മതില്‍ മറയൊരുക്കി മോദി; പ്രവാസികളെ ഊണ് കഴിപ്പിച്ച് പിണറായി

thiruva-ethirva-1802k
SHARE

മാനം കാക്കാന്‍ മതിലിന്‍റെ മറയൊരുക്കുന്ന മോദി ഒരു വശത്ത് , പട്ടിണിക്കാലത്തും പ്രവാസികളെ രണ്ടായിരം രൂപയുടെ ഊണ് തീറ്റിക്കുന്ന പിണറായി മറുവശത്ത് . ഇരുവര്‍ക്കുമിടയില്‍ നിന്ന് ഇന്നത്തെ പരിപാടി തുടങ്ങുകയാണ്. ഒരു വെറൈറ്റിക്കു വേണ്ടി നിലവിളക്ക് കൊളുത്തി തന്നെയാകട്ടെ തുടക്കം. മുഖ്യമന്ത്രി ഇതാ വിളക്ക് കൊളുത്താന്‍ എത്തിക്കഴിഞ്ഞു.

മുഖ്യമന്ത്രി എത്തി . വിളക്ക്, എണ്ണ, തിരി എല്ലാം റെഡി . ഇനി വിളക്കിലേക്ക് തീ പകരാനുള്ള സംഗതി കൂടി എത്തിയാല്‍ മതി. തീ കൊണ്ടു വന്നു . പക്ഷേ കെട്ടുപോയി. ഉല്‍ഘാടന വേദിയിലെത്തുന്ന പിണറായിയെ എല്ലാവര്‍ക്കുമറിയാമല്ലോ. സംഘാടകരുടെ പേടി സ്വപ്നമാണ് അദ്ദേഹം. ആ പിണറായിയുടെ മുന്നിലാണ് ഈ അലമ്പെല്ലാം. പിണറായിയെ കണ്ട് പേടിച്ച് കെട്ടതായിരിക്കണം ആ തീ. ഉടനെ വേറെ കത്തിച്ചോ. ലൈറ്ററെങ്കില്‍ ലൈറ്റര്‍. കത്തിച്ചോ. കത്തിച്ചോ. 

ഒരു രക്ഷയുമില്ല. തീ അങ്ങോട്ട് കത്തുന്നില്ല. ഇപ്പോള്‍ ആ സ്റ്റേജില്‍ നില്‍ക്കുന്ന ബാക്കിയുള്ളവരുടെ നെഞ്ചിലായിരിക്കും ശരിക്കുള്ള തീ. ഒടുവില്‍ ദേവസ്വം മന്ത്രി തീ കത്തിക്കാനുള്ള ചുമതല ഏറ്റെടുക്കുകയാണ്. നിലവിളക്കും വിളക്കെണ്ണയുമൊക്കെ ദേവസ്വത്തിന്‍റെ പരിധിയില്‍ വരുന്ന കാര്യങ്ങളാണല്ലോ

മൂന്ന് നാല് മിനിട്ടാണ് ഈ വിളക്ക് കത്തിക്കലിനുള്ള കാത്തിരിപ്പുമായി കടന്നു പോകുന്നത്.  വല്ല ഇടിത്തീ വീണിട്ടെങ്കിലും ആ വിളക്കൊന്ന് കത്തിയാല്‍ മതിയെന്നായി അപ്പോഴേക്കും. ഭാഗ്യം. വിളക്ക് കത്തിക്കിട്ടിയതിലല്ല. ഇത്രയൊക്കെ നടന്നിട്ടും മുഖ്യമന്ത്രി ദേഷ്യപ്പെട്ടില്ലല്ലോ. അതാണ് യഥാര്‍ഥ ഭാഗ്യം. അങ്ങനെ ഉല്‍ഘാടനം നടന്നു കിട്ടിയ സ്ഥിതിക്ക് ബാക്കി പരിപാടികളിലേക്ക് കടക്കാം

പൊലീസിനെ കള്ളനെന്ന് വിളിക്കാന്‍ കിട്ടിയ അവസരം നാട്ടുകാര്‍ നന്നായി പ്രയോജനപ്പെടുത്തുന്നുണ്ട്. തോക്കു നിരത്തി എണ്ണമെടുത്ത് തച്ചങ്കരി കഴിഞ്ഞ ദിവസം ഒരു കളി കളിച്ചു നോക്കിയതാണ്. പക്ഷേ ഉണ്ട കണ്ടുപിടിക്കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. പ്രതിപക്ഷം ഇന്ന് വീണ്ടും കുറേ ആരോപണങ്ങളുമായി വന്നു. പുതിയ പുതിയ കള്ളത്തരങ്ങളാണ് ഒരോ ദിവസവും അവര്‍ക്കു പറയാനുള്ളത്. ട്രാഫിക് നിയന്ത്രണ സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ച് കോടികള്‍ അടിച്ചെടുക്കാന്‍ നീക്കമെന്നാണ് പുതിയ ആരോപണം. പൊലീസിന്‍റെ സമയം ഏതായാലും നല്ല ബെസ്റ്റ് സമയമാണ്

ഉണ്ട കാണാതെ പോകുന്നതൊക്കെ അത്ര വലിയ കാര്യമാണോ എന്ന് ചോദിച്ച് കോടിയേരി വാര്‍ത്താ സമ്മേളനം നടത്തി പോയതല്ലാതെ പ്രതിപക്ഷത്തു നിന്ന് അധികമാരും പൊലീസിനെ ന്യായീകരിച്ച് അങ്ങനെ രംഗത്തു വരുന്നില്ല. പറയുന്ന കേട്ടാല്‍ രണ്ടോ മൂന്നോ ഉണ്ട എവിടെയോ വച്ചു മറന്ന പോലെയാണ്. പന്ത്രണ്ടായിരത്തിലധികം ഉണ്ടയാണ് കാണാതെ പോയിരിക്കുന്നത്. തച്ചങ്കരിയുടെ ആയുധ പ്രദര്‍ശനം ചൂണ്ടിക്കാണിച്ച് പിടിച്ചു നില്‍ക്കാനുള്ള ശ്രമവുമായി ഇന്ന് രംഗത്തു വന്നത്  എല്‍ ഡി എഫ് കണ്‍വീനറാണ്. അദ്ദേഹത്തിന്‍റെ അഭിപ്രായമനുസരിച്ച് കുറേ തോക്കും ഉണ്ടയുമൊക്കെ ഇടക്കിടെ കാണാതെ പോയില്ലെങ്കില്‍ പിന്നെ, പോലീസ് ഒരു പൊലീസേ അല്ല എന്നതാണ്. ഏതായാലും മുഖ്യമന്ത്രിക്കും ഡിജിപിക്കും കണ്ടെത്താന്‍ കഴിയാത്ത കാര്യങ്ങള്‍ ഒക്കെ വിജയരാഘവന്‍ കണ്ടെത്തിയിട്ടുണ്ട്

ഡിജിപി കൃത്യ സമയത്താണ് മുങ്ങിയത്. കള്ളന്‍മാരുമായുള്ള സഹവാസം കൊണ്ടാണെന്ന് തോന്നുന്നു ഒരു കേസില്‍ ഒക്കെ പെട്ടാല്‍ പെട്ടെന്ന് മുങ്ങാനാണ് പൊലീസുകാര്‍ക്കും  തോന്നുന്നത്. ആരോപണങ്ങളുടെ പെരുവെള്ളപ്പാച്ചില്‍ നേരത്ത് ഡിജിപി ഭാഗ്യത്തിന് സ്ഥലത്തില്ല. അല്ലെങ്കില്‍ പിന്നെ ഡിജിപി ഓഫിസ് ധര്‍ണയും ഡിജിപിയെ വഴിയില്‍ തടയലും ഒക്കെ കാണേണ്ടി വന്നേനെ. എല്ലാം ഒന്ന് അടങ്ങിയിട്ട് പൊങ്ങുന്നതാണ് നല്ലത്. അതുവരെ ദൂരെ എവിടെയെങ്കിലും പോയി വെടിവഴിപാട് നടത്തി കഴിയണം

സിപിഎം തന്നെ സംസ്ഥാനം ഭരിക്കുന്നത് ഏതായാലും പൊലീസിന്‍റെ ഭാഗ്യമാണ്. പൊലീസിനെതിരായ വിമര്‍ശനം അന്വേഷിക്കാന്‍ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം കൊടുത്തിട്ടുണ്ട്. സിപിഎമ്മിനെതിരെ ആരോപണങ്ങള്‍ ഉണ്ടാകുമ്പോള്‍ പാര്‍ട്ടി കമ്മിറ്റി തന്നെ അന്വേഷിക്കാറില്ലേ . അതുപോലെ. 

മഹാനായ ട്രംപ് ഈ മാസം അവസാനം ഇന്ത്യ സന്ദര്‍ശിക്കുകയാണല്ലോ. അതിന്‍റെ ബഹളത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഹൂസ്റ്റണില്‍ മോദി പോയ സമയത്താണ് ട്രംപിനെ ഇങ്ങോട്ട് ക്ഷണിച്ചത്. അദ്ദേഹം അത് സ്വീകരിച്ചാണ് വരാന്‍ നില്‍ക്കുന്നത്. അമേരിക്കന്‍ പ്രസിഡന്‍റ് ഒക്കെ വരുകയാണെങ്കില്‍ നല്ല സ്വീകരണം കൊടുക്കണം എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. അതിന്‍റെ ഭാഗമായി റോഡും പരിസരവും വൃത്തിയാക്കലും കാടുവെട്ടിത്തെളിക്കലും ഒക്കെ തുടങ്ങി. പെയിന്‍റടിച്ച് മിനിക്കാന്‍ പറ്റുന്ന സ്ഥലമൊക്കെ അങ്ങനെ ചെയ്തു.  അല്‍പം കാശുമുടക്കിയാലെന്ത് രാജ്യം നല്ല ഗ്ലാമര്‍ ആയിരിക്കും നോക്കിക്കോ

പ്രധാനമന്ത്രി പത്ത് പന്ത്രണ്ട് കൊല്ലം ഭരിച്ച ഗുജറാത്ത് സംസ്ഥാനത്ത് ട്രംപ് എത്തുമ്പോള്‍ എന്തൊക്കെ കാണണം എന്തൊക്കെ കാണരുത് തുടങ്ങിയ കാര്യങ്ങള്‍ നിശ്ചയിക്കലാണ് ഇപ്പോള്‍ സര്‍ക്കാരിന്‍റെ പ്രധാന അജണ്ട.  ചേരിയിലും മറ്റുമായി ജീവിക്കുന്ന കുറേയേറെ മനുഷ്യരുണ്ട് പോലും വരും വഴിയില്‍. അവരെ ഒന്ന് വികസിപ്പിച്ച് നല്ല വഴിക്കെത്തിക്കാന്‍ മോദി ജി കൂറേ കഷ്ടപ്പെട്ടതാണ്. പക്ഷേ  ആ രാജ്യദ്രോഹികള്‍ എന്തു വന്നാല്‍ വികസിക്കാന്‍ തയാറല്ല. വേറെ നിവൃത്തിയില്ലാത്ത കാരണം ചെറിയൊരു മതില്‍ കെട്ടി മറക്കാനാണ് പരിപാടി. ട്രംപ് നോക്കുമ്പോള്‍ മതിലുകളുടെ നാടായി ഗുജറാത്തിനെ കാണും. വണ്ടര്‍ഫുള്‍ വാള്‍ എന്ന് പറയുകയും ചെയ്യും. ചുമ്മാതല്ല ഈ വാള് വയ്ക്കുന്നത് എന്ന് മനസിലാക്കുക

ട്രംപ് പോകുന്ന കാറില്‍ വല്ല പാട്ടു വച്ചോ സിനിമ കാണിച്ചോ ഒക്കെ ശ്രദ്ധ തിരിച്ചാല്‍ മതിയായിരുന്നു. ട്രംപ് ഏതായാലും നമ്മുട രാഹുല്‍ ഗാന്ധിയൊക്കെ ചെയ്യുന്ന പോലെ വണ്ടി നിര്‍ത്തി തട്ടുകടയില്‍ നിന്ന് ചായ കുടിച്ചും ചേരിയിലെ വീട്ടില്‍ ഓടിക്കയറിയും ഷോ കാണിക്കാനൊന്നും ഏതായാലും പോകുന്നില്ല. അല്ലെങ്കില്‍ തന്നെ ഇപ്പോള്‍ ആളുകള്‍ മൊബൈലില്‍ നിന്ന് തലയെടുത്താലല്ലേ ചുറ്റുപാടും ചേരിയാണോ ഫൈവ് സ്റ്റാര്‍ ഹോട്ടലാണോ എന്നൊക്കെ അറിയാന്‍. ഇതിപ്പോള്‍ മതിലു പണിയാന്‍ തുടങ്ങിയതോടെ അത് വലിയ വാര്‍ത്തയായി. ലോകം മുഴുവന്‍ അറിയുകയും ചെയ്തു. അല്ലെങ്കില്‍ തന്നെ ഇന്ത്യയെപ്പറ്റി അത്ര നല്ല അഭിപ്രായമില്ല. അതിന്‍റെ കൂടെ ഇപ്പോള്‍ മതിലും കൂടി

ചില സ്ഥലങ്ങളില്‍ മതില്‍ പണിത് നാണം മറയ്ക്കാം. േവറെ ചിലയിടങ്ങളില്‍ അത് പറ്റില്ല. അവിടെ പിന്നെ ആളൊ ഒഴിപ്പിക്കലേ നടക്കൂ. കേന്ദ്ര സര്‍ക്കാരിനാണോ ഒരു ചേരി ഒഴിപ്പിക്കാന്‍ സാധിക്കാത്തത്. ദാരിദ്ര്യം ഇല്ലാതാക്കാന്‍ വലിയ പാടാണ്. ദരിദ്രരെ ഇല്ലാതാക്കാന്‍ ആണെങ്കില്‍ വളരെ എളുപ്പവും. ഏത് സര്‍ക്കാരായാലും എളുപ്പവഴിയേ നോക്കൂ.

അങ്ങനെ , ട്രംപ് വരുമ്പോള്‍ ഗുജറാത്ത് അടിപൊളിയായിരിക്കും. ലോകത്തെ ഏറ്റവും സുന്ദരമായ നാട് ഇതാണെന്ന് ട്രംപ് പ്രസംഗിക്കുകയും ചെയ്യും. നോക്കിക്കോ. ഇനി ഒരു ചെറിയ ഇടവേളയാണ് വേഗം മടങ്ങിയെത്താം

കേരള കോണ്‍ഗ്രസില്‍ എന്തൊക്കെയോ നടക്കുന്നുണ്ട്. പൗരത്വ നിയമം, ഉണ്ട കാണാതാകല്‍ , ട്രംപിന്‍റെ വരവ് എന്നിങ്ങനെ നമ്മളൊക്കെ രാജ്യ , രാജ്യാന്തര വിഷയങ്ങളില്‍ തിരക്കിലായതു കൊണ്ടാണ് അത്രയങ്ങോട്ട് ശ്രദ്ധിക്കാതെ പോയത്. കേരള കോണ്‍ഗ്രസുകാര്‍ക്ക് പിന്നെ നമ്മളീ പറഞ്ഞ വിഷയങ്ങളൊന്നുമല്ലല്ലോ വിഷയങ്ങള്‍. അവര്‍ എത്രയും വേഗം അടുത്ത പിളര്‍പ്പ് എങ്ങനെ നടത്താം എന്ന റിസര്‍ച്ചിലാണ്. ഇപ്പോഴത്തെ കണക്ക് പോകുകയാണെങ്കില്‍ ജേക്കബ് ഗ്രൂപ്പും , മാണി ഗ്രൂപ്പും ഉടന്‍ പിളര്‍ന്ന് പുതിയ രണ്ട് പാര്‍ട്ടികള്‍ കൂടി ലോക രാഷ്ട്രീയ ഭൂപടത്തില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ ആദ്യം വേണ്ടി വരുക പുതിയ പാര്‍ട്ടികള്‍ക്കുള്ള പേരുകളാണ്. കേരള കോണ്‍ഗ്രസുകാര്‍ അക്കാര്യ ആലോചിച്ച് തുടങ്ങിയിട്ടില്ല. എന്നാല്‍ അഭ്യുദയ കാംഷികള്‍ അതില്‍ നിര്‍ദേശങ്ങള്‍ വരെ കണ്ടെത്തിയിട്ടുണ്ട്

പൊലീസ് പരിശീലന കേന്ദ്രത്തില്‍ ബീഫ് വിളമ്പില്ലെന്ന വാര്‍ത്ത  മതനിരപേക്ഷ കേരളം ‍ഞെട്ടലോടെയാണ് കേട്ടത്. പലരും പൊലീസില്‍ ചേരാനുള്ള തീരുമാനം വരെ പുനപരിശോധിച്ചു. മുമ്പ് പ്രതിപക്ഷത്തായിരുന്നപ്പോള്‍ ഇതുപോലെ എന്തോ തീരുമാനം വന്നതിനെത്തുടര്‍ന്ന് പൊലീസ് സംഘിപ്പോലിസ് ആയെന്ന് വിമര്‍ശിച്ചവരായിരുന്നു സിപിഎമ്മുകാര്‍.  കേരളത്തിലെ മുക്കിലും മൂലയിലും കിട്ടുന്ന ബീഫ് പൊലീസുകാര്‍ക്ക് കൊടുക്കാത്തത് മോശമായിപ്പോയി

ഉണ്ടയും തോക്കും ഒന്നും ഇല്ലെങ്കിലെന്ത് , ഡയറ്റിഷനൊന്നും പൊലീസില്‍ ഒരു കുറവുമില്ല. മട്ടനും പപ്പടവും അച്ചാറുമൊന്നുമില്ലാതെ പുല്ലും വയ്ക്കോലും കൊടുത്ത് പൊലീസിനെ വാര്‍ത്തെടുക്കാനുള്ള പരിപാടിയാണെന്ന് തോന്നുന്നു. ഏതോ കോഴിവളര്‍ത്തല്‍ കേന്ദ്രത്തിലോ ഡയറി ഫാമിലോ ഉണ്ടായിരുന്ന ഡയറ്റിഷ്യന്‍ ആകണം പൊലീസ് അക്കാദമിയില്‍ പണിക്ക് കയറിയത്. ഏതായാലും കോണ്‍ഗ്രസുകാര്‍ക്ക് ഇതൊന്നും കണ്ട് വെറുതെയിരിക്കാന്‍ പറ്റില്ല. പറഞ്ഞേക്കാം

ലോകകേരള സഭയില്‍ ഡയറ്റിഷ്യന്‍ മാര്‍ ഒന്നും ഉണ്ടായില്ല . അതുകാരണം ഭക്ഷണത്തിന് ഒരു കുറവും ഉണ്ടായില്ല. അവസാനം വന്ന ബില്ലിനും. ഒരു നേരത്തെ ഊണിന് ഏതാണ്ട് രണ്ടായിരം രൂപയൊക്കെ ആയത്രേ. ബില്ല് കൊടുക്കേണ്ടത് നമ്മളാണ്. മറക്കണ്ട. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...