പ്രതിപക്ഷത്തിന്റെ ഐഡിയ; നടത്തിക്കൊടുക്കാൻ സര്‍ക്കാര്‍; തകിടം മറിഞ്ഞ പ്രതിഭാസം

thiruva-eathirva-governer845
SHARE

നാളെ കേന്ദ്ര ബജറ്റാണ്. നാളത്തോടെ രാജ്യത്തെ സാമ്പത്തിക പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടാല്‍ പിന്നെ സര്‍ക്കാരിനെ അതിന്‍റെ പേരില്‍ കുറ്റം പറയാന്‍ കഴിഞ്ഞെന്നു വരില്ല. അതുകൊണ്ടു തന്നെ ഇന്നത്തെ എപ്പിസോഡ് വളരെ പ്രധാനപ്പെട്ടതാണ്. ഏവര്‍ക്കും സ്വാഗതം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കേരള സര്‍ക്കാരും തമ്മിലെ പ്രശ്നങ്ങളെല്ലാം അവസാനിപ്പിച്ചു കൊണ്ടാണ് ഈ ആഴ്ച കടന്നു പോകുന്നത്. ആ പോരാട്ടത്തിലെ അവസാന അധ്യായമായിരുന്നു ഇന്ന് നിയമസഭ കാര്യോപദേശക സമിതി യോഗത്തില്‍ നടന്നത്. ഗവര്‍ണറെ കൂടുതല്‍ എതിര്‍ക്കുന്നത് ആരാണ് എന്ന ഒരു മല്‍സരം നടക്കുകയായിരുന്നല്ലോ കേരളത്തില്‍. അതില്‍ ഒന്നാം സ്ഥാനത്തെത്താന്‍ രമേശ് ചെന്നിത്തല നടത്തിയ ഒരു കരുനീക്കമായിരുന്നു. ഗവര്‍ണറെ തിരികെ വിളിക്കൂ . കേരളത്തെ രക്ഷിക്കൂ എന്ന പ്രമേയം. ഇങ്ങനെ ഒരു പ്രമേയം വരുമ്പോള്‍ സര്‍ക്കാര്‍ എന്തു ചെയ്യും എന്നായിരുന്നു ഏവരും ഉറ്റുനോക്കിയത്. നോക്കിപ്പോകും. കാരണം , പിണറായിയും ഗവര്‍ണറും കീരിയും പാമ്പുമായിരുന്നല്ലോ ആ ദിവസങ്ങളില്‍

ഈ ലൈന്‍ തന്നെ മുഖ്യമന്ത്രി പിടിക്കുകയാണെങ്കില്‍ തന്‍റെ പ്രമേയം പാസായി കിട്ടുമെന്ന് രമേശ് ചെന്നിത്തല വിചാരിച്ചു. പൗരത്വ നിയമം വന്ന ശേഷം  നടന്ന ആദ്യ സംയുക്ത സമരവും  നിയമസഭാ പ്രമേയവും എല്ലാം ചെന്നിത്തലയുടെ ഐഡിയയായിരുന്നല്ലോ.  തിരിച്ചു വിളി പ്രമേയം കൂടെ ക്ലിക്കാവുന്നതോടെ  അദ്ദേഹം ഒരു ഐഡിയ ബാങ്ക് തന്നെ ആകുമായിരുന്നു. പ്രതിപക്ഷ നേതാവ് ഐഡിയ പറയുക. സര്‍ക്കാര്‍ നടത്തിക്കൊടുക്കുക എന്ന പ്രതിഭാസം നടക്കുന്ന അപൂര്‍വ സംസ്ഥാനമായി മാറിയേനെ കേരളം. പ്രമേയം അവതരിപ്പിക്കുന്നതിന് തടസമില്ലെന്ന് സ്പീക്കറും പറഞ്ഞ ധൈര്യത്തിലാണ് ഇന്ന് കാര്യോപദേശക സമിതി യോഗത്തിന് പോയത്. പക്ഷേ അവിടെ എല്ലാം തകിടം മറിഞ്ഞു

തൊട്ടു തലേ ദിവസം എന്‍റെ സര്‍ക്കാര്‍ എന്‍റെ സര്‍ക്കാര്‍ എന്നും പറഞ്ഞ് നയപ്രഖ്യാപനം പറഞ്ഞു പോയ ഗവര്‍ണറെ തിരിച്ചു വിളിക്കൂ എന്നു പറയുന്ന പ്രമേയത്തിന് ഭരണ പക്ഷം എങ്ങനെ കൈപൊക്കുമെന്നാണ്. അങ്ങനെ വരുമ്പോള്‍ സര്‍ക്കാര്‍ ബുദ്ധിമുട്ടും. അതു കാണാമ്പോള്‍ എങ്ങനെയുണ്ടെന്‍റെ ബുദ്ധി എന്ന മട്ടില്‍ പ്രതിപക്ഷ നേതാവ് സ്വന്തം എംഎല്‍എമാരെ നോക്കും. ഇതൊക്കെയായിരുന്നു ചെന്നിത്തല കരുതിയത്. 

പക്ഷേ, നിയമമന്ത്രി എ കെ ബാലന്‍ എല്ലാം തകര്‍ത്തു. സര്‍ക്കാരിനെയും കുറ്റം പറയാന്‍ പറ്റില്ല, ഈ ഗവര്‍ണറെ തിരിച്ചു വിളിച്ചിട്ട് പകരം അയക്കുന്നത് ഇതിലും മൂത്ത സാധനത്തെയാണെങ്കിലോ എന്നാകും അവര്‍ ചിന്തിച്ചത്. ഇദ്ദേഹം ഒന്നുമില്ലെങ്കിലും സംവാദത്തിനു വിളിക്കലും വാര്‍ത്താസമ്മേളനം നടത്തലും ഒക്കെയല്ലേയുള്ളൂ. ഇതിനിടയില്‍ പെട്ടുപോയത് സ്പീക്കറാണ്. ഈ പ്രമേയം സത്യത്തില്‍ ബാലന്‍ മന്ത്രി പറയും പോലെ നിയമവിരുദ്ധമാണോ?

പിന്നെ എന്താണ് സംഭവിച്ചത്? നിയമവിരുദ്ധമായി ഒന്നുമില്ലെങ്കില്‍ അത് അവതരിപ്പിക്കുകയല്ലേ വേണ്ടത്? അങ്ങനെ പറഞ്ഞാല്‍ പിന്നെ ഈ സ്പീക്കര്‍ എന്നു പറയുന്നതിന് എന്താണ് വില?

പുറത്തുപറയാന്‍ പറ്റാത്ത കാര്യങ്ങളെന്തോ നടന്നു എന്ന് നമുക്കും തോന്നിയിരുന്നു. അത് എന്താണെന്ന് അമിത് ഷാ ജി പറയും പോലെ, ക്രോണോളജി അഥവാ സമയക്രമം നോക്കിയാല്‍ കാര്യമെല്ലാം പിടികിട്ടും. നയപ്രഖ്യാപന പ്രസംഗത്തിലെ വിവാദ ഭാഗം വായിക്കില്ലെന്ന് ഗവര്‍ണര്‍ പറയുന്നു. വായിക്കണമെന്ന് പറഞ്ഞ് സര്‍ക്കാര്‍ കത്തു കൊടുക്കുന്നു. വിയോജിപ്പോടെ ഗവര്‍ണര്‍ അത് വായിക്കുന്നു. 

തിരിച്ചു വിളിക്കല്‍ പ്രമേയാവതരണം തന്നെ സര്‍ക്കാര്‍ ബ്ളോക്ക് ചെയ്യുന്നു. ഇനി ചെന്നിത്തലയുടെ പ്രമേയമായിരുന്നോ ഗവര്‍ണറും സര്‍ക്കാരും തമ്മിലെ കോംപ്രമൈസിന് കാരണമായത് എന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു. അങ്ങനെയെങ്കില്‍ ഇനി ചെന്നിത്തലക്ക് ആശ്വസിക്കാന്‍ ഒറ്റ വഴിയേ ഉള്ളു. താന്‍ കാരണം കേരളത്തിലെ സര്‍ക്കാരും ഗവര്‍ണറും തമ്മിലെ ബന്ധം മെച്ചപ്പെട്ടെന്ന് കരുതി സമാധാനിക്കുക

ഒരു കണക്കിന് അങ്ങനെയൊക്കെ അത് തീര്‍ന്നത് നന്നായി. ഗവര്‍ണറും സര്‍ക്കാരും തമ്മിലെ സംഘര്‍ഷം എന്നൊക്കെ പറഞ്ഞാല്‍ ഒരു ത്രില്ലുമില്ല. അത് മനസിലാക്കണമെങ്കില്‍ റൂട്ടും ചട്ടവുമൊക്കെ പഠിക്കണം. അതൊക്കെ നമ്മുടെ ഡല്‍ഹിയിലെ സംഘര്‍ഷം കണ്ടു പഠിക്കണം. കേന്ദ്രമന്ത്രിയൊക്കെ മൈക്കുവച്ച്  സമരക്കാരെ വെടിവച്ചു കൊല്ലാന്‍ ആഹ്വാനം ചെയ്യുകയാണ്. ഏത് കേട്ട് പിള്ളേര്‍ പോലീസുകാരുടെ മുന്നില്‍  കൂടി ചുമ്മാ തോക്കും കൊണ്ടു വന്ന് പുല്ലു പോലെ വെടിവച്ച് കളിക്കുകയാണ് . അതല്ലേ ഹീറോയിസം

ഇതൊക്കെ കാണുന്ന ഒരുപാട് ക്രിമിനലുകള്‍ക്കും തീവ്രവാദികള്‍ക്കും കൊതിയാകുന്നുണ്ടാകും ഇങ്ങനെ കൂളായി പോയി ആളെ വെടിവച്ചിടാന്‍. കരുതും പോലെ അത്ര എളുപ്പമല്ല. എന്നാല്‍ പ്രയാസവുമല്ല. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ആളായിരിക്കണം. സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നവരെ ആയിരിക്കണം വെടിവക്കുന്നത് എന്നിങ്ങനെയുള്ള ചില കണ്ടീഷനുകളേ ഉള്ളു. പയ്യന്‍ ചിലപ്പോള്‍ നിഷ്കളങ്കനായിരിക്കും. ആരെങ്കിലും ചോദിച്ചാല്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമൊക്കെ പറഞ്ഞത് അനുസരിക്കുക മാത്രമാണ് താന്‍ ചെയ്തത് എന്ന് പറഞ്ഞ് രക്ഷപ്പെടാം എന്നായിരിക്കും യുവാവ് വിചാരിച്ചിട്ടുണ്ടാവുക.

പ്രതിഷേധക്കാരെ വെടിവച്ചത് പ്രായപൂര്‍ത്തിയാകാത്ത ആളാണെന്ന് പൊലീസ് ഏതായാലും കണ്ടുപിടിച്ചു. ആളെക്കൊല്ലാനുള്ള പ്രായമൊക്കെ ചങ്ങാതിക്ക് ആയിട്ടുണ്ട്. 

പയ്യന്‍സ്  ഫയറിങ് പ്രാക്ടീസ് കഴിയട്ടേ എന്നു പറഞ്ഞ് കാത്തു നിന്ന ഡല്‍ഹി പൊലീസ് ആണ് പൊലീസ്. കോളേജില്‍ പഠിക്കുന്ന പിള്ളേരെയും ഒറ്റക്ക് നില്‍ക്കുന്ന വനിതകളെയും ഒക്കെ തല്ലി വീര്യം കാണിക്കാന്‍ ഭയങ്കര മിടുക്കരാണ് അമിത് ഷായുടെ കീഴിലെ പൊലീസിന് . കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ രാഷ്ട്രീയ ആശയങ്ങളുമായി വരുന്നവരാണെങ്കില്‍ കൈയ്യില്‍ തോക്കുണ്ടെങ്കിലും ഈ പൊലീസ് ഒന്നു മടിക്കും

പ്രതിഷേധക്കാര്‍ രാജ്യത്തെ ചതിക്കുന്നവരാണെന്ന് പറഞ്ഞ് അവരെ കൊല്ലുകയാണ് വേണ്ടതെന്ന് ക്രിമിനലുകളെ കൊണ്ട് വിളിപ്പിച്ചത് അനുരാഗ് താക്കൂര്‍ എന്നു പറയുന്ന മന്ത്രിയാണ്. ധനകാര്യ സഹമന്ത്രി. ധനകാര്യ സ്ഥിതി ചളകൊളമായിരിക്കുന്ന രാജ്യത്ത് ധനകാര്യമന്ത്രി ചെയ്യുന്ന പണി കണ്ടല്ലോ. നാട്ടില്‍ കലാപം ഉണ്ടാക്കാന്‍ നടക്കുകയാണ്. കലാപവും കൊലപാതകവും ഒക്കെയായി ബിസിയായാല്‍ പിന്നെ ആരും സാമ്പത്തിക സ്ഥിതി എന്തായി എന്ന് അന്വേഷിക്കില്ലല്ലോ. നാളെ ബജറ്റാണ്. ഭരണം തുടങ്ങിയ നാള്‍ മുതല്‍ മോദി ജി ശ്രമിക്കുകയാണ് ഈ സമ്പദ് വ്യവസ്ഥയെ ഒന്ന് ശരിയാക്കാന്‍...നാളെയെങ്കിലും ഒന്നു ശരിയായാല്‍ മതിയായിരുന്നു

ദേശീയ വാര്‍ത്തകളില്‍ കഴിഞ്ഞയാഴ്ച നിറഞ്ഞ് നിന്നത് ഒരു കൊമേഡിയനും ഒരു മാധ്യമപ്രവര്‍ത്തകനുമാണ്. രണ്ടും കൊമേഡിയന്‍മാരാണ് എന്ന്  പറയുന്നവരുമുണ്ട്. സംഗതി , പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ കുനാല്‍ കമ്ര എന്ന പ്രമുഖ കൊമേഡിയന്‍ പോയി ശല്യപ്പെടുത്തിയതാണ്. 

വിമാനത്തിലല്ല, സാധാരണ പ്രൈവറ്റ് ബസില്‍ പോകുമ്പോള്‍ പോലും ആരും ആരെയും ഇങ്ങനെ ശല്യപ്പെടുത്തുന്നത് ശരിയൊന്നുമല്ല. പക്ഷേ, ശല്യപ്പെടുത്തല്‍ നേരിട്ട ആളിനു േവണ്ടി രാജ്യത്തെ സംവിധാനങ്ങള്‍ മുഴുവന്‍ സടകുടഞ്ഞെഴുന്നേറ്റപ്പോള്‍ മനസിലായി, ആ കോമേഡിയന്‍ രാജ്യത്തെ വലിയൊരു പാഠമാണ് മനസ്സിലാക്കിച്ചു തന്നതെന്ന്. ഒരന്വേഷണവും നടപടിക്രമവും ഒന്നും കൂടാതെ കുനാലിന് ഒരുപാട് വിമാനക്കമ്പനികള്‍ വിലക്കേര്‍പ്പെടുത്തി. മിക്കവാറും ഇന്ത്യന്‍ റെയില്‍വേയും ബസുകളും ഒക്കെ സര്‍ക്കാരിനെ സുഖിപ്പിക്കാനായി തമാശക്കാരന് നിരോധനം കൊടുക്കാന്‍ സാധ്യതയുണ്ട്. എന്തു നിരോധനം വന്നാലെന്താ . പറയാനുള്ളത്ത പറഞ്ഞു എന്നൊരു സുഖമുണ്ടല്ലോ. അതുകിട്ടിക്കാണും

കെ.എം.ബഷീര്‍ ആണ് കേരള രാഷ്ട്രീയത്തിലെ പുതിയ താരം. മുസ്ലിം ലീഗ് പ്രാദേശിക നേതാവ് എന്ന നിലയില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹം ഇപ്പോള്‍ കേരളം മുഴുവന്‍ അറിയപ്പെടുന്നു. കാരണം ഇടതു സമര വേദികളിലാണ് മൂപ്പര്‍ക്ക് താല്‍പര്യം എന്നതാണ്. ആദ്യം കണ്ടത്  ചങ്ങലയിലാണ്. പിന്നെയിതാ വേറെയും ഒരു വേദിയില്‍. ബഷീറിന് ഇടതനാകണം എന്നാണ് മനസിലിരിപ്പ് എന്നു തോന്നുന്നു

ബഷീര്‍ ഒരു ട്രെന്‍ഡ് ആകുമോ എന്നാണ് ഇടതുപക്ഷത്തിന് അറിയേണ്ടത്. ബഷീറിനെ ഒരു ടെസ്റ്റ് ടോസാക്കി ലീഗ് തന്നെ ഇറക്കിയാണോ എന്നും സംശയമുണ്ട്. ആ സംശയം ബലപ്പെട്ടത് ബഷീറിന്‍റെ തന്നെ വാക്കുകള്‍ കേട്ടപ്പോളാണ്

അപ്പോള്‍ ഐഎന്‍എല്ലില്‍ പോകില്ല എന്നാണോ. ഇടതു സഖ്യകക്ഷിയായ ഐഎന്‍എല്ലില്‍ എത്തിയാല്‍ എളുപ്പമല്ലേ? ശരിയാണ്. ഐഎന്‍എല്ലിന് എന്തിനാണ് ഇനിയും ആള്? അംഗത്വ ബാഹുല്യം കാരണം അവര്‍ ഈയിടെയായി യൂണിറ്റുകള്‍ പിരിച്ചു വിടുന്നു എന്ന് കേട്ടിരുന്നു. പൗരത്വ പ്രശ്നത്തില്‍ ആര് സമരം നടത്തിയാലും പങ്കെടുക്കുന്ന ബഷീര്‍ യുഡിഎഫ് നടത്തിയ ഭൂപട സമരത്തിന് പോയിരുന്നോ?

അതാണ്. പക്ഷേ ഇന്ന് ലീഗിന്‍റെ വേറൊരു ചടങ്ങിന് ബഷീര്‍ പോയി. പ്രഖ്യാപനം ഒക്കെ കഴിഞ്ഞു. ഇനി വേദിയില്‍ എത്തിയ ബഷീറിന്‍റെ അവസ്ഥ. കേരളത്തിന് ഒരു പുതിയ വെല്ലുവിളി വന്നിരിക്കുന്നു. ഒരു രോഗമാണ്. പേടിക്കണ്ട. പക്ഷേ ജാഗ്രത വേണം

അപ്പോള്‍ എല്ലാം ഒന്നിച്ചു നിന്ന് നേരിടാം.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...