നാലുകാശുണ്ടാക്കാന്‍ നാടുവിട്ട എംഎൽഎ; കണ്ടവർ സതീശനെ അറിയിക്കണം..!

Thiruvaa-ethirva
SHARE

കേരളത്തില്‍ അനങ്ങിയാല്‍ അതേതെന്തെങ്കിലും ജിഹാദായി പ്രഖ്യാപിക്കാന്‍ ആരെങ്കിലുമൊക്കെ കാണുന്ന ആര്‍ഷഭാരത സംസ്കാരത്തില്‍ ജീവിച്ചുപോകുന്നവരാണല്ലോ നമ്മള്‍. ആ നേരത്താണ് കേരള നിയമസഭയിലെ ഭരണപക്ഷത്തെ ഒരംഗത്തെ കാണാനില്ലല്ലോ എന്ന് പ്രതിപക്ഷ അംഗങ്ങള്‍ക്ക് തോന്നിയത്. സംഭവം ഒരു സ്ഥിരം ഏര്‍പ്പാടായതുകൊണ്ടും ലോങ് ലീവുകളില്‍ പുള്ളിക്കാരന്‍ ഒരു തല്‍പരകക്ഷിയായതിനാലും ഭരണപക്ഷം ഇക്കാര്യത്തില്‍ വേണ്ട ശ്രദ്ധ കൊടുത്തിട്ടില്ല. വന്നാലെന്ത് വന്നില്ലെങ്കിലെന്ത്. പക്ഷേ പ്രതിപക്ഷത്തിന് ഇക്കാര്യത്തില്‍ വല്യ സങ്കടമുണ്ട്. ഒന്നാമത് പൂര്‍വാശ്രമത്തില്‍ കക്ഷി കോണ്‍ഗ്രസുകാരനായിരുന്നു. അതുകൊണ്ട് എല്ലാവരോടുമായിട്ട് പറയുകയാണ്, നമ്മുടെ നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിനെ കണ്ടുകിട്ടുന്നവര്‍ എത്രയും വേഗം കെപിസിസി ആസ്ഥാനത്തിലോ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പേഴ്സണലായിട്ടോ അറിയേക്കണ്ടതാണ്. 

എന്നുവച്ചാല്‍ അന്‍വര്‍ സഭയില്‍ വരാതിരിക്കുന്നതില്‍ സിപിഎമ്മിനോ ഇടതുമുന്നണിക്കോ അങ്ങനെ പ്രത്യേകിച്ചൊരു പ്രശ്നമൊന്നും ഇല്ല എന്ന്. വല്ല കോണ്‍ഗ്രസ് എംഎല്‍എയോ മറ്റോ ആയിരുന്നേല്‍ പ്രശ്നമാക്കാമായിരുന്നു. 

പി.വി. അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നൊക്കെ  വി.ഡി. സതീശന് പറയാം. പറയാം എന്നേയുള്ളു. വല്ല കാര്യവുമുണ്ടോ. സംഗതി അന്‍വര്‍ നാലുകാശുണ്ടാക്കാന്‍ നാടുവിട്ടതാണ്. ഇതിനെ പിണറായിയുടെ കിറ്റുകൊണ്ട് നാട്ടില്‍ ജീവിക്കാന്‍ പറ്റില്ലെന്ന് തിരിച്ചറിഞ്ഞ് എംഎല്‍എ വരെ നാടുവിട്ടു എന്ന രീതിയില്‍ പറഞ്ഞിരുന്നെങ്കില്‍ അതൊരു രാഷ്ട്രീയ നേട്ടമെങ്കിലും ആയേനെ. അല്ലാതെയുള്ള പറച്ചിലിനെയൊന്നും രാഷ്ട്രീയ താല്‍പര്യമെന്ന് പറയാതിരിക്കാന്‍ സെക്രട്ടറിയായി ആക്ട് ചെയ്യുന്ന എ. വിജയരാഘവന്‍ സഖാവ് ശ്രദ്ധിക്കണം.

ഇത് രാഷ്ട്രീയ താല്‍പര്യം എന്നല്ല പറയേണ്ടത്. വല്ലവനും നാടുവിട്ട് നാലു കാശുണ്ടാക്കുന്നതിലെ കൊതിക്കെറുവായി പാര്‍ട്ടി വ്യാഖ്യാനിക്കുന്നതാണ് ഉചിതം. ഇനി ഈ എംഎല്‍എ അല്ലെങ്കില്‍ എംപി ഒക്കെ ആയാല്‍ എങ്ങനെയാണ് ലീവ് എടുക്കേണ്ടത് എന്ന വിഷയത്തില്‍ കെ.മുരളീധരന്‍റെ ക്ലാസുണ്ട്. അന്‍വറിന് ഉപകാരപ്പെടും.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...