കൊമ്പുള്ള മലയാളിയും ഒളിച്ചുകളി രാഷ്ട്രീയവും

thiruva-ethirva
SHARE

മലയാളിക്കെന്താ കൊമ്പുണ്ടോ ? രാജ്യം ഭരിക്കുന്നവര്‍ പറയുന്നത് അനുസരിച്ചോളണം. അതിന്റെ പേരില്‍ കച്ചറയുണ്ടാക്കാന്‍ നടന്നാല്‍ അനുഭവിക്കേണ്ടിവരും. ഇങ്ങനെയൊക്കെ സ്വന്തം സുഹൃത്ത് നമ്മുടെ മുഖത്ത് നോക്കി പറഞ്ഞാല്‍ ആരായാലും സങ്കടത്തിലാവും. അതാണ് സാസ്കാരിക മന്ത്രി എ. കെ ബാലനും സംഭവിച്ചത്. സിനിമാമന്ത്രിയായതിനാല്‍ അല്‍പം മസാല ചേര്‍ത്തതാണെന്ന് വേണമെങ്കില്‍ സംശയിക്കാം. പക്ഷെ, അല്ല. അദ്ദേഹം ശരിക്കും ദുഃഖത്തിലാണ്. സാരോല്ല ബാലേട്ടാ. ഇമ്മാതിരി ചോദ്യം ചോദിക്കുന്ന ആ ചങ്ങാതിയെ ഇനി കണ്ടാല്‍ മുണ്ടു മടക്കിക്കുത്തി പറയണം, കേരളത്തിലെ പിള്ളേരെ തനിക്ക് നല്ലോണം അറിയാമ്പാടില്ലാന്ന്.

ഒളിച്ചുകളി രാഷ്ട്രീയമാണ് കേരളത്തിലെ പുതിയ ട്രന്‍‍ഡ്. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിലാണ് ഈ കളി രാഷ്ട്രീയക്കാര്‍ പാസാക്കിത്തുടങ്ങിയത്.  മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലാണ് ഒരു കളി.  വിജയനും ഗവര്‍ണറും രമേശ് ചെന്നിത്തലയും തമ്മില്‍ മറ്റൊരു കളി. മുല്ലപ്പള്ളി രാമചന്ദ്രന്റെ ഒളിച്ചുകളി ഒറ്റയ്ക്കാണ്. മൊത്തത്തില്‍ കളിച്ചുതീരുമ്പോഴേക്കും ആരെയൊക്കെ കാണാതാകും എന്ന് അറിഞ്ഞാല്‍ മതി. കേന്ദ്രത്തിനെതിരെ ഒന്നിച്ച് പ്രമേയം പാസാക്കിയാപ്പോരാ, ഒന്നിച്ചുനില്‍ക്കുകയും വേണം. നടുത്തളത്തിലെ യോജിപ്പ് നടവരമ്പിലും കാണിച്ചാല്‍ സിപിഎമ്മിനും കോണ്‍ഗ്രസിനുംകൊള്ളാം. തെളിഞ്ഞ രാഷ്ട്രീയത്തിലേ നാട്ടുകാര്‍ക്ക് താല്‍പര്യമുള്ളൂ.

ഒളിച്ചുകളി എന്താണെന്ന് അത് കളിക്കുന്നവര്‍ക്ക് നല്ലോണം മനസ്സിലാകും. ഉദാഹരണത്തിന് കേരളത്തിലെ മുഖ്യമന്ത്രിയെകുറ്റം പറയുന്ന ചെന്നിത്തല, മധ്യപ്രദേശിലേയും രാജസ്ഥാനിലേയും മുഖ്യമന്ത്രിമാര്‍ എന്തെങ്കിലും മിണ്ടിയോ എന്ന് നോക്കണം. സംസ്ഥാനങളുടെ പള്‍സറിയാവുന്ന പഴയ ദേശീയ നേതാവിന് അതറിയാന്‍ അവിടെ പോകണമെന്നില്ലല്ലോ. അപ്പോള്‍ പിന്നെ പിണറായിയെ അമിത് ഷായുടെ ചരടില്‍ കെട്ടുന്നതില്‍ അര്‍ഥമില്ലെന്ന് പ്രതിപക്ഷനേതാവിന് മനസ്സിലാവും. പിണറായി കണ്ണാടി നോക്കിയാല്‍ ഫാസിസ്റ്റിനെ കാണാനാകുമെന്ന് പറയുന്നവര്‍ സ്വന്തം മുഖം നോക്കാനും മടിക്കേണ്ടതില്ല.

പുറത്തുനടക്കുന്നതൊന്നും അറിയാതെ കുട്ടനാട്ട് കിടന്ന് തുഴയുകയാണ് വീരശൂരപരാക്രമികളായ പി.ജെ. ജോസഫും ജോസ് കെ. മാണിയും. സിഎഎ, എന്‍ ആര്‍ സി എന്നൊന്നും അവര് കേള്‍ക്കാനിടയില്ല. ഉപതിരഞ്ഞെടുപ്പില്‍ കുട്ടനാട്ടില്‍ കൃഷിയിറക്കാനുള്ള തിരക്കിലാണ് ഇരുവരും. ജോസുമോന്‍ പ്രചാരണം ചെറിയതോതില്‍ തുടങ്ങിക്കഴിഞ്ഞു. തോമസ് ചാണ്ടിയുടെ സംസ്കാരത്തിനെത്തിയ ഉമ്മന്‍ചാണ്ടി ജോസ് കെ മാണി വിഭാഗത്തിലെ ആളോട് കൈ ഒന്ന് പൊക്കി കാണിച്ചു. അത് പ്രചാരണത്തിന്റെ സമ്മതമായി തെറ്റിദ്ധരിച്ചിരിക്കുകയാണെന്നാണ് ജോസഫിന്റെ ആക്ഷേപം. അല്ലെങ്കിലും കൈ പൊക്കി കാണിച്ചാല്‍ ഇതല്ല അര്‍ഥമെന്ന് പി.ജെ ജോസഫിന് പണ്ടേ അറിയാവുന്നതാണ്. മുന്നണി ദുര്‍ബലമാക്കരുതെന്നാണ് ജോസിന്റെ അഭ്യര്‍ഥന. ഇതുകേട്ടാല്‍തോന്നും മുന്നണിക്ക് നല്ല ബലമാണെന്ന്.

ഇനിയൊരപേക്ഷയാണ്, പി.ജെ. ജോസഫിനോട്. ജോസ് കെ മാണിയെ ഇങ്ങനെ കൊച്ചാക്കുന്നതൊക്കെ കൊള്ളാം. ഒരു രസമൊക്കെയുണ്ട്. പക്ഷെ, ആ തൊഴുത്തില്‍ മുഖ്യമന്ത്രിയെ കെട്ടാന്‍ ശ്രമിക്കരുത്. തൊടപുഴയിലെ കാര്‍ഷികമേളയില്‍ ഗായത്രി പശുവിന് ഒന്നാംസമ്മാനം കിട്ടി. പശുവിന് പേരിട്ട ജോസഫിന് ഒരാഗ്രഹം. പശുവിന്‍ മുഖ്യമന്ത്രി നേരിട്ട് സമ്മാനം നല്‍കണമെന്ന്. പഴയ മുന്നണിക്കാരനല്ലേ എന്നോര്‍ത്ത് പിണറായി വഴങ്ങി. പ്രശ്നമൊന്നും ഉണ്ടായില്ല. പശുവിനെ ഗുജറാത്തില്‍നിന്ന് കൊണ്ടുവന്നതാണെന്ന് ജോസഫ് പറഞ്ഞില്ല, നല്ലത്. എങ്കിലും പശുവിനെയും പോത്തിനെയും കാളയെയുമൊക്കെ അതിനെ സ്നേഹിക്കുന്നവര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതാകും ഇക്കാലത്ത് ഏത് ജോസഫിനും നല്ലത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോരാട്ട വിഥിയാലാണ് പി.കെ ഫിറോസും ടീംസും. കറുത്ത വസ്ത്രമൊക്കെ ഇട്ട് നല്ല പ്രേമം സ്റ്റൈലില്‍ ഒരു പൊളി പ്രതീക്ഷിച്ച് സമരം പ്രഖ്യാപിച്ചു. അമിത് ഷാ കോഴിക്കോട്ടിറങ്ങുമ്പോള്‍ കാണേണ്ടത് ഒരു മനുഷ്യമതില്‍. അതും മൊത്തം കറുപ്പണിഞ്ഞവരുടെ മതില്‍. പക്ഷെ, കുഞ്ഞാലിക്കുട്ടിക്കും ടീംസിനും അതങ്ങ് പിടിച്ചില്ല. തലയിരിക്കുമ്പോ യൂത്ത് ലീഗ് ഫണം ഉയര്‍ത്തേണ്ടതില്ല. അതോടെ എന്തായി. നിര്‍മാണം തുടങ്ങി മുമ്പെ മതിലിടിഞ്ഞുവീണം. ആളപയാമില്ല. ഭാഗ്യം.

ഗവര്‍ണക്കെതിരെ ഊരിയ കത്തിയുമായി കെ.മുരളീധരന്‍ പരക്കംപായുകയാണ്. ഗവര്‍ണറെ ഗവര്‍ണര്‍ എന്നുപോലും വിളിക്കാന്‍ അദ്ദേഹം തയ്യാറല്ല. ചോര തിളക്കുകയാണ്. കേന്ദ്രത്തിന്റെ ഏത് നാവും തന്റെ കത്തിക്ക് ഭക്ഷണമാകും എന്ന നിലയ്ക്കാണ് മുരളീധരന്റെ ഗര്‍ജ്ജനം. രാജ്ഭവന് മുന്നില്‍ എന്തുംസംഭവിക്കാം എന്ന അവസ്ഥയാണ്. സര്‍ സിപിയുടെ മൂക്ക് ഛേദിച്ച കഥയൊക്കെ മുരളീധരന്‍ തള്ളിവിടുന്നുണ്ട്. ഗുരുവായൂരപ്പന്‍ കാക്കും, പേടിക്കേണ്ട

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...