രസം​ഗവും വീണ്ടും സോഷ്യൽമീഡിയ കുത്തിപൊക്കി.പിന്നെ എയറിലായത് നവകേരള സദസാണ്. സം​ഗതി ബസിന്റെ വരവ് തൊട്ട് സോഷ്യൽമീഡിയയിൽ രാഷ്ട്രീയ എതിരാളികളടക്കം ​ട്രോൾ മഴ നിറച്ചു. കേരളീയം പരിപാടിയുടെ അവസ്ഥയും മറ്റൊന്നായിരുന്നില്ല. പണച്ചിലവിന്റെ പേരിലും, ആദിവാസികളെ കാഴ്ചവസ്തുവാക്കിയതിലും സർക്കാർ വൻ വിമർശനം നേരിട്ടു.

ഇതരമതത്തിലെ ആളെ പ്രണയിച്ചതിന് അച്ചൻ കളനാശിനി വായിലൊഴിച്ചു കൊലപ്പെടുത്തിയ ഫാത്തിമ, ആശുപത്രിയിൽ കുത്തേറ്റു മരിച്ച ഡോക്ടർ വന്ദനാദാസ്, സ്ത്രീധനത്തിന്റെ പേരിൽ ജീവനൊടുക്കിയ ഡോ ഷഹ്ന, ആലുവയിലെ കുരുന്ന് എന്നിവർ വാളുകളിലെ കണ്ണീർക്കാഴ്ച്ചയായി.

സ്ത്രീധന മരണങ്ങൾക്കിടെ വിവാഹമോചിതയായ ഒരു പെൺകുട്ടിയെ സ്വന്തം വീട്ടിലേക്ക് ആഘോഷമായി കൊണ്ടുവന്ന ജാർഖണ്ഡിലെ പിതാവ് സൈബറിടത്ത് മനം നിറച്ചു.ഉമ്മൻചാണ്ടി മരിച്ചപ്പോഴിട്ട ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരിൽ നടൻ വിനായകൻ രൂക്ഷമായ വിമര്‍ശനമാണ് നേരിട്ടത്. അതേ വിനായകന്‍ ജയിലറിലെ വേഷത്തിന്റെ പേരില്‍ കയ്യടി നേടുന്ന കാഴ്ചയും കണ്ടു.

ലോകകപ്പ് ഫുട്ബോള്‍ സമയത്ത് മുഹമ്മദ് ഷമിയായിരുന്നു വാളുകളിലെ ഹീറോ ഷമീ ഹീറോയാടാ ഹീറോ എന്ന് വാളുകള്‍ എഴുതി. എക്‌സില്‍ വലിയ പിന്തുണയുള്ള ടീമായിരുന്നു മുംബൈ ഇന്ത്യന്‍സ്. എന്നാല്‍ രോഹിതിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയ തീരുമാന ത്തോട് ആരാധകര്‍ പ്രതിഷേധിച്ച് അണ്‍ഫോളോ ചെയ്താണ്. പ്രഖ്യാപിച്ച് ഒരു മണിക്കൂറിനുള്ളില്‍ നാല് ലക്ഷം ഫോളോവേഴ്‌സിനെ ആണ് മുംബൈ ഇന്ത്യന്‍സിന് നഷ്ടപ്പെട്ടത്.സുരേഷ്ഗോപിയുടെ മാധ്യമപ്രവർത്തകയോടുള്ള പെരുമാറ്റമായിരുന്നു വിവാദമായ മറ്റൊന്ന്. മാധ്യമപ്രവർത്തകയ്ക്കൊപ്പം നിന്നാണ് ഭൂരിഭാഗവും പ്രതികരിച്ചത്.  ഏട്ടന്റെ നൻമമരം ചിലർ പോസ്റ്റിൽ നട്ടപ്പോൾ ഇരട്ടത്താപ്പ് പുറത്തുകാട്ടി മറുപക്ഷം പ്രതിരോധിച്ചു.

mammutty

അതുപോലെ കേരളാപൊലീസ് തലങ്ങും വിലങ്ങും സ്ഥാപിച്ച എെഎ ക്യാമറയും ട്രോളുകളില്‍ ചിരിയുടെ അമിട്ട് പൊട്ടിച്ചു.പണികിട്ടിയവര്‍ പലരും അത് പോസ്റ്റിട്ടു പിഴയടച്ച് തലയൂരി. ഡീപ് ഫെയ്ക് വീഡിയോയും  ഫോട്ടോയും വഴി പലര്‍ക്കും എട്ടിന്‍റെ പണികിട്ടിയതും ചര്‍ച്ചയായി.കുതിച്ചെത്തിയ വന്ദേഭാരതും സീന്‍ മോശമാക്കിയില്ല.ഒപ്പം റോബിന്‍ ബസിന് കിട്ടിയ സ്വീകരണവും മാസ് ഡയലോഗുമായെത്തിയ മറിയാമ്മചേട്ടത്തിയേയും സൈബറിടം ഏറ്റുപിടിച്ചു.

അങ്ങനെയങ്ങനെ അടപടലം ബഹളം വച്ചാണ് 2023 സലാം പറയുന്നത്. കുറിച്ചും തോണ്ടിയും ട്രോളിയും വെറുതേ വാളുകളിലേക്ക് നോക്കിനിന്നും ഒരു വര്‍ഷം തീര്‍ന്നുപോയി. ഇനി 2024. നേരും നെറിയുമുള്ള സോഷ്യല്‍ ലോകം സ്വപ്നം കാണാം. വിദ്വേഷവും ആക്ഷേപവും ഡിലീറ്റ് ചെയ്യാം. നല്ലതിനായി മാത്രം ലോഗിന്‍ ചെയ്യാം. 

navakeralayathra
MORE IN Year Ender 2023
SHOW MORE