'ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട'; മുഖ്യമന്ത്രി പഠിപ്പിക്കുന്ന മലയാളം

thiruvapinarayi
SHARE

മലയാള ഭാഷയുടെ ഭംഗിയും ചാരുതയും ആ ഭാഷ ഒളിപ്പിച്ചുവച്ച വലിയ അര്‍ഥങ്ങളും ഒന്ന് പൊടിതട്ടിയെടുക്കാന്‍ ശ്രമിക്കുകയാണിവിടെ. ഏതായാലും ഓണ്‍ലൈന്‍ ക്ലാസിന്‍റെ കാലമാണല്ലോ. എങ്കില്‍ നമുക്കും അങ്ങനെയാവാം. സ്വാഗതം തിരുവാ എതിര്‍വായുടെ ഒരു ഭാഷാ ക്ലാസിലേക്ക്.

ഒരു നാടിന്‍റെ സംസ്കാരവും ശീലവുമെല്ലാം ആ നാടിന്‍റെ മാതൃഭാഷയിലാണ് എന്നാണല്ലോ ഭാഷാപണ്ഡിതര്‍ പറയുന്നത്. തമിഴ്നാടിനെ ശ്രദ്ധിച്ചു നോക്കിയാല്‍ കാണാം, എന്തു ഇംഗ്ലീഷ് വാക്ക് വന്നാലും അതിനെ തമിഴില്‍ മൊഴിമാറ്റിക്കളയും. അങ്ങനെയാണ് പൊലീസിന് കാവല്‍ എന്നും ഫോണിന് തൊലൈപ്പേച്ചി എന്നൊക്കെ അവര്‍ പറയുന്നത്. നമ്മള്‌ പക്ഷേ അത്തരം അക്രമങ്ങള്‍ക്കൊന്നും മുതിരാറില്ല. ഒന്നാമത് അത് അതിക്രമമാവും. അത് ഭരണഭാഷ മലയാളത്തിലായപ്പോള്‍ ചിലരൊക്കെ അറിഞ്ഞിട്ടുമുണ്ടാകും. പക്ഷേ നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്‍ മലയാള ഭാഷാ വ്യാകരണത്തില്‍ കൈവയ്ക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായ ഒരുനേതാവാണ്. ഇപ്പോള്‍ മുഖ്യമന്ത്രിയാവുന്നതിനൊക്കെ വളരെ പണ്ട്, അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്നകാലത്ത് ചില അഴിമതി ആരോപണങ്ങള്‍ വന്നപ്പോള്‍ ആണ് അന്ന് ചില ഭാഷാപ്രയോഗങ്ങള്‍ കേട്ടത്. ആറ്റിക്കുറുക്കി ഒറ്റവാക്കില്‍ അദ്ദേഹം മറുപടി പറഞ്ഞുകളയും. അത് ചിലപ്പോ പഴഞ്ചൊല്ലാകാം, കടംങ്കഥയും ഒക്കെയാവാം.

പുതിയ ന്യൂജന്‍ കുട്ടി സഖാക്കള്‍ക്ക് ഈ ഭാഷാപാണ്ഡിത്യം ഈ കോവിഡ് കാലത്ത് പരിചയപ്പെടാനും ആയി. ഒന്നാമത് ഈ കോവിഡിനെ മഹാമാരിയാക്കുന്നത് തന്നെ ഇത്തരം പുതിയ പുതിയ വാക്കുകള്‍ പഠിക്കേണ്ടി വന്നു എന്നതാണ്. ക്വാറന്‍റീന്‍, ബ്രേക്ക് ദ ചെയിന്‍, സാനിറ്റൈസര്‍ തുടങ്ങി അതിനിടയിലാണ് മലയാളത്തിലെ ചൊല്ലുകള്‍ വരെ കേട്ടത്. അതും മുഖ്യമന്ത്രി വക. അതില്‍ ആദ്യത്തേത് ഈ മടിയില്‍ കനം സംബന്ധിച്ചായിരുന്നു. സ്പ്രിംങ്ക്ളര്‍ വിവാദം വന്നപ്പോ. ചുരക്കം പറഞ്ഞാല്‍ മടി എന്നുവച്ചാല്‍ മടിപ്പിടിച്ചിരിക്കുന്ന ആ മടിയല്ലാതെ വേറെയും മടി നമ്മുടെ മലയാളത്തില്‍ ഉണ്ടെന്ന് പുതുതലമുറയ്ക്ക മനസിലാക്കാന്‍ സാധിച്ചു. ഇത്തരം ഒരു ഓണ്‍ലൈന്‍ ക്ലാസിന്‍റെ സാധ്യത കൂടി വാര്‍ത്താസമ്മേളനങ്ങള്‍ക്കുണ്ട് എന്ന തിരിച്ചറിവില്‍ പുതിയ പുതിയ പഴംച്ചൊല്ലുകള്‍ പഠിച്ച് അവതരിപ്പിക്കാനും ക്ലാസുകള്‍ എന്‍റര്‍ടെയിനിങ് ആക്കാനും ആണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ പിണറായി സഖാവിന്‍റെ തീരുമാനം.

ഈ അവസരത്തില്‍ പറയാന്‍ പാടുണ്ടോ എന്നറിയില്ല. തിരുവാ എതിര്‍വായെ ബഹിഷ്കരിക്കില്ല എന്ന് കരുതി പറയാണ്. ഒന്നുരണ്ട് സജഷനുകള്‍ നമ്മുടെ വകയുമുണ്ട്. അതിലൊന്ന് ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട.....ഹോള്‍ഡ്... മനസിലായെന്ന് കരുതുന്നു. നല്ല ചങ്ങാതിമാരെ കൂടെ കൂട്ടിയില്ലെങ്കില്‍ പണികിട്ടുമെന്ന് നാട്ടുകാര്‍ക്ക് മൊത്തം മനസിലായ ഒരു സാഹചര്യത്തിലൂടെയാണല്ലോ ഈ നാട് കടന്നുപോകുന്നത്. രണ്ടാമത്തേത്, മോന്തായം വള​​ഞ്ഞാല്‍ അറുപത്തിനാലും എന്നൊരു ചൊല്ലുകൂടിയുണ്ട്. എന്നുവച്ചാല്‍ ഈ മോന്തായം വളഞ്ഞുകിടന്നാല്‍ അതുമായി ബന്ധപ്പെട്ടുകിടക്കുന്ന കഴുക്കോലുകള്‍ നേരെയാവണമെന്ന് നിര്‍ബന്ധം പിടിക്കുന്നതില്‍ വലിയ കാര്യമില്ല എന്നതാണ്. സംസ്ഥാനഭരണത്തിന്‍റെ മോന്തായമാണല്ലോ മുഖ്യമന്ത്രിയുടെ ഓഫിസ്. അപ്പോ പിന്നെ ബാക്കിയുള്ളവയുടെ കാര്യത്തില്‍ നമുക്കൊരു നിര്‍ബന്ധവും പാടില്ല. 

ഈ ചൊല്ലുകൊണ്ടൊക്കെ വല്ല കാര്യവുമുണ്ടോ എന്ന് നോക്കാം. ഇതിങ്ങനെ പറഞ്ഞതുകൊണ്ട് എന്‍ഐഎയ്ക്ക് കാര്യമൊന്നും മനസിലാവാന്‍ പോകുന്നില്ല. ഇനി കോടതിയില്‍ പോയി വാദിക്കാമെന്ന് വച്ചാല്‍ അവിടെ ഈ പഴംച്ചൊല്ലുകള്‍ പറയാന്‍ പൊയിട്ട് ഒരു കാര്യവുമില്ല. ആകെ ഗുണം നേരത്തെ പറഞ്ഞപോലെ ഇതൊരു ഭാഷാപഠനത്തിന്‍റെ ഓണ്‍ലൈന്‍ ക്ലാസായി കണ്ടാമതി എന്നുമാത്രമാണ്. പ്രതിപക്ഷത്തിന് വേണെങ്കില്‍ മുഖ്യമന്ത്രി ഉപയോഗിക്കാത്ത മറ്റ് ചില അര്‍ഥഗര്‍ഭമായ വാചകങ്ങളും തേടിപ്പോകാം.

ആ വിഷമം മനസിലാവും. എന്നാലും നമ്മുടെ മുഖ്യമന്ത്രിയെ പ്രതിപക്ഷം വരെ തെറ്റായാണ് മനസിലാക്കിയതെന്ന് ഇപ്പോഴാണ് മനസിലായത്. രമേശ് ചെന്നിത്തലയൊക്കെ പറയുന്നത് കണ്ടില്ലേ. ഒരു വില്ലാളി വീരനായി കണ്ടുപോലും. അല്ലെങ്കിലും ഈ വാഴ്ത്തുപാട്ടുകാരുണ്ടാക്കുന്ന ഒരു പ്രശ്നമാണിത്. ചുമ്മാ ഒരു മനുഷ്യനെ കയറി ഹീറോയാക്കിക്കളയും. പിന്നെ ആരാധനയായി, പാലഭിഷേകമായി. വ്യക്ത്യാരാധന പാര്‍ട്ടി നയപരിപാടികള്‍ക്കെതിരാണെങ്കിലും അടവുനയമായി ചിലരുടെ കാര്യത്തില്‍ പയറ്റുന്നതില്‍ തെറ്റില്ലെന്നാണ് അണികളും ഫാന്‍സും പറയുന്നത്. പക്ഷേ എന്നാലും ഒരു മയത്തിലൊക്കെ വേണ്ടേ.... ഇല്ലെങ്കില്‍ എല്ലാം ബൂമറാങ് പോലെ തിരിച്ചടിക്കും. ഒരു മയവും കാണില്ല. അനുഭവിക്ക തന്നെ.

മനസ് ശാന്തമല്ലെങ്കില്‍ അത് പെരുമാറ്റത്തെ ബാധിക്കും. ദേഷ്യമായിരിക്കും മൊത്തത്തില്‍. അപ്പോഴാണ് അങ്ങ് കേന്ദ്രത്തിലെ മോദിജിയെപ്പോലെയൊക്കെ പ്രതിപക്ഷത്തോട് ചോദ്യങ്ങളൊക്കെ ചോദിച്ച് തുടങ്ങുക. അവിടെ അങ്ങനെയാണല്ലോ... പ്രതിപക്ഷം ഭരണത്തെ വിമര്‍ശിച്ചാല്‍ പ്രതിപക്ഷം എന്താണ് ചെയ്തതെന്ന് തിരിച്ച് ചോദിച്ചുകളയും. അതാണ് ഉത്തരേന്ത്യന്‍ പൊലിറ്റിക്സ്. ഇനിയിപ്പോ അതൊന്നും കാണാന്‍ ഉത്തരേന്ത്യയിലേക്ക് പോകേണ്ട കാര്യമില്ല. 

അതേതായാലും നന്നായി. രണ്ടുമൂന്നുമാസം മുമ്പ് മറുനാടന്‍ തൊഴിലാളികളൊക്കെ ലോക് ഡൗണ്‍ കാലത്ത് നൂറുകണക്കിന് കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് കൂട്ടമായി നടന്നുപോകുന്നത് കണ്ടപ്പോള്‍ രാഹുല്‍ ഗാന്ധി സര്‍ക്കാര്‍ എന്തെടുക്കുകയാണെന്ന് ചോദിച്ചേ ഉള്ളു. ഉത്തരമായി കിട്ടിയത് മറുചോദ്യമാണ്. പ്രതിപക്ഷം എന്താണ് ചെയ്തത്? അതൊന്നും ഓര്‍മയില്ലെങ്കില്‍ സാമൂഹ്യമാധ്യമങ്ങളിലെ സൈബര്‍ പോരാളികളുടെ വോളിലൂടെ ഒന്ന് താഴേക്ക് പോയി നോക്കിയാല്‍ മതി. ഇതിനെതിരെ താത്വിക പോസ്റ്റിട്ടത് കാണാം.

അത് കൊള്ളാം. അല്ലേ. രാഷ്ട്രീയം കളിക്കാന്‍ അല്ലെങ്കിലും ങ്ങള് രണ്ട് കൂട്ടരും വളരെ മികച്ചവര്‍ തന്നെയാണ്. മറിച്ചൊരു അഭിപ്രായം ഒരു സാമാന്യ ബോധമുള്ള മലയാളിക്ക് ഒരു തരത്തിലും ഉണ്ടാവാന്‍ ഇടയില്ല. പരിപാടി ബഹിഷ്കരിക്കില്ലെങ്കില്‍ ഇടവേളയ്ക്ക് ശേഷം കാണാം. 

സംഭവത്തിന്‍റെ കിടപ്പുവച്ച് നോക്കിയാല്‍... ഏത് സംഭവം എന്നായിരിക്കും. നിലവിലെ സ്വര്‍ണക്കടത്തും ഒക്കെയായി ഉള്ള കാര്യമാണ് പറയുന്നത്. അതൊക്കെ വച്ച് നോക്കിയാല്‍ എം. ശിവശങ്കറിന്‍റെ ഓഫിസിലെ വെറുമൊരു മുഖ്യമന്ത്രിയാണ് ശ്രീ പിണറായി വിജയന്‍ എന്നു പറയേണ്ടിവരും. സകല കൊള്ളരുതായ്മകളും കേള്‍ക്കുമ്പോള്‍ വേറെന്ത് തോന്നാനാണ്. പറഞ്ഞ് പറഞ്ഞ് വരുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെ കുറിച്ച് വലിയ ധാരണയൊന്നും ഇല്ലാത്ത ഏക വ്യക്തി പിണറായി സഖാവാണെന്നേ തോന്നൂ. ആളൊരു നിഷ്കളങ്കനായതുകൊണ്ടാവും. എല്ലാവരേയും വിശ്വസിച്ചു. ഇതിപ്പോ ആഭ്യന്തര വകുപ്പിന് കീഴിലെ ഡിജിപി ആണല്ലോ ആ കോണ്‍സുലേറ്റ് അറ്റാഷെയ്ക്ക് ബോര്‍ഡ് ഗാര്‍ഡിനെ വരെ നല്‍കിയത്. നാട്ടുകാര്‍ക്ക് രക്ഷയില്ലെങ്കിലും അറ്റാഷെയെ സംരക്ഷിച്ചിരിക്കും എന്നാണ് ബഹ്റാജിയുടെ ഉറച്ച തീരുമാനം.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വരും. പഴയ ആഭ്യന്തര മന്ത്രിയാണ്. സോളര്‍ കേസില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഉറ്റവനായ ജോപ്പനെ അറസ്റ്റ് ചെയ്ത പൊലീസ് തിരുവഞ്ചൂരിന്‍റേതായിരുന്നു. ജോപ്പന്‍മാര്‍ ഇപ്പോഴുമുണ്ടല്ലോ പേരു മാറിയെന്നല്ലേയുള്ളു.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...