കോവിഡ് മുക്തം കേരള രാഷ്ട്രീയം; വടിയെടുത്ത് അടിച്ച് കോൺഗ്രസ്

thiruva-30
SHARE

കോവിഡില്‍ നിന്ന് കേരളവും മലയാളികളും മുക്തരായില്ലെങ്കിലും കേരള രാഷ്ട്രീയം പൂര്‍ണമായും അതിജീവിച്ചു എന്നുവേണം മനസിലാക്കാന്‍. അതുകൊണ്ടാണ് യുഡിഎഫിന് ഘടകക്ഷിയായ കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗത്തെ മാറ്റിനിര്‍ത്താനൊക്കെ പറ്റുന്നത്. പറഞ്ഞുവരുമ്പോള്‍ അതും ഒരുതരം ക്വാറന്‍റീനാണ്. നിലവിലെ പിടിവാശി വൈറസ്ബാധ മാറുന്നതുവരെ മാറിനില്‍ക്ക് എന്ന ലൈന്‍.   കുറെ അധികം വലിച്ചാല്‍ റബര്‍ പൊട്ടിപോവുമെന്ന് ജോസ്. കെ മാണിക്ക് മനസിലായതും ഇന്നലെയാണ്. സ്വാഗതം കോവിഡ് മുക്ത കേരള രാഷ്ട്രീയത്തിലേക്ക്... 

കോവിഡ് 19ന്‍റെ സകല ദുരന്തങ്ങളും ഏറ്റുവാങ്ങുന്നുവരാണ് കേരള കോണ്‍ഗ്രസുകാര്‍ ഒഴിച്ച് ലോകത്തെ സകലമാന മനുഷ്യരും.  കേരള കോണ്‍ഗ്രസുകാരെ സംബന്ധിച്ച് പഞ്ചായത്ത് തൊട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം എങ്ങനെ കൈപ്പിടിയിലൊതുക്കാം അധികാരത്തില്‍ തുടരാം എന്നേയുള്ളു. അധികാരമോഹത്തില്‍ കവിഞ്ഞൊരു മോഹം ഒരുകാലത്തും പ്രത്യക്ഷത്തില്‍ പ്രകടിപ്പിക്കാത്തവരാണവര്‍. വലിയ രാഷ്ട്രീയമൊന്നും വേണ്ട, പറ്റുന്ന സമയത്ത് പറ്റുന്ന മുന്നണിയുടെ ഭാഗമായി നിന്ന് വല്ലോ കിട്ടിയാല്‍ അതിങ്ങ് പോരട്ടെ എന്നേ കരുതാറുള്ളു. വലിയ പ്രത്യയശാസ്ത്ര ബാധ്യതയൊന്നും ഒട്ടും ഇല്ല. ആ നിലയ്ക്കാണ് ഈ കൊറോണ വൈറസ് പടര്‍ന്ന കാലത്തും മുന്നോട്ട് പോയത്. വൈറസ് വരും പോകും, അധികാരം പക്ഷേ കിട്ടുമ്പോ പിടിച്ചോണം എന്നാണ് നിലപാട്. അങ്ങനെ ഉചിതമായ സമയത്ത് ഉചിതമായ നിലപാട് എടുക്കുന്ന കേരളത്തിലെ ഏക പാര്‍ട്ടിയുടെ ഒരു കഷ്ണത്തിനെ യുഡിഎഫ് മാറ്റിനിര്‍ത്തി. 

പുറത്താക്കി എന്ന് പറയാന്‍ സന്ദര്‍ഭവും സാഹചര്യവും അനുവദിക്കാത്തതിനാല്‍ മാറ്റിനിര്‍ത്തുക എന്ന പുതിയൊരു പ്രവണതയാണ് കോണ്‍ഗ്രസ് പയറ്റിയത്. മുന്നണി ചെയര്‍മാന്‍റെ പ്രഖ്യാപനത്തില്‍ യുഡിഎഫ് സ്വയം ‍ഞെട്ടിയിരിക്കുകയാണ്. മുന്നണിയില്‍ നിന്ന് ഒരു പാര്‍ട്ടിവിഭാഗത്തെ പുറത്താക്കുക എന്നതൊന്നും സാധാരണ കോണ്‍ഗ്രസുകാര്‍ക്ക് ചിന്തിക്കാന്‍ പോലും സാധിക്കില്ല. പ്രത്യേകിച്ചും അച്ചടക്കത്തിന്‍റെയും മര്യാദയുടേയും ഒക്കെ കാര്യം പറഞ്ഞ്. ഇവിടെ ഇത്തരം കേസും പറഞ്ഞ് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ഇതൊന്നും നടപ്പില്ല, അപ്പോ പിന്നെ മുന്നണിയിലെങ്കിലും ഒരു പടക്കം പൊട്ടിക്കാമെന്ന് കരുതിയതാവും. അതാവാനേ വഴിയുള്ളു. സംഭവം നടന്നയുടന്‍ കൈ തരിച്ചത് റോഷി അഗസ്റ്റിനാണ്. ജോസിന്‍റെ വലംകൈ. പക്ഷേ റോഷിയുടെ ഇടംകൈയ്യും വലംകൈയ്യും ഒരുപോലെ വിറച്ചു. പിന്നെയൊരു പ്രതികരണമായിരുന്നു. അടുത്ത സുഹൃത്തുക്കളായാല്‍ ഇങ്ങനെത്തന്നെ വേണം. 

ജോസ് കെ മാണിക്ക് വിളിക്കുന്ന മുദ്രാവാക്യത്തില്‍ നിന്ന് വളരെ പെട്ടെന്ന് ജോസിന്‍റെ പിതാവ് കെ.എം.മാണിയിലേക്ക് പോകാന്‍ വല്യതയ്യാറെടുപ്പൊന്നും കേരളകോണ്‍ഗ്രസുകാര്‍ക്ക് വേണ്ട. അത് വിളിക്കാനാണ് അവര്‍ക്കൊക്കെ താല്‍പര്യം. മാര്‍ക്കറ്റ് വാല്യു എന്നൊന്നുണ്ടല്ലോ. അത് മനസിലാക്കിവേണം മുദ്രാവാക്യം പോലും മുഴക്കേണ്ടത്. ട്രാക്ക് മാറ്റി പിടിച്ച നേരത്താണ് ജോസ് കെ മാണി വന്നിറങ്ങുന്നത്. അപ്പോ പിന്നെ കണ്‍ഫ്യൂഷണായോ, ആയി. എങ്കില്‍ ആദ്യം ജോസിനെ ഒന്ന് ഉഷാറാക്കിയിട്ട് മാണിസാറെ പിടിക്കാന്‍ പോകാം. അതാണ് ബുദ്ധി. 

രണ്ടിലയാണല്ലോ കേരള കോണ്‍ഗ്രസിന്‍റെ ചിഹ്നം. അതിപ്പോ ജോസിന്‍റെ കൈയ്യിലില്ല. ഇല രണ്ടും കളഞ്ഞ് വടിയെടുത്ത് കോണ്‍ഗ്രസ് ഇങ്ങനെ കേറി അടിക്കുമെന്ന് ജോസുമോനും കരുതിക്കാണില്ല. മാക്സിമം വലിപ്പിച്ചതാണ്. ഏത് റബറായാലും പരിധി വിട്ട് വലിച്ചുപിടിച്ചാല്‍ പൊട്ടിപ്പോവുമെന്നാണ് ആദ്യം പാഠം. അപ്പോ പുതിയ പാഠമൊക്കെ പഠിച്ച് ജോസ് കെ മാണി ചിലത് പറയാന്‍ വന്നിരിക്കുകയാണ്. ഓര്‍ക്കണം, സങ്കീര്‍ണമാണ് കാര്യങ്ങള്‍. കൂടെ അപ്പനില്ല, ഉപദേശികളില്ല. സ്വന്തം നിലയ്ക്ക് വല്ലതും പറയണം. ജോസില്‍ വലിയ വിശ്വാസം ഇല്ലാത്തതുകൊണ്ടാവണം ഫോണ്‍ വിളിച്ച് ഓരോരുത്തര്‍ പറയേണ്ട പോയിന്‍റുകള്‍ ഉപദേശിക്കുന്നത്. എന്നാ അതൊക്കെ ഇങ്ങനെ മൈക്കിലൂടെ വിളിച്ചുപറഞ്ഞ് നാറ്റിക്കരുത്. 

അതല്ലേ ഇത്രേം നേരം ബെന്നി ബഹനാന്‍‍ വിശദീകരിച്ചത്. ഇതാണ് പ്രശ്നം. പറയുന്നതല്ല കേള്‍ക്കുന്നത്. കേള്‍ക്കുന്നതല്ല ചെയ്യുന്നത്. അപ്പോ പിന്നെ ഈ അവസ്ഥ വരുത്തിവച്ചതെന്നല്ലേ പറയേണ്ടത്. സ്വന്തം പിതാവിനെ സാര്‍ എന്ന് കൂട്ടിവിളിക്കേണ്ടിവന്നവനാണ് ജോസ് കെ. മാണി. അതേ പിതാവിനെ കൂട്ടുപിടിച്ചാണ് ഇപ്പോള്‍ സങ്കടം പരത്തുന്നതും. ഇനിയിപ്പോ യുഡിഎഫ് യോഗം ചേര്‍ന്ന് മാണിസാറെയല്ല പുറത്താക്കിയതെന്ന് മറ്റൊരു വാര്‍ത്താസമ്മേളനം വിളിച്ച് പറയേണ്ടി വരുമായിരിക്കും. ഏതായാലും ഓരോ മഴക്കാലവും കേരള കോണ്‍ഗ്രസ് ഒരു കഥയാണ്. ഒരു മഴക്കാലത്താണ് കെ.എം. മാണി യുഡിഎഫ് വിട്ടത്. പിറ്റേകൊല്ലം മഴയത്ത് അദ്ദേഹവും പാര്‍ട്ടിയും തിരിച്ചുവന്നു. ദാ ഇപ്പോ ഈ മഴക്കാലത്ത് പാര്‍ട്ടിയിലെ ഒരു വിഭാഗത്തെ മുന്നണിയില്‍ നിന്ന് തന്നെ മാറ്റുന്നു. മഴക്കാല ഓര്‍മകള്‍ എന്ന് പറഞ്ഞ് പുതിയൊരു കര്‍ഷക പ്രബന്ധം എഴുതാന്‍ ജോസ് കെ. മാണി തുനിഞ്ഞിറങ്ങണമെന്നാണ് നമ്മുടെ ഒരു ഇത്.

ജോസും ടീമും പുറത്തായ സ്ഥിതിക്ക് ആ പാര്‍ട്ടിക്കില്ലാത്ത ടെന്‍ഷനാണ് എല്‍ഡിഎഫിനും എന്‍ഡിഎയ്ക്കും. ആരേകൂടെ പോരും എന്നതാണ് പ്രശ്നം. ബിജെപി എറിഞ്ഞ് നോക്കിയിട്ടുണ്ട്. അവര്‍ക്ക് ഒറ്റ ഡിമാന്‍ന്‍റെ ഉള്ളു, മോദിജിയായിരിക്കണം എല്ലാം. ഒന്നങ്ങോട്ടോ ഇങ്ങോട്ടോ പോകാന്‍ പാടില്ല. പാര്‍ട്ടിയെ ഒരു സുന്ദരിയായി മാണിസാര്‍ കാണുന്ന നിലയ്ക്ക് ആ പാരമ്പര്യം പിന്തുടര്‍ച്ചക്കാരും പിന്തുടരണമല്ലോ. 

എല്‍ഡിഎഫിന് മൊത്തത്തില്‍ വലിയ താല്‍പര്യം കാണില്ല. പക്ഷേ സിപിഎമ്മിനുണ്ട്. അത് പലവട്ടം പലരീതിയില്‍ അവരെ അറിയിച്ചതാണ്. കെ.എം. മാണിയെ കോഴമാണി എന്നൊക്കെ വിളിച്ചത് വെറും അടവുനയം മാത്രമാണ്. അതുകൊണ്ടല്ലേ പാര്‍ട്ടി സമ്മേളനത്തില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ കെ.എം. മാണിയെ ക്ഷണിച്ച് മൈക്ക് കൊടുത്തത്. എന്നും ഉള്ളില്‍ സ്നേഹം കൊണ്ടുനടക്കുന്നവരാണ് അവര്‍. ജോസ് കെ. മാണിയുടെ കൈയ്യിലാണ് തീരുമാനം. 

ഇതിപ്പോ സംഗതി പുറത്താക്കിയെന്ന് വിശ്വസിക്കാനാണ് ജോസിന് താല്‍പര്യം. എന്നാല്‍ അങ്ങനെയല്ലാ ട്ടോ, അബദ്ധം ഒന്നും കാണിക്കരുതെന്നാണ് കോണ്‍ഗ്രസും യുഡിഎഫും പറയുന്നത്. എന്നുവച്ചാല്‍ വല്ലാത്തൊരു അതിസങ്കീര്‍ണമായ പ്രശ്നങ്ങളിലൂടെ ജോസും കൂട്ടാളികളും പോയിക്കൊണ്ടിരിക്കുന്നു എന്നുവേണം പറയാന്‍. പിന്നെ പ്രത്യേകിച്ച് വലിയ നിലപാടൊന്നും ഇല്ലാത്തതുകൊണ്ട് തീരുമാനമൊക്കെ താരതമ്യേന എളുപ്പമാവും. ഉചിതമായ സമയത്ത് ഉചിതമായ നിലപാടെടുത്ത് ഞെട്ടിക്കുന്നവരാണല്ലോ ഈ കേരള കോണ്‍ഗ്രസുകാര്‍. പിണങ്ങുക പിളരുക എന്നതാണ് മോട്ടോ. വളരുമോ എന്ന് തിരഞ്ഞെടുപ്പും അധികാരവും തെളിയിക്കും. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...