ഉച്ചിയിൽ തുടരെ വീഴുന്ന ഉച്ചഭാഷിണി; ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ..!

Thiruva-Ethirva
SHARE

അപ്പോ ഇന്ന് ആകെ ലൈറ്റും സൗണ്ടും വച്ചുള്ള കളിയാണ്. കല്യാണമാണന്നൊന്നും തെറ്റിദ്ധരിക്കരുത്. ഇത് വേറൊരു ആഘോഷമാണ്. ‌ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ. പരിപാടിക്കായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. ലൈറ്റ് ആന്‍ഡ് സൗണ്ട്സ് വെല്‍ഫയര്‍ അസോസിയേഷന്‍റെ ജില്ലാ സമ്മേളനങ്ങള്‍ നടക്കുകയാണ്. സിപിഎമ്മിലൊക്കെ കണ്ടിട്ടില്ലേ. ലോക്കല്‍ സമ്മേളനം ജില്ലാ സമ്മേളനം സംസ്ഥാന സമ്മേളനം ഇതൊന്നും പോരാഞ്ഞിട്ട് പ്ലീനം. അങ്ങനെ. ഇവരും അതുപോലെ സമ്മേളന തിരക്കിലാണ്. കോട്ടയം ജില്ലാ സമ്മേളന നഗരിയിലാണ് നമ്മള്‍ ഇപ്പോളുള്ളത്. അങ്ങ് പാലായില്‍. റബറും മീനച്ചിലാറും കേരള കോണ്‍ഗ്രസുമെല്ലാമുള്ള പാലായില്‍. നാട്ടുകാരെ ഉപദേശിച്ചും ആശ്വസിപ്പിച്ചും ലക്ഷ്യബോധത്തെ കുറിച്ചു പ്രസംഗിച്ചും നടക്കുന്ന ജോസഫ് പുത്തന്‍പുരക്കല്‍ അച്ചന് എന്താ ഈ മൈക്ക് സെറ്റിനിടയില്‍ കാര്യം എന്നല്ലേ. കാര്യമുണ്ട്. മുഖത്ത് നല്ല ലൈറ്റും ആരെയും ആകര്‍ഷിക്കുന്ന സൗണ്ടുമൊക്കെയുള്ള അച്ചനാണ് ലൈറ്റ് ആന്‍ഡ് സൗണ്ട്സ് കോട്ടയം  ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയത്. അതിന് മുന്‍പ് ഒരു അറിയിപ്പുണ്ട്. പരിപാടി കഴിയുന്നതുവരെ ചിലരൊക്കെ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. ഷോക്കടിക്കാന്‍ സാധ്യതയുണ്ട്. എന്നാപ്പിന്നെ പതിയെ തുടങ്ങാം. സ്വരം നന്നായിരിക്കുമ്പോ പാട്ട് നിര്‍ത്തണമെന്നല്ലേ. സര്‍ക്കാരും മൈക്ക് സെറ്റുകാരും തമ്മിലുള്ള സ്വരം ചീത്തയായിരിക്കുന്നതിനാല്‍ വച്ചു താമസിപ്പിക്കണ്ട. 

അനുഭവിച്ചതിന്‍റെ കാര്യമൊന്നും പറയണ്ട..ഇതുകൊണ്ടൊക്കെയാണ് ഈ സമ്മേളനം ദേശീയ ശ്രദ്ധതന്നെ ആകര്‍ഷിച്ചത്. ആരും അങ്ങനങ്ങ് ശ്രദ്ധിക്കാതെ കിടന്ന ഒരു വിഭാഗം എന്നത് വളരേ ശരിയാണ്. മൂന്നുനാലു മാസം മുന്‍പ് വരെ. കൃത്യമായി പറഞ്ഞാല്‍  ജൂലൈ 24 വരെ. അന്നാണ് മൈക്ക് ഒരു ഭീകര ജീവിയാണെന്ന് മൈക്കുസെറ്റുകാര്‍ വരെ തിരിച്ചറിഞ്ഞത്. സിഎമ്മേ ദാ മൈക്ക് സെറ്റുകാരുടെ സമ്മേളനം തുടങ്ങീട്ടുണ്ട് കേട്ടോ. ഈ മൈക്ക് പതിയെ പതിയെ നമ്മളാരും അറിയാതെ വേറെ ലെവലിലേയ്ക്ക് വളര്‍ന്നു. അതാണ് മൈക്കിന് പറ്റിയ കുഴപ്പവും. ആളും തരവും തിരിച്ചറിയാതെ പെരുമാറി.

കണ്ടോ. ഊരിപ്പിടിച്ച ഖഡ്ഗങ്ങള്‍ക്ക് നടുവിലൂടെ നടന്ന, തന്നെ എതിര്‍ക്കാന്‍ വന്നവര്‍ക്കുനേരെ കൈകൊണ്ട് ഇങ്ങനെ പ്രത്യേക ഏക്ഷന്‍ കാണിച്ച, ഇന്ദ്രചന്ദ്രന്മാരെ പേടിയില്ലാത്ത ഡബിള്‍ ബാരല്‍ ചങ്കിന്‍റെ മുന്നില്‍ തെല്ലും ബഹുമാനമില്ലാതെ അങ്ങ് നില്‍ക്കുക. പറയുന്നത് ഉറക്കെ പറയുക എന്ന ധര്‍മം നിര്‍വഹിക്കാതിരിക്കുക. അഹങ്കാരി എന്നല്ലാതെ എന്താണ് ഇതിനെയൊക്കെ പറയണ്ടത്. അച്ചന്‍ പക്ഷേ സമ്മേളനക്കാര്‍ക്കൊപ്പമാണ് കേട്ടോ. എന്‍റെ അച്ചോ. ക്ഷമ നശിക്കുമ്പോ എഴുന്നേറ്റ് പോകാം എന്നു വിചാരിക്കാന്‍ പറ്റുമോ. അങ്ങനെ വിചാരിച്ചാല്‍ത്തന്നെ വിടുമോ..? ഇങ്ങനെയുള്ള ഒരു നാട്ടില്‍ മൈക്കുസെറ്റുകാര്‍ നേരിടുന്ന പീഡനം ചെറുതൊന്നുമല്ല. ഉദാഹരണത്തിന്, ഒരു സമരം നടക്കുകയാണെന്ന് വിചാരിക്ക്.  കുടിവെള്ളമില്ലാത്ത വിഷയത്തിലായിരിക്കും സമരം. ഉദ്ഘാടനം ചെയ്യാന്‍ വരുന്നവന്‍ ആദ്യം അമേരിക്കയുടെ അധിനിവേശത്തില്‍ തുടങ്ങും. അവിടെനിന്ന് ലാറ്റിന്‍ അമേരിക്കവഴി ഉഗാണ്ടയിലൊക്കെ പശ്ചിമേഷ്യയിലെത്തി പോയി ഇസ്രായേല്‍ പാലസ്തീന്‍ വിഷയമൊക്കെ പറഞ്ഞ് നമ്മുടെ സ്വന്തം രാജ്യത്തെത്തി ഫാസിസത്തെ വിറപ്പിച്ച്  മണിക്കൂറുകള്‍ കഴിയും നാട്ടിലെ കുടിവെള്ള പൈപ്പിന്‍റെ മൂട്ടിലെത്താന്‍. ഇതെല്ലാം സഹിച്ചും ക്ഷമിച്ചും ആ മൈക്ക് ഓപ്പറേറ്റര്‍ ഇരിക്കണം. അങ്ങനെ ഇരുന്നിട്ടും കിട്ടിയ പണിയാണ് ഈ പണി. കണ്ടോ. ബഹുമാനമില്ലായ്മ. അവഗണന. ഇത് ഭീകരപ്രവര്‍ത്തനമാണെന്ന് പരിപ്പുവടയും കട്ടന്‍ചായയും കഴിക്കുന്ന എല്ലാ സഖാക്കള്‍ക്കും മനസിലായി..എന്നൊക്കെ നിങ്ങളു പറയും. നിങ്ങള്‍ക്ക് ഇതിന്‍റെ ശാസ്ത്രീയ വശങ്ങള്‍വല്ലോം അറിയാമോ. ഞങ്ങള്‍ക്കറിയാം കേട്ടോ‌. സത്യത്തില്‍ ഈ ജില്ലാ സമ്മേളനമൊക്കെ കഴിഞ്ഞ്  ലൈറ്റ് ആന്‍സ് സൗണ്ട്സ് വെല്‍ഫെയര്‍ അസോസിയേഷന്‍റെ സംസ്ഥാന സമ്മേളനം വരില്ലേ. അതിന്‍റെ ഉദ്ഘാടനം ആരെക്കൊണ്ട് ചെയ്യിക്കണം എന്ന ആലോചന തുടങ്ങിയെങ്കില്‍, വേറെ ഒന്നും ആലോചിക്കാനില്ല, ഈ മൊതലാണ് ബെസ്റ്റ്.

ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിക്കും പ്രസംഗിച്ചുകൊണ്ടിരിക്കുന്ന ഗോവിന്ദന്‍മാഷിനും കൈകാണിക്കരുത്. നിര്‍ത്തില്ല. നിര്‍ത്തിയാല്‍ അതോടെ തീര്‍ന്നു. നമുക്കിതൊക്കെ അറിയാം മാഷേ. മാഷിനെ പഠിപ്പിക്കാന്‍ പോയേക്കരുതെന്ന് പാവം മൈക്കുസെറ്റുകാരന് അറിയില്ലാരുന്നു. തൊഴിലാളിവര്‍ഗ പാര്‍ട്ടി എന്നൊക്കെ കരുതി ആത്മാര്‍ത്ഥ കാണിച്ചതാ പാവം തൊഴിലാളി. മാഷിന്‍റെ എക്സ്പീരയന്‍സ് അവര്‍ക്ക് ഒന്നുകൂടെ പറഞ്ഞുകൊട്. എന്നാല്‍ എതിര്‍ ശബ്ദങ്ങള്‍ ഞങ്ങള്‍ക്കിപ്പോ ഇഷ്ടമല്ല. ഞങ്ങള്‍ പറയുന്നത് ഉറക്കെ കേള്‍ക്കാത്തതും. വെറും ഊതലല്ല. മാഷിന്‍റെ ശാസ്ത്രീയ ഊതലാണ്. പക്ഷേ അതിലും ഉറക്കെയായിപ്പോയി അച്ചന്‍ ഊതിയത്.  പണ്ടൊരു അച്ചനെ നികൃഷ്ടീവി പദം നല്‍കി ആദരിച്ചാരുന്നു. പക്ഷേ അച്ചന്‍ നിര്‍ത്തിയില്ല. അച്ചന്‍റെ മൈക്കൊന്നു കേടായിരുന്നെങ്കിലെന്ന് സഖാക്കളെല്ലാം വല്ലാതെ ആഗ്രഹിച്ചു. ഇനി അല്‍പ്പം ശാസ്ത്രീയ പഠനമാണ്. പേടിക്കണ്ട ഗോവിന്ദന്‍മാഷ് പ്രാന്തപ്രദേശത്തുണ്ടെങ്കിലും ക്ലാസെടുക്കുന്നത് അദ്ദേഹമല്ല. അച്ചന്‍ തന്നെയാണ്. കണ്ടോ മാഷ് ഒട്ടും നെഗറ്റീവല്ല. ഓ നെഗറ്റീവ് അല്ലെങ്കില്‍ എന്തിനാ ഇങ്ങനെ ദേഷ്യപ്പെട്ടത് എന്നാണോ. അതിനൊക്കെ അതിന്‍റേതായ ശാസ്ത്രീയ കാരണങ്ങളുമുണ്ട്. അതും പറഞ്ഞുതരാം

മനസിലായോ. മാഷും മുഖ്യമനുമെല്ലാം വെറും നിരുത്തരവാദികളാ. എല്ലാത്തിനും കാരണം അവനാ. ആ  ബീറ്റാ തരംഗം. അച്ചന്‍റെ ആദ്യ പകുതിയിലെ പെര്‍ഫോമന്‍സ് മുഖ്യനും മുഖ്യന്‍റെ പാര്‍ട്ടിക്കും പാര്‍ട്ടി സെക്രട്ടറിക്കും തിരിച്ചടിയായിരുന്നെങ്കിലും ഇപ്പോ ഇതാ എല്ലാം കോംപ്ലിമെന്‍റ്സാക്കാനുള്ള ഐറ്റം വീണു കിട്ടിയിരിക്കുന്നു. ബീറ്റാ തരംഗമേ നീ തീര്‍ന്നെടാ തീര്‍ന്ന്. പക്ഷേ അച്ചന്‍റെ കാര്യവും എന്താകും എന്ന് അറിയാനും മേല. പ്രയോഗങ്ങിള്‍ ഊന്നിയാണ് തുടര്‍ന്നും മുന്നോട്ട് പോകുന്നത്. മലയാള നിഘണ്ടുവിലേയ്ക്ക് കേരളത്തിലെ രാഷ്ട്രീയക്കാര്‍ സംഭാവന ചെയ്ത പദാവലികളെ ഒന്ന് സ്മരിക്കാന്‍ ഈ സമയം വിനിയോയിക്കുകയാണ്. ആരാകും ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് എന്ന് നോക്കിയിട്ട് ഒരു രഷ്ട്രീയ പദ സമ്പത്ത് പുരസ്കാരം ഏര്‍പ്പെടുത്തണം. കെ സുധാകരന്‍ പറയുന്നത് ഈ പുരസ്കാരത്തിന് അര്‍ഹന്‍ പിണറായി മുഖ്യന്‍ ആണെന്നാണ്. പക്ഷേ പ്രസിഡന്‍റും തീരെ മോശമില്ല. ഇന്നാണ് ചങ്ങല പൊട്ടിച്ച നായ എന്നൊക്കെ പറഞ്ഞില്ലേ. അതും ഇതേ സിഎമ്മിനെപ്പറ്റി. ഇപ്പോ യാത്രയുടെ സമയമാണ്. മുഖ്യന്‍ ഒറ്റക്കല്ല. സകല മന്ത്രിമാരും കൂടി.അപ്പോ അത് താങ്കളുടെ സ്വന്തമായ പദാവലിയല്ല എന്ന്. ഇങ്ങനെയായിരുന്നു പണ്ട് മുഖ്യമന്ത്രിക്കെതിരായ പ്രയോഗത്തില്‍ കെ സുധാകരന്‍  വിശദീകരണം നല്‍കിയത്. അന്നാരും അത് വിശ്വസിച്ചില്ല. അവര്‍ക്കായി ഫ്രഷ് ഫ്രഷായി ദാ സുധാകര വചനം . പശ്ചാത്തലം എന്താണെന്നുവച്ചാല്‍ ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് സുധാകരേട്ടന്‍ .അതെന്തേ എന്നായി മാധ്യമങ്ങള്‍. വല്ലാത്ത ഒരു അവസ്ഥയിലാണ് കെ. സുധാകരന്‍. ഇക്കുറി സുധാകരന്‍ ചങ്ങല പൊട്ടിച്ചപ്പോ പക്ഷേ വിവാദമുണ്ടായില്ല.ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ കാര്യം പറഞ്ഞപ്പോളാണ് ഓര്‍ത്തത്. നമ്മുടെ സുരേഷ് ഗോപി തൃശൂരെടുക്കാന്‍ പോയ മാരത്തോണ്‍ നടത്തത്തില്‍ പൊലീസ് കേസെടുത്തു.  സുരേഷ് ഗോപിക്കൊപ്പം നടക്കാനില്ലാതിരുന്നിട്ടും ബിജെപി അധ്യക്ഷന്‍ സുരേന്ദ്രനും കേസില്‍ പ്രതിയായി. പാവം സുരേന്ദ്രന്‍. കേസെവിടുണ്ടോ. അവിടെ സുരേട്ടന്‍ പ്രതിയായിരിക്കും. രാജ്യത്ത് പല പ്രശ്നങ്ങളുമുണ്ട്. പുലി പതുങ്ങുന്നത് കുതിക്കാനാണ് എന്ന വാക്യം അന്വര്‍ത്ഥമായത് മോദിജി ഗ്യാസിന്‍റെ വില കുറച്ചപ്പോളാണ്. രണ്ടക്കം കുറഞ്ഞിട്ട് മൂന്നക്കം കൂട്ടുന്ന വിദ്യ. സമാധാനം എന്ന വാക്ക് മണിപ്പൂര്‍ ജനത കേട്ടിട്ടേ കാലങ്ങളായി. മനുഷ്യന്‍ പീഡിപ്പിക്കപ്പെടുകയാണ്. അതേ സമയം മറ്റൊരിടത്ത്

ഈ നാട്ടില്‍ ചിലര്‍ക്കെങ്കിലും സമാധാനം ലഭിക്കുന്നുണ്ടല്ലോ എന്നോര്‍ത്ത് സമാധിനിക്കുകയേ വഴിയുള്ളൂ.

Father Joseph Puthenpurackal criticizes Kerala CM, MV Govindan over mic controversy.


MORE IN THIRUVA ETHIRVA
SHOW MORE