എല്ലാം സെല്‍ഫ് ഗോള്‍; മുല്ലപ്പള്ളിയെ പ്രോല്‍സാഹിപ്പിക്കുന്ന പിണറായിയും കൂട്ടരും

thiruva
SHARE

ഏതൊരു കൂട്ടം ആളുകളെ എടുത്താലും അവര്‍ക്ക് ഒരേ ലക്ഷ്യമൊക്കെയാണ് ഉള്ളതെങ്കിലും ഒരുത്തന്‍ കാണും മൊത്തത്തില്‍ കാര്യങ്ങളെ വഴിതിരിച്ചുവിടാന്‍. അത്തരം ആളുകളില്‍ സമീപകാലത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വളരെ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിക്കുന്ന ഒരാള്‍ കേരള രാഷ്ട്രീയത്തിലുണ്ട്. ആ മഹാനെ അടുത്തറിഞ്ഞുവരാം. സ്വാഗതം തിരുവാ എതിര്‍വായിലേക്ക്.

കേരള രാഷ്ട്രീയം അതിന്‍റെ സമീപകാലത്തെ വളരെ പ്രക്ഷുബ്ധമായ അവസ്ഥയിലൂടെയാണല്ലോ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഭരിക്കുന്ന സിപിഎമ്മിനെ സംബന്ധിച്ച് അബദ്ധങ്ങള്‍ കാരണം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയൊക്കെ അവരുടെ ഐശ്വര്യം ആയിരുന്നു ഒരു ആറേഴു മാസം മുമ്പ് വരെ. ആ സ്ഥാനത്ത് നിന്ന് ചെന്നിത്തല സ്വയം മാറി വേറെ കസേരയിട്ട് ഇരുന്നപ്പോഴാണ് കോണ്‍ഗ്രസില്‍ നിന്ന് അതിന് ശക്തമായ ഭീഷണിയുമായി മറ്റൊരാള്‍ എത്തുന്നത്. ഇദ്ദേഹം അബദ്ധങ്ങളിലൂടെയല്ല, മറിച്ച് വലിയ കാര്യങ്ങളെന്ന് വിചാരിച്ച് മൈക്ക് കിട്ടിയാല്‍ വിളിച്ചു പറയുന്നതൊക്കെയും  വകതിരിവില്ലാതെ പോവുന്നു എന്നതാണ്. പേര് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരള പ്രദേശ് കോണ്‍ഗ്രസിന്‍റെ അധ്യക്ഷനാണ്. പൊതുസമ്മേളനത്തില്‍ മുല്ലപ്പള്ളി സംസാരിച്ച് തുടങ്ങുമ്പോഴൊക്കെ രമേശ് ചെന്നിത്തലയുെട ഉള്ളിലൂടെ ഒരു പാട്ട് കടന്നുപോവും.

ഒന്നുമില്ലേലും അടുത്ത മുഖ്യമന്ത്രിക്കുപ്പായം തയ്ക്കാന്‍ അനുദിനം അളവെടുത്ത് രേഖപ്പെടുത്തി വയ്ക്കുന്ന ആളെന്ന നിലയില്‍ ചെന്നിത്തലയ്ക്കാണല്ലോ ഇതിന്‍റെ ടെന്‍ഷന്‍. അതുകൊണ്ട് ചെന്നിത്തല പാട്ടുകേള്‍ക്കും. അപകടം മണക്കും. എങ്ങനെയൊക്കെയോ ഓരോരോ കേസുകള്‍ പൊട്ടിവീഴുകയാണ്. പണ്ട് സ്പ്രിങ്ക്ളറും പമ്പാ മണല്‍ക്കടത്തും പറഞ്ഞപ്പോ ഒരു മനുഷ്യനും തിരിഞ്ഞുനോക്കിയില്ലെന്ന് മാത്രമല്ല ആരും സപ്പോര്‍ട്ട് ചെയ്യാന്‍ പോലും വന്നില്ല. ഇപ്പോ കാര്യങ്ങളൊക്കെ ഒത്തുവരുമ്പോഴാണ് ഈ മുല്ലപ്പള്ളി കിടന്ന് സെല്‍ഫ് ഗോളടിക്കുന്നത്. അതും ഒന്നൊന്നര സിസര്‍കട്ടുകള്‍ സ്വന്തം പോസ്റ്റിലേക്ക് തന്നുകൊണ്ടിരിക്കുന്നു. 

ഇതിപ്പോ മാപ്പ് പറയാന്‍ വേണ്ടി മാത്രമാണെന്ന് തോന്നുന്നു മുല്ലപ്പള്ളി ഓരോന്ന് പറയുന്നത്. മാപ്പിനോട് എന്തോ ഒരു മമത അടുത്തകാലത്ത് കൂടുതലാണ്. കോവിഡ് റാണിയെന്ന് വിളിച്ചപ്പോള്‍ ആയിരുന്നു ഈ സീസണിലെ ആദ്യമാപ്പ്.  പണ്ട് യുപിഎ സര്‍ക്കാരില്‍ ആഭ്യന്തരസമന്ത്രിയായ കാലത്തേ അന്വേഷണ ഏജന്‍സികളുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പ്രധാമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും മുമ്പേ കാണുന്നയാളാണ് താനെന്ന് പറയാന്‍ ഡല്‍ഹിയില്‍ നിന്ന് വിമാനം പിടിച്ച് കോഴിക്കോട് എത്തുന്നയാളായിരുന്നു മുല്ലപ്പള്ളി. ആ പശ്ചാതലത്തില്‍ ആവും ഇവിടുത്തെ പൊലീസ് വരെ അന്വേഷണരഹസ്യങ്ങള്‍ കെപിസിസി പ്രസിഡന്‍റിനോട് പറഞ്ഞ് കൊടുക്കുന്നത്. ഇനിയിപ്പോ അങ്ങനെ പറഞ്ഞുകൊടുത്താലും അതൊക്കെ പരസ്യമായി അവരുടെ പേരില്‍ പറയാമോ സാറേ. സത്യത്തില്‍ ഇതൊക്കെ കണ്ട് സന്തോഷിക്കുന്ന രണ്ടുപേരുണ്ട്. ഒരാള്‍ പി.സി. ജോര്‍ജാണ്. മറ്റൊരാള്‍ സാക്ഷാല്‍ എ. വിജയരാഘവന്‍. സഖാവ് എന്തുകൊണ്ടും മുല്ലപ്പള്ളിയോട് കടപ്പെട്ടിരിക്കണം. ഈ സ്ത്രീവിരുദ്ധസമീപനത്തില്‍. ഒരു കൂട്ടായല്ലോ. പക്ഷേ സംഗതി മോശത്തരമാണെന്ന് സീനിയര്‍ കോണ്‍ഗ്രസുകാര്‍, മൈക്ക് ഓഫ് ചെയ്തതാണെന്ന് കരുതി പരസ്യമായി സമ്മതിക്കുന്നുണ്ട്. 

പിണറായിയും കൂട്ടരും ഇക്കണക്കിന് പോയാല്‍ മുല്ലപ്പള്ളിയെ വേണ്ടതിലധികം പ്രോല്‍സാഹിപ്പിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാരിന് ഗുണപ്രദമാകുന്ന കാര്യമാണ്. ഏതായാലും ക്ഷീണം തീര്‍ക്കാന്‍ നേരെ മുല്ലപ്പള്ളി ഇന്ന് പോയത് കര്‍ഷകരക്ഷാ മാര്‍ച്ചിനാണ്.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...