ഇന്ദിരാഭവന്‍റെ പേര് ജംബോ സര്‍ക്കസ് എന്നാക്കി മാറ്റേണ്ടിവരുമോ..!

jambokpccthiruva
SHARE

നെറ്റിയില്‍ സിന്ദൂരക്കുറിയില്ലെന്നുകരുതി കാക്ക കൊത്തിയ എപ്പിസോഡാണെന്ന് ആരും വിചാരിക്കരുത്. സംഗതി ഫ്രഷുതന്നെയാണ്. അപ്പോ തുടങ്ങാം ഇന്നത്തെ തിരുവാഎതിര്‍വാ

പട്ടിക തയ്യാറാക്കി തയ്യാറാക്കി ഡല്‍ഹിയിലെ പേപ്പര്‍ മുഴുവന്‍ കോണ്‍ഗ്രസ് തീര്‍ക്കുന്ന അവസ്ഥയാണ് വന്നുചേര്‍ന്നിരിക്കുന്നത്. ചെറിയൊരു പറ്റുബുക്കായിരുന്നു മുല്ലപ്പള്ളിയുടെ കൈയ്യിലുണ്ടായിരുന്നത് എങ്കിലും അതിനെ പറ്റിപ്പു ബുക്കാക്കി മാറ്റാന്‍ ഗ്രൂപ്പ് രാജാക്കന്മാര്‍ക്ക് കഴിഞ്ഞു. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന്‍റെ പേര് ജംബോ സര്‍ക്കസ് എന്നാക്കി മാറ്റേണ്ടിവരുമോ എന്നതാണ് ഇപ്പോള്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ വിഷമം. കോണ്‍ഗ്രസിലെ പുനസംഘടന എന്നൊക്കെ പറഞ്ഞാല്‍ ഇതല്ല ഇതിനപ്പുറത്തെ കോമഡികള്‍ നാം കാണേണ്ടിയും കേള്‍ക്കേണ്ടിയും വരും. ഗ്രൂപ്പലര്‍ജിക്കാരായ വിഎം സുധാരനും മുല്ലപ്പള്ളിയുമൊക്കെ അല‍ര്‍ജിക്കുള്ള മരുന്ന് തേക്കുക മാത്രമാണ് ഏക പോംവഴി. അല്ലാതെ ഈ പാര്‍ട്ടിയുടെ സ്വഭാവം മാറും എന്ന് തമാശക്കുപോലും വിചാരിക്കരുത്. വര്‍ക്കിങ് പ്രസിഡന്‍റ് എന്നാല്‍ എപ്പോളും വര്‍ക്ക് ചെയ്യുന്ന പ്രസിഡന്‍റ് എന്നാണോ അതോ പ്രസിഡന്‍റില്ലാത്തപ്പോള്‍ വര്‍ക്കു ചെയ്യേണ്ട പ്രസിഡന്‍റ് എന്നാണോ അര്‍ഥമെന്ന് ഇതുവരെയും നിര്‍വചിക്കപ്പെട്ടിട്ടില്ല. എന്നാലും മുല്ലപ്പള്ളി പ്രസിഡന്‍റ് കേരള നാട്ടില്‍ ഇല്ലാത്ത സ്ഥിതിക്ക് വര്‍ക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ ഓണ്‍ സ്റ്റേജ്

എല്ലാം വിട്ടുപറയാനുള്ള അധികാരം വര്‍ക്കിങ് പ്രസി‍‍ഡന്‍റിനില്ല എന്നുമനസിലായില്ലേ. അതിനാല്‍ നമുക്ക് ഗ്രൂപ്പ് നേതാക്കള്‍ക്കളുടെ മുഖദാവിലേക്ക് ശ്രദ്ധിക്കാം

ഭാരവാഹിപ്പട്ടികയുടെ ബാഹുല്യം കണ്ട് പേടിച്ചാണോ എന്നറിയില്ല ടി എന്‍ പ്രതാപനും വിഡി സതീശനും എപി അനില്‍ക്കുമാറുമൊക്കെ മല്‍സര രംഗത്തുനിന്ന് പിന്മാറി. നൂറുകണക്കിന് വരുന്ന ഭാരവാഹികള്‍ക്കിടയില്‍പ്പെട്ട് പരുക്കേല്‍ക്കേണ്ട എന്നു കരുതിയാകണം ഈ പിന്മാറ്റം. ഇവര്‍ ഇങ്ങനെയൊക്കെ ചെയ്താലും കെ സുധാകരനും കൊടിക്കുന്നിലുമൊന്നും ഒരടി പിന്നോട്ടില്ല. കാരണം പാര്‍ട്ടിക്കായി ഭാരവാഹിയായി ത്യാഗം ചെയ്യാന്‍ വെമ്പി നില്‍ക്കുകയാണ് അവര്‍

മറ്റൊന്നും അറിയില്ല എന്നു പറയുമ്പോളും എണ്ണം നൂറില്‍കുറയില്ല എന്ന് കൊടിക്കുന്നിലിന് നന്നായറിയാം. അതാണല്ലോ കോണ്‍ഗ്രസ് ലിസ്റ്റുകളുടെ രഹസ്യ സ്വഭാവം. തന്നെ നിയമിച്ചത് മുല്ലപ്പള്ളിയല്ല എന്നാണ് കൊടിക്കുന്നിലൊക്കെ പറയുന്നത്. അതായത് പ്രസിഡന്‍റല്ല വര്‍ക്കിങ് പ്രസിഡന്‍റാണ് പാര്‍ട്ടിയിലെ വലിയ പദവും പദവിയും എന്ന്. കോണ്‍ഗ്രസ് അധ്യക്ഷന്‍റെ ഡയറക്ട് ക്യാംപസ് റിക്രൂട്ട്മെന്‍റിലാണത്രേ ഇവരൊക്കെ പെടുക. 

ഇതാണ് മുല്ലപ്പള്ളിയുടെ ഇപ്പോളത്തെ അവസ്ഥ. ആകെ ഒരു മരവിപ്പ്‍. ഡല്‍ഹിയില്‍ നിന്ന് തിരിച്ച് ജംബോ ജറ്റില്‍ വരുമ്പോള്‍ മുഖം മറക്കാന്‍ ഒരു മങ്കി മഫ്ളര്‍ വാങ്ങുന്നത് നല്ലതാണ്. 

സത്യത്തില്‍ ഇതൊരു ഭരണഘടനാ പ്രശ്നം തന്നെയാണ്. മാങ്ങയാണോ മാങ്ങാണ്ടിയാണോ മൂത്തത് എന്ന സമസ്യപോലെ, കോഴിയും മുട്ടയും തമ്മില്‍ നടക്കാറുള്ള പതിവ് ഏറ്റുമുട്ടല്‍പോലൊരു ചോദ്യം. കോണ്‍ഗ്രസില്‍ പ്രസിഡന്‍റാണോ വര്‍ക്കിങ് പ്രസിഡന്‍റാണോ വലുത്.

കൊടിക്കുന്നിലും കെ സുധാകരനുമൊക്കെ ഇങ്ങനെ ഒഴിയാ ബാധയാകുമെന്ന് മുല്ലപ്പള്ളി തെല്ലും നിരീച്ചതല്ല. ഓവര്‍ സ്മാര്‍ട്ടാകുന്നത് മുല്ലപ്പള്ളിക്ക് ഇഷ്ടമാണ്, പക്ഷേ അത് പുള്ളി ആകുമ്പോള്‍ ആണ് എന്നുമാത്രം. ആഭ്യന്ത്രവകുപ്പിലെ നിര്‍ണായക ഫയലുകള്‍ കണ്ടപ്പോള്‍പ്പോലുമില്ലാതിരുന്ന നെഞ്ചിടിപ്പാണ് രാമചന്ദ്രന്‍ പ്രസിഡന്‍റ് ഇപ്പോള്‍ അനുഭവിക്കുന്നത്. ഒഴിപ്പിക്കാന്‍ ചെറുതല്ലാത്ത കൈകൃയകള്‍ത്തന്നെ വേണ്ടിവരും. അല്ലെഹ്കില്‍ കൊടിക്കുന്നിലിനെയൊക്കെ വല്ല സ്ഥിരം ക്ഷണിതാവും ആക്കണം. ഇങ്ങനെയൊക്കെയാണല്ലോ കോ‍ണ്‍ഗ്രസില്‍ പല പദവികളും രൂപമെടുക്കുന്നതുതന്നെ

പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതികളായ അലനും താഹയും ആരാണ് എന്ന ചോദ്യമാണ് സിപിഎമ്മിനെ ഇപ്പോള്‍ കുഴക്കുന്നത്. അവര്‍ പാര്‍ട്ടിയുടെ താരകങ്ങളാണെന്നാണ് കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ പറയുന്നത്. എന്നാല് ‍അവരുടെ പ്രോഗ്രസ് കാര്‍ഡില്‍ മാവോയിസ്റ്റ് എന്ന് പതിച്ചത് പൊലീസല്ല മറിച്ച് പൊലീസ് മന്ത്രിയായ സാക്ഷാല്‍ പിണറായി വിജയനാണ്. ഇതൊക്കെ കേള്‍ക്കുന്നവര്‍ മുഖ്യനെ വിശ്വസിക്കണോ അതോ ജില്ലാ സെക്രട്ടറിയെ വിശ്വസിക്കണോ. അലനും താഹയും നല്ല ഇരകളാണെന്നു തിരിച്ചറിഞ്ഞ പ്രതിപക്ഷം പതിയെ അവരുടെ വീടുകളിലെത്തുകയും സംഗതിയില്‍ ചെറിയൊരു മുതലെടുപ്പിന് ശ്രമം തുടങ്ങുകയും ചെയ്തതോടെയാണ് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന് അലനോടും താഹയോടും വീണ്ടും സ്നേഹം തോന്നിയത്. താന്‍ പിടിച്ച മുയല്‍ മാവോയിസ്റ്റ് ആണെന്ന് ഉറച്ചു വിശ്വസിക്കുന്ന മുഖ്യന്‍ ഇനി എന്തുപറയുമോ ആവോ. അലനും താഹയും മാവോയിസ്റ്റാണോ എന്ന വിഷയം പാര്‍ട്ടിക്ക് ഇനി വരുന്ന പ്രീനത്തിലോ കുറഞ്ഞത് പിബിയിലെങ്കിലുമോ ചര്‍ച്ചക്കെടുക്കാവുന്നതും വ്യക്തത വരുത്താവുന്നതുമാണ്

സംഗതി സിംപിള്‍ കഥയാണ്. അലനെയും താഹയെയും ഒന്നു വിരട്ടാന്‍ പ്ലാന്‍ ചെയ്ത പിണറായി നൈസ് യുഎപിഎ ചുമത്തി. ഇത്തരത്തില്‍ എടുക്കുന്ന കേസുകളെ ഒരു സമിതി വിലയിരുക്കും. അവരാണ് തീരുമാനിക്കുന്നത് ഇത് യുഎപിഎ ആണോ അല്ലയോ എന്ന്. സ്വാഭാവികമായും ഈ കേസിന്‍റെ ഭാവി പിണറായി തീരുമാനിച്ചിരുന്നു. എന്നാല്‍ ആന്‍റ് ക്ലമാക്സായി അതിലേക്ക് എന്‍ഐഎ രംഗപ്രേവേശം ചെയ്തു. അതോടെ പണി പാളി. എന്‍റ് ബുദ്ധിയായിപ്പോയി. അല്ലെങ്കില്‍ കാണിച്ചുതരാമായിരുന്നുവെന്ന് മോഹനനെ നോക്കി മുഖ്യന്‍ മുരണ്ടു. ഇനിയുള്ള ഏക പോംവഴി രമേശ് ചെന്നിത്തലയെയും എന്‍ഐഎയുടെ അധിപനായ കേന്ദ്രസര്‍ക്കാരിനെയും പഴിക്കുക എന്നതാണ്

തന്നെ പൊട്ടിച്ചിതറിക്കാന്‍ വന്ന മനുഷ്യബോബുകളെ നിര്‍വീര്യമാക്കിയതിന്‍റെ സന്തോഷം പങ്കിട്ട് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തി. സുഭാഷ് വാസുവും സെന്‍കുമാര്‍ജിയും ഉണ്ടാക്കിയ ഗുണ്ട് ഒലപ്പടക്കത്തിന്‍റെ പ്രകമ്പനം പോലും കണിച്ചികുളങ്ങരയിലോ സമീപ പ്രദേശങ്ങളിലോ ഉണ്ടാക്കിയില്ലെന്ന് നടേശേട്ടന്‍ വ്യക്തമാക്കി. പതിവുപോലെ ആവശ്യത്തിന് ഉപമയും ഉല്‍പ്രേക്ഷയും പഴഞ്ചൊല്ലുകളും നിരത്തിത്തന്നെയായിരുന്നു മറുപടി. 

വെള്ളാപ്പള്ളി നടേശന്‍ രാജാവായാണ് വാഴുന്നതെന്നായിരുന്നു സുഭാഷ് വാസുവിന്‍റെ ആരോപണം. ആ രാജാവിന്‍റെ പേര് തന്‍റെ കീഴിലുള്ള എന്‍ജിനീയറിങ് കോളജിനിട്ട സുഭാഷ് വാസുവിന് ഇപ്പോളാണ് രാജവാഴ്ച അസ്തമിച്ച കാര്യം ഓര്‍മ വന്നത്. അതുകൊണ്ട് കോളജിന്‍റെ പേര് മാറ്റാനാണ് തീരുമാനം. ചീത്തപ്പേര് അത്രയും കുറഞ്ഞുകിട്ടുമെന്നാണ് വെള്ളാപ്പള്ളി ആശ്വസിക്കുന്നത്

കോഴിക്കോട് പന്തീരാങ്കാവില്‍ സിപിഎം പ്രവര്‍ത്തകരായ അലനെയും താഹയെയും അറസ്റ്റ് ചെയ്തതത് ആരാണ്? ഇടതുസര്‍ക്കാര്‍. അവര്‍ക്ക് മാവോയിസ്റ്റ് ബന്ധമാരോപിച്ചതും യുഎപിഎ ചുമത്തിയതും ആരാണ്? ഇടതുസര്‍ക്കാരിന്റെ പൊലീസ്. അവരാരാണ് എന്ന ചോദ്യത്തിന് സിപിഎം പ്രവര്‍ത്തകരല്ല, മാവോയിസ്റ്റുകളാണ് എന്ന് വ്യക്തമായി പറഞ്ഞതാരാണ്? സിപിഎം പി.ബി.അംഗമായ മുഖ്യമന്ത്രി പിണറായി വിജയന്‍. മാവോയിസ്റ്റ് ബന്ധം തെളിഞ്ഞെന്നും തെളിവുകള്‍ പൊലീസ് കെട്ടിച്ചമച്ചതല്ലെന്നും നാടാകെ വിശദീകരിച്ചതോ? സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി. അപ്പോള്‍ പിന്നെ ഇപ്പോള്‍ കേട്ട വാക്കുകളുടെ അര്‍ഥമെന്താണ്? മുഖ്യമന്ത്രിയുടെ നിലപാടിന് പിന്നാലെ അലനെയും താഹയെയും കയ്യൊഴിഞ്ഞ സിപിഎം ഇപ്പോള്‍ നടത്തുന്നത് എന്തിനുള്ള ശ്രമം? കൗണ്ടര്‍പോയന്റ് വിഡിയോ കാണാം..

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...