ഇഡിയെ ഒരു പാഠം പഠിപ്പിക്കണം; ഡിവൈഎഫ്ഐയുടെ ഹീറോയിസം..!

Thiruvaa_20-11
SHARE

കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥ നേരിടുന്നവരെ താത്വികമായി അവകലോകനം ചെയ്താല്‍ അവര്‍ കടുത്ത അസ്തിത്വ പ്രശ്നങ്ങള്‍ നേരിടുന്നവരെന്ന് പറയേണ്ടി വരും. രാഷ്ട്രീയ സംഘടനകളുടെ അവസ്ഥകള്‍ എല്ലാ കാലത്തും ഇങ്ങനെയൊക്കെയാണ്. കാര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമായി സംഭവിക്കുമ്പോള്‍ ആഹാ, അല്ലാത്തപ്പോള്‍  ഓഹോ എന്നു വാര്‍ത്താസമ്മേളനം നടത്തി നാട്ടുകാരോട് വിളിച്ചുപറഞ്ഞ മുഖ്യമന്ത്രിയുടെ നാടാണ് ഇത്. അതേമുഖ്യമന്ത്രിയുടെ കുട്ടിസഖാക്കളോടും അതേ പറയാനുള്ളു. അപ്പോ സ്വാഗതം , തിരുവാ എതിര്‍വായിലേക്ക്.

കേരളത്തിലെ യുവജനസഖാക്കളുടെ കൂട്ടായ്മയായ ഡിവൈഎഫ്ഐ ഇപ്പോ ഉറക്കമുണരുന്നത് തന്നെ ഈ സ്വര്‍ണക്കടത്ത് കേസൊക്കെ അന്വേഷിക്കുന്ന കേന്ദ്ര അന്വേഷണ ഏജന്‍സിയെ എങ്ങനെ നാട്ടില്‍ നിന്ന് പറപറപ്പിക്കാം എന്നാലോചിച്ചാണ്. കടുത്ത ആലോചനയാണ്. പോംവഴികളൊന്നും ഉരുത്തിരിയുന്നുമില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റേതെന്ന് പറയുന്ന ഒരു ശബ്ദശകലം പുറത്തുവരുന്നത്. മുഖ്യമന്ത്രിക്കെതിരെ മൊഴികൊടുക്കാന്‍ തന്നെ നിര്‍ബന്ധിക്കുന്നുവെന്ന് അതിലുണ്ട്. പക്ഷേ ഏതന്വേഷണ ഏജന്‍സിയാണെന്നും ഇല്ല. പക്ഷേ ഡിവൈഎഫ്ഐക്ക് അതുറപ്പാണ്, ഇന്‍ഫോഴ്സ്മെന്‍റ് ‍ഡയറക്ടറേറ്റേ ഇത്തരത്തില്‍ വേണ്ടാതീനം ചെയ്യൂ എന്ന്. അതുകൊണ്ട് ഇഡിയെ ഒരു പാഠം പഠിപ്പിക്കുന്നതായി സ്വപ്നം കണ്ട് അവര്‍ എണീറ്റ് വന്നിട്ടുണ്ട്. സ്വപ്നമാണല്ലോ, അല്‍പം ഹീറോയിസം ഉണ്ടെങ്കിലേ ഒരു ഗുമ്മുള്ളു.

ഇത് കേള്‍ക്കുമ്പോള്‍ തോന്നും സ്വപ്ന സുരേഷിനെയൊക്കെ മാപ്പുസാക്ഷിയാക്കുന്നതിനോടാണ് ഇവര്‍ക്ക് കടുത്ത വിയോജിപ്പ് എന്ന്. എന്നാല്‍ അല്ല. കാര്യങ്ങള്‍ ഇങ്ങനെ  തീവ്രവാദം എന്നൊക്കെ കൂട്ടിച്ചേര്‍ത്ത് ദേശ സുരക്ഷയൊക്കെ എടുത്തുകാണിച്ച് പറയുന്നതുകൊണ്ട്  ദേശസ്നേഹികള്‍ക്ക് ഡിവൈഎഫ്ഐയോട് കടുത്ത താല്‍പര്യം തോന്നുമെന്ന് കരുതിയിട്ടുണ്ടാവും. നല്ലത് തന്നെ, ബിജെപിയാണല്ലോ മറുപക്ഷം. പക്ഷേ  മുഖ്യമന്ത്രിക്കെതിരെ മൊഴികൊടുക്കാന്‍ നിര്‍ബന്ധിച്ച് മാപ്പുസാക്ഷിയാക്കുമെന്ന പിടിവാലിലാണ് ശ്രദ്ധയത്രയും. അതു പറയുന്നത് ഒരു തീവ്രവാദ കേസിലെ പ്രതിയാണ് എന്ന് കരുതാന്‍ തല്‍ക്കാലം ഡിവൈഎഫ്ഐ തയ്യാറല്ല. അപ്പോ സ്വപ്നസുരേഷിനും ശിവശങ്കറിനുമൊക്കെ അറിയാതെ വക്കാലത്ത് എടുത്തുപോവും എന്നേയുള്ളു. 

അപ്പോ ഡിവൈഎഫ്ഐയുടെ ശരിക്കുള്ള ഉദ്ദേശ്യം എന്താണ്? അല്ല പണ്ട്, കോടതിയില്‍ വന്ന മൊഴിരേഖകള്‍ വാര്‍ത്തകളായപ്പോ അത് കേസിലെ പ്രതിയുടെ മൊഴികളാണല്ലോ അതെന്തിനാണ് ഇങ്ങനെ വാര്‍ത്തയാക്കുന്നത് എന്ന് മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്‍ ചോദിച്ചിരുന്നു. 

ഇത് വളരെ മികച്ച ഒരു അഭിപ്രായമായി സഖാക്കള്‍ക്ക് തോന്നാനിടയുള്ളതുകൊണ്ട് പറയുകയാണ്. സ്വപ്നയുടേതെന്ന് സ്വപ്നയ്ക്കുപോലും വലിയ ഉറപ്പില്ലെന്ന് പറഞ്‍ഞുകേള്‍ക്കുന്ന ശബ്ദരേഖയാണിത്. എന്ന് എപ്പോള്‍ ആരോട് പറഞ്‍ഞു എന്നും അറിയില്ല. ആ സംഭാഷണത്തിന്‍റെ തുടക്കമോ ഒടുക്കമോ ഇല്ല. ഇനിയിപ്പോ അത് സ്വപ്ന തന്നെയാണെങ്കില്‍ അവര്‍ക്ക് ഇക്കാര്യം വക്കീലുവഴി കോടതിയില്‍ പറയാവുന്നതാണ്. ബന്ധുക്കളും വക്കീലും പുറത്തുണ്ട്. അവര്‍ക്ക് പറയാവുന്നതാണ്.   ശിവശങ്കര്‍ കോടതിയില്‍ ഉന്നതരായി രാഷ്ട്രീയ നേതാക്കളുെട പേര് പറയാന്‍ നിര്‍ബന്ധിച്ചെന്ന് പറഞ്ഞപ്പോള്‍ അത് മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയത് ഇവര്‍ കണ്ട് കാണില്ല. അപ്പോ അങ്ങനെയാണ്. കോടതിയില്‍ വന്ന രേഖളകളും മൊഴികളുമാണ് ചര്‍ച്ചയായത്. അല്ലാതെ സ്വപ്നയുടേതെന്ന് ഡിവൈഎഫ്ഐ ഉറച്ച് വിശ്വസിച്ചതുകൊണ്ട് മാത്രം ആ ശബ്ദരേഖ ചര്‍ച്ചയാകണം എന്നൊക്കെ ആഗ്രഹിക്കാം എന്നേയുള്ളു. അത് കേട്ട് മാധ്യമങ്ങളൊക്കെ അത്ഭുതം കൂറണമെന്നും ഞെട്ടിത്തരിച്ചിരിക്കണമെന്നൊന്നും വാശിപിടിക്കരുത്. ബുദ്ധിമുട്ടാവും. കാരണം ഡിവൈഎഫ്ഐ അല്ലല്ലോ ഈ മാധ്യമങ്ങള്‍. പക്ഷേ സഖാക്കളുടെ ആശങ്കവര്‍ധിപ്പിക്കാനേ ഇത്തരം വാദങ്ങള്‍കൊണ്ട് സാധ്യതയുള്ളു. ഇതിപ്പോ ശിവശങ്കറിനൊപ്പം നില്‍ക്കണോ, സ്വപ്നയ്ക്കൊപ്പം നില്‍ക്കണോ, അതോ അവരെ തള്ളിപ്പറയണോ എന്നൊക്കെയുള്ള കടുത്ത മാനസിക പ്രശ്നങ്ങള്‍ സഖാക്കളെ അലട്ടാന്‍ സാധ്യതയുണ്ട്. 

 ഡിവൈഎഫ്ഐയ്ക്ക് ശിവശങ്കറിന്‍റെ വക്കാലത്ത് ഇല്ലെന്ന് എടുത്തുപറഞ്ഞത് ഏതായാലും നന്നായി. ഇല്ലെങ്കില്‍ മൊത്തത്തില്‍ തെറ്റിദ്ധരിച്ചു പോയേനെ. 

പ്രതികളുടെ മൊഴി കോടതിയില്‍ രേഖയായി സമര്‍പ്പിക്കപ്പെട്ടാല്‍ അത് ഇനിയും വാര്‍ത്തയാവും. അതല്ലാതെ വെറുതെ ആളും ഉത്തരവും ഇല്ലാത്ത ശബ്ദരേഖയുമായി വന്നാല്‍ വലിയ കാര്യമൊന്നും ഉണ്ടാവില്ല. ഇതിപ്പോ ഈ ശബ്ദം സ്വപ്നയുേടതെന്ന് വിശ്വസിക്കാന്‍ ഡിവൈഎഫ്ഐക്ക് എന്തിനാണിത്ര ധൃതി.? അത്രയ്ക്ക്ും ഉറപ്പാണോ?സ്വപ്ന ഒരു ഫ്രോഡാണെന്നും തട്ടിപ്പ് നടത്തിയാണ് സര്‍ക്കാരില്‍ ജോലി നേടിയതെന്നും വിജിലന്‍സ് ശരിവയ്ക്കുന്നുണ്ട്. അത് പിന്നെ പിണറായി സര്‍ക്കാരിന് കീഴിലുള്ള അന്വേഷണ ഏജന്‍സിയാണല്ലോ. ആ നിലയ്ക്ക് മുഖ്യമന്ത്രിക്ക് അനുകൂലമായി വല്ലതും പറഞ്ഞാല്‍ ഡിവൈഎഫ്ഐ ഒക്കെ തന്‍റെ കൂടെ വരും എന്ന് വിചാരിച്ച് സ്വപ്ന തയ്യാറാക്കിയ ശബ്ദരേഖയും ആവാലോ. റഹീമിന് ഇത്രയും പറയാമെങ്കില്‍ അങ്ങനേയും ചിന്തിക്കാന്‍ കഴിയും. 

അതുപോട്ടെ, ശബ്ദരേഖ ഒക്കെ കിട്ടിയ സാഹചര്യത്തില്‍ രണ്ടും കല്‍പിച്ച് പ്രബുദ്ധരായ കേരള ജനതയെ ഉണര്‍ത്താന്‍ ഓരോ വാര്‍ഡ് കേന്ദ്രങ്ങളിലും ഡിവൈഎഫ്ഐ ഒരഗ്നിയായി ജ്വലിക്കാന്‍ പോവുകയാണ്. ഒന്ന് സൂക്ഷിച്ചേക്കണം. 

ഇങ്ങനെ ഭരിക്കുന്ന സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ വച്ച്  വേട്ടയാടുകയാണ് എന്ന വാദത്തിന് വേറൊരു പ്രശ്നം ഉണ്ട്. കാരണം ഇതേ വാദമാണ് ഇപ്പോ യുഡിഎഫുകാര്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരേയും പറയുന്നത്. അവിടെ ചെന്നിത്തല ഒറ്റയ്ക്കാണ് പോരിനിറങ്ങുന്നത്. ഡിവൈഎഫ്ഐ പോലെ യൂത്ത് കോണ്‍ഗ്രസിന്‍റെയൊന്നും പൊടിപോലുമില്ല. 

ബിജെപിയുടെ സംസ്ഥാന തല നേതൃയോഗം ഇന്ന് നടന്നിരുന്നു. പരിപാടിക്ക് അധ്യക്ഷത വഹിക്കാനെത്തിയ കേരളത്തിന്‍റെ ചുമതലയുള്ള പുതിയ പ്രഭാരി സി.പി.രാധാകൃഷ്ണന് പാര്‍ട്ടിയെ അടിപിടിയെക്കുറിച്ചും ശോഭാസുരേന്ദ്രന്‍റെ പ്രശ്നമൊക്കെ നന്നായി അറിയാമെന്ന് ആദ്യമേ പറഞ്ഞു. 

പുതിയ പ്രഭാരി എല്ലാം പറഞ്ഞാലും സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പക്ഷേ ഇതൊന്നും സമ്മതിച്ച് തരില്ല. ഒക്കെ മാധ്യമങ്ങളുടെ കള്ളക്കഥകളാണ്. ഇടഞ്ഞാലും കുറ്റം പിടിക്കപ്പെട്ടാലും സംഘിയും കമ്മിയും ഒക്കെ കണക്കാണ്. അതാണ് നമ്മുടെ നാടിന്‍റെ ഒരു ഗുണം. 

അങ്ങനെ രണ്ടില വീണ്ടും ജോസ് കെ. മാണിയുടെ തലയ്ക്ക് പിന്നെ ഫ്ളക്സ് ബോര്‍ഡിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഹൈക്കോടതി ജോസിനാണ് ഇലകള്‍ കൊടുത്തത്. ജോസഫ് വിഭാഗം കേരള കോണ‍്‍ഗ്രസ് ചെണ്ടകൊട്ടി നടക്കുകയേ നിര്‍വാഹമുള്ളു. 

രണ്ടില ജോസിന് നല്‍കിയത് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷനാണ് ആദ്യം. അതിനെതിരെ ഹൈക്കോടതിയില്‍ പോയി സ്റ്റേ കിട്ടിയപ്പോള്‍ ലഡു വിതരണം ചെയ്ത് ആഘോഷിച്ചവരാണ് മറുപക്ഷക്കാര്‍. ഇതാണ് പറയുന്നത് വിധിവരെ ഒന്നു കാക്കണം എന്ന്. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...