അങ്ങനെ യോഗം ചേർന്ന് ലീഗ്; എല്ലാം കമറുദ്ദീന് വേണ്ടി....

thiruva
SHARE

ഇന്ന് ഞാന്‍, നാളെ നീ എന്നൊരു അവസ്ഥയിലാണ് കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍. അതിപ്പോ സിപിഎം ആയാലും കോണ്‍ഗ്രസ് ആയാലും ലീഗ് ആയാലും ബിജെപി ആയാലും അങ്ങനെ തന്നെ. നാട്ടില്‍ നടക്കുന്ന ഏതെങ്കിലും ഒരു കുറ്റകൃത്യവുമായി ബന്ധമുണ്ടാക്കി സംസ്ഥാനത്തിന്‍റെ ക്രൈം റെക്കോര്‍ഡിലേക്ക് എല്ലാ പാര്‍ട്ടികളും തങ്ങളുടെ പേര് ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. വളരെ നല്ല കാര്യം. സ്വര്‍ണക്കടത്തൊക്കെയായി ഭരിക്കുന്ന പാര്‍ട്ടി എന്നനിലയില്‍ ഇന്‍റര്‍നാഷണല്‍ ലെവലില്‍ സിപിഎം ഇങ്ങനെ ഞെളിഞ്ഞിരിക്കുമ്പോ ആണ് കോണ്‍ഗ്രസുകാര്‍ വെട്ടുകേസ് നടത്തി പ്രാതിനിധ്യം ഉറപ്പാക്കിയത്. തൊട്ടുപിന്നാലെ കാസര്‍കോട്ട് എം.സി.കമറുദ്ദീന്‍ എന്ന ലീഗ് എംഎല്‍എ വഴി കോടികളുടെ തട്ടിപ്പ് കേസിന്‍റെ ഖ്യാതിയില്‍ മുസ്‍ലിം ലീഗിനും മുഖം മിനുക്കാനായി. ആ നിലയില്‍ ഒരു കീഴ്‍വഴക്കത്തിന്‍റെ ഭാഗമായി ലീഗ് നേതാക്കള്‍ ഇന്ന് യോഗം ചേര്‍ന്നു. കോവിഡ് കാലത്ത് മുടങ്ങിയ യോഗങ്ങള്‍ക്ക് അങ്ങനെ ഇന്ന് തുടക്കമായി. എല്ലാം കമറുദ്ദീന് വേണ്ടിയായിരുന്നു.

***********************************

അതെ, പണി പാലുംവെള്ളത്തില്‍ വന്നോണ്ടിരിക്കുകയായിരുന്നു. യോഗത്തിലേക്ക് വന്ന് എങ്ങനെയാണ് തട്ടിപ്പ് നടത്തിയതെന്ന് വിശദീകരിക്കാന്‍ കമറുദ്ദീന് ലീഗ് നേതൃത്വം അവസരം നല്‍കിയിരുന്നു. കേട്ടപാടെ കമറുദ്ദീന്‍ കാസര്‍കോട്ട്ന്ന് മലപ്പുറത്തേക്ക് പുറപ്പെട്ടു. ആ പുറപ്പെടല്‍ വേണ്ടായിരുന്നു. ബിരിയാണ് ചെമ്പ് പൊട്ടിച്ചപ്പോള്‍ ആണ് ആളുടെ എണ്ണം കൂടിയാല്‍ പ്രശ്നമാവുമെന്ന് തോന്നിയത്. എങ്കില്‍ പിന്നെ കമറുദ്ദീനോട് വരേണ്ടെന്ന് പറയുകയാണ് ഉചിതം. ഉടനെ വരവ് തടഞ്ഞു ഉത്തരവായി. അങ്ങനെ വെറുതെ ഒന്ന് വിളിച്ചു. പിന്നെ വരേണ്ടെന്നും പറഞ്ഞു. സത്യത്തില്‍ അതോടെ കാര്യത്തില്‍ ഒരു തീരുമാനമായെന്ന് കമറുദ്ദീനും കരുതിയിരിക്കണം. ഉള്ള ബിരിയാണി മിസ് ആയതിന്‍റെ വേദന കടിച്ചമര്‍ത്തി കമറുദ്ദീന്‍ തന്‍റെ കാര്യത്തിലെ തീരുമാനത്തിനായി കാത്തിരുന്നു.

ബിസിനസ് ആവുമ്പോ വിജയിക്കും അല്ലെങ്കില്‍ പൊട്ടും. അതിലെന്താണ് ഇത്ര പ്രശ്നം എന്നതാണ് ചോദ്യം. ഈ ജനപ്രതിനിധികളാവുക എന്നത് തന്നെ വല്യ പാടുള്ള ബിസിനസാണ്. അതിന്‍റെ ഇടയില്‍ മറ്റൊരു ബിസിനസിനുകൂടി പോയ കമറുദ്ദീനെ സമ്മതിക്കണം. ജനപ്രതിനിധി ആണല്ലോ. അതുകൊണ്ടാണ് കുറെ ആളുകളില്‍ നിന്ന് നിക്ഷേപം ഒക്കെ സ്വീകരിച്ച് പരിപാടി തുടങ്ങിയത്. ജനങ്ങളില്ലാതെ എന്താഘോഷമെന്ന് എംഎല്‍എയായ കമറുദ്ദീനും തോന്നിക്കാണണം. ജനങ്ങളോടുള്ള അതിരുകളില്ലാത്ത സ്നേഹത്തിന്‍റെയും സംരക്ഷണത്തിന്‍റേയും പുറത്താണ് അവരുടെ ഒക്കെ കൈയ്യിലെ കാശൊക്കെ ഇദ്ദേഹവും കൂട്ടരും വാങ്ങി സൂക്ഷിക്കാന്‍ ശ്രമിച്ചത്. അതിനെ ഇങ്ങനെ തെറ്റിദ്ധരിക്കരുത്. 

സ്വയം അഴിമതി നടത്തുന്നതില്‍  നിന്ന് രക്ഷപ്പെടാനാണ് സത്യത്തില്‍ കമറുദ്ദീന്‍ ബിസിനസ് തുടങ്ങിയത് തന്നെ. ഈ എംഎല്‍എ ആയി ജീവിക്കാനൊക്കെ വല്യപാടാണ്. വേറെ ഏര്‍പ്പാടൊന്നും ഇല്ലാത്തപ്പോഴാണ് ഈ എംഎല്‍എമാര്‍ കക്കാനും മുടിക്കാനും പോകുന്നതെന്നും അതുകൊണ്ട് സ്വന്തം കാലില്‍ നില്‍ക്കുന്ന എംഎല്‍എ ആവാനാണ് കമറുദ്ദീന്‍ ശ്രമിച്ചത്. 

******************************

ബിനീഷ് കൊടിയേരിയെ എന്‍ഫോഴ്സ് ഡയറക്ടറേറ്റ് ഇന്നലെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷും സംഘവും എത്തരത്തിലായിരിക്കും സ്വര്‍ണം കേരളത്തിലേക്ക് കടത്തിയത് എന്നതിനെക്കുറിച്ച് വിലപ്പെട്ട ചില കാര്യങ്ങള്‍ ചോദിച്ചറിയാനായിരുന്നു കൂടിക്കാഴ്ച. 

സ്വര്‍ണം കടത്തുന്ന രീതികളെക്കുറിച്ചൊക്കെ വലിയ അവഗാഹം ഉള്ള ആളായതുകൊണ്ട് പന്ത്രണ്ടുമണിക്കൂറ് എടുത്തിട്ടും അറിയുന്ന കാര്യങ്ങള്‍ ഇ‍ഡിയോട് പറഞ്ഞുതീര്‍ക്കാന്‍ ബിനീഷിനായില്ല എന്നാണ് കേള്‍ക്കുന്നത്. വീണ്ടും കാണാമെന്ന് പറഞ്ഞാണ് ഇഡി തങ്ങളുടെ വിശിഷ്ടാതിഥിയെ യാത്രയാക്കിയത്.

സ്വര്‍ണക്കടത്ത് കേസില്‍ വളരെ വൈകിയാണ് ബിനീഷ് കൊടിയേരിയുടെ പേരൊക്കെ വരുന്നത്. സാധാരണ രീതിയില്‍ കേരളത്തിലെ ഏത് തട്ടിപ്പ് പരിപാടിവന്നാലും ബിനീഷിന്‍റെ േപര് കേള്‍ക്കാതെ ഒരു ഗുമ്മില്ലായിരുന്നു. അതായിരുന്നു അതിന്‍റെ ഒരു രീതി. 

ജനം ടിവിയുടെ അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തപ്പോഴേക്കും അയാള്‍ കുറ്റവാളിയും കേന്ദ്രസഹമന്ത്രി വി. മുരളീധരന് ബന്ധവും വരെ എത്തിച്ചവരാണ് ഈ പറയുന്നത്, ബിനീഷിനെ ചോദ്യം ചെയ്യുക മാത്രമല്ലേ ചെയ്തുള്ളു എന്ന്. ഇതിനെയാണ് വരട്ട് തത്വവാദം എന്ന് സൈദ്ധാന്തികമായി വിശദീകരിക്കാം.

പാലക്കാട് പാര്‍ട്ടി പ്ലീനത്തിലാണ് നേതാക്കളുടെയും അണികളുടേയും കുടുംബങ്ങളെക്കുറിച്ചും മര്യാദകളെക്കുറിച്ചുമൊക്കെ പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനമൊക്കെ എടുത്തത്. സിപിഎമ്മിലെ രണ്ടോ മൂന്നോ കുടുംബങ്ങളെ മാത്രം ഉദ്ദേശിച്ചാണ് ആ ചര്‍ച്ചയെന്നൊക്കെ വിമര്‍ശകര്‍ പറഞ്ഞെങ്കിലും അത് ശരിയല്ലാന്ന് തോന്നുന്നു. 

ഏതായാലും ബിനീഷ് കോടിയേരി ചോദ്യം ചെയ്യാനായി ഹാജരാകാന്‍ വരുമ്പോള്‍ മാധ്യമപ്പട കൂടെ പോയില്ലെന്നും ചേസിങ് നടത്തിയില്ലെന്നും വ്യാപകമായ ആക്ഷേപം സഖാക്കള്‍ ഉന്നയിക്കുന്നില്ലെങ്കിലും ഉള്ളില്‍ ആ വിഷമം നല്ലോണം ഉണ്ട്. പാര്‍ട്ടി സെക്രട്ടറിയുടെ മകനായിട്ടും കേരളത്തിലെ മാധ്യമങ്ങള്‍ ഇത്തരത്തില്‍ അവഗണിക്കുന്നതിനെതിരെ സൈബര്‍ ലോകത്ത് പോരാട്ടം ശക്തമാക്കുന്നതിന് പുതിയ ക്യാപ്സൂളുകള്‍ വിതരണം ചെയ്യാന്‍ തത്വത്തില്‍ പാര്‍ട്ടി തീരുമമെടുത്തിട്ടുണ്ട്.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...