തെല്ലും 'മെഴ്സി' കാട്ടാതെ ചെന്നിത്തല; ഐശ്വര്യ കേരളയാത്രയ്ക്ക് ക്ലൈമാക്സ്

thiruva-23
SHARE

ആ ധാരണാ പത്രത്തെ തിരയെടുത്തു. പക്ഷേ തിരയ്ക്ക് ഒരു സ്വഭാവമുണ്ട്. ചിലപ്പോള്‍ കൊണ്ടുപോയതിനെ തിരികെ കൊണ്ടുവന്ന് തീരത്തിടും. ഇവിടെയും പ്രതിപക്ഷം പേടിക്കുന്നത് അതാണ്. രമേശ് ചെന്നിത്തല തന്‍റെ ഐശ്വര്യ കേരളം യാത്രക്ക് ഇത്രയും കിടു ക്ലൈമാക്സ് ഒരുക്കുമെന്ന് ഇടതുപക്ഷവും സര്‍ക്കാരും തെല്ലും കരുതിയില്ല. ഒടുവില്‍ കടലില്‍ മീന്‍ പിടിക്കാനുണ്ടാക്കിയ ഒരു നൈസ് കരാറിനെ തള്ളി അറബിക്കടലിലിടാന്‍ രമേശിനായി. എന്നാല്‍ കരാര്‍ പൂര്‍ണ്ണമായി റദ്ദാക്കിയിട്ടുമില്ല. സ്ഥലം അനുവദിച്ചതടക്കമുള്ള കാര്യങ്ങള്‍ ബാക്കിയാണ്.

പാവം മെഴ്സിക്കുട്ടിയമ്മ. മുഖ്യമന്ത്രിയുടെ കീഴിലുള്ള KSINC കരാര്‍ ഒപ്പിട്ടത്. ഭൂമി നല്‍കിയതോ വ്യവസായ വകുപ്പ്. ചീത്തപ്പേരോ. മെഴ്സിക്കുട്ടിയമ്മക്ക്. കടലമ്മ കള്ളിയെന്ന് പണ്ട് കുട്ടികള്‍ തീരത്തെഴുതുമായിരുന്നു. ഇപ്പോള്‍ മെഴ്സിക്കുട്ടിയമ്മ എന്നാണ് പിള്ളേര്‍ എഴുതുന്നതെന്ന് കൊച്ചിക്കാരന്‍ ഹൈബി ഈഡനൊക്കെ ട്രോളിക്കോണ്ടിരിക്കുകയാണ്. ഈ ട്രോളിങ്ങ് അങ്ങ് നിരോധിക്കണം സിഎമ്മേ. അല്ല പിന്നെ.

ധാരണാ പത്രം റദ്ദാക്കി. അത് എങ്ങനെയും ദഹിപ്പിക്കാം. പക്ഷേ ആ റദ്ദാക്കലിനെ കുറിച്ചുള്ള പാര്‍ട്ടി വിശദീകരണമാണ് എത്ര ശ്രമിച്ചാലും ദഹിക്കാത്തത്. അതിലും കടുപ്പമാണ് അത് വിശദീകരിക്കുന്നത് എ വിജയരാഘവനാണ് എന്നത്. സഹിക്കാതെ എന്തുചെയ്യാന്‍.

വിജയരാഘവന്റെ  പറച്ചില്‍ കേട്ടാല്‍ തോന്നും മന്ത്രിമാരായ മെഴ്സിക്കുട്ടിയമ്മയും ഇപി ജയരാജനുമൊക്കെ ആദ്യം പറഞ്ഞതു തന്നെയാണ് ഇപ്പോളും പറയുന്നതെന്ന്. ആരോപണത്തിന്‍റെ മൂര്‍ച്ചയാണ് ചെന്നിത്തല കൂട്ടിയത്. അല്ലാതെ രഹസ്യം മറക്കാന്‍ തലയിലിട്ട മുണ്ടല്ല. ഇനി വിശദീകരണത്തിന്‍റെ അടുത്ത ക്യാപ്സ്യൂളാണ്. എംഒയു എന്നാല്‍ എന്ത്. പണ്ട് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് സരിതയും മറ്റ് തട്ടിപ്പുകാരും സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രി ഓഫീസില്‍ എത്തി എന്നറിഞ്ഞപ്പോള്‍ സെക്രട്ടറിയേറ്റ് വളഞ്ഞ ടീംസാണ് ഇപ്പോള്‍ എംഒയു വും കരാറും തമ്മിലുള്ള വ്യത്യാസം കണ്ടുപിടിക്കാന്‍ ഉറക്കളക്കുന്നത്. 

മെഴ്സിക്കുട്ടിയമ്മയോട് രമേശ് ചെന്നിത്തല തെല്ലും മെഴ്സി കാട്ടിയില്ല. അല്ല തിരിച്ച് മന്തിയും അങ്ങനെയായിരുന്നു. രമേശിന്‍റെ സമനില തെറ്റിയെന്നൊക്കെയായിരുന്നു വച്ചു കാച്ചിയത്. ഇപ്പോള്‍ മന്ത്രിയുടെ അടി തെറ്റി എന്നുമാത്രം. 

കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് മുഖ്യന്‍ അറിയാതെ നാട്ടുകാരെല്ലാം സിഎം ഓഫീസില്‍ കറങ്ങിനടക്കുന്നുവെന്നാരോപിച്ച് ഉമ്മന്‍ ചാണ്ടിയുടെ നെഞ്ചില്‍ ഇഷ്ടികയെറിഞ്ഞ ഡിവൈഎഫ്ഐക്കാരോടാണ്. നിങ്ങളുടെ ഇരട്ട ചങ്കന്‍ പറയുന്നത് പുള്ളി അറിയാതെ സെക്രട്ടറി ശിവശങ്കരന്‍ സ്വര്‍ണക്കടത്തുകാരോട് കൂട്ടുകൂന്‍ പോയി. ചില ഉദ്യോഗസ്ഥര്‍ കപ്പല്‍ കരാറില്‍ ഒപ്പിടാന്‍ പോയി എന്നൊക്കെയാണ്. പിണറായി മുഖ്യനെ അലട്ടുന്ന പ്രശ്നം  കരാറും കപ്പലുമൊന്നുമല്ല. താന്‍ കെട്ടിപ്പൂട്ടിവച്ച രേഖകള്‍ എങ്ങനെ രമേശ് ചെന്നിത്തലയുടെ കൈയ്യിലെത്തി എന്നതാണ്. ഇതാണ് ശരിക്കും തീക്കട്ടയിലെ ഉറുമ്പരിക്കല്‍. മോഷ്ടിക്കുവാണെങ്കില്‍ ആഭ്യന്തര മന്ത്രിയുടെ വീട്ടില്‍ തന്നെ കയറണം.

സെക്രട്ടേറിയേറ്രിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ഒരു പരീക്ഷ നടത്തി. പെണ്ണുമ്പിള്ള സര്‍വീസ് കമ്മീഷന്‍ എന്ന് ചില യൂത്തന്മാരും പിണറായി സ്വപ്ന കമ്മീഷന്‍ എന്ന് മറ്റ് ചിലരും പറയുന്നുണ്ട്. ഇക്കാര്യത്തിലെങ്കിലും ഗ്രൂപ്പ് മറന്ന് യോജിക്കാന്‍ വലതന്മാര്‍ തയ്യാറാകണം. പരീക്ഷ നടത്തി നേതാക്കളെ തിരഞ്ഞെടുത്ത ഒരു കാലം യൂത്തിനുണ്ടായിരുന്നതുകൊണ്ടാണെന്നു തോന്നുന്നു, കുട്ടികള്‍ ഒരു അടിപൊളി പരീക്ഷ പേപ്പറാണ് സെറ്റു ചെയ്തത്.

ചില ഹൈലറ്റ് ചോദ്യങ്ങള്‍ വേണമെങ്കില്‍ ചോര്‍ത്തിത്തരാം. ഊരിപ്പിടിച്ച കത്തികള്‍ക്കിടയിലൂടെ നടന്നിട്ടുണ്ടെന്ന് പൊസീസ് കാവലില്‍ നിന്ന് ഗീര്‍വാണമടിക്കുന്ന ധീരന്‍ ആര്, കേരളത്തില്‍ ഏറ്റവും കൂടുതല്‍ വാഹന അകമ്പടിയുള്ളത് ആര്‍ക്ക്, കെട്യോള്‍ ആണ് മാലാഖ എന്ന പേര് കേരളത്തിലെ ഏത് യുവജന സംഘടനക്കാണ് അനുയോജ്യം, ബിനോയ് കോടിയേരി ഉയര്‍‌ന്ന മാര്‍ക്കോടെ വിജയിച്ച പരീക്ഷ ഏത്, ഇങ്ങനെ നീളുന്നു ചോദ്യങ്ങള്‍. സത്യം പറയാമല്ലോ, ഈ ചോദ്യപ്പേപ്പര്‍ ഇട്ടവനെ പിടിച്ച പിടിയാലേ കൊണ്ടുപോയി പിഎസ്‍സിയിലെ ചോദ്യപ്പേപ്പര്‍ സെക്ഷനില്‍ നിയമിക്കണം. ഇതുകൊണ്ടും തീര്‍ന്നില്ല വലത് മിടുക്കന്മാരുടെ സമരമുറ. അത് പിണറായി വിജയന്‍ കാണാന്‍ കിടക്കുന്നതേയുള്ളൂ. തൃശൂര്‍ക്കൊന്ന് പോയി വരാം.

വലതുപക്ഷത്തെ കുട്ടികളുടെ വളര്‍ച്ച എത്രവേഗമാണെന്നു നോക്കണം. കെഎസ്‍യു കുട്ടികളായി ആയിരുന്നു വരവ്. എന്നാല്‍ ഇതാ ആ മതില്‍ കയറിക്കഴിഞ്ഞാല്‍ അവരാരായി എന്നു കണ്ടോണം. കെഎസ്‍യുക്കാര്‍ വളര്‍ന്ന് യൂത്തു കോണ്‍ഗ്സാകാന്‍ ഒരു മതില്‍ പൊക്കമേ വേണ്ടിലന്നുള്ളൂ.ഒരു നിലകൂടി കയറിയിരുന്നെങ്കില്‍ അവര്‍ മൂത്ത കോണ്‍ഗ്രസ് ആകുമായിരുന്നു. ഇവരുടെ നേതാവ് ട്രാക്ടറൊക്കെ ഓടിക്കുന്നതില്‍ വിരുതനാണ്. മോദിക്കെതിരെ ഓടിക്കാന്‍ വാങ്ങിയ ട്രാക്ടറുമായി രാഹുല്‍ കേരളത്തിലെത്തി.

ഒന്നു രണ്ടു ദിവസമായി കേരളത്തിലുള്ള വയനാട് എംപി സ്റ്റേജുകളില്‍ നിന്ന് സ്റ്റേജുകളിലേക്ക് പറക്കുകയായിരുന്നു. ഇതിനിടെ ഒരു വേദിയിയില്‍ രാഹുലിനെ കണ്ട് ഒരാള്‍ പേടിച്ചു. പ്രസംഗിക്കാന്‍ മൈക്കിനു മുന്നിലെത്തിയ രാജേഷ് എന്ന യുവാവ് പേടിച്ചു വിറച്ചത് ഞെട്ടലോടെയാണ് ലോകം കണ്ടത്. അങ്ങനെ രാഹുല്‍ ഗാന്ധി ഒരു ഭീകരനായി. അങ്ങനെയാകാന്‍ ഇഷ്ടമല്ലാത്തതുകൊണ്ട് തന്‍റെ സ്ഥിരം നമ്പറുകള്‍ പുള്ളി ആവര്‍ത്തിച്ചു.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...