വളളംകളിയിൽ വെള്ളം ചേർത്ത് ബിജെപിയുടെ ചുണ്ടൻ

Thiruvaa_07_12
SHARE

പേരിലൊക്കെ എന്ത് കാര്യമിരിക്കുന്നുവെന്ന് വില്യം ഷേക്സ്പിയര്‍ പണ്ട് ചോദിച്ചിട്ടുണ്ട്. പക്ഷേ പുതിയ കാലത്തെ ചരിത്രരചയിതാക്കള്‍ പേര് വലിയ സംഭവമാണെന്നാണ് പറഞ്ഞുവയ്ക്കുന്നത്. കേന്ദ്രമന്ത്രി വി. മുരളീധരനൊക്കെ ജനിച്ചപ്പോള്‍ ഭാവിയില്‍ ഇദ്ദേഹം വലിയ ഓടക്കുഴല്‍ വാദകനാവുമെന്ന് കരുതിയിട്ടാവണം ആ പേരിട്ടത്. പക്ഷേ കറങ്ങിത്തിരിഞ്ഞ് ഇപ്പോ ഈ പണിയിലായി എന്ന് മാത്രം. എന്ന് വച്ച് അദ്ദേഹം ആ പണി നിര്‍ത്തി മുരളീരവം ഒഴുക്കിയാല്‍ മതിയെന്ന് പറയാന്‍ യാതൊരു ഉദ്ദേശ്യവുമില്ലാതെ ആരംഭിക്കുകയാണ്. 

തിരുവനന്തപുരത്ത് ഒരു ശാസ്ത്രസാങ്കേതിക കേന്ദ്രമുണ്ട്. രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി എന്നാണ് അതിന്‍റെ പേര്. ഇപ്പോ ആ  ക്യാംപസിന് ഗോള്‍വാള്‍ക്കറുടെ പേരിട്ടു കേന്ദ്രസര്‍ക്കാര്‍. സാധാരണ സ്ഥലനാമങ്ങളൊക്കെ തിരുത്തുന്ന തിരക്കിലായിരുന്ന സംഘബന്ധുക്കള്‍ ഇപ്പോ സ്ഥാപനങ്ങളെ നേര്‍ക്കാണ് ശ്രദ്ധ കൊടുത്തിരിക്കുന്നത്. രാജ്യത്ത് പേരും പെരുമയും ഉള്ള ഒരുവിധം സ്ഥാപനങ്ങള്‍ക്കൊക്കെ നെഹ്റുവിന്‍റെ പേരാണ്. നെഹ്റു ആണ്, ഈ രാജ്യത്തെ സകലമാന പ്രശ്നങ്ങള്‍ക്കും കാരണമെന്ന് വിശ്വസിക്കുന്നവരാണല്ലോ ഈ ബിജെപിക്കാര്‍. അതിപ്പോ കോവിഡ് രാജ്യത്ത് വന്നത് പോലും നെഹ്റുവിന്‍റെ തലയിലേക്ക് ഇട്ടാലോ എന്ന് ബൈഠക് ചേര്‍ന്ന് ആലോചിച്ചു നോക്കിയതാണ്. പക്ഷേ ഒത്തില്ല. അങ്ങനെ ഇരിക്കുമ്പോ ആണ് നെഹ്റുവിന്‍റെ കൊച്ചുമകന്‍റെ പേരിലുള്ള ഒരു കേന്ദ്രത്തിന്‍റെ ക്യാംപസിന് വേറൊരു പേര് നല്‍കാന്‍ അവസരം കിട്ടിയത്. ഉടനെ ചരിത്രം ചികഞ്ഞു. വലുതായൊന്നും കാണാത്തതുകൊണ്ട് ഗോള്‍വാള്‍ക്കറുടെ പേര് അങട് ഇട്ടു. ബയോടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് പേരായി മാറാന്‍ മാത്രം ആരാണീ ഗോള്‍വാള്‍ക്കര്‍ എന്നായി ചോദ്യം. ഉത്തരം പറയാന്‍ ഡല്‍ഹിയില്‍ നിന്ന് വിമാനം പിടിച്ച് വി. മുരളീധരന്‍ നാട്ടിലെത്തി. ഇതാണ് പറയുന്നത് മാനത്തൂടെ പോകുന്ന വയ്യാവേലിയെ ഏണി വച്ച് പിടിക്കുക എന്നത്. 

സംഘബന്ധുക്കള്‍ക്ക് ഒരു ഗുണമുണ്ട്. ഏത് വലിയ നിലയില്‍ എത്തിയാലും മണ്ടത്തരം പറയാന്‍ യാതൊരു ഉളുപ്പുമില്ല എന്നതാണത്. അതിന് പ്രധാനമന്ത്രിയെന്നോ കേന്ദ്രമന്ത്രിയെന്നോ മുഖ്യമന്ത്രിയെന്നോ വകഭേദമൊന്നും ഇല്ല. രാവിലെ വാട്സാപ്പ് യൂണിവേഴ്സിറ്റിയില്‍ വരുന്ന ക്യാപ്സൂളുകള്‍ നോക്കി ഒരു ധ്വജപ്രണാമം അര്‍പ്പിച്ചു വായിക്കും. ഫോര്‍വേഡ് ചെയ്യും. അതിലപ്പുറം ചരിത്രപഠനമൊന്നും വലിയ താല്‍പര്യമില്ല. 

ഇത്തരം നുറുങ്ങു സംശയങ്ങളാണ് ആകെ ഈ ബിജെപിക്കാര്‍ക്ക് ഉള്ളത്. കെ.സി. വേണുഗോപാല്‍ ഇങ്ങനെ ചരിത്രം പറഞ്ഞുകൊണ്ടിരിക്കുക എന്നേയുള്ളു. അതുകൊണ്ട് വലിയ ഗുണമൊന്നും കിട്ടാനില്ല. ഒന്നാമത് ഇന്ത്യാചരിത്രത്തില്‍ അത് സ്വാതന്ത്ര്യസമരമായാലും ജനാധിപത്യരീതികളായാലും ഇതിലൊന്നും കാര്യമായ പങ്കുവഹിച്ചതിന്‍റെ ചരിത്രമൊന്നും സംഘബന്ധുക്കള്‍ക്കില്ല. ആകെ ഒരു ശൂന്യതയാണ് അതൊക്കെ നോക്കുമ്പോള്‍. ആര്‍ക്കായാലും വിഷമം വരും. മിത്രങ്ങള്‍ വിഷമിക്കാന്‍ പാടില്ല എന്നുള്ളതുകൊണ്ട്  ആ ചരിത്രത്തെ വായിക്കേണ്ട കാര്യമേയില്ല എന്നു പരസ്പരം വിശ്വസിച്ചു നില്‍ക്കുന്നവരാണവര്‍. അവരോട് ആ ചരിത്രമൊക്കെ പറഞ്ഞിട്ട് എന്തുകാര്യമാണ്. പുതിയതായി എഴുതുന്നുണ്ട്. അതില്‍ വേണമെങ്കില്‍ ഒരു കൈനോക്കാമെന്നേയുള്ളു. അതിന്‍റെ ഓരോരോ തുടക്കമല്ലേ ഈ പേരിടല്‍ പരിപാടിയൊക്കെ.

നെഹ്റുവിന് വള്ളം കളി അറിയാമോയെന്ന് ചോദിച്ച സ്ഥിതിക്ക് വാജ്പേയിക്ക് തുരങ്കം കുഴിക്കുന്ന പണി അറിയാമോയെന്നൊക്കെ ചോദിക്കേണ്ടിവരും. പക്ഷേ ബാലനരേന്ദ്രവികൃതികളില്‍ മുതലയെ പിടിച്ച കഥയൊക്കെ ഉള്ള സ്ഥിതിക്ക് നെയ്യാര്‍ ക്രോക്കഡൈല്‍ പാര്‍ക്കിന് ബാല്‍നരേന്ദ്ര കളികേന്ദ്ര എന്നൊക്കെ ഇടാനുള്ള ഒരു സാധ്യതയുണ്ട്. മുതലകള്‍ ഒന്ന് ജാഗ്രത പാലിക്കുന്നത് നന്നാവും. 

ഇനിയിപ്പോ ഈ ബിജെപ്പിക്കാര്‍ ചരിത്രം എത്രപഠിച്ചാലും അതിങ്ങനെയായിപ്പോവും. ഈ ഗോള്‍വാള്‍ക്കറെ തന്നെ എടുക്കാം. ദേശീയവാദത്തിന് ഹിറ്റ്ലറില്‍ നിന്ന് പഠിക്കാനുണ്ടെന്ന് പറഞ്ഞ മഹാനാണ്. മുസ്ലിങ്ങളും ക്രിസ്ത്യാനികളും രാജ്യത്തെ ആഭ്യന്തര ശത്രുക്കളാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞനാണ്, തന്‍റെ കണ്ടുപിടിത്തം ലോകം കീഴടക്കിയാലോ എന്ന് ഭയന്ന് പിഎച്ച്ഡി പഠനം പാതിവഴിയില്‍ നിര്‍ത്തി ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ച ശുദ്ധാത്മാവാണ് ഗോള്‍വാള്‍ക്കര്‍. തന്‍റെ ഭീകര കണ്ടുപിടിത്തങ്ങള്‍ തന്‍റെ പുസ്തകമായ വിചാരധാരയിലൂടെ ലോകത്തോട് വിളിച്ചുപറഞ്ഞ വ്യക്തിയുമാണ്. ആ പുസ്തകം ഒക്കെ ഇപ്പോഴും കിട്ടാനുണ്ട്.  ഇനിയിപ്പോ അതൊക്കെ അക്കാലത്തല്ലേ എന്ന് ചോദിച്ചാല്‍ 1973 ജൂണ്‍ 5ന് 67ആം വയസ്സില്‍ മരിക്കുന്നത് വരെ ഗോള്‍വാള്‍ക്കര്‍ ഇതൊന്നും തിരുത്തിയിട്ടില്ല. വിചാരധാരയ്ക്ക് അങ്ങനെയൊരു വെട്ടിത്തിരുത്തിയ എഡിഷന്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടും ഇല്ല. അതുകൊണ്ട് സംഘിലോജിക്കില്‍ വായിക്കപ്പെട്ട ചരിത്രവുമായി പരീക്ഷയ്ക്ക് പോയാല്‍ ചോദ്യപ്പേപ്പര്‍ മാറിയ അവസ്ഥ ആയിരിക്കും. 

പഠിച്ചതിന് അനുസരിച്ചുള്ള ചോദ്യപേപ്പര്‍ ഉണ്ടോന്ന് ചോദിക്കാനുള്ള അവകാശത്തെ മാനിക്കുന്നു. വി. മുരളീധരന്‍ ഇതുപോലൊരു വരവ് നേരത്തെ വന്നിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍. അന്ന് ഇന്ധനവിലവര്‍ധനയായിരുന്നു പ്രശ്നം. ക്രൂഡ് ഓയില്‍ രാജ്യാന്തര വിപണിയില്‍ കിട്ടുന്നതിനേക്കാള്‍ ഇന്ത്യയില്‍ മാത്രം വിലകൂടുന്ന മഹാസംഭവത്തെ അദ്ദേഹം വിവരച്ചത് മറക്കരുത്. ആ നിലയ്ക്ക് നെഹ്റുവിന്‍റെ വള്ളംകളിയും മഹാനായ ഗോള്‍വാള്‍ക്കറുമൊക്കെ എന്ത്. പാര്‍ട്ടി നേതാക്കളെ അടക്കം അന്തംവിടുന്ന അവസ്ഥയില്‍ എത്തിക്കാന്‍ മുരളീധരന്‍ജിക്ക് അസാമാന്യകഴിവാണ് ഉള്ളത്. ഇല്ലെങ്കില്‍ ദാ, തൊട്ടടുത്ത് നിന്ന് കേള്‍ക്കുന്ന വി.വി. രാജേഷൊക്കെ കരച്ചില്‍ അടക്കിപ്പിടിക്കാന്‍ പെടുന്ന പാടുനോക്കൂ.

ഇപ്പോഴും നല്ല കയറ്റമാണല്ലോ ഇന്ധനവിലയ്ക്ക്. മന്‍മോഹന്‍ സിങ്ങിന്‍റെ കാലത്ത് 100 രൂപയ്ക്ക് പെട്രോള്‍ അടിക്കാന്‍ ഒരു മിനിറ്റ് എടുത്തെങ്കില്‍ മോദിജിയുടെ കാലത്ത് വെറും മുപ്പത് സെക്കന്‍ഡ് മതി എന്ന് പറഞ്ഞുകളയും എന്നതുകൊണ്ട് മുരളീധരന്‍ജിയോട് അധികമൊന്നും ചോദിക്കുന്നില്ല. ഒരാശ്വാസത്തിന് ഒരിടവേള നമ്മള്‍ എടുക്കുകയാണ്. പെട്ടെന്ന് വരും. നമുക്കൊരാളെ കണ്ടുപിടിക്കാനുണ്ട്.

സ്വര്‍ണക്കടത്തും റിവേഴ്സ് ഹവാലയുമൊക്കെയായി സംഗതി കേരള രാഷ്ട്രീയം അടിപടമായി ഓടാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ കുറച്ചായി. അതിനിടയിലാണ് ചില ട്വിസ്റ്റുകള്‍. ഇതിപ്പോ അന്വേഷണ ഏജന്‍സി സീല്‍ ചെയ്ത കവറില്‍ കോടതിയില്‍ ചിലത് നല്‍കിയിട്ടുണ്ട്. അതില്‍ ആരുടെയൊക്കെയോ പേരുണ്ടത്രേ. അതാരാണ് എന്നതാണ് ഇപ്പോഴത്തെ പ്രശ്നം. 

പേരിനെച്ചൊല്ലി തര്‍ക്കിച്ചയാളാണ് വി. മുരളീധരനെങ്കില്‍ ഒരു പേരില്‍ എന്തിരിക്കുന്ന എന്നാണ് സന്തത സഹചാരിയായ കെ. സുരേന്ദ്രന്‍ ചോദിക്കുന്നത്. സാധാരണ വെളിപ്പെടുത്തല്‍ പരിപാടിയില്‍ പിഎച്ച്ഡി എടുത്ത സുരേന്ദ്രന്‍ എന്തോ ഇക്കാര്യത്തില്‍ മിണ്ടില്ലാന്നാണ് പറയുന്നത്. മനുഷ്യനെ ഇങ്ങനെ ഭ്രാന്താക്കരുത്. കോടീശ്വരന്‍ പരിപാടിയിലെ ക്ലൂവിനേക്കാളും ഭീകരമായിപ്പോയി ഇത്. സുല്ല് സുല്ല്... സുരേന്ദ്രന്‍ജി ഒന്നു പയൂ പ്ലീസ്. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...