‘കോഴമാണി’യെന്ന് വിളിച്ചവര്‍ മാറ്റിപ്പറഞ്ഞു; ജോസ് മോന്‍ അല്ലേ താരം..!

thiruva-ethirva
SHARE

ഏതൊക്കെ ഷൂട്ടിങ്ങുകള്‍ കേരളം വിട്ടുപോയാലും നമ്മുടെ ഷൂട്ടിങ് ഇവിടെത്തന്നെ തുടരും. ഏതൊക്കെ വ്യവസായം കേരളം വിട്ടു പായാലും നമ്മുടെ ഈ കച്ചവടവും ഇവിടെ തുടരും.കേരള കോണ്‍ഗ്രസ് ഒരു ജൂനിയര്‍ മാന്‍ഡ്രേക്കാണെന്ന് പിസി ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ താക്കീത് നല്‍കിയിട്ടും  ഇടതുപക്ഷം ചെവിക്കൊണ്ടിരുന്നില്ല. എന്താണെങ്കിലും കെഎം മാണിയിലൂടെ ജോസ് മോന്‍റെ തലമുറയില്‍ എത്തി നില്‍ക്കുന്ന ആ പാര്‍ട്ടി സിപിഎമ്മിന് ഉണ്ടാക്കുന്ന തലവേദന ചെറുതല്ല. പണ്ട് സിപിഐയുടെ വായിലിരുന്നതു മുഴുവന്‍ വല്യേട്ടന്‍ കേട്ടത് മാണിക്കും ജോസിനും വേണ്ടിയായിരുന്നു. ജോസിനെ സ്വീകരിക്കാന്‍ പരവതാനി വിരിച്ച കൂട്ടത്തില്‍ ബാര്‍ കോഴക്കേസിന്‍റെ കിക്ക് വിട്ടതായി സിപിഎം എല്‍ഡിഎപിനു വേണ്ടി പ്രഖ്യാപിക്കുകയും ചെയ്തു. പാര്‍ട്ടിക്കും മുന്നണിക്കും അങ്ങനെ തരാതരം കാര്യങ്ങള്‍ മാറ്റിപ്പറയാന്‍ പറ്റും. പക്ഷേ കോടതിയില്‍ കിടക്കുന്ന കേസിന് മുന്നണി ബന്ധം മാറുന്നതനുസരിച്ച് നിലപാടെടുക്കാന്‍ കഴിയില്ലല്ലോ. മാണിയുടെ പേരില്‍ നിയമസഭയില്‍ കാട്ടിക്കൂട്ടിയ കലാപപരിപാടികളുടെ നിലവാരം കോടതി പരിശോധിച്ചു വരുകയാണ്. അന്ന് കായികമായി കാര്യങ്ങളെ കൈകാര്യം ചെയ്ത ഇപി ജയരാജന്‍ പിന്നീട് കായിക മന്ത്രിയായി.  സ്പീക്കറുടെ ഡയസില്‍ അഭ്യാസം കാണിച്ച ശിവന്‍കുട്ടി വിദ്യാഭ്യാസമന്ത്രിയായി. വെടിക്കെട്ടുകാരന്‍റെ പട്ടിക്ക് ഉടുക്ക് എന്ന ലൈനിലാണ് കേസുകളെയൊക്കെ സിപിഎം കാണുന്നത്. എന്നാല്‍ ഈ കേസില്‍ ഒരല്‍പ്പം കുറച്ചില്‍ സര്‍ക്കാരിന് തോന്നി തുടങ്ങി. അതുകൊണ്ട് അത് പിന്‍വലിക്കാന്‍ ഒരു അപേക്ഷ കോടതിയില്‍ നല്‍കി. അന്ന് വയറുനിറച്ച് കിട്ടി. അന്ന് കിട്ടിയതില്‍ തീര്‍ന്നില്ല.  ഇപ്പോളും കിട്ടിക്കൊണ്ടേയിരിക്കുന്നു. രമേശ് ചെന്നിത്തലയൊക്കെ ഇപ്പോളും ഇതും പറഞ്ഞ് സര്‍ക്കാരിന്‍റെ തലേല്‍ കേറുകയാണ്

ഇതാണ് മറ്റൊരു പ്രശ്നം. നിയമസഭാ കൈയ്യാങ്കളി കേസിനെ കൈകാര്യം ചെയ്യുന്നതിനൊപ്പം ഇക്കാര്യത്തിലും ഒരു ശ്രദ്ധ പതിപ്പിക്കാതെ വയ്യ. താന്‍ ഇപ്പോളും പ്രതിപക്ഷ നേതാവു തന്നെയാണ് എന്ന വിശ്വാസത്തിലാണ് രമേശിന്‍റെ പ്രവര്‍ത്തനങ്ങള്‍. അത് അങ്ങനെയല്ല എന്ന് തെളിയിക്കാന്‍ വിഡി സതീശന്‍ ആവതും കഷ്ടപ്പെടുന്നുണ്ട്. ചെന്നിത്തല പ്രതികരിക്കുന്നതിനു മുമ്പോ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുക എന്നതാണ് സതീശന്‍ ഇപ്പോള് ‍നേരിടുന്ന യഥാര്‍ഥ വെല്ലുവിളി. പിന്നെ ആര്‍ക്കും വേണമെങ്കിലും വിമര്‍ശിക്കാന്‍ പാകത്തിനുള്ളതൊക്കെ ധാരാളമായി സര്‍ക്കാര്‍ ഉണ്ടാക്കുന്നതാണ് ഏക ആശ്വാസം

ജോസ് കെ മാണി നിലപാട് വ്യക്തമാക്കി. ജോസിന് അങ്ങനെയല്ലാതെ പറയാന്‍ പറ്റില്ലല്ലോ. അപ്പനെ കോഴമാണി എന്നു വിളഇപ്പിച്ചവരെക്കൊണ്ട് എല്ലാം മാറ്റിപ്പറയിച്ച് മകന്‍ എന്ന ലേബലില്‍ നില്‍ക്കുമ്പോഴാണ് അങ്ങ് സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ എഴുനേറ്റു നിന്ന് അന്നത്തെ ധനമന്ത്രി കള്ളനായിരുന്നു എന്നു പറഞ്ഞ്ത്. ജോസിന്‍റെ ഉള്ളൊന്നു കാളി. അന്നത്തെ ധനമന്ത്രിയെയാണ് ഉദ്ദേശിച്ചത് മാണിയെ അല്ല എന്ന്് സിപിഎം വിശദീകരിച്ചത് ലോകത്ത് ഒരു മലയാളിയും വിശ്വസിച്ചില്ലെങ്കിലും ജോസ് മോന്‍ വിശ്വസിച്ചു. ഇപ്പോ സര്‍ക്കാര്‍ പറയുന്നത് അഴിമതിക്കാരനായ അന്നത്തെ ധനമന്ത്രിക്കെതിരെയല്ല അന്നത്തെ സര്‍ക്കാരിനെതിരെയായിരുന്നു സമരം എന്നാണ്. ഇതൊക്കെ കേട്ട് കോടതി ചെവിയില്‍ കിട്ടിയ പൂ ഒക്കെ തിരുകി ഇരിക്കുകയാണ്. കാണാം തിരുവാ എതിർവാ. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...