പുതിയ അതിഥികളെത്തി; സുന്ദര സുരഭിലമായി എകെജി സെന്‍റർ..!

thiruva
SHARE

സിപിഎം ആസ്ഥാനമായ എകെജി സെന്‍ററും സിപിഐ ആസ്ഥാനമന്ദിരമായ എം.എന്‍. സ്മാരകവും ഇന്ന് സവിശേഷമായ ഒരു അതിഥിയുടെ സാമീപ്യം കൊണ്ട് സുന്ദരസുരഭിലധന്യനിമിഷങ്ങളിലൂടെ കടന്നുപോകുന്ന ദിവസമാണിന്ന്. ആ നേരത്ത് അല്‍പം രാഷ്ട്രീയം, തീര്‍ച്ചയായും അത് ഇക്കാലത്ത് ഭയങ്കര തമാശയും കൂടിയാണല്ലോ. അതുകൊണ്ട് വരൂ, ഇരിക്കൂ സമകാലീന കേരള രാഷ്ട്രീയത്തെക്കുറിച്ച് മിണ്ടിയും ചിന്തിച്ചും നമുക്കും ആനന്ദദുന്ദിലമാകാം. സ്വാഗതം. തിരുവാ എതിര്‍വായിലേക്ക്.

ഇന്ത്യന്‍ കമ്മ്യൂണിസത്തിന് നൂറു വയസ്സു തികയുന്നതിന്‍റെ തൊട്ട് തലേന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനം അജന്‍ഡയില്‍ ഇല്ലേയില്ലെന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറയുന്നത്. നൂറുവയസ്സ് ആയിട്ടില്ലെന്ന് സിപിഐയും പറയുന്നു. പക്ഷേ ഇങ്ങ് കേരളത്തില്‍ ചില ബന്ധങ്ങളുടെ ഊട്ടിയുറപ്പിക്കലുകള്‍ അരങ്ങേറിയ ദിവസമായിരുന്നു ഇന്ന്. കോട്ടയത്തൂന്ന് സാധാരണ ഡല്‍ഹിക്ക് പറക്കാറുള്ള ജോസ്. കെ. മാണി തിരുവനന്തപുരത്തെത്തി. കേരള കോണ്‍ഗ്രസുകാരുടെ ഒരു സംസ്കാരം അനുസരിച്ച് ആരെങ്കിലുമായി അടുപ്പം പുലര്‍ത്താന്‍ സന്നദ്ധത പ്രകടിപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ അങ്ങോട്ട് പോയി മുതലാളിമാരെ കാണുക എന്നതാണ്. അല്ലാതെ കമ്മ്യൂണിസ്റ്റ് പാരമ്പര്യത്തില്‍ ഇജ്ജാതി പരിപാടികളൊന്നും ഇല്ലല്ലോ.

മുന്നണിയില്‍ പ്രവേശിപ്പിക്കാത്ത, എന്നാല്‍ പച്ചക്കൊടി മാത്രം കാട്ടിയ ഒരു പാര്‍ട്ടിയുടെ നേതാവ് ഇങ്ങനെ എകെജി സെന്‍റിറൊക്കെ കാണാന്‍ വരികയും നേതാക്കളോട് സംസാരിക്കുകയും ചെയ്യുന്നത് സിപിഎമ്മുകാര്‍ക്ക് ഒരു ഷോക്ക് ആവുെമന്നാണ് കരുതിയത്. പക്ഷേ വിജയിച്ചത് ജോസ് കെ. മാണിയാണ്. അതുപോലെയുള്ള സ്വീകരണമല്ലേ കിട്ടിയത്.  മുകളിലത്തെ നിലയില്‍ നിന്ന് താഴെ പടിപ്പുര വരെ അനുഗമിച്ച് ജോസിനെ യാത്രയാക്കിയാണ് സഖാക്കളായ കോടിയേരിയും എ. വിജയരാഘവനും മടങ്ങിയത്. 

സത്യത്തില്‍ ജോസ് കെ. മാണിയുെട കേരള കോണ്‍ഗ്രസ് സംസ്കാരം തന്നെയാണ് ഇപ്പോള്‍ സിപിഎമ്മിനും. അതാ സ്നേഹത്തിലും പൊരുത്തത്തിലും പ്രകടമാണ്. ജോസിന്‍റെയും കൂട്ടാളി റോഷി അഗസ്റ്റിന്‍റേയും വരവൊക്കെ കണ്ട് ഷോക്കടിച്ച സിപിഎമ്മുകാര്‍ ആരായി. രാവിലെ തന്നെ ജോസുമോന് സിപിഐ ആസ്ഥാനമായ എം.എന്‍. സ്മാരകത്തില്‍ സഖാവ് കാനം രാജേന്ദ്രനെ കാണാന്‍ കാറും വഴി അറിയുന്ന ആളേയും ഏര്‍പ്പാടാക്കിയത് സിപിഎം സംസ്ഥാന സെക്രട്ടരി കോടിയേരി സഖാവാണ്. അതോണ്ട് ഷോക്കടിച്ചത് വെറുതെയായിപ്പോയി. ഇപ്പോ ഇങ്ങനെയൊക്കെയാണ് ഭായ്

കാനം രാജേന്ദ്രനും ജോസ് കെ. മാണിയും ഒരേ നാട്ടുകാരാണ്. വര്‍ഷങ്ങളായി മാണി കോണ്‍ഗ്രസിനെ അടുത്തറിയുകയും ചെയ്യാം. ആ അറിവിന്‍റെ പുറത്ത് കാനം സഖാവ് പണ്ട് എന്നുവച്ചാല്‍ വളരെ പണ്ടല്ല, ഈയടുത്ത് വരെ കേരള കോണ്‍ഗ്രസ് മാണിവിഭാഗത്തേയും ജോസ് കെ. മാണിയേയും സ്നേഹാദരങ്ങളോടെ വിലയിരുത്തിയത് കേരളം കേട്ടതാണ്. ജോസിന് ആഗ്രഹം തോന്നിയാലും ഇടതുമുന്നണിയില്‍ ജോസിനെ കയറ്റേണ്ടെന്ന് ആദ്യമേ തീരുമാനിച്ച മഹാന്‍. ആ മഹാനെ കണ്ടുവരാനാണ് കോടിയേരി സഖാവ് ആദ്യം ജോസിനെ ഉപദേശിച്ചത്. പാവം ജോസിന് വഴിയും അറിയില്ല. അതിന് കാറുവരെ വിട്ടുകൊടുത്തു. ഇനി ജോസ് സ്വന്തം കാറില്‍ വരുന്നത് കണ്ടാല്‍ അകത്തേക്ക് കയറ്റിയില്ലെങ്കിലോ എന്നുകരുതിയാവും കോടിയേരി മറ്റൊരു കാറ് അറേഞ്ച് ചെയ്ത് കൊടുത്തത്. അല്ലെങ്കിലും അടവുകളെ പറ്റി അടവുനയങ്ങളുടെ പാര്‍ട്ടിയുടെ ആശാന് ക്ലാസെടുത്ത് കൊടുക്കേണ്ടതില്ലല്ലോ. 

കാനത്തെ കണ്ട ജോസ് പറയുന്നത് എല്ലാം ക്ലോസ്ഡ് ചാപ്റ്റര്‍ എന്നാണ്. ഒന്നും ഓര്‍പ്പിക്കാനോ ഓര്‍ക്കാനോ താല്‍പര്യമില്ല. മനസിലായി. ആ ചിരിയിലുണ്ട്. കാനം ചായയും പരിപ്പുവടേം തന്നോ ഇല്ലയോ എന്ന്. 

ജോസ് കെ. മാണിക്ക് അതൊക്കെ ക്ലോസ്ഡ് ചാപ്റ്റര്‍ ആവും. പക്ഷേ പാര്‍ട്ടിയിലൊക്കെ വിശ്വസിച്ച് സമരത്തിനും പ്രതിഷേധത്തിനും നിലപാടിന്‍റെ പേരില്‍ ഇറങ്ങിപ്പുറപ്പെട്ടവരുടെ കാര്യമാണ് കഷ്ടം. വലിയ ബുദ്ധിമുട്ടാവും അവരെകൊണ്ടൊക്കെ ചാപ്റ്റര്‍ ക്ലോസ് ചെയ്യാന്‍. ഇതിപ്പോ ജോസ്. ചെ. മാണി എന്ന അവസ്ഥയാണ് ജോസിന്.അടുത്തത് മുഖ്യമന്ത്രിയെ കാണണം. അങ്ങനെ പരിപാടികള്‍ കുറെയുണ്ട്. 

തന്നെ കണ്ട കോടിയേരിയോ കോടിയേരിയെ കണ്ട ജോസോ തന്‍റെ പിതാവിനെതിരെ സിപിഎം സംഘടിപ്പിച്ച സമരമോ മുദ്രാവാക്യങ്ങളോ നിയമസഭയിലെ ചവിട്ടുനാടകമോ ഓര്‍ത്തില്ല. അതൊരു പ്രത്യേക കഴിവാണ്. ശ്രദ്ധിച്ചിട്ടില്ലേ ഈ സിപിഎം ഇപ്പോ ഭരിക്കുമ്പോ മാധ്യമങ്ങളെ പഠിപ്പിക്കുന്നത് എന്തുപറഞ്ഞാണ്? അതായത് പ്രതിപക്ഷം പലതും പറയും, അത് അതുപോലെ റിപ്പോര്‍ട്ട് ചെയ്യലല്ല ശരിയായ മാധ്യമപ്രവര്‍ത്തനമെന്ന്. തങ്ങള്‍ പ്രതിപക്ഷത്താവുമ്പോള്‍ ചെയ്തതും പറഞ്ഞതുമായ കാര്യങ്ങളില്‍ നിന്നുള്ള അനുഭവം വച്ചാവണമല്ലോ ഭരണപക്ഷത്തിരിക്കുമ്പോ ഈ പറയുന്നത്. അപ്പോ അതാണ് കാര്യം. അന്ന് കെ.എം. മാണിയെ കോഴമാണി എന്ന് വിളിച്ചതും ബജറ്റ് തടസപ്പെടുത്തിയതും ഒക്കെ അന്ന് അങ്ങനെ റിപ്പോര്‍ട്ട് ചെയ്യാന്‍ പാടില്ലായിരുന്നു. അതൊന്നും വിശ്വസിക്കാന്‍ പാടില്ലായിരുന്നു. വെറും നമ്പറുകളായിരുന്നു.

പിണറായി സഖാവ് ചില വിഷയങ്ങള്‍ വരുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് അതിന് മറുപടി പറയുന്നില്ല എന്നുപറയും. പക്ഷേ ചിലപ്പോള്‍ സിപിഎം പാര്‍ട്ടി സെക്രട്ടറിയാണോ ഈ കസേരിയില്‍ ഇരിക്കുന്നതെന്നും തോന്നും. അതുകൊണ്ടാണ് പഴയ കാര്യങ്ങള്‍ എടുത്ത് നിലപാടിനെക്കുറിച്ച ്ചോദിക്കുമ്പോ മാധ്യമപ്രവര്‍ക്കരോട് നിങ്ങള്‍ക്ക് വിഷമം കാണും എന്നൊക്കെ പറയുന്നത്. ശരിയാണ് സഖാവേ. ഞങ്ങള്‍ക്ക് വിഷമം ഉണ്ട്. കാരണം ഞങ്ങളാണല്ലോ മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്തത്. ഞങ്ങളാണല്ലോ ബജറ്റ് സമ്മേളനം അലങ്കോലപ്പെടുത്തി സ്പീക്കറുടെ കസേര മറിച്ചിട്ട് ഹീറോയിസം കാണിച്ചത്. എന്തായാലും വിഷമം കാണും.

സിപിഎം ഒരു പാര്‍ട്ടിയെ എതിര്‍ക്കുന്നത് നയപരമായ എതിര്‍പ്പുകൊണ്ടല്ല, എതിര്‍പക്ഷത്തായതുകൊണ്ട് മാത്രമാണെന്ന് മനസിലാക്കണം. ഇതു കണ്ടില്ലേ മൊത്തത്തില്‍ പറയുക വ്യത്യസ്തമായ പ്രത്യേകതയുള്ള പാര്‍ട്ടിയാണ് ‍ഞങ്ങളെന്നാണ്. വേറൊരു രാഷ്ട്രീയപാര്‍ട്ടിയേയും പോലയല്ല എന്ന് ഇടക്കിടെ പറയും. പക്ഷേ  മാണികോണ്‍ഗ്രസുപോലെ ഒരു പാര്‍ട്ടി മുന്നണിയിലേക്ക് കയറിവരുമ്പോ പറയും ഇതിലെന്താണ് ഇത്ര പ്രശ്നം... എത്ര പാര്‍ട്ടികള്‍ ഏതൊക്കെ മുന്നണികളില്‍ പോകുന്നു, ചാടുന്നു. അതുപോലെ കണ്ടാപോരെ എന്ന്. അതായത് വ്യത്യസ്ത പാര്‍ട്ടി എന്നത് ആവശ്യമുള്ളപ്പോള്‍ മാത്രം പറയാനുള്ള പ്രത്യേകത മാത്രമേ സിപിഎമ്മിനുള്ളു.

മാണി സി. കാപ്പനാണ് ജോസിന്‍റെ മുന്നണി മാറ്റത്തോടെ അങ്കലാപ്പിലായത്. പാര്‍ട്ടി യോഗം ചേര്‍ന്ന് പാല സീറ്റ് വിട്ടുകൊടുക്കേണ്ട എന്നൊക്കെ തീരുമാനിച്ചിട്ടുണ്ട്. എന്‍സിപിക്ക് അങ്ങനെ തീരുമാനിക്കാം. പക്ഷേ മുന്നണിയിലെ തീരുമാനം സിപിഎം എടുത്തോളും. അതുകൊണ്ട് എടുത്ത തീരുമാനം നടപ്പാക്കണമല്ലോ എന്നോര്‍ത്തുള്ള ടെന്‍ഷന്‍ ഒഴിവാക്കാം.

ജോസും കൂട്ടരും യുഡിഎഫ് വിട്ടതില്‍ കെ. മുരളീധരന് വിഷമമുണ്ട്. ഇവരൊന്നും ഇല്ലാതെ കോണ്‍ഗ്രസിനെകൊണ്ട് അടുത്ത ഭരണം പിടിക്കല്‍ സാധിക്കില്ലാന്ന് മുരളീധരനെങ്കിലും വിശ്വസിക്കുന്നുണ്ട്. പിന്നെ മുന്നണി വിടുന്നതും പാര്‍ട്ടി ഉണ്ടാക്കുന്നതും തിരിച്ച് വരലുമൊക്കെ സ്വന്തം അനുഭവത്തിന്‍റെ കരുത്തില്‍ മുരളിക്ക് വിശദീകരിക്കാന്‍ സാധിക്കും എന്നോര്‍ക്കുമ്പോ ചെറിയാരാശ്വാസം.

ഈ എന്‍സിപി യുഡിഎഫിന് ചേര്‍ന്ന പാര്‍ട്ടിയാണോയെന്ന് കൂടി മുരളീധരന്‍ പറയണം.  പക്ഷേ... ശരിയാണ്, പണ്ട് കോണ്‍ഗ്രസ് വിട്ടുപോയി പ്രവര്‍ത്തിച്ച പാര്‍ട്ടിയാണല്ലോ. താങ്കള്‍ക്ക് അറിയാം ആ പാര്‍ട്ടിയെപ്പറ്റി.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...