ചാടിക്കളിക്കുന്ന നേതാക്കൾ; പോയ വർഷത്തെ ആൾമാറാട്ടങ്ങൾ ഇതാ

Almarattam
SHARE

കൂടുവിട്ട് കൂടുമാറുന്ന മായാവിമാരുടെ കെട്ടുകഥ കുട്ടിക്കാലം മുതല്‍ നമ്മള്‍ കേള്‍ക്കാറുണ്ട്. എന്നാല്‍ വളര്‍ന്നുവരുമ്പോള്‍ നാം തിരിച്ചറിയും മായാവിയൊക്കെ വെറും തോല്‍വിയാണെന്ന്. അവര‌െ വെല്ലുന്ന കൂടുമാറ്റക്കാരുടെ നാട്ടിലാണ് നാം ജീവിക്കുന്നതെന്ന്. കേരള രാഷ്ട്രീയത്തെക്കുറിച്ചുതന്നെയാണ് പറഞ്ഞുവരുന്നത്. രാവിലെ ഒരു പാര്‍ട്ടിഓഫീസില്‍ നിന്ന് പ്രഭാതഭക്ഷണം കഴിച്ചിട്ട് ഉച്ചഭക്ഷണമാകുമ്പോളേക്ക് എതിര്‍പ്പാര്‍ട്ടിയില്‍ ചേരുന്നതൊക്കെ സ്വാഭാവിക കാഴ്ചകളാണ്. പിന്നെയുള്ളത് അധികാരത്തില്‍ നിന്ന് മാറ്റപ്പെടുന്നവരുടെ കഥയാണ്.  പാര്‍ട്ടിമാറ്റം മുന്നണി മാറ്റം നേതൃമാറ്റം തുടങ്ങിയവ കാണുമ്പോള്‍ അറിയാതെ മാര്‍ക്സ് മുത്തപ്പനെ ഓര്‍ത്തുപോകും . അതെ മാറ്റമില്ലാത്തതായി ഒന്നേയുള്ളൂ. അത്  മാറ്റത്തിനാണ്.  2021 ലെ രാഷ്ട്രീയമാറ്റങ്ങളുടെ ചരിത്രം. വിഡിയോ കാണാം: 

ഇപ്പറഞ്ഞ എല്ലാ മാറ്റങ്ങളും ആഞ്ഞടിച്ച വര്‍ഷമാണ് കടന്നുപോകുന്നത്. കേരളത്തില്‍ ബിജെപിയെ മാത്രമാണ് വലിയ മാറ്റങ്ങളുടെ കാറ്റ് തഴുകാതെ കടന്നുപോയത്. മറ്റ് മുന്നികളില്‍ അടിമുടി ഇളക്കങ്ങള്‍ ഉണ്ടായി. വാതിലുകള്‍ തുറന്നിട്ട മുന്നണികളില്‍ ചിലര്‍ക്ക് കൊമ്പന്‍ സ്രാവുകളെ കിട്ടി. ചിലര്‍ക്ക് നത്തോലികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. മാറ്റം എന്ന പദത്തില്‍ കമ്യൂണിസ്റ്റുകാര്‍ക്ക് ഒരു കുത്തക ഉള്ളതിനാല്‍ അവിടെനിന്നുതന്നെ തുടങ്ങാം.  കഴിഞ്ഞ വര്‍ത്തിന്‍റെ അവസാന പാദത്തില്‍ തന്നെ സിപിഎമ്മില്‍ വലിയ മാറ്റം നടന്നു. ആ മാറ്റം ഉണ്ടാക്കിയ പ്രകമ്പനം സത്യത്തില്‍ ഇപ്പോളാണ് ഒന്നൊതുങ്ങിയത്

സിപിഎമ്മിലെ ആള്‍മാറാട്ടത്തിന് ഒരു മര്യാദ ഒക്കെ ഉണ്ടായിരുന്നെങ്കില്‍ കോണ്‍ഗ്രസില്‍ പതിവുപോലെ വെടിക്കെട്ടും ജല്ലിക്കെട്ടും കലാപപരിപാടികള്‍ക്ക് ഒരു മാറ്റവുമില്ലായിരുന്നു. മാറാന്‍ പറഞ്ഞാല്‍ വിഷമം ഉള്ളിലൊതുക്കി പാര്‍ട്ടിക്കുനേരെ മുഷ്ടിചുരുട്ടി ആകാശത്തിടിക്കുന്നതാണ് സിപിഎമ്മിലെ പരമാവധി പ്രതിഷേധം. എന്നാല്‍ കോണ്‍ഗ്രസില്‍ അതങ്ങനെയാകുമെന്ന് പ്രതീക്ഷിക്കുന്നവരാണ് കുറ്റക്കാര്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ടംതൊടാതെ ഓടേണ്ടിവന്നതോടെ പാര്‍ട്ടിയില്‍ ഒരുലോഡ് ശവംവീഴുമെന്ന് ഉറപ്പായിരുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാകണം എന്ന ചോദ്യം വളരെ വേഗത്തില്‍ പ്രതിപക്ഷനേതാവാരാകണം എന്നതിലേക്ക് മാറിയതോടെ പിന്നെ അതിനായുള്ള വടംവലിയായി. രമേശിന് തലേവര ചെന്നിക്കുത്തായി മാറി. കോണ്‍ഗ്രസിന്‍റെ കപ്പിത്താനായിരുന്ന മുല്ലപ്പള്ളി താന്‍ നയിച്ച ടൈറ്റാനിക്കിന്‍റെ തട്ടില്‍ നിന്ന് നീന്തിക്കരകയറാന്‍ പാഴ്ശ്രമം നടത്തി

ഇപ്പറഞ്ഞതൊക്കെ പാര്‍ട്ടികളിലെ ചില നാറ്റക്കഥകള്‍, അല്ല മാറ്റക്കഥകള്‍. ഇനി മുന്നണിയിലെ ആള്‍മാറാട്ടങ്ങളാണ്. ജോസ് കെ മാണിയെന്ന കേരള കോണ്‍ഗ്രസ് അമീബ വീണ്ടും മുറിഞ്ഞ് വലതുകൂട വിട്ട് ഇടതുകൂടയിലെത്തിയത് കഴിഞ്ഞ വര്‍ഷം അവസാനമാണ്. എകെജി സെന്‍റെറിലേക്ക് ജോസു കയറി. അതേ പടവുകളിലൂടെ മാണി സി കാപ്പന്‍ ഇറങ്ങി

ഇതിലൊതുങ്ങുന്നില്ല ആള്‍മാരാട്ടം.  അല്ലറ ചില്ലറ ചെറുകിട ആള്‍മാറാട്ടങ്ങള്‍ നിരവധി അനവധി നടന്നിട്ടുണ്ട്. പരിഗണിക്കപ്പെടാത്തവര്‍ അത് അവഗണനയായി കരുതരുത്. അപ്പോ നിര്‍ത്തുകയാണ്. ഏവര്‍ക്കും പുതുവല്‍സരാശംസകള്‍.

MORE IN THIRUVA ETHIRVA
SHOW MORE