പട്ടികയിലെ പൊട്ടലും ചീറ്റലും ഇറക്കാനും തുപ്പാനും വയ്യാതെ വിജരാഘവനും

Thiruvaa-ethirva
SHARE

മഴകഴിഞ്ഞാല്‍ മരം പെയ്യും. അതാണ് പതിവ്. കോണ്‍ഗ്രസില്‍ ഡിസിസി പട്ടിക വന്നു. ഒട്ടുമിക്ക നേതാക്കളും നന്നായി ഇടിച്ചുകുത്തി പെയ്തു.  പക്ഷേ അതുകഴിഞ്ഞ് മരം പെയ്തപ്പോളും പൊട്ടലും ചീറ്റലും കൂടെയുണ്ട്. വീടിന് പ്രശ്നമുണ്ടാകാതിരിക്കാന്‍ സുധാകരന്‍ പ്രസിഡന്‍റ് ചില ഫ്യൂസുകള്‍ ഊരിയിട്ടുണ്ട്. തിരുവനന്തപുരത്ത് പിഎസ് പ്രശാന്തിനൊക്കെ പണി പോയി. പുത്തന്‍ എംഡി വരുമ്പോള്‍ മണിയടിക്കാന്‍ കമ്പനിയിലെ പലരും പല നമ്പറും ഇറക്കും. കോണ്‍ഗ്രസ് കമ്പനിയില്‍ ഇപ്പോള്‍ ആ സമയമാണ്. സ്വന്തം ഫോണില്‍ ഉണ്ടായിരുന്ന വാട്സ് ആപ്പ് ഗ്രൂപ്പുവരെ ഡിലീറ്റ് ചെയ്തെന്നാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍റെയൊക്കെ അവകാശ വാദം.

ശരിയാണ്. എകെ ആന്‍റണിയുടെ വായില്‍ നാക്കുണ്ടോ എന്നറിയണമെങ്കില്‍ വായില്‍ ടോര്‍ച്ചടിച്ച് നോക്കണം. സത്യത്തില്‍ കെ സുധാകരന്‍ ഒക്കെ പറയാനുള്ളത് കുറിപ്പടിയാക്കി എഴുതി വയ്ക്കും മുന്‍പേ ആ വാചകങ്ങളൊക്കെ ഉണ്ണിത്താനെപ്പോലുള്ളവര്‍ ഉറക്കെ കാച്ചുകയാണ്. അങ്ങനെ ഉണ്ണിത്താന്‍ മറുകണ്ടത്ത് സൈഫ് ലാന്‍ഡിങ് നടത്തി. അടുത്ത കാലത്തൊന്നും ഇത്ര മികച്ച നീക്കം ഉണ്ണിത്താന്‍ നടത്തിയതായി പുള്ളിയുടെ ഓര്‍മയിയില്ല. പത്തുപതിനെട്ടു കൊല്ലമായി അതിനുള്ള സാഹചര്യം കേരളത്തിലെ കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നില്ലല്ലോ. എന്തുപറ്റി. ഗ്രൂപ്പിനെയൊക്കെ വല്ലാതെ പുച്ഛമാണല്ലോ. അങ്ങനെയല്ലായിരുന്നല്ലോ.

പണ്ട് അടികിട്ടി ഉടുമുണ്ടില്ലാതെ ഓടിയപ്പോളാണ് ഈ ഗ്രൂപ്പ് വിരുദ്ധ തിരിച്ചറിവ് ഉണ്ണിത്താനുണ്ടായതെന്നും ഒരു കരക്കമ്പിയുണ്ട്. സത്യത്തില്‍ ഈ ഗ്രൂപ്പിന് നമ്മള്‍ വിചാരിക്കുന്നതിലും വലിയ പ്രശ്നങ്ങള്‍ ഉണ്ട്. ഉദാഹരണത്തിന് ഗ്രൂപ്പിസം കേരളത്തിന്‍റെ സാമ്പത്തിക മേഖലയെ വരെ വല്ലാതെ ബാധിക്കും. പാര്‍ട്ടിക്കാരുടെ അല്ല. നാട്ടുകാരുടെ. എംപിമാരും എംഎല്‍എമാരുമൊക്കെ ഇങ്ങനെ ഗ്രൂപ്പ് മാറുന്നതും പാര്‍ട്ടിയെ ഭരിക്കുന്നതും തെല്ലും ഇഷ്ടപ്പെടാത്ത ആളാണ് കെപി അനില്‍കുമാര്‍. തന്‍റെ അനിഷ്ടം ചാനല്‍ ചര്‍ച്ചയിലൂടെ അദ്ദേഹം തല്‍സമയം വ്യക്തമാക്കി. ചാനലില്‍ നിന്നിറങ്ങും മുന്നേ ലൈവായി തന്നെ സസ്പെന്‍ഷന്‍ ഓര്‍ഡര്‍ കൈപ്പറ്റാനും അനില്‍കുമാറിനായി. വിശദീകരമൊക്കെ ചോദിച്ച് സമയം കളയാന്‍ തല്‍ക്കാലം സുധാകരന് പ്ലാന്‍ ഇല്ല.

പിന്നെ ഈ സസ്പെന്‍ഷന്‍ ഒരു ട്രിക്കാണ്. ആദ്യം വരുന്നവനെത്തന്നെ തല്ലി വീഴ്ത്തിയാല്‍ പിന്നാലെ വരുന്നവന്‍ ഒന്ന് നില്‍ക്കും. മുന്നോട്ട് വന്നിട്ടു വേണമല്ലോ കൈപൊക്കാന്‍. അങ്ങനെ മുളിലേ നുള്ളല്‍ ടെകിനിക്.പാര്‍ട്ടിയുടെ പോക്ക് എങ്ങോട്ടാണെന്നു മനസിലായ ഉടന്‍ തന്നെ കെ മുരളീധരന്‍ സേഫ് ആയി മറുകണ്ടം ചാടി. ഗ്രൂപ്പുകളിയില്‍ ബിരുതാനന്തരബിരുദം നന്നേ ചെറുപ്പത്തിലേ നേടിയിട്ടുള്ള മുരളീധരന് ഇതില്‍ നല്ല വഴക്കമുണ്ട്. മുതലക്കുഞ്ഞിനെ നീന്തല്‍ പഠിപ്പിക്കണ്ടല്ലോ.അല്ല കെഎമ്മേ ഈ ഉമ്മന്‍ ചാണ്ടിയെ ഒക്കെ ഒന്ന് ഉപദേശിച്ചുകൂടേ. ഇങ്ങനെ എതിര്‍ത്തു നടന്നാല്‍ ശരിയാകുമോ?

അതായത് കോണ്‍ഗ്രസിലാണെങ്കില്‍ നേതാവിന്‍റെ പെട്ടി എടുത്താ മതി. മുന്നേറാം. പക്ഷേ സിപിഎമ്മിലാണെങ്കില്‍ പിണറായിയുടെ കാല് നക്കണം എന്നൊരു ധ്വനി മൊത്തത്തില് ‍അങ്ങ് ധ്വനിച്ചു. ഇറക്കാനും വയ്യ തുപ്പാനും വയ്യ എന്ന ലൈനിലായിപ്പോയി നമ്മുടെ വിജയരാഘവന്‍ സഖാവൊക്കെ. തിരുവാ എതിർവാ വിഡിയോ കാണാം.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...