എല്ലാം പാര്‍ട്ടിക്കും സര്‍ക്കാരിനും വേണ്ടി; സത്യമേവ ജലീലേ...

thirua
SHARE

ആരുടേയും നെഞ്ചിടിപ്പേറ്റുന്ന പരിപാടിയില്‍ വല്യ താല്‍പര്യമില്ല. ഉള്ള നെഞ്ചിന്‍റെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ സഹായിക്കുന്ന അല്‍പം രാഷ്ട്രീയം, ചിരി, സന്തോഷം അത്രയേ നമ്മള്‍ പിടിക്കുന്നുള്ളു. അതുകൊണ്ട് പരിപാടി കണ്ടിരിക്കാന്‍ ഇരട്ടച്ചങ്കൊന്നും ആവശ്യമില്ല. നോര്‍മല്‍ ചങ്ക് മതി. പിന്നെ അല്‍പം സഹൃദയത്തം കൂടിയുണ്ടെങ്കില്‍ ധാരാളം. 

*******************************

ഒരു വിഷമം പറഞ്ഞു തുടങ്ങാം. സ്വര്‍ണക്കടത്ത് കേസ് കണ്ടുപിടിച്ചതാണല്ലോ ഈ എല്‍‍ഡിഎഫ് സര്‍ക്കാരിനെ ആകെ വെട്ടിലാക്കിയിരിക്കുന്നത്. സത്യത്തില്‍ ഇങ്ങനെ ഒരു കേസ് കണ്ടുപിടിക്കാന്‍ പാടില്ലായിരുന്നു എന്നാണ് സിപിഎമ്മിന്‍റെ ന്യായീകരണ കമ്മിറ്റിക്കാര്‍ വിശദീകരിക്കുന്നത്. ഒന്നാമത് മൂലധനത്തില്‍ അധിഷ്ഠിതമായ ഒരു ബിസിനസ് പരിപാടികളെ പാര്‍ട്ടി നയമനുസരിച്ച് പ്രോല്‍സാഹിപ്പിക്കാന്‍ പാടില്ലാത്തതാണ്. അതുകൊണ്ട് സ്വര്‍ണക്കടത്ത് പോലുള്ള കാര്യങ്ങള്‍ ഒരു ബൂര്‍ഷ്വാ ഏര്‍പ്പാടാണെന്നും അതുമായ ബന്ധപ്പെട്ടതൊന്നും ഇടതുസര്‍ക്കാരിന്‍റെ കാലത്ത് അന്വേഷിക്കാന്‍ ഇടവരാന്‍ പാടില്ലായിരുന്നു എന്നുമാണ് നിലപാട്. മാത്രമല്ല ഇതൊക്കെ കംസ്റ്റസിന്‍റെ അനാസ്ഥയുടെ ഫലമാണ്. അല്ലാതെ സ്വര്‍ണക്കടത്തിലേര്‍പ്പെട്ടവരുടെ കുഴപ്പമല്ല. അല്ലെങ്കിലും നിലപാടിന്‍റെ കാര്യത്തില്‍ ഇത്രയും വൈവിധ്യവല്‍ക്കരിക്കപ്പെട്ട രാഷ്ട്രീയപാര്‍ട്ടി ഈ ഭൂമുഖത്തെ വേറെയില്ലതാനും. അങ്ങനെ വ്യത്യസ്തതരം നിലപാടുകള്‍ കൈകൊണ്ടു വരുന്നതിന് ഇടയ്ക്കാണ് മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത്. സംഗതി നോട്ടിസ് ഒക്കെ കൊടുത്തെങ്കിലും പുറത്ത് പറയാന്‍ ജലീല്‍ തയ്യാറായില്ല. പിന്നെ സര്‍ക്കാരിന്‍റെ വാഹനം ഉപയോഗിച്ച് സര്‍്കാരിന്‍റെ കാശ് ചിലവാക്കി എന്ന പഴി കേള്‍പ്പിക്കാതിരിക്കാന്‍ സുഹൃത്തായ മുതലാളിയുടെ വണ്ടി എടുത്താണ് ഇഡിയുടെ മുന്നില്‍ ചോദ്യം ചെയ്യാന്‍ ഹാജരായത്. 

****************************************

ചോദ്യം ചെയ്യലിലെ കണ്ടന്‍റ് അഥവാ ഉള്ളടക്കം അറിയില്ല എന്നത് നേര്. പക്ഷേ അതറിയണം എന്ന ആഗ്രഹം തീരെയില്ല എന്നതാണ് അതിലും വലിയ നേര്. പക്ഷേ നിങ്ങള്‍ വിചാരിക്കുന്നതുപോലെ ഇതങ്ങനെ ഒളിച്ചുംപാത്തും പോയുള്ള ഒരു പരിപാടിയല്ല ജലീല്‍ നടത്തിയതെന്ന് ബാലന്‍ സഖാവ് വ്യക്തമായി പറഞ്ഞല്ലോ. ഇതൊക്കെ കമ്മ്യൂണിസ്റ്റ്പാര്‍ട്ടിക്കൊപ്പം ചേര്‍ന്ന് കഴിഞ്ഞാല്‍ , അയാള്‍ക്ക് പാര്‍ട്ടി മെമ്പര്‍ഷിപ്പ് ഇല്ലെങ്കില്‍ കൂടിയും ചെയ്യുന്ന പരിപാടിയാണ്. എല്ലാം പാര്‍ട്ടിക്കും സര്‍ക്കാരിനും വേണ്ടിയാണ്. ഇനി ഈ പാര്‍ട്ടിയെക്കുറിച്ച് തീരെ അറിയില്ലെങ്കില്‍ ദാ ഇതുകൂടി കേട്ടാല്‍ മതി.

**************************************

ആ പറഞ്ഞത് നേര്. ജനങ്ങളാണ് പാര്‍ട്ടിയുണ്ടാക്കിയത്. രക്തസാക്ഷികളുെട പാര്‍ട്ടിയുമാണ്. പക്ഷേ പാര്‍ട്ടിയും പാര്‍ട്ടിയുടെ സര്‍ക്കാരും നാറുന്നത് വേറെ ആളുകള്‍ കാരണമാണ്. അതാണ് ഈ പാര്‍ട്ടിയുടെ പ്രത്യേകത. അതുകൊണ്ട് കെ.ടി. ജലീലിന് വേണ്ടി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് കട്ടയ്ക്ക് നില്‍ക്കും. എന്തിന് പിബി വരെ ലാല്‍സലാം പറയും. പക്ഷേ കെ.ടി. ജലീല്‍ ആരോടും മിണ്ടില്ല. വേണമെങ്കില്‍ ഫെസ്ബുക്കില്‍ വല്ലോ പറയാം. ചിലര്‍ക്ക് മാത്രം അഭിമുഖം കൊടുത്ത് വീട് പെയിന്‍റടിക്കാന്‍ ആധാരം പണയം വച്ചെന്ന് എഴുതിപ്പിക്കാം. അങ്ങനെ ചില നുറുങ്ങുവിദ്യകള്‍. 

**********************************

ജലീല്‍ സാഹിബിന്‍റെ ആ യാത്ര ഗംഭീരമായിരുന്നു. കേരള രാഷ്ട്രീയ ചരിത്രത്തില്‍ അങ്ങനെ കണ്ടുശീലമില്ലാത്ത യാത്ര. തിരൂരില്‍ നിന്ന് തിരുവനന്തപുരത്തെത്തുന്നതുവരെ നാടിന്‍റെ കൈയ്യടികളും സ്നേഹവായ്പും നിറയെ നേടി. ഇഡിയെ കാണാന്‍ പോയപോലെ മുതലാളിമാരുടെ കാറെടുത്ത് തലസ്ഥാനത്തേക്ക് വച്ച് പിടിക്കാന്‍ അറിയാഞ്ഞിട്ടല്ല, പക്ഷേ പണിയാവും എന്നു കരുതിയിട്ടാണ്. അതുകൊണ്ട് മാത്രം. 

*******************************

മന്ത്രി കാറുമാറി യാത്ര ചെയ്തതും മാധ്യമങ്ങള്‍ വിളിച്ചപ്പോള്‍ ഞാനൊന്നുമറിഞ്‍ഞില്ലേ രാമനാരായണ എന്നു പറഞ്ഞതുമൊക്കെ അടവുനയത്തിന്‍റെ ഭാഗമാണ്. അത് നിങ്ങള്‍ സ്വതന്ത്രനോ പാര്‍ട്ടി മെമ്പറോ ആയിക്കൊള്ളട്ടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കൊപ്പം ചേര്‍ന്നാല്‍ അടവുകള്‍ നിരന്തരം പുറത്തെടുക്കേണ്ടിവരും. അതാണ് ലോകനിയമം. മതഗ്രന്ഥങ്ങള്‍ വന്നവഴി സ്വര്‍ണം വന്നോ എന്ന ചോദ്യം വരുമ്പോള്‍ വിശുദ്ധ ഗ്രന്ഥത്തേയും മതത്തേയും വിശ്വാസത്തേയും കൂട്ടുപിടിച്ച് കെ.ടി. ജലീലിന് അതിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞതുതന്നെ ആ അടവുനയപരിപാടികളുടെ തഴക്കം കൊണ്ടാണ്. ആ ശീലം മാത്രം മതി പിണറായി സഖാവിന്‍റെ പ്രിയപ്പെട്ടവനായി കഴിഞ്ഞ കൂടാനും. അപ്പോ പിന്നെ പായസവും സദ്യയുമൊക്കെ താനേ വീട്ടിലെത്തും. 

*******************************

കെ.ടി. ജലീലിനെ ചോദ്യം ചെയ്തതോടെ ഒരു കാര്യം ഉറപ്പായി, ഇനി മേലില്‍ അന്വേഷണം ശരിയല്ല എന്ന നിലപാടിലേക്ക് സിപിഎം കടക്കുമെന്ന്. അതും സംഭവിച്ചു.സംഘപരിവാര ചാനലായ ജനം ടിവിയുടെ അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തതോടെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ശരിയായ ദിശയിലായിരുന്നു. പക്ഷേ ജലീലിനെ ചോദ്യം ചെയ്തതോടെ അത് പോയി. ദിശ മാറി. ഇപ്പോ വഴിവിട്ട ദിശ എന്നാണ് പാര്‍ട്ടിയുടെ തിയറി. അതിന്‍റെ ഭാഗമായിട്ടാണ് പാര്‍ട്ടി സെക്രട്ടറിയുടെ മകനെ ചോദ്യം ചെയ്യുന്നതും ഇ.പി. ജയരാജന്‍റെ മകന്‍റെ ചിത്രമൊക്കെ അന്വേഷണ ഏജന്‍സികള്‍ എടുത്ത് ലൈക്ക് ചെയ്യാനൊക്കെ തുടങ്ങിയത്. 

*****************************

നേരത്തെ പറഞ്ഞപോല എല്ലാം ഒരു അടവാണല്ലോ. പ്രതിപക്ഷ പാര്‍ട്ടികളെ പിടിക്കുമ്പോള്‍ ആഹാ, സിപിഎമ്മിനെ പിടിക്കുമ്പോള്‍ ഓഹോ എന്നതില്‍ മനുഷ്യസഹജമായ ഒളിച്ചോട്ടം, വങ്കത്തരം, കള്ളത്തരം എന്നൊക്കെ പറയാവുന്നതേയുള്ളു. പിന്നെ വായില്‍ കൊള്ളാത്ത ധാര്‍മികതയും നിലപാട് തറയും പ്രഖ്യാപിക്കും എന്നേയുള്ളു. പിന്നെ ആ നിലപാടും തറയും ഒന്നും കാണില്ല. അപ്പോ പിന്നെ പതിനെട്ടാമത്തെ അടവാണ്. അത് മാധ്യമങ്ങളുടെ മെക്കിട്ട് കേറി. സംഗതി ജോറാക്കലാണ്. അതിന്നും സംഭവിച്ചു. എന്നാലും എന്തൊരു ഉശിരാണ് നമ്മുടെ പിണറായി മുഖ്യന്. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...