ഒരു പണിമുടക്കും പണികിട്ടിയ സർക്കാരും

thiruv
SHARE

കേരളത്തിലെ ഏത് തേങ്ങാക്കുല എടുത്താലും മണ്ടരി ബാധിച്ച ഒരു തേങ്ങ അതില്‍ കാണും. അതേപോലെയാണ് സര്‍ക്കാര്‍ എന്തൊക്കെ നല്ല കാര്യങ്ങള്‍ ചെയ്താലും അപ്പോ പൊലീസ് വല്ലതും ഒപ്പിക്കും. പൊലീസിനോട്, വീരാധനയും വാല്‍സല്യവും ഒരുമിച്ച് തോന്നുന്ന ഒരാളാണ് മുഖ്യമന്ത്രി എന്നതുകൊണ്ട് തല്‍ക്കാലം ഇതൊക്കെ സഹിച്ചേ പറ്റൂ. ഏതായാലും തിരുവാ എതിര്‍വായ്ക്ക് യാതൊരു മിന്നല്‍ പണിമുടക്കുമില്ല. എല്ലാം പതിവുപോലെ. അപ്പോ സ്വാഗതം.

ആനവണ്ടി, നമ്മുടെ സ്വന്തം വണ്ടി എന്നൊക്കെ കരുതി ഒരോ മലയാളിയും കട്ട സപ്പോര്‍ട്ട് കൊടുത്ത് വല്ല വിധേനയും രക്ഷപ്പെടട്ടേ എന്നു വിചാരിക്കുന്ന ടീമാണ് കെഎസ്ആര്‍ടിസി.  നഷ്ടങ്ങളുടെ കണക്ക് മാത്രം പറയുമ്പോഴും ജീവക്കാരുടെ സമരത്തിന് യാതൊരു പഞ്ഞവും അവര്‍ കാണിച്ചിട്ടില്ല. ഹാജര്‍ ഒപ്പിട്ട് വരെ സമരത്തിന് പോവുന്ന ടീമാണ്. അവര്‍ തലസ്ഥാനത്ത് ഒരു മിന്നല്‍ പണിമുടക്ക് അങ്ങ് സംഘടിപ്പിച്ചു. കാര്യകാരണങ്ങളിലേക്ക് വരാം. പക്ഷേ അഞ്ചാറ് മണിക്കൂര്‍ തലസ്ഥാനം സ്തംഭിക്കുകയും കടകംപള്ളിക്കാരന്‍ സുരേന്ദ്രന്‍ എന്നയാള്‍ കുഴഞ്ഞുവീണ് മരിക്കുകയും ചെയ്തു. എല്ലാം ട്വിസ്റ്റ്. ഒടുക്കം വിഷയം ഇന്ന് നിയമസഭയിലുമെത്തി.

മരിച്ചയാള്‍ കടകംപള്ളിക്കാരന്‍ ആയതുകൊണ്ടാവും അടിയന്തര പ്രമേയ നോട്ടീസ് പ്രതിപക്ഷം മുഖ്യമന്ത്രിക്ക് കൊടുത്തിട്ടും അദ്ദേഹം കടകംപള്ളി സുരേന്ദ്രനെ ഗോദയിലിറക്കാന്‍ തീരുമാനിച്ചത്. സാധാരണ മുഖ്യമന്ത്രിയുടെ അഭാവത്തില്‍‌ ഇ.പി. ജയരാജനൊക്കെയായിരുന്നു മിണ്ടാറ്. ഇതിപ്പോ കെഎസ്ആര്‍ടിസി മന്ത്രിയുമല്ല, പൊലീസ് മന്ത്രിയുമല്ല. അപ്പോ പിന്നെ മരിച്ചയാളുടെ നാട്ടുകാരന്‍ മന്ത്രിയുടെ മറുപടി പ്രതിപക്ഷത്തിന് തീരെ പിടിച്ചില്ല. അങ്ങനെ കടകംപള്ളിക്കാരന്‍ സുരേന്ദ്രനില്‍ നിന്ന് വിഷയം കടകംപള്ളി സുരേന്ദ്രന്‍ എന്ന മന്ത്രിയിലേക്ക് മാറ്റിപ്പിടിക്കേണ്ടി വന്നു.

മുഖ്യമന്ത്രി ഇപ്പോ വരും എന്നൊക്കെ ഇ.പിക്ക് പറയാം. പക്ഷേ അല്‍പം കഴിയുമ്പോള്‍ മുഖ്യമന്ത്രി അത്യാവശ്യകാര്യത്തിന് ഇന്നലെ തന്നെ പോയി എന്നുവരെയും ഇ.പി. പറയും.   അച്ഛന്‍ വീട്ടിലുമില്ല പത്തായത്തിലുമില്ല എന്ന മറുപടിയാണ് ഇപിയുടെ നാവില്‍ തത്തിക്കളിക്കുന്നത്. സത്യത്തില്‍ ചോദ്യോത്തരവേളവരെ മുഖ്യമന്ത്രി സഭയിലുണ്ടായിരുന്നതാണ്. അലനേയും താഹയേയും പാര്‍ട്ടി പുറത്താക്കിയിട്ട് ഒരുമാസമായി എന്നൊക്കെപറയുന്ന പോലത്തെ ഒരു കണക്കില്‍ ഇ.പി.ജയരാജന്‍ ഒന്ന് പൊട്ടിച്ചുനോക്കിയതാണ്. പക്ഷേ ഏശിയില്ല.

ഇങ്ങനെ കോംപ്ലിക്കേറ്റഡ് ആക്കരുത് എന്നേ പറയാന്‍ പറ്റൂ. പക്ഷേ കടകംപള്ളി സംഗതി കോംപ്ലിക്കേറ്റഡ് ആക്കിക്കളഞ്ഞു. ഒന്നാമത് താനൊന്നും അടിയന്തരപ്രമേയത്തിന് മറുപടി നല്‍കാന്‍ ആളല്ല എന്ന് രമേശ് ചെന്നിത്തലയ്ക്ക് തോന്നിയതാണ് കടകംപള്ളിയെ സങ്കടത്തിലാക്കിയത്. ഇമോഷണലായി കഴിഞ്ഞാല്‍ എടുക്കുന്ന തീരുമാനങ്ങളെല്ലാം പിഴക്കും. പിന്നെ തലച്ചോറിന് പകരം ഹൃദയമാണല്ലോ പ്രവര്‍ത്തിക്കുക. അങ്ങനെ ഒരു പ്രവര്‍ത്തനത്തില്‍ കടകംപള്ളി വീണുപോയി. 

അങ്ങനെ കോംപ്രമൈസാക്കി സ്പീക്കര്‍ ഒരുവിധം സഭ മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിച്ചു വരുമ്പോഴാണ് ചെന്നിത്തലയ്ക്കകത്ത് കോംപ്ലക്സ് വര്‍ക്ക് ഔട്ട് ചെയ്തത്. നോട്ടീസ് കൊടുത്തത് മുഖ്യന്. മുഖ്യനാണെങ്കില്‍ സഭയുെട ശൂന്യവേളയില്‍ ഉണ്ടായിരുന്നുതാനും. പിന്നെ കാണാനുമില്ല. തനിക്ക് രണ്ടു പറയണമെങ്കില്‍ മുഖ്യന്‍ തന്നെ വേണമെന്ന് ചെന്നിത്തലയ്ക്ക് ഒരേയൊരു തോന്നല്‍. ഹീറോയിസത്തിനുള്ള ഒരു സ്പെയ്സ് വേണ്ടേ. അതാണ് രമേശ് ചെന്നിത്തല ആഗ്രഹിച്ചത്.

സത്യത്തില്‍ എന്താണ് സംഭവിച്ചത്. കടകംപള്ളിയൊക്കെ പറയുന്നത് കേട്ടാല്‍ മുഴുവന്‍ കുറ്റവും കെഎസ്ആര്‍ടിസിക്കാണ്. അത് പിന്നെ ശശീന്ദ്രന്‍റെയും എന്‍സിപിയുടേയും വകുപ്പാണണല്ലോ. പിന്നെ പഴിക്കാനുള്ളത് പൊലീസിനെയാണ്. അത് തൊട്ടാല്‍ കൈപൊള്ളും. ആദ്യം എന്താണ് നടന്നതെന്ന് ഒന്നറിഞ്ഞിരിക്കുന്നത് നന്നാവും.

അദ്ദാണ്. കാര്യങ്ങളുടെ കിടപ്പ് മനസിലായില്ലേ. പ്രശ്നമുണ്ടായി. പൊലീസിനെ വിളിച്ചു. പൊലീസ് ഓവര്‍ സ്മാര്‍ട്ടായി. കുറ്റം മുഴുവന്‍ കെ.എസ്.ആര്‍ടിസിക്കും. പക്ഷേ ആനവണ്ടി മന്ത്രിയ്ക്കും കാനം രാജേന്ദ്രനും വേറെ അഭിപ്രായമാണ്. പക്ഷേ കടകംപള്ളിക്കും സര്‍ക്കാരിനും ഇതൊക്കെ ആനവണ്ടിക്കാരുണ്ടാക്കിയ  പ്രശ്നവും. 

ഗതാഗതവകുപ്പ്, പൊലീസ് വകുപ്പ് ഇങ്ങനെ രണ്ടു വകുപ്പുകള്‍ തമ്മിലുള്ള ചില്ലറ തരികിട തമ്മിലടി. അതാണ് കാര്യം. അനുഭവിച്ചത് പാവം ജനങ്ങളും.

പൊലീസ് വകുപ്പാണ് നാട്ടില്‍ സര്‍ക്കാരിന്‍റെ പരിളാനകളേറ്റുവാങ്ങി മുന്നേറുന്ന ഒരേയൊരു വകുപ്പ്. ആ ലാളനയുടെ മുഴുവന്‍ ശാഠ്യങ്ങളും അവര്‍ക്കുണ്ടുതാനും. പൊലീസിനെ എന്തെങ്കിലും പറഞ്ഞാല്‍ അപ്പോ പിണറായി സഖാവിന് നോവും. പൊലീസിന്‍റെ മനോധൈര്യത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ അദ്ദേഹം ആത്മഹത്യ ചെയ്തുകളയും എന്നാണ് പ്രതിപക്ഷത്തിനോട് ഇടക്കിടെ പറയാറുള്ളത്. ഡിജിപിയെ ആണെങ്കില്‍ തലയിലും നിലത്തും വയ്ക്കാതെയാണ് കൊണ്ടു നടപ്പ്. പക്ഷേ എത്ര കിട്ടിയാലും പഠിക്കില്ലാന്ന് വച്ചാല്‍ ഒന്നും ചെയ്യാനില്ല, പഠിക്കുന്നവരെ കിട്ടിക്കൊണ്ടിരിക്കും എന്ന് മനസിലാക്കുകയേ നിവൃത്തിയുള്ളു.

വല്ലാത്തൊരു ആത്മബന്ധമാണ് സത്യത്തില്‍ പൊലീസും ആഭ്യന്തര മന്ത്രിയും തമ്മില്‍. അത് അവര്‍ക്ക് പോലും മനസിലാകാത്ത ഒരു സമസ്യയാണ്. പിന്നെയല്ലേ നാട്ടുകാര്‍ക്ക്.

പക്ഷേ കാനത്തിന് കാര്യം അറിയാം. എന്നുവച്ച് എല്ലാം വെട്ടിത്തുറന്നു പറയുന്ന സ്വഭാവം കുറച്ച് കാലത്തേക്ക് ഫ്രീസറില്‍ വച്ചിരിക്കുകയാണെന്ന് മാത്രം. ഇടയ്ക്കൊക്കെ ഒന്ന് തുറന്ന് നോക്കും അത്രേയുള്ളു.

ലോകം മൊത്തത്തില്‍ കൊറോണ വൈറസിന്‍റെ പേടിയിലാണ്. ഇന്ത്യയിലുമുണ്ട്. കൊറോണയെ തടുക്കാന്‍ വാക്സിന്‍ കണ്ടെത്തുന്ന തിരക്കിലാണ് ശാസ്ത്രജ്ഞരെങ്കില്‍ ഇവിടെ ഇന്ത്യയ്കക് സ്വന്തമായി പലചികില്‍സാ രീതികളുമുണ്ട്. നമസ്തേ മുതല്‍ അങ്ങോട്ട് തുടങ്ങുകയല്ലേ. യോഗ ചെയ്താല്‍ കൊറോണ വൈറസ്‍ ജിവനും കൊണ്ട് ഭൂഖണ്ഡം വരെ വിട്ട് ഓടുമെന്ന് പറഞ്ഞത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ്. യോഗിക്ക് അങ്ങനെയൊക്കെ പറയാം. യോഗി ആയതുകൊണ്ട് ആരേയും തൊടാനോ അടുത്ത് വരാനോ സമ്മതിക്കാറില്ല. പിന്നെ ജനങ്ങള്‍ക്കിടയിലേക്ക് അങ്ങനെ ഇറങ്ങാറുമില്ല. ഇത്തവണത്തെ മോദിസര്‍ക്കാരില്‍ മന്ത്രിയായില്ലെങ്കിലും മന്ത്രിയാകാന്‍ താന്‍ സര്‍വതാ യോഗ്യനാണെന്ന് പറയാന്‍ അല്‍ഫോന്‍സ് കണ്ണന്താനം ഈ കൊറോണ കാലത്തും ശ്രമിച്ചിട്ടുണ്ട്. മോദിജി കാണാതിരിക്കരുത്. 

ബിബിസി ടെലിവിഷനൊക്കെ കൊറോണയെ തടയുന്ന കാര്യത്തില്‍ ഇന്ത്യയിലെ കേരളത്തെ കുറിച്ചൊക്കെ ചര്‍ച്ച ചെയ്യുന്നത് കേട്ടു കാണും. നിപ്പയേയും കൊറോണയേയും പ്രതിരോധിക്കാന്‍ കേരളആരോഗ്യരംഗം കാണിച്ച ശ്രമങ്ങളെ വിലയിരുത്തുകയായിരുന്നു അവര്‍. അതേനേരത്ത് കേരളം ഉള്‍പ്പെടുന്ന ഇന്ത്യാ മഹാരാജ്യത്ത് ഗോമൂത്രം കുടിച്ചും ചാണകകേക്ക് കഴിച്ചും കൊറോണയെ തടയാനുള്ള തീവ്രശ്രമങ്ങളിലാണ് സംഘപരിവാരം. 

ഹിന്ദുസഭയിലെ പ്രമുഖ ഗോമൂത്ര ശാസ്ത്രജ്ഞരാണ് ഇതിനുപിന്നില്‍.  നമ്മുടെ ഉത്തരേന്ത്യന്‍ സഹോദരങ്ങളുടെ ഒരവസ്ഥ ലേ..പാവണ്ട്. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...