ഒ‌ാർമകൾ ഉണ്ടായിരിക്കണം; തട്ടിൽക്കയറിയത് മറക്കരുത്

thiruva23
SHARE

ഓര്‍മകളെ അങ്ങനെ കൈവിടാറില്ല മലയാളികള്‍. നല്ലതായാലും ചീത്തയായാലും ഗൃഹാതുരത്വത്തില്‍ കെട്ടിയിട്ട് പാട്ടെഴുതുകയും കവിതയെഴുതുകയും നോവല്‍ വരെ എഴുതുകയും ചെയ്യാറുണ്ട്. രണ്ടെണ്ണം വീശിയാല്‍ വരെ നൊസ്റ്റു അടിക്കുന്നവനാണ് മലയാളി. അക്കൂട്ടത്തില്‍ പെടാത്ത ചിലരുണ്ട്. ഓര്‍മകളെ എഴുതിത്തള്ളാന്‍  മുഖ്യമന്ത്രിക്ക് കത്തുകൊടുക്കുന്നവരാണ് ഇവര്‍. വേണമെങ്കില്‍ അവരെ വിപ്ലവകാരികള്‍ എന്നൊക്കെ വിളിക്കാം, ആ ഒരര്‍ഥത്തില്‍ മാത്രം. തിരുവാ എതിര്‍വാ ഇന്ന് ഓര്‍മകളോടിക്കളിക്കുന്ന ഒരു തിരുമുറ്റത്ത് നിന്നാണ് ആരംഭിക്കുന്നത്. 

സിപിഎമ്മിന് തലസ്ഥാനത്ത് പല നേതാക്കളും ഉണ്ടെങ്കിലും ശിവന്‍കുട്ടി അണ്ണനാണ് മാസ് ലീഡര്‍. എവിടെ നാലാല്‍ കൂടുന്നോ അവിടെ അണ്ണന്‍ ഓടിയെത്തും. പരിപാടി സ്വയം ഏറ്റെടുത്ത് നടത്തിക്കളയും. ഒരാള്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല. വെട്ടൊന്ന് മുറി രണ്ട് എന്നാണ് കണക്ക്. അതില്‍ ഒരു മുറിയില്‍ ശിവന്‍കുട്ടി അണ്ണന്‍ വാടക്ക് താമസിച്ചും കളയും. അത്രേം കഴിവുള്ളയാളാണ്. ആ കഴിവ് ലോകം കണ്ടത് അഞ്ചുകൊല്ലം മുമ്പാണ്. കൃത്യമായി പറഞ്ഞാല്‍ 2015 മാര്‍ച്ച് 13ന് അതും നിയസഭാ അങ്കണത്തില്‍. മാനസാന്തരം കാരണമാണോ അതോ മാനക്കേടുകാരണമാണോ എന്നറിയില്ല ഈ  സംഭവകഥ എഴുതിത്തള്ളണമെന്ന് ശിവന്‍കുട്ടി അണ്ണന് കലശലായ ആഗ്രഹം. നേരിട്ട് മുഖ്യമന്ത്രിക്ക് ഒരു കത്തും കൊടുത്തു.   പക്ഷേ രമേശ് ചെന്നിത്തല കത്തിനെതിരെ കോടതിയില്‍ പോയി. ഇന്ന് കോടതി അക്കാര്യത്തില്‍ ഉള്ളത് പറയുകയും ചെയ്തു.

ഇത്രമെയ്‍വഴക്കത്തോടെയാണ് നമ്മുടെ പ്രതിപക്ഷ എംഎല്‍എമാര്‍ സഭയില്‍ പെരുമാറുന്നത് എന്ന കാര്യത്തില്‍ വോട്ടുചെയ്തവര്‍ക്കൊക്കെ അഭിമാനം തോന്നിയ നിമിഷമാണ്. ചങ്ക് വിളി അത്ര സുപരിചതമല്ലാത്ത കാലമായതിനാല്‍ ഇവരെയൊന്നും ആരും ഇരട്ടച്ചങ്കന്‍ എന്നൊന്നും വിളിച്ചില്ല എന്നുമാത്രം. ആ ഇ.പി. ജയരാജനും മുടിനാരിഴ പോലും തെറ്റുചെയ്യാത്ത കെ.ടി. ജലീല്‍ സാഹിബും ഒക്കെ ഈ കലാപരിപാടിയില്‍ പങ്കെടുത്തത് കണ്ടല്ലോ. ഇതാണ് പറയുന്നത് ഏത് മനുഷ്യന്‍റെ ഉള്ളിലും ഒരു കലാകാരന്‍ ഒളിഞ്ഞിരിപ്പുണ്ട് എന്ന്. അവസരം കിട്ടാത്തതുകൊണ്ട് മാത്രമാണ് നമ്മളൊന്നും അത് കാണാത്തത്.

ഇനിയിപ്പോ അങ്ങനെ പറഞ്ഞിട്ടൊന്നും കാര്യമില്ല. പറ്റിപ്പോയി. ഉള്ള നഷ്ടം പരിഹരിച്ചുകൊടുത്തുവേണമല്ലോ പരിഹാരം കാണാന്‍. അത് ചെയ്താ മതി. അല്ലാതെ ഇതൊക്കെ തേയ്ച്ച് മായ്ച്ച് കളയണമെന്ന് കത്ത് കൊടുത്ത് പരിഹരിക്കാന്‍ പാടില്ലായിരുന്നു. അതൊക്കെ പോട്ടെ. ഇവരെപ്പോലെയല്ല, വേറൊരു കത്തും കൊടുത്ത് നമ്മുടെ പ്രതിപക്ഷ നേതാവ് കഴിഞ്ഞ ഒന്നൊന്നര മാസമായി കടുത്ത വിഷമത്തിലാണ്. സംഗതി രമേശ് ചെന്നിത്തല ഈ ലൈഫ് മിഷന്‍ പദ്ധതിയിലെ കരാര്‍ അഥവ എംഒയുടെ കോപ്പി തരണമെന്നും പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന് കത്തുകൊടുത്തു. അങ്ങനെ ഒരു കരാര്‍ എഴുതിയുണ്ടാക്കി ഒപ്പിടാഞ്ഞിട്ടാണോ എന്നറിയില്ല പിണറായി സഖാവ് എന്തുവന്നാലുംഅതും കൊടുക്കാന്‍ തയ്യാറല്ല. ലൈഫ് മിഷന്‍റെകീഴിലുള്ള വീടുകളുടെയെല്ലാം പണിയും പാലുകാച്ചും കഴിഞ്ഞാലും രമേശിന്‍റെ കത്തിന് മറുപടി കിട്ടുമെന്നു തോന്നുന്നില്ല.

ആര്‍ക്കായാലും വിഷമം കാണില്ലേ. ഇതിപ്പോ ഒരു മനുഷ്യനെ ഇങ്ങനെ കത്തെഴുതിക്കാ എന്നൊക്കെവച്ചാല്‍... അതും ഒരു സ്ഥാനത്തൊക്കെ ഇരിക്കുന്ന ആള്‍. അതിന്‍റെ പരിഗണന എങ്കിലും പിണറായി സഖാവ് കാണിക്കണം. അല്ലാതെ ഇതൊരുമാതിരി.... മോശമാണ്.

അതെ, താങ്കള്‍ക്ക് അതിനുള്ള കഴിവുണ്ട്. പുറത്തുകൊണ്ടുവരണം. പക്ഷേ കത്ത് കൊടുത്ത സ്ഥിതിക്ക് ഇനിയിപ്പോ കരാറൊക്കെ എഴുതിയുണ്ടാക്കി അന്നത്തെ ഡേറ്റും സമയവും ഒക്കെ ഇട്ട് ഒപ്പിട്ട് കിട്ടാന്‍ കുറച്ച് താമസമുണ്ടാകും. അങ്ങ് ക്ഷമിക്കണം.

ഇതാണ് പ്രശ്നം. ഇടതുപക്ഷമാണ്, ജനാധിപത്യത്തിലും സുതാര്യതയിലും അഭിരമിക്കുന്നവരാണ്. പക്ഷേ അധികാരം കിട്ടിയാല്‍ എന്താണെന്നറിയില്ല, അറിയാതെ ഫാസിസ്റ്റ് സ്വഭാവം കാണിച്ചുതുടങ്ങും. ഇതൊരു രോഗമാണോ എന്തോ?

കഥകളി ആണ് മൊത്തത്തില്‍. എന്തൊക്കെയോ സംഭവിക്കുന്നു. സ്വര്‍ണക്കടത്തായിരുന്നു ആദ്യം. പിന്നെ ലൈഫ് മിഷന്‍ കമ്മിഷനായി. പിന്നെ ദാ ഈന്തപ്പഴം കടത്ത് വരെ എത്തി. മൊത്തത്തില്‍ വശപിശകാണ്. കഥയറിയാതെ കഥകളി കാണുന്നവര്‍ നമ്മളും. പക്ഷേ കുറെ കഥകള്‍ കേട്ട് ഒടുക്കം സ്വന്തം കഥയ്ക്ക് ഒരു വിലയുമില്ലാത്ത ഒരാള്‍ കഥ പറയാനെത്തിയിട്ടുണ്ട്. ആള് സ്വയം ഒരു സര്‍വസമ്മതാനാണെന്ന് പറയും. അതുകൊണ്ട് ഇനി പോവാനും ഇറങ്ങാനും ഇല്ലാത്ത മുന്നണിയില്ല. സ്വന്തം നിലയ്ക്ക് മുന്നണിയായി നില്‍ക്കാനേ ഇനി ബാക്കിയുള്ളു. മിസ്റ്റര്‍. പി.സി. ജോര്‍ജ് ഓണ്‍ ദ സ്റ്റേജ്. 

ജനപക്ഷം എന്ന പാര്‍ട്ടിയാണ് ഇപ്പോഴുള്ളത്. വലിയ പാര്‍ട്ടിയാണെന്ന് പി.സിക്ക് മാത്രം അഭിപ്രായമുള്ള പാര്‍ട്ടിയാണ്. കേരളത്തില്‍ 140 മണ്ഡലങ്ങളിലും മല്‍സരിക്കാന്‍ യോഗ്യതയുണ്ടെന്നാണ് സ്വയം കരുതുന്നത്. അതിലൊന്നും നമുക്കൊന്നും പറയാനില്ല. പി.സിയെ കൊണ്ട് പറ്റും. രണ്ടാഴ്ച മുമ്പ് കുറച്ചാളുകളെയും കൂട്ടി മറ്റൊരു  ഐഡിയയുമായി വന്നിരുന്നു. ചിലപ്പോ നമുക്കു തോന്നും പിസിയുടെ ആ വലിയ ശരീരം മുഴുവന്‍ ഇത്തരത്തിലുള്ള ഐഡിയകളാണെന്ന്.

പിണറായി മുന്നണിയിലേക്കില്ല എന്ന എടുത്ത് പറഞ്ഞത് നന്നായി. ഇല്ലെങ്കില്‍ ആളുകള്‍ സംശയിച്ചേനെ. ഒന്നു പോയേ എന്‍റെ പി.സി. എന്തായാലും കഴിഞ്ഞ നിയസഭതിരഞ്ഞെടുപ്പൊന്നും മറന്നേക്കരുത്. പക്ഷേ ഇതിനിടയ്ക്ക് ബിജെപിയോട് ഒരിഷ്ടം ഒക്കെ തോന്നി എന്‍ഡിഎയിലേക്ക് ഒന്നുപോയിരുന്നല്ലോ. ദാ പോയി, ദേ വന്നു എന്ന അവസ്ഥയായിരുന്നല്ലോ അത്. 

തള്ളുമ്പോ ഇങ്ങനെ തള്ളാന്‍ പറ്റണം. നമ്മുടെ അഭിപ്രായത്തില്‍ ശബരിമല വിശ്വാസി സമൂഹം അടുത്ത തിരഞ്ഞെടുപ്പില്‍ പി.സി. ജോര്‍ജിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണം എന്നാണ്.  പി.സി. ജോര്‍ജിന്‍റെ വെളിപാടുകള്‍ ഇനിയുമുണ്ട്, ഇടവേളയ്ക്ക് ശേഷം.

കേരളത്തില്‍ കമ്മ്യൂണിസം ഇല്ലെന്നു തോന്നുന്നുണ്ടോ ആര്‍ക്കേലും. എന്നാല്‍ അങ്ങനെയൊന്ന് ഇല്ലെന്നാണ് ജോര്‍ജച്ചായന്‍ പറയുന്നത്. ഒരുപാട് പാര്‍ട്ടികളുമായി അടുത്ത് പരിചയപ്പെടാനും പ്രവര്‍ത്തിക്കാനും സാധിച്ച വ്യക്തി എന്ന നിലയില്‍ പി.സിയുടെ മഹദ്‍വചനങ്ങളെ തിരുവാ എതിര്‍വാ തള്ളിക്കളയുന്നില്ല. 

ഇത്രയും പറഞ്ഞ സ്ഥിതിക്ക് കേരള കോണ്‍ഗ്രസുകാരുടെ കര്‍ഷക പാര്‍ട്ടി എന്ന ലേബലിനെക്കുറിച്ച് തല്‍ക്കാലം ഒന്നും ചോദിക്കുന്നില്ല. സത്യം വിളിച്ചുപറഞ്ഞ് ഉള്ള വോട്ട് കുറയ്ക്കണ്ട. അതുപോട്ടെ ഈ ജലീല്‍ വിഷയത്തില്‍ താങ്കളുടെ വിലയേറിയ അഭിപ്രായം ഈ ലോകം കേള്‍ക്കാന്‍ കാത്തിരിക്കുന്നുണ്ട്.

വളരെ ഉപകാരം. ഇടവേളയ്ക്ക് ശേഷം വന്ന് വിലപ്പെട്ട സമയത്ത് ഇത്രേം പറഞ്ഞ് പ്രേക്ഷക സമൂഹത്തെ ഉല്‍ബുദ്ധരാക്കിയതിന്. അങ്ങേക്ക് പ്രണാമം. അപ്പോ തിരുവാ എതിര്‍വായ്ക്ക് ഇതില്‍ കൂടുതലൊന്നും ഇന്ന് പറയാനില്ല

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...