അവസാനിക്കാത്ത 'ഫോൺവിളി' ശാപം; ശശീന്ദ്രൻ മന്ത്രിയുടെ വിക്കറ്റ് തെറിക്കുമോ?

thiruva-20
SHARE

പ്രധാനമന്ത്രി നരേന്ദ്രമോദി കുടപിടിച്ച് മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയതോടെ മോദിക്ക് കുടപിടിക്കുന്ന സംഘപുത്രന്മാരും ഒപ്പം ട്രോളന്മാരും  ആവേശത്തിലായി. സ്വന്തമായി കുടപിടിക്കുന്നതാണ് പഞ്ചായത്തു പ്രസിഡന്‍റ് വരെ കുടപിടിക്കാന്‍ ആളെവയ്ക്കുന്ന രാജ്യത്ത് സ്വന്തമായി കുടപിടിച്ച മോദി വിനയംകൊണ്ട് നടു വളഞ്ഞവനാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ വാഴ്ത്തുപാട്ട് പാടി. ഇതൊരു അപൂര്‍വ കാഴ്ചയാണെന്നും മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. സത്യമാണ്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വം. മുരളീധര്‍ജി മോദിയെ ട്രോളിയതാണോ എന്നാണ് സംശയം.  കോവിഡ് വന്നശേഷമാണ് പ്രധാന്‍ജി രാജ്യത്ത് ഒന്ന് നിലത്തു നിന്നതുതന്നെ. പിന്നെ കുട. അതിപ്പോ അര്‍ത്ഥരാത്രിയിലല്ല പകല്‍ പിടിച്ചു എന്ന വ്യത്യാസമേ ഉള്ളൂ. വാക്സീന്‍ എടുത്തവര്‍ ബാഹുബലിയാണ് എന്നു പറയാനാണ് കുടപിടിച്ച് മോദി എത്തിയത്. ആരെയെങ്കിലും ഫോണ്‍വിളിക്കുമ്പോള്‍ കേള്‍ക്കുന്ന നിലവിലെ വാക്സീന്‍ പരസ്യത്തിലെ ഉപദേശമല്ലാതെ ശരിക്കുള്ള വാക്സീന്‍ ജനങ്ങള്‍ക്ക് കിട്ടാനില്ല. ബാഹുബലിയൊക്കെ ആകാന്‍ ജനങ്ങള്‍ തയാറാണ്. കേന്ദ്രസര്‍ക്കാര്‍ പിന്നില്‍ നിന്ന് കുത്തുന്ന കട്ടപ്പയാകാതിരുന്നാല്‍. 

പിണറായി സര്‍ക്കാരിന്‍റെ ശശീന്ദ്രശാപം അവസാനിച്ചില്ല. പണ്ടേ ഫോണ്‍ ശശീന്ദ്രന് അത്ര നല്ല രാശിയല്ല. അത് ഫോണിന്‍റെ കുഴപ്പമല്ല, മന്ത്രിയുടെ കുഴപ്പമാണ്. 2017 ല്‍ ഗതാഗതമന്ത്രിയായിരിക്കെ ഒന്ന് വഴിതെറ്റിയതിന്‍റെ ക്ഷീണം അവസാനം ജുഡീഷ്യല്‍ കമ്മീഷനിലും തെളിവെടുപ്പിലുമൊക്കെയാണ് അവസാനിച്ചത്. ഒടുവില്‍ വീണ്ടും ഡ്രൈവിങ് സീറ്റ് കിട്ടി. പിന്നെ അടുത്ത സര്‍ക്കാര്‍ വന്നു. അപ്പോ പിണറായി ശശീന്ദ്രന് വനവാസം വിധിച്ചു. രണ്ടാം പിണറായി സര്‍ക്കാരിനുള്ള ആദ്യ സമ്മാനമായ മരംമുറിക്കേസില്‍ പങ്കാളിയാകാന്‍ അതോടെ ശശീന്ദ്രന് ഭാഗ്യം കിട്ടി. വല്ല വിധേനെയും ആ കേസ് എഴുതിത്തള്ളാന്‍ നീക്കം നടക്കുമ്പോളാണ് പീഡന പരാതിയൊതുക്കാനുള്ള ഫോണ്‍വിളി.

ഇമ്മാതിരി ഫോണില്‍ കളി തുടരാനാണ് തീരുമാനമെങ്കില്‍ പിണറായി വളർത്തുമെന്നു തോന്നുന്നില്ല. പാര്‍ട്ടിക്കാര്യത്തില്‍ ഇടപെട്ടുവെന്നാണ് ശശീന്ദ്രന്‍റെ വിശദീകരണം. മരം മുറി വിഷയം വന്നപ്പോള്‍ നാട്ടുകാരുടെ നന്മക്കായി മരം മുറിക്കാന്‍ അനുമതി നല്‍കിയെന്ന നിഷ്കളങ്കമായ സര്‍ക്കാരാണിത്. അടിമുടി വിശദീകരണത്തിന്‍റെ സീസണില്‍ നില്‍ക്കുമ്പോള്‍ ശശീന്ദ്രന് ഇതുപോലെ വിശദീകരിക്കാന്‍ ആവോളം സ്പേസുണ്ട്. കേസ് എന്താണെന്നു വച്ചാല്‍ കൊല്ലംകാരനായ എന്‍സിപി പ്രവര്‍ത്തകന്‍റെ ബിജെപി അനുഭാവിയായ മകളെ മറ്റൊരു എന്‍സിപി നേതാവ് കൈക്കുകയറി പിടിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തു. ഇപ്പോള്‍ ഡിവൈഎഫ്ഐക്കാരും ലോക്കല്‍ സഖാക്കളുമൊക്കെ വൈറലാകുന്നത് ഇത്തരത്തിലുള്ള പെരുമാറ്റത്തിലൂടെയും പലതരം കടത്തുകളിലൂടെയുമാണല്ലോ. അപ്പോ പിന്നെ ഘടക കക്ഷി തെല്ലും കുറക്കണ്ട എന്ന് എന്‍സിപിയും കരുതിക്കാണും. എന്തായാലും പാര്‍ട്ടിയുടെ ന്യായീകരണം സിപിഎമ്മിനെ വെല്ലുന്നതാണ്. 

പിണറായി വിജയന്‍റെ രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്സിലെ ആദ്യവിക്കറ്റ് വീഴ്ചയില്‍ നിന്ന് ശശീന്ദ്രന്‍ കഷ്ടി രക്ഷപെട്ടു നിന്നതാണ്. അപ്പോളാണ് ഇപ്പോള്‍ ഈ ഫോണ്‍വിളി ഇടപാട്. ചുവപ്പു ലൈറ്റാണോ പച്ച ലൈറ്റാണോ കത്തുക എന്ന് ഉറപ്പ് പറയാനായിട്ടില്ല. എന്താണ് സംഭവം എന്നു ചോദിക്കാന്‍ ഒന്ന് വിളിച്ചാല്‍ ഇനി താങ്കള്‍ ഫോണെടുക്കുമോ?.

ചക്കിക്കൊത്ത ചങ്കരന്‍ എന്നു കേട്ടിട്ടില്ലേ. ഇതില്‍ ചക്കി ആര് ചങ്കരനാര് എന്നതില്‍ മാത്രമേ തര്‍ക്കമുള്ളൂ. തങ്ങള്‍ക്കനുകൂലമായ വാര്‍ത്തകള്‍ മാത്രം കാണുന്നതും കേള്‍ക്കുന്നതുമാണ് പാര്‍ട്ടി സെക്രട്ടറി കം കണ്‍വീനര്‍ വിജയരാഘവന്‍ സഖാവിന്‍റെ ശീലം. പാര്‍ട്ടി ചാനലും പാര്‍ട്ടി പത്രവുമാണ് അപ്പോള്‍ സഖാവിന് പഥ്യം. പിന്നെ പാര്‍ട്ടിയെ പൊക്കി പറയുന്ന പോരാളി ഷാജി, തേരാളി വാസു തുടങ്ങിയ പ്രൊഫൈല്‍ തള്ളലുകളും.  ശശീന്ദ്രനെ അറിയില്ല എന്ന് വിജയരാഘവന്‍ സഖാവ് പറയാഞ്ഞത് ഭാഗ്യം. ടിവിയില്‍ എങ്ങനെ കണ്ടെന്നാ പറഞ്ഞെ? നന്നായിട്ടുണ്ട്. അപ്പോള്‍ കൂടുതല്‍ ചോദിക്കുന്നില്ല. പ്രത്യേകിച്ച് കാര്യമില്ലാത്തതുകൊണ്ടാ. 

മന്ത്രിയല്ലാത്ത മണിയാശാനെയും എംഎല്‍എ അല്ലാത്ത പിസിജോര്‍ജിനെയുമൊക്കെ നമ്മള്‍ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. ആ പരാതി ഒഴിവാക്കാന്‍ മണിയാശാന്‍ എത്തിയിട്ടുണ്ട്. ഇനിയങ്ങോട്ട് പലകളികളും കാണാന്‍ മാനസികമായി തയാറാവുക. കോപ്പാ അമേരിക്ക കണ്ടാരുന്നോ. ആശാനെങ്ങനാ, ചെറുപ്പത്തില്‍ ഫുട്ബോളിന്‍റെ ചടുലതാളം കാലുകളിലേക്ക് ആവാഹിച്ചിരുന്നോ? അല്ല എന്താണ് അര്‍ജന്‍റീനയെ ഇത്രക്കങ്ങ് ഇഷ്ടം.

എന്നാ പിന്നെ പ്രേക്ഷകര്‍ക്കായി ഒരു ഫുട്ബോള്‍ ഓണ്‍ലൈന്‍ ക്ലാസ് കാച്ചിയാലോ. കെഎം ഷാജിയെ ഇന്ന് മിന്നായം പോലെ ക്യാമറക്കുമുന്നില്‍ കിട്ടി. പല ഊഹാപോഹങ്ങളും ഷാജിയെക്കുറിച്ച് എയറിലുണ്ടല്ലോ. അതൊക്കെ ഒന്ന് ചോദിക്കാമെന്നുവച്ചു. അപ്പോള്‍ ഷാജി ഒടുക്കത്തെ കോമഡി ഫോമില്‍. ഷാജി എന്നു പേരുള്ളവരൊക്കെ ഗുണ്ടയാണെന്ന ഡയലോഗിന് വിരുദ്ധമായ തമാശകളാണ് ഈ ലീഗുകാരന്‍ തള്വിവിട്ടത്. മറ്റേ ഇഞ്ചികൃഷി പറച്ചില്‍ പോലെയുള്ള മറ്റൊരു തമാശ. 

നിലവില്‍ പുറത്തുവന്നിരിക്കുന്ന ഫോണ്‍ചോര്‍ത്തല്‍ കലാപരിപാടി പ്രതിപക്ഷത്തിന്‍റെ വെറും ആരോപണമാണെന്ന് മോദി ജി പറഞ്ഞു. പറഞ്ഞത് ജനങ്ങളോടല്ല. പാര്‍ട്ടി യോഗത്തിലാണ്. മോദി ഫോണ്‍ ചോര്‍ത്തിയതില്‍ ഇനി അമിത് ഷായുടെ പേരുമാത്രമേ പുറത്തുവരാനുള്ളൂ എന്നതാണ് അവസ്ഥ. നിങ്ങള്‍ നിരീക്ഷണത്തിലാണ് എന്ന് ക്യാമറയില്ലാത്ത സ്ഥലത്തൊക്കെ എഴുതിവച്ചിരിക്കുന്നതുകണ്ട തമ്മില്‍ നോക്കി ചിരിച്ച ജനത്തിന് ഇപ്പോള്‍ കാര്യം ഏറെക്കുറെ മനസിലായി. എല്ലാവരുടെമേലും സര്‍ക്കാരിന്‍റെ ഒരു കണ്ണുണ്ടാകും എന്ന് തിരഞ്ഞെടുപ്പു പ്രടാരണ സമയത്ത് പറഞ്‍തിന്‍റെ പൊരുള്‍ ഇപ്പോള്‍ മനസിലായില്ലേ. ഇടക്കിടക്ക് രാഹുല്‍ ഗാന്ധിയെ കാണാതാകുമ്പോള്‍ നമ്മളൊക്കെ വിചാരിച്ചു, അയ്യോ ആള്‍ എവിടെ പോയി എന്ന്. കോണ്‍ഗ്രസുകാരൊക്കെ രാഹുലിനെ തപ്പി നടന്നു. ഇനി അങ്ങനെ കാണാതായാല്‍ മോദിജിയോട് ചോദിച്ചാ മതി. പുള്ളി അറിയാതെ ആര്‍ക്കും എങ്ങും പോകാനാകില്ല. ഇസ്രയേലിലോ. ആ പാര്‍ലമെന്‍റിന് പുറത്ത്. ഒകെ ഒകെ

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...