​നെഞ്ചുനീറ്റി ഗുസ്തി താരങ്ങള്‍; പണത്തിനും മീതെ പറന്ന മെസി; 2023ലെ കായിക ലോകം

sports-year-end
SHARE

കളിക്കളത്തിലെ കുതിപ്പും കിതപ്പും ആശ്വാസങ്ങളും നിശ്വാസങ്ങളുമെല്ലാം ലോകത്തിന്റെ പല ഭാ​ഗങ്ങളിൽ നിന്നെത്തി ഹൃദയം തൊട്ടാണ് 2023ഉം കടന്നു പോകുന്നത്. നീരജ് ചോപ്ര ഒരിക്കൽ കൂടി ലോകം കീഴടക്കിയപ്പോൾ കോലിയും ജോക്കോവിച്ചും അൽകാരസും മെസിയുമെല്ലാം 2023ലും ലോകത്തെ വിസ്മയിപ്പിച്ചു. പ്ര​ഗ്നാനന്ദ എന്ന പതിനെട്ടുകാരനെ നോക്കി ലോകം അത്ഭുത്തോടെ നിന്നു. അങ്ങനെ സംഭവ ബഹുലമായിരുന്നു കായിക ലോകത്തിനും 2023. 

ജോക്കോവിച്ചിന്റെ വർഷം

ടെന്നീസ് കോർട്ടിലെ രാജ സിംഹാസനത്തിൽ ജോക്കോവിച്ച് ഒറ്റയ്ക്ക് ഇരുപ്പുറപ്പിച്ചതിനും 2023 സാക്ഷിയായി. ഓപ്പൺ യുഗത്തില് ഏറ്റവും കൂടുതൽ ഗ്രാന്ഡ്സ്ലാം കിരീടം നേടുന്ന താരം. ലോകത്തിന്റെ നെറുകയിലേക്ക് ജോക്കോവിച്ച് നടന്നടുത്തു. യുഎസ് ഓപ്പൺ ഫൈനലിൽ മെദ്ദ്വദേവിനെ വീഴ്ത്തിയായിരുന്നു ചരിത്ര നേട്ടം ജോക്കോവിച്ച് തൊട്ടത്. ഓസ്ട്രേലിയയുടെ മാർ​ഗരറ്റ് കോർട്ട് 24 ഗ്രാന്ഡ്സ്ലാം നേടിയിട്ടുണ്ടെങ്കിലും അത് പ്രീ ഓപ്പണ് യുഗത്തിലാണ്. മാര്ഗരറ്റ് കോര്ട്ടിനെ മറികടക്കാന് ജോക്കോവിച്ചിന് ഇനി വേണ്ടത് ഒരു ഗ്രാന്ഡ് സ്ലാം കിരീടം കൂടി. ഏറ്റവും കൂടുതല് ഗ്രാന്ഡ് സ്ലാം കിരീടം നേടിയ പുരുഷ താരം എന്ന റെക്കോര്ഡ് ജോക്കോവിച്ചിന് സ്വന്തമാണ്. യുഎസ് ഓപ്പണ് നേടുന്ന ഏറ്റവും പ്രായം കൂടിയ താരവും ജോക്കോവിച്ചാണ്. യുഎസ് ഓപ്പണിന് മുന്പ് 2023ല് റോളണ്ട് ഗാരോസിലും ഓസ്ട്രേലിയന് ഓപ്പണിലും കൂടി ജോക്കോവിച്ച് ജയിച്ച് കയറിയിരുന്നു. 

പുതുയു​ഗ പിറവി

24ാം ഗ്രാന്ർഡ് സ്ലാം തൊട്ട് ചരിത്രമെഴുതിയ ജോക്കോവിച്ചിനെ  വീഴ്ത്തി ഒരു സ്പാനിഷുകാരന് ടെന്നീസിലെ പുതുരാജാവ് താനെന്ന് പ്രഖ്യാപിക്കുന്നതും 2023 കണ്ടു. വിബിംൾഡണിൽ കിരീടം മോഹിച്ചെത്തിയ ജോക്കോവിച്ചിനെ അഞ്ച് സെറ്റ് നീണ്ട പോരിൽ കാർലോസ് അൽകാരസ് എന്ന ഇരുപതുകാരന് വെള്ളം കുടിപ്പിച്ചു. പുൽകോർട്ടിലും മാറ്റത്തിന് വഴിയൊരുങ്ങിയിരിക്കുന്നു എന്ന പ്രഖ്യാപനമായിരുന്നു അവിടെ കണ്ടത്. റോജർ ഫെഡറർ വിരമിച്ചു. നദാല് പരുക്കുകളിൽ പെട്ട് ഉഴലുന്നു. ഇതോടെ ജോക്കോവിച്ചിന് കാര്യങ്ങൾ അനായാസമാവുമെന്ന് പലരും കരുതി. എന്നാൽ അൽകാരസിന്റെ സെർവുകളെ തടുക്കാനുള്ള വേഗത ജോക്കോവിച്ചിന്റെ കൈകൾക്ക് അവിടെ ഉണ്ടായില്ല. 2022ൽ  കളിമണ് കോർട്ടിൽ ചരിത്രമെഴുതിയതിന് പിന്നാലെ പുൽകോർട്ടിലും  വിജയക്കൊടിയുമായി എത്തി ജോക്കോവിച്ചിനെ അൽകാരസ് മലർത്തിയച്ചു.

ഒരിക്കൽ കൂടി കലമുടച്ച് ഇന്ത്യ

2011ന് ശേഷം ഒരു ലോക കിരീടം. 2003 ലോകകപ്പ് ഫൈനലിലെ കടം വീട്ടണം. എന്നാൽ ഒരിക്കൽ കൂടി ആ സ്വപ്നത്തിനരികിൽ ഇന്ത്യ വീണ് പോയ വർഷം കൂടിയാണ് 2023. കളിച്ച ഒൻപതിലും തോൽവി തൊടാതെ സെമി ഫൈനൽ വരെ. സെമിയിൽ കീവിസിന്റെ വീഴ്ത്തി ഫൈനലിൽ. ആ 10 മൽസരങ്ങളിലെ തോൽവി തൊടാതെയുള്ള കുതിപ്പ് കണ്ട് പ്രതീക്ഷകളും വാനോളമെത്തി. ധോനിയെ പോലെ രോഹിത് ആ വിശ്വ കിരീടത്തിലേക്ക് ഇന്ത്യ എത്തിക്കുമെന്ന് ആരാധകര് സ്വപ്നം കണ്ടു. എന്നാല് നോക്കൌട്ട് മല്സരങ്ങളിൽ വിശ്വരൂപം കാണിക്കുന്ന ഓസ്ട്രേലിയ ഒരിക്കൽ കൂടി ആ പതിവ് ആവര്ത്തിച്ചു. ട്രാവിസ് ഹെഡ്ഡിന്റെ ശതകത്തിന്റ ബലത്തില് ഇന്ത്യയുടെ സ്വപ്നങ്ങള് ഓസീസ് തല്ലിക്കെടുത്തി. ക്രിക്കറ്റ് ലോകം എന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന നിമിഷങ്ങളും ഈ ലോകകപ്പിലുണ്ടായി. ഫുട്ട്വർക്ക് ഇല്ലാതെയുള്ള മാക്സ് വെല്ലിന്റെ ബാറ്റിങ്. അഫ്​ഗാനിസ്ഥാനെതിരായ ആ വെടിക്കെട്ടും അവിശ്വസനീയ ജയവും. പകരക്കാരനായി ടീമിലെത്തി മുഹമ്മദ് ഷമി നടത്തിയ വിക്കറ്റ് വേട്ട. ക്രീസിലേക്ക് എത്താൻ വൈകിയതിന് പുറത്തായ എയ്ഞ്ചലോ മാത്യുസ്.  

ലോകത്തിന്റെ നെറുകയിൽ നീരജ്

ഇന്ത്യന് ​ഗോൾഡൻ ബോയ് മറ്റൊരു ചരിത്ര നേട്ടത്തിലേക്ക് കൂടി ജാവലിന് എറിയുന്നതും 2023 കണ്ടു. ഇന്ത്യയുടെ യശ്ശസ് ലോക അത്ലറ്റിക് ചാംപ്യൻഷിപ്പിലും നീരജ് ചോപ്ര വാനോളം എത്തിച്ചു. ലോക അത്ലറ്റിക് ചാംപ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമായി നീരജ്. രാജ്യത്തിന്റെ വരണ്ടുണങ്ങിയ അത്ലറ്റിക് സ്വപ്നങ്ങൾക്ക് മേൽ കുളിർമഴ പെയ്യിച്ച് 88.17 മീറ്ററാണ് നീരജിന്റെ ജാവലിൻ ബുദ്ധാപെസ്റ്റിൽ താണ്ടിയത്. തന്റെ രണ്ടാമത്തെ ത്രോയിലായിരുന്നു ആ ചരിത്ര നേട്ടത്തിലേക്ക് നീരജ് എത്തിയത്. ഒളിംപിക്സിലും ലോക അത്ലറ്റിക് ചാംപ്യൻഷിപ്പിലും സ്വർണം നേടുന്ന താരം എന്ന അത്യപൂർവ നേട്ടവും നീരജ് ഇവിടെ തൊട്ടു. 

അമേരിക്കൻ മണ്ണിൽ ഇതിഹാസം 

ബാർസയിലേക്ക് മെസിയുടെ മടങ്ങി വരവ് കാത്തിരുന്ന ആരാധകർ നിരാശരായ വർഷവുമാണ് 2023. അമേരിക്കയിലെ എംഎൽഎസിലേക്ക് ചേക്കേറാനായിരുന്നു അർജന്റൈൻ ഇതിഹാസത്തിന്റെ തീരുമാനം. പണമെറിഞ്ഞ് മെസിയെ സ്വന്തമാക്കാനുള്ള സൗദിയുടെ അൽഹിലാലിന്റെ തന്ത്രങ്ങൾ ഫലം കണ്ടില്ല. പണമല്ല എല്ലാം എന്ന് പ്രഖ്യാപിച്ചായിരുന്നു ഡേവിഡ് ബെക്കാമിന്റെ ക്ലബിലേക്കുള്ള മെസിയുടെ വരവ്. എന്നാൽ ആ തീരുമാനം തെറ്റായി പോയില്ലേ എന്നായിരുന്നു ഫുട്ബോൾ ലോകത്ത് ഉയർന്ന ചോദ്യം. തോൽവികളിൽ നിന്ന് തോൽവികളിലേക്ക് കൂപ്പുകുത്തുന്ന ഇന്റർ മയാമിയുടെ അവസ്ഥയായിരുന്നു അതിന് കാരണം. എന്നാൽ ​​ഗോളടിച്ചും അടിപ്പിച്ചും ഇതിഹാസം അമേരിക്കൻ മണ്ണിൽ നിന്നും ആരാധകരെ വിസ്മയിപ്പിച്ചു. മെസിയുടെ ബലത്തിൽ ആദ്യമായി ലീ​ഗ് കപ്പ് ഫൈനലിലേക്ക് ഇന്റർ മയാമി എത്തി. ഫൈനലിൽ മെസി വീര നായകനായി. കന്നി ലീ​ഗ്സ് കപ്പ് സ്വന്തമാക്കി ഇന്റർമയാമി. മെസിയുടെ കരിയർ കിരീടങ്ങളുടെ എണ്ണം നാൽപ്പത്തി നാലും. 

സാത്വിക്കിന്റേയും ചിരാ​ഗിന്റേയും തേരോട്ടം

ബാഡ്മിന്റൺ ഡബിൾസിൽ ഇന്ത്യൻ പുരുഷ സഖ്യം വിജയ തേരോട്ടം നടത്തുന്നതും 2023 കണ്ടു. സാത്വിക് സായ്രാജ്-ചിരാ​ഗ് ഷെട്ടി എന്നിവരുടെ തോളിലേറിയായിരുന്നു ഇന്ത്യയുടെ കുതിപ്പ്. സ്വിസ് ഓപ്പണിലും ഇന്തോനേഷ്യൻ ഓപ്പണിലും കൊറിയൻ ഓപ്പണിലും സാത്വിക്-ചിരാ​ഗ് സഖ്യം ജയിച്ചു. ബാഡ്മിന്റൺ ഏഷ്യൻ ചാംപ്യൻഷിപ്പിലും ഡബിൾസ് കിരീടം നേടിയ ഈ സഖ്യം ഏഷ്യൻ ​ഗെയിംസിലും നിരാശപ്പെടുത്തിയില്ല. ലോക ബാഡ്മിന്റൺ റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ആദ്യ ഡബിൾസ് സഖ്യം എന്ന നേട്ടവും സ്വന്തമാക്കിയാണ് സാത്വികും ചിരാ​ഗും 2023 ആഘോഷമാക്കിയത്.

വിട്ടുകൊടുക്കാതെ ​ഗുസ്തി താരങ്ങൾ

രാജ്യത്തിന്റെ അഭിമാനം വാനോളമെത്തിച്ച് ​ഗോദയിൽ നിന്ന് നേടിയെടുത്ത മെഡലുകൾ. ഈ മെഡലുകൾ ​രാജ്യത്തിന്റെ പ്രിയ താരങ്ങൾ ​ഗം​ഗയിലെറിയാൻ പോകുന്നതിനും 2022 സാക്ഷിയായി. മെഡലുകൾ ​ഗം​ഗയിലൊഴുകുന്ന നാണക്കേടിൽ നിന്ന് തലനാരിഴയ്ക്കാണ് രാജ്യം രക്ഷപെട്ടത്. ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരെ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് താരങ്ങൾ ആ കടുംകൈക്ക് മുതിർന്നത്. കർഷക നേതാക്കളുടെ ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ രാജ്യം ലോകത്തിന് മുൻപിൽ തലതാഴ്ത്തേണ്ടി വരുമായിരുന്നു. 

പണമെറിഞ്ഞ് സൗദി

ഫുട്ബോൾ ലോകം സൗദി അറേബ്യയുടെ പണക്കിലുക്കവും കണ്ട വർഷമാണ് 2023. 2022ൽ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിലേക്ക് എത്തിയപ്പോൾ പിന്നാലെ ഇത്രയും താരങ്ങൾ വരുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നില്ല. അൽ ​ഹിലാലേക്ക് നെയ്മർ എത്തിയപ്പോൾ ബെൻസെമ, ഫിർമിനോ, മാനെ, കാന്റെ ഉൾപ്പെടെയുള്ള താരങ്ങൾ സൗദിയിലേക്ക് ചേക്കേറി. 

ഹാങ്ഷൗവിൽ പൊന്നുവാരി ഇന്ത്യ

107 മെഡലുകൾ. ചരിത്രമെഴുതിയാണ് ഇന്ത്യൻ കായിക താരങ്ങൾ ഹാങ്ഷൗവിൽ നിന്ന് നാട്ടിലേക്ക് തിരിച്ചെത്തിയത്. ഏഷ്യൻ ​ഗെയിംസ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച മെഡൽവേട്ടയാണ് ഇത്. 28 സ്വർണവും 38 വെള്ളിയും 41 വെങ്കലവും ഇന്ത്യൻ താരങ്ങൾ നേടി. അത്‌ലറ്റിക്‌സിലാണ് ഇന്ത്യ ഏറ്റവും കൂടുതൽ മെഡലുകൾ വാരിക്കൂട്ടിയത്. പുരുഷ റിലേയിൽ സ്വർണവും വനിതാ റിലേയിൽ വെള്ളിയും നേടി ഇന്ത്യയുടെ താരങ്ങൾ ഹാങ്ഷൗവിൽ കുതിച്ചു. അത്ലറ്റക്സിൽ നിന്ന് 29 മെഡലുകൾ ഇന്ത്യ നേടി. 22 മെഡലുകളാണ് ഷൂട്ടിങ്ങിൽ ഇന്ത്യ വെടിവെച്ചിട്ടത്. കുതിരയോട്ടത്തിൽ 42 വർഷത്തിന് ശേഷം ഇന്ത്യ സ്വർണം നേടുന്നതിനും ഹാങ്ഷൗ സാക്ഷ്യം വഹിച്ചു. ഏഷ്യൻ ​ഗെയിംസിന്റെ ബാഡ്മിന്റൺ ഡബിൾസിലും ചരിത്രത്തിലാദ്യമായി ഇന്ത്യ മെഡലിലേക്ക് എത്തി. സാത്വികും ചിരാ​ഗുമാണ് പുതു ചരിത്രമെഴുതിയത്. 

കിങ് കോലി 

ഒരിക്കലും ആരും എത്തിപ്പിടിക്കില്ലെന്ന് ക്രിക്കറ്റ് ലോകം കരുതിയ റെക്കോർഡ്. എന്നാൽ സച്ചിന് ശേഷം ചരിത്രം തിരുത്തിയെഴുതാൻ ശീലിച്ചൊരാൾ ഇന്ത്യൻ കുപ്പായത്തിലുണ്ടായിരുന്നു. ശതകങ്ങളുടെ വൻമല തൊട്ട് വിരാട് കോലി. അതും സാക്ഷാൽ സച്ചിനെ സാക്ഷിയാക്കി. ഏകദിന ക്രിക്കറ്റിന്റെ 50 വര്‍ഷം നീണ്ട ചരിത്രത്തിൽ ആ​ദ്യമായി ഒരാൾ ശതകങ്ങളിൽ അർധ ശതകം കണ്ടെത്തി. വാങ്കഡെയിൽ ലോകകപ്പ് സെമിയിൽ ന്യൂസിലൻഡിനെതിരെ തന്റെ സ്കോർ മൂന്നക്കം കോലി കടത്തിയതോടെയാണ് കാത്തിരുന്ന ആ നിമിഷമെത്തിയത്. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡും സച്ചിനിൽ നിന്നും കോലി തട്ടിയെടുത്തിരുന്നു.

നേട്ടങ്ങൾ ഒരുപാടുണ്ട് ഇന്ത്യക്ക് 2023ൽ. എന്നാൽ തലതഴ്ത്തിയാണ് ഇന്ത്യൻ കായിക ലോകം 2023 അവസാനിപ്പിക്കുന്നത്. സാക്ഷി മാലിക് എന്ന രാജ്യത്തിന്റെ അഭിമാന താരത്തിന് വിരമിക്കൽ പ്രഖ്യാപിക്കേണ്ടി വന്നിരിക്കുന്നു. ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുപ്പിലെ വിജയത്തിൽ ബ്രിജ്ഭൂഷണിന്റെ വസതിയിൽ ആഘോഷം പൊടിപൊടിച്ചപ്പോൾ കിലോമീറ്ററുകൾ മാത്രം അകലെ ഹൃദയം തകർന്ന് ​ഗുസ്തി താരങ്ങൾ നിൽക്കുന്നത് രാജ്യം കണ്ടു. സാക്ഷി മാലിക് മേശയ്ക്ക് മുകളിലേക്ക് വെച്ച ആ നീല ഷൂ രാജ്യത്തിന്റെ മനസാക്ഷിക്ക് നേരെയുള്ള ചോ​ദ്യമാണ്. ഒളിംപിക്സും ട്വന്റി20 ലോകകപ്പും ഉൾപ്പെടെ 2024ൽ പ്രതീക്ഷകൾ ഒരുപാടുണ്ട്. എന്നാൽ കണ്ണീരണിഞ്ഞ സാക്ഷി മാലിക്കിനും കൂട്ടർക്കും ഉത്തരം നൽകാൻ രാജ്യത്തിനാവണം. 2024ലും അതിനുള്ള സാധ്യത വിരളമാണ്. എങ്കിലും അത്ഭുതങ്ങളിലേക്ക് നയിക്കാൻ 2024നാകട്ടെ..

MORE IN SPORTS
SHOW MORE