സസ്പെന്‍സ് എന്‍ട്രിക്കൊരുങ്ങി കാപ്പന്‍; പാലാ ഡ്രാമ..!

Thiruvaa-New
SHARE

ചെലോല്‍ത് റഡ്യാവും ചെലോല്‍ത് റഡ്യാവൂല. കെവി തോമസ് മാഷിന്‍റേത്  റെഡ്യായി. അങ്ങനെ ഈ രാത്രി മാഷിന് കുമ്പളങ്ങി ഗുഡ് നൈറ്റ്സ് ആയി.  അല്ലെങ്കിലും രാഷ്ട്രീയം ബുദ്ധിയുടെ കരുനീക്കമാണ്. തിരഞ്ഞെടുപ്പുകാലത്ത് സീറ്റുമോഹികളാകും ഏറെയും. ആ സമയത്താണ് പാര്‍ട്ടി പദവികള്‍ക്ക് തെല്ലും ഡിമാന്‍റില്ലാത്ത സമയം. ആ ഗ്യാപ്പ് കണ്ടെത്തിയ അങ്ങ് ശരിക്കും ഈ കോണ്‍ഗ്രസുകാര്‍ക്ക് ക്ലാസെടുക്കണ്ട മാഷുതന്നെയാണ്. അപ്പോ കിട്ടിയ ഗ്യാപ്പില്‍ നമ്മളും തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ

തിരഞ്ഞെടുപ്പ്കാലമെന്നത് ഒരു ബസ്റ്റാന്‍ഡാണ്. ചിലരൊക്കെ ചില വണ്ടികള്‍ക്കായി കാത്തു നില്‍ക്കും. എന്നാല്‍ ചിലര്‍ വരുന്ന വണ്ടിയുടെയെല്ലാം പുറകെ ഓടും. ചാടിക്കയറാന്‍ നോക്കും. ചിലര്‍ വീഴും. ചിലര്‍ തലനാരിഴക്കൊക്കെ വലിഞ്ഞു കയറിപ്പോകും. കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പുസമയത്ത് എല്‍ഡിഎഫ് വണ്ടിയില്‍ കയറിയ ജോസ് കെ മാണി, അങ്ങനെ രക്ഷപെട്ടവരില്‍ ഒരാളാണ്. വണ്ടിയില്‍ ചില സീറ്റുകളില്‍ മുന്‍ഗണനയുണ്ട്. ജോസു വന്നപ്പോള്‍ പാലായിലെ മാണി സി കാപ്പനോട് വണ്ടിയിലെ കണ്ടക്ടറായ സിപിഎം എണ്ണീറ്റ് മാറാന്‍ കണ്ണുകാണിച്ചു. അതു കണ്ടില്ലെന്ന് എത്രനാള്‍ നടിക്കാനാകും. പ്രത്യേകിച്ച് വലിയ ആളും ബഹളവുമൊന്നുമില്ലാത്ത പ്രൈവറ്റ് ബസ് ഹോണടിച്ച് മാടിവിളിക്കുമ്പോള്‍. യുഡിഎഫിന് സംബന്ധിച്ച് കണ്ണടച്ചുള്ള വലവിരിക്കലാണ്. ചാടിപ്പോയതിനേക്കാള്‍ വലുതിനെ പിടിക്കണമെന്നുള്ള വ്യാമോഹമൊന്നും അവര്‍ക്കില്ല. നത്തോലിയെങ്കില്‍ നത്തോലി. അതാണ് ലൈന്‍. 

കൈ ഒക്കെ എടുത്ത് ഇന്ദിരാഭവന്‍റെ ഉമ്മറത്ത് കാത്തിരിക്കുകയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കാപ്പന്‍ പക്ഷേ അവിടേക്ക് ചെന്നു കയറിയിട്ടില്ല. എന്തിനാണ് സ്വന്തം കാശുമുടക്കി പോകുന്നത്. വെള്ളിയാഴ്ച രമേശ് ചെന്നിത്തലയുടെ ഐശ്വര്യം വാരിവിതറുന്ന വണ്ടി പാലാ വഴി വരുന്നുണ്ട്. അപ്പോള്‍ അതില്‍ കയറാം. തിരുവനന്ത്പുരം പിടിക്കാം. സിനിമാക്കാരനായതുകൊണ്ട് അത്തരം സസ്പെന്‍സ് എന്‍ട്രിയാണ് കാപ്പനിഷ്ടം. പാലായില്‍ നിന്ന് തോറ്റു തോറ്റു മടുത്തതാണ്. ഒടുക്കമായിരുന്നു വിജയം. എന്നിട്ടിപ്പോള്‍ വീണ്ടും തോല്‍പ്പിക്കാന്‍ നോക്കിയാല്‍ ആരായാലും ഇങ്ങനെയൊക്കയേ ചെയ്യൂ. അതേ സമയം അങ്ങ് എല്‍ഡിഎഫ് ക്യാംപില്‍

മീനച്ചിലാറ്റിലൂടൊഴുകുന്ന രണ്ടു വള്ളത്തില്‍ കാലുവച്ചാണ് പക്ഷേ കാപ്പന്‍റെ നില്‍പ്പ്. ഏത് വള്ളമാണ് ആദ്യം പോകുന്നത് എന്നറിഞ്ഞിട്ടി വേണം മറ്റേ കാല്‍ വലിക്കാന്‍. അതുകൊണ്ട് കാപ്പന്‍ വരും എന്ന കാര്യത്തില്‍ യുഡിഎഫിലും അത്ര ഉറപ്പു പോര. അതിനൊക്കെ കാപ്പന്‍ അയല്‍ മണ്ഡലത്തിലെ നമ്മുടെ പിസി ജോര്‍ജിനെ കണ്ടു പഠിക്കണം. യുഡിഎപ് പോലും അറിയും മുമ്പേ മുന്നണി പ്രവേശനം പ്രഖ്യാപിച്ച വീരനാണ് അദ്ദേഹം. സംഗതി പാളിപ്പോയെങ്കിലും. കാപ്പനാണെെങ്കില്‍ ഒരുമാതിരി സമാന്തര സിനിമാ മാതിരി, എങ്ങും തൊടാതെ ഒരു പറച്ചിലൊക്കെ. 

പാലാ. വെള്ളിയാഴ്ച. മൊത്തത്തില്‍ ഒരു പേടിപ്പിക്കല്‍ ലൈനാണ്. ഹൗറര്‍ സിനിമാക്കാരനാകുവാരിക്കും. എകെ ശശീന്ദ്രനെ പേരുപോലെ ശശിയാക്കി പോകാനാണ് കാപ്പന്‍റെ നീക്കമെന്നു തോന്നുന്നു

നിയമന വിവാദങ്ങള്‍ കൊടുംപിരി കൊണ്ടിരിക്കുന്ന കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറച്ചു പേരെ പിരിച്ചുവിട്ടു. മറ്റാരെയുമല്ല, തന്‍റെ മാധ്യമ ഉപദേഷ്ടാക്കളെ. സത്യം പറഞ്ഞാല്‍ ഈ ഉപദേശകരൊക്കെയായിരുന്നു നമ്മുടെ ഒരു ഐശ്വര്യം. ശൈ. മൂഡ് പോയി മൂഡ് പോയി. സെക്രട്ടറിയേറ്റിനു മുന്നില്‍ ജോലിക്കായി സമരം നടത്തുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പാവം മുഖ്യന്‍റെ അവസ്ഥ വല്ലതും അറിയണോ. കണ്ണില്‍ ചോരയില്ലാതെയല്ലേ അവര്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നെ. അല്ലെങ്കിലും ഈ പിഎസ്‍സി റാങ്ക് ഹോള്‍ഡേഴ്സ് നന്ദിയില്ലാത്തവരാ. അഞ്ചുകൊല്ലം മുന്‍പ് അവര്‍ക്കു വേണ്ടി സമരപ്പന്തലില്‍ കൂട്ടിരുന്ന് സര്‍ക്കാരിന്‍റെ നിയമന നിരോധനത്തിനെതിരെ ഘോരഘോരം പ്രസംഗിച്ചതിന്‍റെ സ്മരണയെങ്കിലും ഇവര്‍ക്ക് കാണിക്കാമാരുന്നു. മൂന്നുമാസം കഴിഞ്ഞ് ഇനി യുഡിഎപ് സര്‍ക്കാരെങ്ങാനും വന്നാല്‍ അന്നും ഈ ഉദ്യോഗാര്‍ഥികവ്‍ക്കൊപ്പം നില്‍ക്കാനുള്ള മനുഷ്യനാ. പുള്ളിയെ ഇങ്ങനെയൊന്നും പറയല്ല. ദാ കേള്‍ക്ക് സ്റ്റഡിക്ലാസ് നല്ലോണം

ഇതിന് മറുപടിപറയാന്‍ കേരളത്തില്‍ ഒരേ ഒരു ആളേയുള്ളൂ. എത്ര തിരക്കു പിടിച്ച യാത്രയിലാണെങ്കിലും ആള് ഹാജര്‍

ഹെന്‍റെ രമേശ് ജി. ഗോളടിക്കാന്‍ വിളഇച്ചപ്പോള്‍ സ്വന്തം ഗോള്‍പോസ്റ്റില്‍ സെല്‍ഫ്ഗോള്‍ പെടക്കുന്നോ. അതോ മുന്‍ മുഖ്യമന്ത്രിക്കുള്ള ഗോളാണോ ഇത്. അറിയാതെ പറഞ്ഞതാകാന്‍ വഴിയില്ല. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ഒരു തോല്‍വിയായിരുന്നുവെന്ന് താങ്കള്‍ പല ജംഗ്ഷനിലും പ്രസംഗിക്കുന്നുണ്ട്. കഴിഞ്ഞഅ ദിവസം രമേശ് ചെന്നിത്തലയോട് മാധ്യമങ്ങള്‍ ചോദിച്ചു. അല്ല കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരും പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തിയില്ലേ. അപ്പോള്‍ ചെന്നിത്തല പറഞ്ഞു. അതുകൊണ്ടല്ലേ സര്‍ക്കാര്‍ അടുത്ത തിരഞ്ഞെടുപ്പില്‍ തോറ്റത്. ഉരുളക്കുപ്പേരി. 

വീണ്ടും ശങ്കരന്‍ തെങ്ങിന്‍ത്തന്നെ. അത് വിട് ജീ. ജയിക്കും എന്നൊക്കെ വെറുതെയെങ്കിലും പറ. ഇങ്ങനെ നെഗറ്റീവ് ആകല്ല ആ നന്നായി. അങ്ങനെ വല്ലോം ചെയ്യ്

വൈരുധ്യാത്മിക ഭൗതികവാദം റീലോഡ് ചെയ്യുന്ന തിരക്കിലായതുകൊണ്ട് ഇടക്കിടക്ക് സഖാക്കള്‍ രാമായണവും മഹാഭാരതവും ഒക്കെ ഇപ്പോള്‍ ഉരുവിടും. ശബരിമല എന്നൊക്കെ ഭക്തിയോടെ പറയും. ഈ തിരഞ്ഞെടുപ്പുകാലമാണല്ലോ രാഷ്ട്രീയക്കാര്‍ക്ക് മണ്ഡലകാലം. സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം കിടക്കുന്ന പാവങ്ങള്‍. അവരുടെ കഷ്ടപ്പാടും വേദനയും ഇപി ജയരാജനൊക്കെ അഭിനയമായാണ് കാണുന്നത്. 

നിയമനങ്ങളുടെ പേരില്‍ കണക്കു പറച്ചിലാണ്. സര്‍ക്കാരും പ്രതിപക്ഷവും. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഉടനുണ്ടാകണേ എന്നുമാത്രമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. പിന്നെ കട പൂട്ടി പോകാമല്ലോ. 

പാവം രമേശ് ചെന്നിത്തല. വല്ലാത്തൊരു അവസ്ഥയിലാണ്. നാട്ടിലെ കാര്യങ്ങള്‍ നോക്കണം പാര്‍ട്ടിയുടെയും മുന്നണിയുടെയും കാര്യങ്ങള്‍ നോക്കണം. അതിനിടയിലാണ് മാധ്യമങ്ങള്‍ ഓരോ പണി കൊടുക്കുന്നത്. കഷ്ടമുണ്ട്. ഒരാളെ ഇങ്ങനെ ബുദ്ധിമുട്ടിക്കല്ല

അങ്ങ് വടക്കോട്ട് മല്‍സരിക്കാന്‍ ചെല്ലാന്‍ ജലീല്‍ സായ്‍വ് ക്ഷണിച്ചത് കേട്ടാരുന്നോ. ദാ മുല്ലപ്പള്ളി ജി എന്തോ പറയാന്‍ വരുന്നുണ്ട്

തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പും ഇങ്ങനാരുന്നു പറഞ്ഞത്. അപ്പോ അനവധാനതയുള്ളവര്‍ ഉണ്ടെങ്കില്‍ കെപിസിസി ആസ്ഥാനത്ത ഹാജരാകേണ്ടതാണ.് അര്‍ത്ഥം നമസിലാകാത്തവര്‍ക്ക് അത് നേരിട്ട് ചോദിക്കാനും വരാവുന്നതാണ്

ഇനിയുള്ള കാഴ്ചയെ ഹാസ്യമായി എടുക്കരുത്. കോവിഡിന്‍റെ സ്ട്രെസ് മറികടക്കാനുള്ള ഒരു തമാശ നേരമായി കാണണം. ചിരിച്ചുകൊണ്ട് നമുക്ക് മഹാമാരിയെ നേരിടാം. കീഴടക്കാം. നമ്മുടെ ലോക്നാഥ് ബഹ്റയുടെ കാക്കി അഴിപ്പിക്കാന്‍ പ്രതിപക്ഷം കിണഞ്ഞു പരിശ്രമിച്ചു.നടന്നില്ല .ഇപ്പോള്‍ ഇതാ സിംപിളായി അത് നടന്നു. കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിക്കാന്‍ ലോക്നാഥ് ബഹ്റ എത്തുന്നതാണ് സീന്‍. 

ഇങ്ങനെ മസിലിനു മുകളില്‍ കൈ തെറുത്തു കയറ്റിയെങ്കിലും നഴ്സ് സമ്മതിച്ചില്ല. തോളിലാണ് എടുക്കേണ്ടത്. അതോടെ ബഹ്റ തന്‍റെ കാക്കി ഉപേക്ഷിച്ചു.

അപ്പോ ഇത്രയേ ഉള്ളൂ സംഗതി എന്നു മനസിലായില്ലേ. എല്ലാം മനസിലായ സ്ഥിതിക്ക് നിന്നു താളം ചവിട്ടുന്നില്ല. നാളെ വെളളിയാഴ്ചയാണ്. പണ്ടൊക്കെ വെള്ളിയാഴ്ചയാണ് പുത്തന്‍ പടങ്ങള്‍ റിലീസ് ചെയ്യുക. കാപ്പന്‍റെ പടം എന്താകും. അവസാന നിമിഷത്തിലേക്ക്. അപ്പോ നന്ദി നമസ്കാരം

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...