ഖദറില്‍ മാത്രം പിടിക്കുന്ന കരിമ്പനല്ല കോവിഡ്; ചെന്നിത്തലയുടെ ഹീറോയിസം..!

Thiruvaa-New_03_02
SHARE

അപ്പോ തുടങ്ങാം. അതിന് മുന്‍പ് ഒരേ ഒരു കാര്യം. കോവിഡിന് രാഷ്ട്രീയമില്ല. ആ വൈറസിന് കൊടിയുടെ നിറമോ നയങ്ങളുടെ വൈരുധ്യങ്ങളോ തെല്ലും അറിയില്ല. അതുകൊണ്ട് വേണമെങ്കില്‍ കോവിഡ് മാറിപ്പോകട്ടേ അതല്ലേ ഹീറോയിസം എന്ന് വിചാരിക്കരുത്. ഖദറില്‍ മാത്രം പിടിക്കുന്ന കരിമ്പനല്ല കോവിഡ്. ഇടതുപക്ഷക്കാര്‍ അതോര്‍ക്കുന്നത് നല്ലതായിരിക്കും.   ഉപദേശ ക്ലാസല്ല. തിരുവാ എതിര്‍വാതന്നെയാണ്.  

വിശ്വാസികളുടെ വീടുകളുടെ ഉമ്മറപ്പടിയില്‍ കണ്ടിട്ടില്ലേ ദൈവങ്ങളുടെ ഒരു പടവും അതിനു താഴെ ഈ വീടിന്‍റെ ഐശ്വര്യം എന്നൊരു എഴുത്തും. അതുപോലെ ഈ പരിപാടിയുടെ മുന്നില്‍ എഴുതിക്കാണിക്കാന്‍ പറ്റുന്നൊരു വാചകമുണ്ട് . രമേശ് ചെന്നിത്തല ഈ പരിപാടിയുടെ ഐശ്വര്യം എന്ന്. പ്രതിപക്ഷ നേതാവിന്‍റെ യാത്ര അങ്ങനെ പലപല തമാശകളും സമ്മാനിച്ച് ജില്ലകള്‍ പിന്നിട്ട് വരുകയാണ്. യാത്രയുടെ പബ്ലിസിറ്റി ചുമതല പ്രതിപക്ഷം ഏല്‍പ്പിച്ചിരിക്കുന്നത് സര്‍ക്കാരിനെത്തന്നെയാണെന്നു തോന്നുന്നു. നെഗറ്റീവാണെങ്കിലും നല്ല പബ്ലിസിറ്റിയാണ് പിണറായി സര്‍ക്കാര്‍ ഐശ്വര്യ ‍കേരള യാത്രക്ക് നല്‍കുന്നത്. അതുകൊണ്ട് വരും ദിവസങ്ങളില്‍ നമ്മളും അറിഞ്ഞ് വയ്ക്കണം ഈ യാത്ര എവിടെ വരെ എത്തി എന്നൊക്കെ. ഹലോ മിസ്റ്റര്‍ ചെന്നിത്തലാ ജീ. ങ്ങളിത് എവിടെയാണ്.  

അതായത് സര്‍ക്കാരിന്‍റെ നമ്പര്‍ നടക്കില്ലെന്ന്. തദ്ദേശ തിരഞ്ഞെടുപ്പില്‍ നിന്ന് പാഠം പഠിക്കും എന്ന് പറഞ്ഞപ്പോള്‍ സത്യമായും ഇത്രയും പ്രതീക്ഷിച്ചില്ല. കോവിഡ് മാനദണ്ഡം എന്നൊക്കെ സര്‍ക്കാര്‍ പോടിപ്പിച്ചപ്പോള്‍ പൊതുവെ മടിയന്മാരായ കോണ്‍ഗ്രസുകാര്‍ ഉള്‍പ്പെട്ട വലതന്മാര്‍ അധികം കറങ്ങിനടക്കാതെ കയിച്ചിലാക്കി. ഇടതുപക്ഷമാകട്ടെ ആ തക്കത്തിന് കിറ്റും സ്ലിപ്പുമായി വീടുകള്‍ കയറി. ഇതേ നമ്പറാണ് വീണ്ടും സര്‍ക്കാര്‍ പയറ്റാന്‍ നോക്കിയത്. ഒരു അബദ്ധമൊക്കെ ഏത് മുന്‍ പൊലീസ് മന്ത്രിക്കും പറ്റും. എന്നുവച്ച് അങ്ങനങ്ങ് കൊച്ചാക്കാന്‍ നോക്കല്ല്. അപ്പണി പാളിയപ്പോളാണ് ചെന്നിത്തല വണ്ടിയിലെ യാത്രക്കാര്‍ക്കെതിരെ കേസുകളെടുക്കാന്‍ പിണറായിപ്പൊലീസ് തുടങ്ങിയത്. അങ്ങനെ ഇപ്പോ കേസെടുക്കാന്‍ തക്കം പാര്‍ത്തു നടക്കുന്ന പൊലീസ് എസ്കോര്‍ട്ടോടെയാണ് യാത്രയുടെ വരവ്. തലസ്ഥാനത്തെത്തുമ്പോള്‍ ചെന്നിത്തല  ഒരു നിവേദനം കൊടുക്കണം. ഐശ്വര്യ കേരള യാത്രയുടെ കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക കോടതി അനുവദിക്കണമെന്ന്. വെടിക്കെട്ടുകാരന്‍റെ പട്ടിയെ ഉടുക്കു കൊട്ടി പേടിപ്പിക്കരുത് എന്നാണ്. അതുകൊണ്ട് നിയമലംഘനത്തിന് കേസ് എന്ന ഉടുക്ക് കോണ്‍ഗ്രസുകാര്‍ക്കിടയില്‍ ചിലവാകാന്‍ പാടാണ്. 

സര്‍ക്കാരിനെതിരായ മൂര്‍ച്ചയുള്ള വാക്കുകളെ തടയാന്‍ ഒരു കേസുകള്‍ക്കും ആകില്ല എന്നാണ് ചെന്നിത്തല പ്രഖ്യാപിക്കുന്നത്. ഉമ്മന്‍ ചാണ്ടിയെ ഹൈക്കമാന്‍ഡ് കളത്തിലിറക്കിയതോടെ ചെന്നിത്തല ആകെ നനഞ്ഞു നില്‍ക്കുകയാണ്. ഇനി സര്‍ക്കാര്‍ എത്ര വിചാരിച്ചാലും അതില്‍ക്കൂടുതല്‍ കുളിരില്ല

യാത്രയില്‍ ചെന്നിത്തലക്ക് പറയാന്‍ ഒന്നുമില്ല എന്ന് തിരിച്ചറിഞ്ഞാകണം സിപിഎം ആക്കിങ് സെക്രട്ടറി എ വിജയരാഘവന്‍ വര്‍ഗീയക്കാര്‍ഡ് ഇറക്കി കൊടുത്തത്. യാത്ര മലബാര്‍ പര്യടനം പൂര്‍ത്തിയാക്കുന്നതുവരെയെങ്കിലും ആ കാര്‍ഡ് യാത്രക്ക് ഗുണം ചെയ്യും. വര്‍ഗീയതക്കുള്ള മറുപടിയിലൂടെ മുസ്ലിം സഹോദരങ്ങളെ ആശ്വസിപ്പിക്കല്‍ ശബരിമല വിഷയത്തിലൂടെ ഹിന്ദുക്കള്‍ക്ക് തലോടല്‍ തുടങ്ങിയ ലൈനിലാണ് ഈ സെക്യുലര്‍ യാത്രയുടെ വരവ്.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...