വിഴിഞ്ഞത്ത് യുവാവിനെ നടുറോഡില്‍ അടിച്ചുകൊന്ന സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് നടി അനുശ്രീ. എന്താണിവിടെ നടക്കുന്നതെന്നും എന്ത് നിയമങ്ങളാണിവിടെ ഉള്ളതെന്നും നടി ചോദിക്കുന്നു. ഈ നാട്ടില്‍ ആരെ തല്ലിയാലും കൊന്നാലും കുഴപ്പമില്ലെന്ന അവസ്ഥയായോ എന്നും അനുശ്രീ ചോദിക്കുകയാണ്.
‘വിഴിഞ്ഞം സംഭവത്തിലെ വിഡിയോ ഇപ്പോൾ കാണുവാനിടയായി. എന്താണ് ഇവിടെ നടക്കുന്നത്? ആർക്കും ആരെയും എന്തു ചെയ്യാം..ആരെ എന്ത് ചെയ്താലും..അത് തല്ലിയാലും, കൊന്നാലും ആർക്കും ഒന്നും പറ്റില്ല എന്ന് ചെയ്യുന്നവർക്ക് അറിയാം.
അതുകൊണ്ട് തന്നെയാണ് ഇതൊക്കെ വെറും ലാഘവത്തോടെ ഇവിടെ നടക്കുന്നത്.. പിന്നെ എന്തിനാണ് ഇവിടെ നിയമങ്ങൾ?? എന്തു നിയമങ്ങളാണ് ഇവിടെ ഉള്ളത്?? ആർക്കുവേണ്ടിയാണ് നിയമങ്ങൾ?? കഷ്ടം തന്നെ... കളളും കഞ്ചാവും അടിച്ചു കേറ്റീട്ട് കാണിച്ചു കൂട്ടുന്ന തെമ്മാടിത്തരങ്ങൾ...ദൈവത്തിന്റെ സ്വന്തം നാട്’– ഇതായിരുന്നു അനുശ്രീയുടെ പ്രതികരണം.
കേസില്‍ പ്രതികളായ അച്ചുവും അനന്തുവും ഇപ്പോള്‍ റിമാന്‍ഡിലാണ്. ബാറിനുള്ളില്‍ വച്ചുണ്ടായ പ്രശ്നത്തില്‍ ഇടപെടാന്‍ പോയതാണ് സുമന്‍ എന്ന യുവാവിനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്താന്‍ കാരണം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചിരുന്നു.
സുമനെ കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടു. തുടര്‍ന്ന് ഈ വഴി വന്ന കാര്‍ യാത്രികനാണ് സുമനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചത്, എന്നാല്‍ കണ്ടു നിന്നവരാരും സഹായിക്കാന്‍ തയാറാവാതെ വന്നതോടെ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തിയാണ് സുമനെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും യുവാവിന്റെ ജീവന്‍ നഷ്ടമായിരുന്നു.