ഇടവേളയ്ക്ക് ശേഷം സുധാകരൻ; വിഷയം രാമായണവും പിണറായിയും

thiruva-ethirva
SHARE

സാധാരണ കേസുകളെ രാഷ്ട്രീയ പാര്‍ട്ടികള്‍ നേരിടുന്നത് രണ്ടു തരത്തിലാണ്. അതിലാദ്യത്തേത് രാഷ്ട്രീയപരമായി. അത് വേണ്ടത്ര ഏശാതെ വരുമ്പോള്‍ നിയമപരമായി നേരിടും എന്നു പറയും. ഇതു രണ്ടിലും പെടുകയാണെങ്കില്‍ അതൊരു അസാധാരണ സാഹചര്യമാണ്. അത്തരം സാഹചര്യത്തിലൂടെ കേരളത്തിലെ ഭരണമുന്നണി കടന്നുപോകുന്നത്. അതുകൊണ്ട് പുതിയ ഒരു ഐറ്റവുമായാണ് വരവ്. സ്വാഗതം തിരുവാ എതിര്‍വായുടെ ഭക്തിസാന്ദ്രമായ ഒരു എപ്പിസോഡിലേക്ക്. 

കുറെ കാലമായി കാണാത്ത ഒരാളാണ് ഇന്നത്തെ അതിഥി. കേരള രാഷ്ട്രീയത്തിലെ തെറിച്ച വ്യക്തിത്വം. എന്തും ആരുടെ മുഖത്തും നോക്കി പറയുന്ന തന്‍റേടി. സര്‍വോപരി ഒരു കവി. മന്ത്രിയാണ്. പിണറായി വിജയന്‍ സഖാവിന്‍റെ വലംകൈയ്യായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന ആളാണ്. സ്വന്തം ജില്ലയില്‍ നിന്നുള്ള മറ്റൊരു മന്ത്രി കഴിഞ്ഞേ പ്രതിപക്ഷത്തുപോലും ശത്രുക്കളുള്ളു എന്ന് വിശ്വസിക്കുന്ന ആളാണ്. പിണറായി സഖാവും പാര്‍ട്ടിയും സര്‍ക്കാരും പ്രതിസന്ധി നേരിടുന്ന സവിശേഷ സാഹചര്യത്തില്‍ രണ്ടു കൊല്ലത്തിന്‍റെ മൗനം വെടിഞ്ഞു മാധ്യമസമ്മേളനത്തിന് വന്നിരിക്കുകയാണ് കക്ഷി. 

വളരെ സന്തോഷം. അടുത്ത കാലത്തൊന്നും മന്ത്രിസഭയിലെ ആരും ഇങ്ങനെയൊന്നും മാധ്യമപ്രവര്‍ത്തകരോട് മിണ്ടിയിട്ടില്ല. അങ്ങ് തുടര്‍ന്നാട്ടെ. ഇങ്ങനെ കണ്ണുനനയിപ്പിക്കരുത്. ഇത്രേം വിനയം ഒന്നും വേണ്ട സഖാവേ... അങ്ങ് തുടരൂ. എന്നാലും എവി‍ടെയായിരുന്നു ഇത്രേം കാലം.? 

ഏന്തായാലും സ്റ്റേറ്റ്സ്മെന്‍റുകള്‍ ഒഴിവാക്കി മാധ്യമപ്രവര്‍ത്തകരെ നേരിട്ട് കാണാനുള്ള അങ്ങയുടെ തീരുമാനത്തെ ധീരതയെന്ന് വിശേഷിപ്പിക്കട്ടെ. പ്രത്യേകിച്ചും ഇപ്പോഴത്തെ സാഹചര്യത്തില്‍. ഇതിനൊക്കെ മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തില്‍ പോകേണ്ടി വന്നു... ലേ. ഏതായാലും എഴുതി കൊണ്ടുവന്ന് വായിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ വല്ലോം ആണ് ഉദ്ദേശ്യമെങ്കില്‍ സ്റ്റേറ്റ്മെന്‍റുകള്‍ അഥവാ വാര്‍ത്താക്കുറിപ്പുകള്‍ തന്നെ മതി. ആരെങ്കിലും ഒരാള്‍ വായിച്ചാമതിയല്ലോ. വായിക്കുന്നത് കേള്‍ക്കുന്നതിനേക്കാള്‍ നല്ലതല്ലേ. അതീ ആറുമണി വായന കണ്ട ആളുകള്‍ക്ക് ബോറടിയുമായിരിക്കും. 

വളരെ സന്തോഷം. അത്രേം ഘടനയൊക്കെ മതി. എത്രയായാലും ഒരു കവിയുടെ പറച്ചിലുകളല്ലേ... ഭാഷയുടെ മികവിനെ സംബന്ധിച്ച് നമുക്കൊരു സംശയവും ഇല്ല.

അപ്പോ അതാണ് കാര്യം. ഇത്തരം സ്തുതിഗീതങ്ങളൊന്നും എന്തുകൊണ്ടും എഴുതി കൊടുത്താല്‍ ശരിയാവില്ല. അത് ഉള്ളീന്നു തന്നെ വരണം. പിന്നെ വാര്‍ത്താക്കുറിപ്പ് അയച്ചാല്‍ ഒരു പത്രവും ചാനലും അത് കൊടുക്കുകയും ഇല്ല. അതിലും ഭേദം ഫെയ്സ്ബുക്ക് പേജില്‍ കുറിപ്പ് ഇടുന്നത് തന്നെയാണ്. ചുരുങ്ങിയത് സൈബര്‍ ലോകത്തെ വിപ്ലവകാരികളെങ്കിലും വായിക്കും ലൈക്കടിക്കും ഷെയറും ചെയ്യും. അപ്പോ അതൊന്നും പോര എന്നു തോന്നിയപ്പോഴാണ് സുധാകരന്‍ സഖാവ് ഇങ്ങനെയൊരു കടുംകൈ ചെയ്യാന്‍ തീരുമാനിച്ചത്.

രാമായണവും സഖാക്കളും എന്നൊരു പ്രത്യേക വിഷയത്തിലേക്ക് നമുക്കൊന്നു ചെല്ലേണ്ടതുണ്ട്. ചിങ്ങം ഒന്നിന് കര്‍ക്കടകമാസത്തെ കുറിച്ച് പറയാന്‍ തീരുമാനിച്ചതു തന്നെ വളരെ മികച്ചൊരുനീക്കമായി വേണം വിലയിരുത്താന്‍. മാത്രവുമല്ല, ഈ രാമാണയത്തിലെ കഥാസാഹചര്യവുമായി അടുത്ത് നില്‍ക്കുന്ന ഒട്ടേറെ സന്ദര്‍ഭങ്ങള്‍ ഇപ്പോള്‍ സിപിഎം എന്ന ബഹുജന രാഷ്ട്രീയ പാര്‍ട്ടിക്കുണ്ട്. രാമനും രാവണവും ആരാന്ന് അറിയില്ലെങ്കിലും വാനരസേനയ്ക്ക് തുല്യമായ ഒരു സംഘം പാര്‍ട്ടിക്കുണ്ടെന്ന് സമീപകാല സംഭവങ്ങളില്‍ നിന്ന് നമുക്ക് മനസിലായ ഒന്നാണ്. രാമനുവേണ്ടി എന്തും ചെയ്യുന്നവരാണല്ലോ ഈ വാനരസംഘം. ഇവിടെ പക്ഷേ അത് സൈബര്‍ ഇടങ്ങളിലാണെന്നു മാത്രം. അതുപോലെ മുദ്രമോതിരത്തിന് പകരം ഇഷ്ടംപോലെ സ്വര്‍ണവും ഉണ്ട്.  കാലം മാറിയപ്പോ കോലവും മാറി എന്നേയുള്ളു. ഇതൊക്കെ അറിയുന്നതുകൊണ്ടാവണം പുതുതലമുറയിലെ പേരുകേട്ട സഖാവ് എം. സ്വരാജ് രാമായണപ്രഭാഷണത്തിനൊക്കെ മുതിര്‍ന്നത് തന്നെ. 

പറഞ്ഞുവരുന്നതെന്താണെന്ന് മനസിലായി. ഒത്തിരി ആമുഖം ഇനി വേണ്ട. ആമുഖമൊഴിവാക്കി സംസാരിക്കുന്നതാണല്ലോ ഉചിതം. പെട്ടെന്ന് കാര്യത്തിലേക്ക് പോരട്ടെ. 

ഹിംസ. അതിനെതിരെ രാമായണം ഉയര്‍ത്തിപ്പിടിക്കാന്‍ പറ്റിയ ഒന്നുതന്നെയാണ്. ഗാന്ധിജിയുെട രാമനൊക്ക അതായിരുന്നല്ലോ. ഈ പറഞ്ഞ ധര്‍മം, നീതി, മൂല്യബോധം ഇതൊക്കെ രാമനില്‍ കണ്ടിരുന്നു അദ്ദേഹം. പക്ഷേ കേരളത്തില്‍ രാമായണം വ്യാഖ്യാനിക്കാന്‍ ശ്രമിച്ചാല്‍ വാലിന് തീപിടിച്ച വാനരുടെ അവസ്ഥയാണ് എളുപ്പത്തില്‍ മനസിലേക്ക് വരിക. വാലിന് തീപിടിച്ചാല്‍ വലിയൊരു പ്രശ്നമുണ്ട്. തോന്നുന്നതൊക്കെ ചെയ്തുപോവും. ഒട്ടും വകതിരുവുണ്ടാവില്ല. എല്ലായിടത്തും തീപിടിപ്പിച്ച് ചുട്ടെരിക്കുക എന്ന ഉദ്ദേശ്യം മാത്രമേ ഉണ്ടാവൂ.

ഇതിപ്പോ തുടക്കത്തില്‍ പറഞ്ഞപോലെ ഒരു അസാധാരണ സാഹചര്യത്തെ നേരിടാനുള്ള ശ്രമമാണ്. ആരോപണങ്ങളും കേസുകളും കുറെയുണ്ട്. എന്‍ഐഎ, കസ്റ്റംസ്, ഇഡി തുടങ്ങി ഇനി സിബിഐ മാത്രമേ അന്വേഷിക്കാന്‍ വരേണ്ടതുള്ളു. ആ നേരത്ത് രാഷ്ട്രീയപരമായും നിയമപരമായും നേരിട്ടിട്ടൊന്നും വല്യ ഗുണം കാണാത്തതിനാലാവണം അദ്ധ്യാത്മികമായി കേസുകളെ നേരിടാന്‍ സിപിഎം തീരുമാനിച്ചത്. 

സംഗതി സഖാക്കള്‍ക്ക് പിണറായി വിജയന്‍ രാമനായും ശിവശങ്കറിനെ സീതയായും ഒക്കെ കാണാന്‍ പറ്റു. പക്ഷേ ധാര്‍മികയുടെ പേരില്‍ വനവാസത്തിനുപോയ രാമന്‍റെ കഥപറയുന്ന ആരണ്യകാണ്ഡം കമ്മ്യൂണിസ്റ്റ് വായനയില്‍ വിട്ടുപോകാതിരിക്കാന്‍ ശ്രദ്ധിക്കണം. പുറത്ത് പറയൊന്നും വേണ്ട. മനസില്‍ വച്ചാമതി. പിന്നെ ജന്‍മാഷ്ടമി ആഘോഷിക്കുന്നതിന്‍റേയും പാര്‍ട്ടി സമ്മേളനത്തില്‍ വിപ്ലവ നേതാക്കള്‍ക്കൊപ്പം യേശുക്രിസ്തുവിന്‍റെ ഫോട്ടോ തൂക്കിയതിന്‍റേയും ബാക്കിയായി രാമനെ കാണുന്നതില്‍ തെറ്റൊന്നും പറയാനൊക്കില്ല. 

ജി. സുധാകരന്‍ നേരിട്ട് രംഗത്തെത്തിയത് തന്നെ ഇങ്ങനെയൊക്കെ പറയാന്‍ ഏറ്റാണെന്ന് ഇനി പ്രത്യേകിച്ച് എടുത്ത് പറയേണ്ട കാര്യമില്ലല്ലോ. ഇങ്ങനെയൊരു ലക്ഷ്ണനെ കിട്ടാന്‍ ചില്ലറ ഭാഗ്യം ചെയ്താലൊന്നും പോര രാമന്‍ സഖാവ്. ചുരുങ്ങിയത്  ഒരു പതിറ്റാണ്ടിലധികം കാലം പാര്‍ട്ടി സെക്രട്ടറിയായൊക്കെ ഇരിക്കണം.

കവിയായിപ്പോയില്ലേ. സൗന്ദര്യാസ്വാദനത്തിന്‍റെ അസ്ക്യത കുറച്ച് ഇല്ലാതില്ല. സുന്ദരമായ നല്ലൊരു നാളെ ആശംസിക്കാനേ തല്‍ക്കാലം ആഗ്രഹിക്കുന്നുള്ളു. ചിങ്ങമാസം ആയതുകൊണ്ട് കൂടുതല്‍ രാമായണപാരായണത്തിന് ഇനി സ്കോപ്പൊന്നും കാണുന്നുമില്ല.  അപ്പോ ഇന്നത്തേക്ക് വിട. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...