ചൂടോടെ ഹലാല്‍ ഫുഡ്; പിന്നില്‍ ബീഫിന് ഉള്ളിക്കറി എന്ന് പറയുന്ന വർഗം..!

thiruva-halal
SHARE

അപ്പോ ഇതാണ് നമ്മുടെ കേരളത്തിലെ അവസ്ഥ. വഴിതെറ്റിക്കാന്‍ എല്ലാ സമൂഹത്തിലും എല്ലാ കാലത്തും പലതരം ആളുകളും ഉണ്ടാകും. ആ ആളുകള്‍ക്ക് ഒരു പ്രസ്ഥാനമുണ്ടാകുമ്പോഴാണ് സമൂഹമെന്ന നിലയില്‍ അതിസൂക്ഷ്മമായി സൂക്ഷിക്കേണ്ടതും പേടിക്കേണ്ടതും. വഴിതെറ്റാതിരിക്കുക എന്നതും ഒരു രാഷ്ട്രീയമാണ്. അതിന് വല്യബുദ്ധിമുട്ടൊന്നും ഇല്ല. ചുറ്റിലും ഒന്ന് കണ്ണോടിക്കുക, നമ്മുടെ സാമാന്യബുദ്ധി വേണ്ടതിലധികം ഉപയോഗിക്കുക. അത്രേ വേണ്ടൂ. ഇനി കാണിക്കാന്‍ പോകുന്നത് ഒരു വഴിതെറ്റിക്കാനുള്ള ശ്രമത്തെയാണ്. നാട്ടില്‍ പലവിധ കാര്യങ്ങള്‍ ചെയ്ത് നോക്കിയിട്ടും എന്നുവച്ചാല്‍ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളല്ല, മറിച്ച് വിശ്വാസം, മതം ഒക്കെവച്ച് മെനക്കെട്ട് നോക്കിയതാണ് വല്ല പണിയും നടക്കുമോ എന്നൊക്കെ. ഒന്നും ഏശാതെ വന്നപ്പോഴാണ് മതത്തെ കൂട്ടുപിടിച്ച് ഭക്ഷണത്തെ വര്‍ഗീയവല്‍ക്കരിക്കുന്ന പുതിയ ആശയം. പതിവുപോലെ ആശയം, ആവിഷ്കാരം ബിജെപി. ബിജെപിക്ക് വേണ്ടി സംസ്ഥാന പ്രസിഡന്‍റ് ഓണ്‍ ദ സ്്റ്റേജ്.

അതെ. ഈ നാടിന്‍റെ കഥ ഇങ്ങനെയല്ല. അതിന് കാലങ്ങളോളം വലിയ മതേതരത്വ സ്വഭാവവും സഹിഷ്ണുതയും സാമുദായിക സൗഹാര്‍ദവും ഒക്കെ ഉള്ള നാടാണ്. പക്ഷേ ആ നാട്ടിലെ ഒരു കഥയാണ് ഇത്. ഇന്ധനവിലയില്‍ കേരളം നികുതി കുറയ്ക്കാത്തതിനെതിരെ സമരം ചെയ്തുവരികയായിരുന്ന ബിജെപിക്ക് അതിലും വലിയ ജനകീയ പ്രശ്നമായി തോന്നിയത് കേരളത്തിലെ ചില പ്രദേശത്തെ ഹോട്ടലുകളില്‍ ഹലാല്‍ ഭക്ഷണം എന്ന് ബോര്‍ഡ് തൂക്കുന്നതാണ്. നല്ല ബീഫ് റോസ്റ്റിന് ഉള്ളിക്കറി എന്ന് പറയുന്ന വര്‍ഗമാണ്. അത്കൊണ്ട് ഇങ്ങനെയൊക്കെ തോന്നിയാല്‍ കുറ്റംപറയാനൊക്കില്ല. വര്‍ഗസമരമല്ലല്ലോ ഇഷ്ടം, വര്‍ഗീയസമരങ്ങളല്ലേ.

ഹലാല്‍ അതൊരു അറബി വാക്കാണ്. ഇസ്ലാം മതത്തിലെ ഒരു സങ്കല്‍പം. അനുവദനീയം എന്നാണ് ഹലാലിന്‍റെ അര്‍ഥം. മനുഷ്യര്‍ക്ക് അനുവദനീയമായ കാര്യങ്ങള്‍ക്കൊക്കെ ഹലാല്‍ എന്ന് പറയും. നിഷിദ്ധമായതിനെ ഹറാം എന്നും. ഇതാണ് ഇതിന്‍റെ സിംപിള്‍ അര്‍ഥം. ഇനി ഹലാല്‍ ഭക്ഷണം എന്നുപറഞ്ഞാല്‍ കഴിക്കാന്‍ അനുവദനീയമായ ഭക്ഷണം. അതിന്‍റെ മാനദണ്ഡം എന്താണെന്ന് വച്ചാല്‍ നോണ്‍വെജ് വിഭവങ്ങള്‍ക്കുള്ള ഒന്നാണ്. അതായത് അറവ് കഴിഞ്ഞ് രക്തം പൂര്‍ണമായും വാര്‍ന്നുപോയ ഇറച്ചി പാകം ചെയ്താല്‍ അത് ഹലാല്‍ ആണ്. പക്ഷേ പ്രശ്നം അതൊന്നും അല്ല. ഹലാല്‍ എന്നൊന്നും പറഞ്ഞ് ഈ നാട്ടില്‍ അങ്ങനെ ഒന്നും വില്‍ക്കാന്‍ പാടില്ല എന്നതാണ്. സംഗതി ഒരു സമുദായത്തെ ലക്ഷ്യമിട്ടാണെങ്കിലും കേള്‍ക്കുമ്പോ എന്തോ മതേതര പ്രശ്നമാണ് ബിജെപിക്ക്. ബിജെപിക്ക് ആണ് കെട്ടോ, മതേതരപ്രശ്നമേ. സമൂഹത്തില്‍ വേര്‍തിരിവുണ്ടാക്കുന്നതിനെതിരെ ബിജെപിയുടെ പ്രതിരോധം. കൊള്ളാം ലേ. സത്യത്തില്‍ അവര്‍ മിണ്ടാതിരുന്ന തീരുന്ന പ്രശ്നമേ ഉള്ളൂ. കാണാം തിരുവാ എതിർവാ.

MORE IN THIRUVA ETHIRVA
SHOW MORE