ആരോഗ്യം നോക്കി പൊലീസ്; കേസന്വേഷിച്ച് മാധ്യമങ്ങള്‍; വാര്‍ത്ത വായിച്ച് മുഖ്യന്‍

thiruva
SHARE

കേരള പൊലീസിന്‍റെ നിലവിലെ പോക്ക് കണ്ടിട്ട് കേരളത്തില്‍ കേസും കൂട്ടവും നോക്കാന്‍ പിണറായി സര്‍ക്കാര്‍ വല്ല കണ്‍സല്‍ട്ടന്‍സിയേയോ മറ്റോ ഏല്‍പിച്ചതായി വേണം അനുമാനിക്കാന്‍.  

വിചിത്രമായ ഇതുവരെ ആരും സഞ്ചരിച്ചിട്ടില്ലാത്ത വഴിയിലൂടെയാണ് കേരള പൊലീസ് യാത്ര തുടരുന്നത്. കേരള പൊലീസിന്‍റെ അസാധാരണമായ കഴിവുകള്‍ ലോകം കണ്ടത് ഈ കോവിഡ് കാലത്താണ്. അല്ലെങ്കിലും പിണറായി സര്‍ക്കാര്‍ അധികാരമേറ്റതില്‍ പിന്നെ പൊലീസ് ഒരു സംഭവമായി മാറിയിരുന്നു. ആദ്യം ഒരു ഡിജിപി. പിന്നെ ഇടയ്ക്ക് കുറച്ച് ദിവസത്തേക്ക് കോടതിയില്‍ പോയി വന്ന ഒരു ഡിജിപി, അങ്ങേര് മാറിയപ്പോള്‍  വീണ്ടും പഴയ ഡിജിപി അങ്ങനെ മാറ്റങ്ങള്‍‌ വരെ ഉണ്ടായ വകുപ്പ് ആണ്.  സ്വര്‍ണക്കടത്തും മറ്റ് ആരോപണങ്ങളും വരുന്നതിന് മുമ്പ് പിണറായിക്ക് എന്തെങ്കിലുമൊരു തലവേദന കൊടുക്കാന്‍ ശ്രദ്ധിച്ചിരുന്നു ഇക്കൂട്ടര്‍. അതിനു പുറമേയായിരുന്നു ട്രോള്‍ ഉണ്ടാക്കുക, തമാശ വിഡിയോ ഉണ്ടാക്കുക, പൊട്ടിച്ചിരിപ്പിക്കാന്‍ ഉതകുന്ന തരത്തില്‍ കമന്‍റുകള്‍ക്ക് മറുപടി കൊടുക്കുക എന്നതൊക്കെ.

കാക്കിയിട്ട കപ്പടാ മീശക്കാരനായ പേടി രൂപം പൊലീസ് മാമനായി മാറുന്നതിനാണ് നാം സാക്ഷ്യം വഹിച്ചത്. പക്ഷേ വന്നുവന്ന് കേസുമാത്രം ഇവര്‍ ഇപ്പോ നോക്കാറില്ല,  കലാപരിപാടികളാണ് മൊത്തം. അതിലേറ്റവും പുതിയതാണ് തിരുവോണത്തിന് 14 ദിവസം മുമ്പ് പാതാളത്തുനിന്ന് മാവേലിയെ ഫോണ്‍ ചെയ്ത് നേരത്തെ വിളിച്ചുവരുത്തിയ പൊലീസ് നടപടി. 

സംഗതി അത്ഭുതവും അന്ധാളിപ്പും നല്‍കുന്ന ഒരേര്‍പ്പാടാണ്. കോവിഡിനെ നിയന്ത്രിക്കാന്‍ ലാത്തിയും തോക്കുമായി യൂണിഫോമിട്ട് ആളുകളെ ലോകത്ത് തന്നെ ഏല്‍പിച്ച ആദ്യത്തേതും അവസാനത്തേതുമായ നാട് നമ്മുടെ ഈ കേരളമാണ്. ഇവിടെ മൊത്തം വെറൈറ്റിയാണ്. കേസന്വേഷിക്കേണ്ട പൊലീസ് ആരോഗ്യമേഖല നോക്കും. കേസന്വേഷണവും കണ്ടെത്തലും മാധ്യമങ്ങളുടെ ജോലിയാണ്. അപ്പോ വാര്‍ത്താ വായന ആരുടേതെന്ന് ചോദിച്ചാല്‍ അത് വൈകീട്ട് ആറുമണിക്കുള്ള ഒരു വായനാപരിപാടിയാണ്. ഇങ്ങനെ മൊത്തം വേറിട്ടവഴിയിലൂടെ സഞ്ചരിക്കുമ്പോഴാണ് ഓണമെത്തുന്നത്. അപ്പോ ഓണാഘോഷവും പൊലീസ് ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. നോക്കൂ എത്രമനോഹരമായാണ് മാവേലിയും കമ്മിഷണറും തമ്മിലുള്ള ചാറ്റ് ഷോ. നാടകമാണെന്ന് തോന്നുകയേയില്ല. 

ഇതെല്ലാം ബഹ്റയുടെ ഐഡിയകളാണ്. ഐഡിയകളെകൊണ്ട് പിണറായി സഖാവിനെ ഈ ലോകനാഥന്‍ വീര്‍പ്പുമുട്ടിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം നാലര കഴിഞ്ഞു. സഖാവിനാണെങ്കില്‍ ഇത്തരം കുല്‍സിത ബുദ്ധികളൊക്കെ വളരെ ഇഷ്ടവുമാണ്. കൈയ്യടിച്ച് പ്രോല്‍സാഹിപ്പിക്കും. പൊലീസിന് വീഴ്ച പറ്റിയെന്ന് പലവട്ടം നിയസഭയില്‍ പറയേണ്ടി വന്നിട്ടുണ്ടെങ്കിലും അതൊക്കെ ഒരു വാല്‍സല്യത്തിന്‍റെ പുറത്ത് മറികടന്നിട്ടുണ്ട്. പക്ഷേ ഇതൊക്കെ കാണുമ്പോള്‍ എന്‍റെ സംശയം അതല്ല. പൊലീസ് രാജ് എന്നും പൊലീസ് വേട്ട എന്നും പറഞ്ഞ് പൊലീസിന്‍റെ കൈയ്യില്‍ നിന്ന് ഒരു കാലത്ത് വല്ലാതെ അനുഭവിച്ചിട്ടുള്ള ആളാണ് സഖാവ് പിണറായി വിജയന്‍. ആ കലിപ്പ് ഒക്കെ മനസില്‍ വച്ചാണോ ആവോ ഒരവസരം കിട്ടിയപ്പോ പൊലീസിനെ കൊണ്ട്  ഇങ്ങനെ ചാടിക്കളിപ്പിക്കുന്നത്. 

അങ്ങനെ പറയരുത്. ഇതിനൊക്കെയാണ് ഇവിടെ പൊലീസ്. അവര്‍ ഡാന്‍സ് ചെയ്യും, ട്രോള്‍ ഇറക്കും, ആളുകളെ ചിരിപ്പിക്കും... അങ്ങനെ മൊത്തം കലാപരിപാടിയാണ് പിണറായി കാലത്തെ പൊലീസ് രാജ്. അല്ലാതെ നിങ്ങളുദ്ദേശിക്കുന്നപോലെ കേസൊക്കെ അന്വേഷിച്ച് അതൊക്കെ കണ്ടെത്തി തെളിയിക്കാന്‍ വേറെ ആളെ നോക്കണം. 

ഇങ്ങനെ സാമൂഹ്യ പ്രതിബദ്ധത കാത്തുസൂക്ഷിക്കുന്ന വേറെ ഏത് ഡിപ്പാര്‍ട്ട്മെന്‍റുണ്ട് കേരളത്തില്‍. മുഖ്യമന്ത്രി തന്നെ നേരിട്ട് കൈകാര്യം ചെയ്യുന്ന പ്രധാനപ്പെട്ട വകുപ്പാണിത്. സംശയം ഇനിയും മാറിയില്ലെങ്കില്‍ ദാ ഈ പാട്ട് കേള്‍ക്ക്. ആകെ രണ്ടോ മൂന്നോ വരി തിരിച്ചും മറിച്ചും പാടുന്ന എന്ന് ആസ്ഥാനകവികളും പാട്ടെഴുത്തുകാരും വിമര്‍ശിക്കുമെങ്കിലും ഇങ്ങനെയൊരു പാട്ടെഴുതാന്‍ ധൈര്യം കാണിച്ച ഒരു ഡിജിപി മുമ്പുണ്ടായിട്ടില്ല ഈ നാട്ടില്‍. ഇത്രേം ധൈര്യം ചാള്‍സ് ശോഭരാജിലൊക്കെയാണ് മുമ്പ് ചിലര്‍ കണ്ടിട്ടുള്ളത്. 

സംഗതി ഇതൊക്കെ ഒരു പൊസിറ്റീവ് സൈന്‍ ആണ്. പൊലീസ് എന്നു കേള്‍ക്കുമ്പോള്‍ ലാത്തി അടി, വെടി, ബഹളം, പേടി എന്നതൊക്കെ മാറി കലാഹൃദയരായ ഒരു പറ്റം സമൂഹ്യപരിഷ്കര്‍ത്താക്കളായി പൊലീസ് മാറുന്ന നാട് എന്ന നിലയില്‍ അഭിമാനിക്കുകയാണ് വേണ്ടത്.  പിന്നെ ബോറടിക്കുമ്പോ ഒരു ഉരുട്ടിക്കൊല, മാധ്യമപ്രവര്‍ത്തകന്‍ കാറിടിച്ച് മരിച്ച കേസില്‍ മദ്യപിച്ച് കാറോടിച്ച ഐഎഎസുകാരന്‍റെ രക്തപരിശോധനയൊക്കെ മദ്യത്തിന്‍റെ കെട്ട് പോകും വരെ വൈകിപ്പിക്കുക തുടങ്ങിയ ചില ബുദ്ധിപരമായ നീക്കങ്ങള്‍ നടത്തും എന്നേയുള്ളു. വേറെ കൊഴപ്പൊന്നും ഇല്ല.

പറഞ്ഞുവന്നത് പൊലീസിന്‍റെ ഇന്‍റലിജന്‍സിന്‍റെ കാര്യത്തില്‍ ഒരു സംശയം പുലര്‍ത്തേണ്ടതില്ല എന്നാണ്. ഇപ്പോ തന്നെ നോക്കൂ... മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്നപ്പോള്‍ ശിവശങ്കര്‍ ആളെങ്ങനെയെന്നൊന്നും മുഖ്യമന്ത്രി അറിഞ്ഞതേയില്ല. ഈ സ്വപ്ന സുരേഷ് പത്താം ക്ലാസ് പാസായിട്ടാണോ വല്യ നിലയിലൊക്കെ ജോലി കൊടുത്തതെന്നും ആരും പിണറായി സഖാവിന് റിപ്പോര്‍ട്ട് കൊടുത്തിട്ടില്ല. 

ശിവശങ്കരനെ ഓഫിസില്‍ നിന്ന് പുറത്താക്കിയെങ്കിലും പോകുന്നതിന് മുമ്പ് ചെയ്ത് കൂട്ടിയവയൊക്കെ പതിയെ പതിയെ ഓരോന്നായി വരുന്നുണ്ട്. ഇടതു സര്‍ക്കാരിന്റെ അഭിമാനപദ്ധതിയൊക്കെയായ ലൈഫ് മിഷന്‍ അപമാന പദ്ധതിയാകുന്ന ലക്ഷണമാണ്  

ഏയ് ഒറ്റയ്ക്കല്ല. ഇപ്പോ കണ്ടില്ലേ മന്ത്രിമാരൊക്കെ വാര്‍ത്താസമ്മേളനം വിളിച്ച് പിണറായി സഖാവിന് ഐകദാര്‍ഢ്യം പ്രഖ്യാപിക്കുന്ന തിരക്കിലാണല്ലോ. രണ്ടുവര്‍ഷത്തെ ഗ്യാപിന് ശേഷം ജി. സുധാകരന്‍ വരെ വന്ന് ശിവശങ്കറെ വഞ്ചകനെന്ന് വിളിച്ചിട്ടുപോയി. ഇപ്പോഴെങ്കിലും അതൊക്കെ തിരിച്ചറിഞ്ഞതു തന്നെ ഭാഗ്യം. ഇതിപ്പോ സ്വര്‍ണക്കള്ളക്കടത്ത് പിടിച്ചതാണ് ആകെ പ്രശ്നമായതെന്ന് തോന്നും ഇവരുടെ ഒക്കെ പറച്ചില്‍ കേട്ടാല്‍. ഇന്നത്തെ ഊഴം കടകംപള്ളിയുടേതാണ്. സ്വര്‍ണമാണല്ലോ വിഷയം. ആ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം കിട്ടാത്തിന്‍റെ കലിപ്പുവരെ ഈ സ്വര്‍ണകടത്തു കേസിന്‍റെ മേല്‍ തീര്‍ക്കുകയാണെന്നു തോന്നുന്നു

എന്നാ പിന്നെ ഒന്നും പേടിക്കേണ്ടതില്ല. പ്രതിപക്ഷത്തിന്‍റെ കുഴപ്പമാണ് ഈ കാണുന്നതൊക്കെ. പ്രതിപക്ഷനേതാവായ രമേശ് ചെന്നിത്തല ഈ സര്‍ക്കാരിന്‍റെ ഐശ്വര്യം എന്ന് പറഞ്ഞവരാണല്ലോ ഈ സഖാക്കള്‍. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...