ജോസ് പിണറായിയെ കണ്ടു, മിണ്ടി, സന്തോഷമായി, മടങ്ങി

thiruva
SHARE

കോവിഡ് പൂര്‍ണമായും കേരളത്തോട് തോറ്റുതൊപ്പിയിട്ട സാഹചര്യത്തില്‍ ഇവിടുത്തെ പ്രധാന അജണ്ടകളെല്ലാം തിരഞ്ഞെടുപ്പ് രാഷ്ട്രീയമാണ്. ഇരുമുന്നണികളും തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാന്‍ പോകുന്ന സാഹചര്യത്തില്‍ കൊറോണ വൈറസ് ഇതൊക്കെ കണ്ട് താനേ നാടുവിടും എന്ന് പ്രതീക്ഷിച്ച് ആരംഭിക്കുകയാണ്, 

ഇന്ന് യുഡിഎഫ് മുന്നണിയുടെ യോഗമായിരുന്നു കൊച്ചിയില്‍. ഇന്നലെ എല്‍ഡിഎഫ് യോഗമായിരുന്നു തിരുവനന്തപുരത്ത്. കോവി‍ഡ‍് പ്രോട്ടോക്കോള്‍ ഉള്ളതുകൊണ്ടാണ് ഇരുമുന്നണികളും വെവ്വേറെ ദിവസങ്ങളിലായി നടത്തിയതു ഭാഗ്യം. ഒരു ടീം തിരുവനന്തപുരത്ത് ചേര്‍ന്നതോടെ ചെന്നിത്തലയുടെ നേതൃത്വത്തില്‍ മറ്റേ ടീം കൊച്ചിയില്‍ ചേര്‍ന്നു. ഏതായാലും വകതിരിവൊക്കെയുണ്ട്. അതിന് നല്ല നമസ്കാരം. ഇതിനിടെ വലത്ത് മാറി ഇടത്തോട്ട് ഇലയിട്ടിരിക്കാന്‍ പോയ ജോസ് കെ. മാണി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ പോയിരുന്നു. കണ്ടു, മിണ്ടി, സന്തോഷമായി, മടങ്ങി. 

കരിങ്കോഴക്കല്‍ തറവാട്ടില്‍ നിന്ന് മാണി പുത്രന്‍ ജോസ് കെ. മാണിയുടെ വരവ് പ്രമാണിച്ച് പിണറായി സഖാവ് അല്‍പം വലത്തോട്ട് ചെരിഞ്ഞാണ് ഇരുന്നത്. ജോസ്. കെ. മാണിക്ക് ഇടതിനോട് നല്ല പരിചയക്കുറവ് ഉള്ളത് ശരിക്കും മനസിലാക്കിയ പിണറായി സഖാവ് ജോസിന് വല്ലാതെ അപരിചിതത്വം തോന്നാത്ത രീതിയിലുമായിരുന്നു സ്വീകരിച്ചിരുത്തിയത്. ലാല്‍സലാം പറയാനൊന്നും പോയില്ല. പക്ഷേ പഠിച്ചുറപ്പിച്ച് പോയതിനാല്‍ തിരിച്ചിറങ്ങുമ്പോ സലാം മടക്കാന്‍ ജോസ് തീരുമാനിച്ചു. 

ഇടതു ബുദ്ധിജീവികള്‍ വിചാരിച്ചതുപോലെയുള്ള അപരിചിതത്വമൊന്നും ജോസിന് പിണറായി സഖാവില്‍ നിന്നും അനുഭവപ്പെട്ടതേയില്ല. കഴിഞ്ഞദിവസം എകെജി സെന്‍ററില്‍ പോയപ്പോഴും അങ്ങനെതന്നെ. ഒന്നാമത് ഇടതും വലതും തമ്മില്‍ വലിയ വ്യത്യാസമില്ലല്ലോ എന്നായിരുന്നു പിണറായിയെ കണ്ടുകഴിഞ്‍ഞതോടെ ജോസിന് തോന്നിയത്. തന്‍റെ പിതാവ് കെ.എം. മാണിസാര്‍ സംസാരിക്കുന്നതുപോലെ ജനാധിപത്യത്തെക്കുറിച്ചും പാവപ്പെട്ട കര്‍ഷകരെക്കുറിച്ചുമൊക്കെ പിണറായി സഖാവും സംസാരിക്കുന്നു. കോട്ടയം സ്ലാംഗും കണ്ണൂര്‍ സ്ലാംഗും തമ്മിലുള്ള വ്യത്യാസം ഒഴിച്ചുനിര്‍ത്തിയാല്‍ കേരള കോണ്‍ഗ്രസുകാര്‍ക്ക് വ്യത്യസ്തമായി തോന്നാന്‍ യാതൊന്നും ഇക്കാലത്ത് സിപിഎമ്മുകാരുമായി ഇല്ലായെന്നുള്ള തിരിച്ചറിവാണ് ജോസിന് ഇക്കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ ഉണ്ടായത്.  അങ്ങനെ തന്‍റെ  പിതാവ് തയ്യാറാക്കി അനശ്വരമാക്കിയ അധ്വാനവര്‍ഗസിദ്ധാന്തത്തിലേക്ക് തൊഴിലാളി വര്‍ഗസിദ്ധാന്തം പരിവര്‍ത്തനം ചെയ്യിപ്പിക്കാനുള്ള സകല പരിപാടികള്‍ക്കും ജയ് വിളിച്ച് ജോസ് പിണറായി വിജയനോട് ലാല്‍സലാം പറഞ്ഞു. 

എല്‍ഡ‍ിഎഫിലേക്ക് കേരള കോണ്‍ഗ്രസിനെ എടുത്തവിവരം ഇന്നലെയാണല്ലോ ഉണ്ടായത്. എന്നുവച്ചാല്‍ മൈക്ക് കെട്ടി നാട്ടുകാരെ അറിയിക്കുന്ന കാര്യം. അതിനുമുമ്പേ ജോസ് മോന്‍ വരൂ... ഞങ്ങള്‍ റെഡി എന്ന് ഇരുകൂട്ടരും ചര്‍ച്ചയൊക്കെ ചെയ്ത് തീരുമാനിച്ചതാണ്. ആദ്യം ജോസ് പരസ്യമായി പ്രഖ്യാപിക്കും. അതുകഴിഞ്ഞ് ഒരു എകെജി സെന്‍റര്‍, എം.എന്‍. സ്മാരക സന്ദര്‍ശനങ്ങള്‍. അതോടെ പിന്നെ എല്‍ഡിഎഫ് ചേര്‍ന്ന് ജോസിനേയും പാര്‍ട്ടിയേയും മുന്നണിയിലെടുത്തുള്ള പ്രഖ്യാപനം. കോവിഡ് കാലത്ത് കല്യാണവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ പലതും വെട്ടിക്കുറയ്ക്കലാണ്. പക്ഷേ മുന്നണി പ്രവേശനത്തിലെ എല്ലാ പാരമ്പര്യ ചടങ്ങുകളും കത്യമായി നടപ്പാക്കിയാണ് കേരള കോണ്‍ഗ്രസിനെ ഇടതുകൂട്ടത്തിലേക്ക് വിളിച്ചുകയറ്റിയത്. ഇനി മധുവിധു കാലമാണ്. സീറ്റുചര്‍ച്ചയിലെത്തുമ്പോള്‍ തനി കുടുംബപ്രശ്നങ്ങളിലേക്കും വഴിമാറും. ഇനി അവരായി. അവരുടെ പാടായി. 

കെ.എം. മാണിയുടെ ആദര്‍ശ രാഷ്ട്രീയത്തിന് ഇപ്പോഴാണ് ഒരു അംഗീകാരം കിട്ടിയതായി ജോസ്. കെ. മാണിയ്ക്ക് അനുഭവപ്പെട്ടത്. ഇത്രയും കാലം ആ ആദര്‍ശത്തിന് ഒരുവിലയും ഇല്ലാത്ത യുഡിഎഫിലായിരുന്നല്ലോ എന്നോര്‍ത്ത് കേരള കോണ്‍ഗ്രസുകാര്‍ കരച്ചിലില്‍ ആയിരുന്നെന്ന് കേള്‍ക്കുന്നുണ്ട്. അതേതായാലും വെറുതെ ആയില്ല. റബര്‍ കര്‍ഷകരുടെ വേദന മനസിലാക്കുന്ന കര്‍ഷകരുടെ പാവപ്പെട്ടവരുടെ മുന്നണിയിലേക്ക് ഇപ്പോഴെങ്കിലും കേരള കോണ്‍ഗ്രസുകാര്‍ക്ക് കടന്നുവരാന്‍ സാധിച്ചത് കാലഘട്ടത്തിന്‍റെ വിജയമാണ്. ഈ കോവിഡ് കാലത്ത് ഇതിലും വലിയ മഹാമാരി ഇനി വരാനില്ലെന്ന് കരുതുന്നവരുടെ ശ്രദ്ധ ക്ഷണിക്കുന്നു, തല്‍ക്കാലം.

അതെ അത് വലിയ അംഗീകാരം തന്നെയാണ്. കടിച്ചവനെകൊണ്ടുതന്നെ വിഷം ഇറക്കുന്ന ജാലവിദ്യ എന്നൊക്കെ ഒരു അലങ്കാരത്തിന് പറയാം. ജോസ് കെ. മാണി വിചാരിക്കുന്നതെന്താണെന്ന് വച്ചാല്‍, കേരളത്തില്‍ ഇടതുമുന്നണിയുടെ  രാഷ്ട്രീയവും ഇടതുസര്‍ക്കാരിന്‍റെ പ്രവര്‍ത്തനവുമാണ് യഥാര്‍ഥത്തില്‍ കേരള കോണ്‍ഗ്രസിന്‍റെ ഭാവനിയില്‍ ഉള്ളത് എന്നതാണ്. അതെ ഏറെക്കുറെ ശരിയുമാണ്. കേരള കോണ്‍ഗ്രസ് മനസുകൊണ്ട് കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുകയും ബിസിനസ് രാഷ്ട്രീയം പയറ്റേണ്ടി വരികയും ചെയ്യേണ്ട ദുരിതപൂര്‍ണമായ അവസ്ഥയായിരുന്നു ഈ പാര്‍ട്ടിക്ക് യുഡിഎഫില്‍. ഇനിയാണ് ശരിക്കും കേരള കോണ്‍ഗ്രസ് രാഷ്ട്രീയം കേരളം കാണാനിരിക്കുന്നത്.

ഇടതുമുന്നണിക്ക് ജോസ് കെ. മാണി സ്വന്തം പാളയത്തിലെത്തിയതിലല്ല സന്തോഷം. അതിനേക്കാളേറെ സന്തോഷിപ്പിക്കുന്നത് വേറൊരു കാര്യമാണ്.  അതാണ്. ഒരു ചൊല്ലുണ്ടായിരുന്നല്ലോ, മകന്‍ ചത്താലും വേണ്ടില്ല മരുമകള്‍ കരഞ്ഞുകണ്ടാമതിയെന്ന്. ആ ലൈന്‍ ആണ്.  ചരിത്രപരമായ മുഹൂര്‍ത്തം കൂടിയാണിത്. അതുകൂടി പറയണം.  സഖാക്കള്‍ക്ക് എന്തും ചരിത്രപരമാണല്ലോ. പണ്ട് ഒരു സിപിഎമ്മുകാരനെ ഇന്ത്യയുടെ പ്രധാമന്ത്രിയാകാന്‍ ക്ഷണിച്ചിരുന്നു. അന്നത് പാര്‍ട്ടി കേന്ദ്രകമ്മിറ്റി തീരുമാനിച്ചു, വേണ്ടെന്ന്. പിന്നീട് ആ മഹാന്‍ ഈ തീരുമാനത്തെപ്പറ്റി പറഞ്ഞത് ചരിത്രപരമായ മണ്ടത്തരം എന്നാണ്. വെറുതെ പറഞ്ഞെന്നേയുള്ളു. ഒരു ഓര്‍മയ്ക്ക്.

ജോസ് കെ. മാണിക്ക് പറ്റിയൊരു എതിരാളിയെ പി.ജെ. ജോസഫ് രംഗത്തിറക്കിയിട്ടുണ്ട്. ജോസിന് പറ്റിയ ആളെന്ന് പി.ജെ. ജോസഫിന് മാത്രമാണ് തോന്നുന്നതെന്ന് തോന്നുന്നു. ആള് ജോസ്. കെ. മാണിയുടെ സഹോദരീ ഭര്‍ത്താവാണ്. മറ്റൊരു ജോസഫാണ്. പി.ജെ.ക്കു പകരം എം.പി. എം.പി. ജോസഫ്. പേരില്‍ തന്നെ എംപി. ഉള്ളതുകൊണ്ട് ആള്‍ക്ക് പാര്‍ലമെന്‍റിലേക്ക് കണ്ണൊന്നുമില്ല. നിയമസഭ മതി. പുള്ളിക്കാരന്‍ ഇന്ന് പി.െജ. ജോസഫിനെ കാണാന്‍ ജോസഫിന്‍റെ വീട്ടിലെത്തി.  പി.ജെ. ആളൊരു കര്‍ഷകനാണ്. കുറെ പശുവും പച്ചക്കറി കൃഷിയും ഒക്കെയുണ്ട്. അതുകാണാനാണ് എം.പി. ജോസഫ് വന്നത്. അല്ലാതെ രാഷ്ട്രീയം പറയാനല്ല. 

കണ്ടോ, പുറത്തൊക്കെ പഠിച്ച് ജീവിച്ച മനുഷ്യനാണ്. പശുക്കളെ കണ്ടില്ല. ഇപ്പോഴാണ് ഒന്നു ഒത്തുവന്നത്.  സംഗതി പാല എന്നൊരു കറവപശുവുണ്ട്. അതൊന്നും കൈക്കലാക്കണം. അതിന് പിജെയുടെ പിന്തുണ വേണം. അല്ലെങ്കിലും അളിയന്‍മാരെ വച്ച് കളിക്കാവുന്നരാഷ്ട്രീയത്തിന് ഭാവി വളരെ കൂടുതലാണ്.  ഇതിപ്പോ തമാശ എന്താണെന്ന് വച്ചാല്‍ ഈ എം.പി. ജോസഫ് കോണ്‍ഗ്രസുകാരനാണ്. ഇദ്ദേഹം പി.ജെ. ജോസഫിന് പിന്തുണ പ്രഖ്യാപിക്കുമ്പോള്‍ അതില്‍ എന്താണിത്ര സംഭവം. കോണ്‍ഗ്രസുകാര്‍ യുഡിഎഫുകാരാണല്ലോ. 

ഇത്തരം ചീപ്പ് ഷോകള്‍ക്കിടയിലാണ് രാഹുല്‍ ഗാന്ധി കേരളത്തിന്‍റെ വലിയ വലിയ കാര്യങ്ങളില്‍ ഇടപെടേണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞത്. ഒന്നാമതേ ചെന്നിത്തലയ്ക്ക് വലിയ പണിയൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോഴാണ് ഒന്നു എന്‍ഗേജ്ഡ് ആയത്. ആ നേരത്ത് രാഹുല്‍ വന്ന് ഷോ കാണിക്കരുത്. സംഗതി വയനാടിന്‍റെ എംപി ഒക്കെ ആവും. എന്ന് വച്ച് കേരളത്തിന് പുറത്തുള്ള കാര്യങ്ങള്‍ മിണ്ടിയാല്‍ മതി. ഇല്ലെങ്കില്‍ ക്ലാഷ് ആവും. സംസ്ഥാനത്തിന്‍റെ കോവിഡ് പ്രവര്‍ത്തനങ്ങളെ രാഹുല്‍ അഭിനന്ദിച്ചിരുന്നു. അതാണ് പ്രശ്നം.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...