കടൽതീരത്ത് ജൈവവേലി; മാതൃകയായി ശ്രീനാരായണപുരം പഞ്ചായത്ത്

കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം പഞ്ചായത്തിന്റെ മാതൃക പദ്ധതിയാണ് കടല്‍തീരത്തെ ജൈവവേലി. കടലാക്രമണത്തെ പ്രതിരോധിക്കാന്‍ പ്രത്യേകതരം മരങ്ങള്‍ വച്ചുപിടിപ്പിച്ചാണ് ജൈവവേലി പദ്ധതി നടപ്പാക്കിയത്. 

ശ്രീനാരായണപുരം പഞ്ചായത്ത് പരിധിയിലെ കടല്‍ത്തീരത്ത് കടല്‍ക്ഷോഭം പലപ്പോഴും ശക്തമാകാറുണ്ട്. റോഡുകളും വീടുകളും തകര്‍ന്നിട്ടുണ്ട്. കടല്‍ഭിത്തിയും മറികടന്നാണ് തിരകള്‍ കരയിലേയ്ക്ക് ഇരച്ചുക്കയറാറുള്ളത്. കടല്‍ക്ഷോഭം നാട്ടുകാര്‍ക്ക് ദുരിതമായപ്പോള്‍ പഞ്ചായത്ത് ജനപ്രതിനിധികളുടെ മനസില്‍ ഉദിച്ച ആശയമാണ് ജൈവവേലി. കടല്‍തീരത്ത് വൃക്ഷൈതകള്‍ വച്ചുപിടിപ്പിച്ചാണ് ജൈവ വേലി തീര്‍ത്തത്. തീരത്തെ പൂഴിമണലിലും വളരുന്ന തരം മരങ്ങളാണിവ. പുന്ന, പൂപ്പരത്തി, രാമച്ചം, മുള, കൈത എന്നീ തൈകളാണ് നട്ടുവളര്‍ത്തുന്നത്.

പഞ്ചായത്തിലെ നാലു വാര്‍ഡുകളിലെ തിരഞ്ഞെടുക്കപ്പെട്ട തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് പരിപാലനചുമതല. കടല്‍തീരത്തെ എങ്ങനെ സംരക്ഷിക്കാമെന്നതിന്റെ ഉത്തമോദാഹരണമാണ് ശ്രീനാരായണപുരത്തെ ജൈവവേലി. പശ്ചിമഘട്ട വേഴാമ്പല്‍ ഫൗണ്ടേഷനും പി.വെമ്പല്ലൂര്‍ എം.ഇ.എസ് അസ്മാബി കോളജുമാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.