രണ്ട് ഇലയില്‍ നാലുതരത്തില്‍ വിളമ്പുന്ന കാഴ്ച

Thiruvaa_11-12
SHARE

നരേന്ദ്ര ദാമോദര്‍ദാസ് മോദിയുടെ തൊപ്പിയില്‍ ഒരു ക്ലീന്‍ ചിറ്റുകൂടിക്കിട്ടിയ ദിവസമാണ്. സത്യം പറഞ്ഞാല്‍ ജീവിക്കകയാണെങ്കില്‍ മോദിയെപ്പോലെയും അമിത്ഷായെപ്പോലെയുമൊക്കെ ജീവിക്കണം. ആരെയും ഭയക്കേണ്ടതില്ല. അവര്‍ക്കിഷ്ടമുള്ളതൊക്കെ നടപ്പിലാക്കാനും കഴിയും. അത് പ്രധാനമന്ത്രിയുടെ കാര്യം. ഇനി നമ്മുടെ മുഖ്യന്‍റെ നാട്ടിലെ ജീവിത രീതി പറയാം. 

ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി എസ് പി ദീപക്ക് ഇതുപോലൊരു  പൊന്‍തൂവല്‍ കാത്തിരുന്നതാണ്. തൊപ്പിയില്‍ പക്ഷേ പിണറായി സര്‍ക്കാര്‍ വച്ചുകൊടുത്തത് നല്ല ഒന്നാന്തരം മുള്‍ക്കിരീടവും. അപ്പോള്‍ തിരുവാക്ക് എതിര്‍വാ വേണ്ട എന്ന് മോദി സര്‍ക്കാര്‍ ആഗ്രഹിക്കുന്ന ഇന്ത്യയില്‍ തൊപ്പിയും തൂവലുമൊന്നുമില്ലാതെ നമ്മള്‍ തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ

മതത്തിന്‍റെ അടിസ്ഥാനത്തില്‍ പണ്ട് ഒന്ന് വിഭജിക്കപ്പെട്ടിട്ടുണ്ട് രാജ്യം. അക്കാര്യം വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടാണ് മോദിയും അമിത്ഷായും പൗരത്വ ഭേദഗതി ബില്ലുമായി ഇറങ്ങിയത്. ഇനിയും വിഭജനത്തിന്‍റെ മുറിവ് ഉണ്ടാകരുത് എന്നകാരണത്താല്‍ ജനം മറക്കാന്‍ ആഗ്രഹിക്കുന്നത് വിളിച്ചുണര്‍ത്തി പറയുന്നതിലാണ് കേന്ദ്രസര്‍ക്കാരിന്‍റെ മിടുക്ക്. അതായത് മതവും വിഭജനവുമൊന്നും പഴയ ചരിത്രം മാത്രമല്ല എന്ന് പറഞ്ഞുവയ്ക്കുകയാണ്. ബില്ലിനെ എതിർക്കുന്നവർ പാക്കിസ്ഥാന്റെ  ഭാഷയാണ്  സംസാരിക്കുന്നതെന്ന് പ്രധാനമന്ത്രി ആദ്യമേ മുന്‍കൂര്‍ ജാമ്യം പറഞ്ഞുവച്ചു.

ആദ്യം മിണ്ടുന്നവന്‍ കഴുത എന്നൊക്കെപ്പറഞ്ഞ് കുട്ടികള്‍ കളിക്കുന്ന കളിയില്ലേ. അതാണ് സംഗതി. ഇപ്പോള്‍ കളിക്കുന്നത് അല്‍പ്പം വളര്‍ച്ച മൂത്ത കുട്ടികളാണെന്നുമാത്രം. പന്തിഭോജന സമരം നടത്തിയ സഹോദരന്‍ അയ്യപ്പന്‍റെ നാടാണിത്. രണ്ട് ഇലയില്‍ നാലുതരത്തില്‍ വിളമ്പുന്നതാണ് ഇപ്പോള്‍ ഇന്ത്യയിലെ കാഴ്ച. ഒരു വിഭാഗത്തെ മാത്രം കാണാവുന്ന കണ്ണടകള്‍ ധരിച്ച് ഭരണാധികാരികള്‍  നീതി നടപ്പിലാക്കുന്നു. രാജ്യം കത്തുന്നതുപക്ഷേ ആ കണ്ണടയില്‍ കാണാനാവില്ലോ

‍ഡിസംബര്‍ ജനുവരി മാസങ്ങള്‍ ഉല്‍സവങ്ങളുടേതും പെരുന്നാളുകളുടേതുമാണ്. അതുകൊണ്ട് തങ്ങളുടെ കുടുംബത്തിലും ആഘോഷങ്ങള്‍ വേണമെന്ന് ജനതാ പാര്‍ട്ടികള്‍ ആഗ്രഹിച്ചാല്‍ തെല്ലും തെറ്റുപറയാനാവില്ല. എല്‍ഡിഎഫ് കുടുംബത്തില്‍ എന്തിനാണ് രണ്ട് പായില്‍ ഉറങ്ങുന്നതെന്ന ചോദ്യം ജനതാദള്‍ എസും ലോക് താന്ത്രിക് ജനതാദളും തമ്മില്‍ ചോദിച്ചു തുടങ്ങിയിട്ട് നാളേറെയായി. എല്ലാവര്‍ക്കും കൂടി ഇരിക്കാന്‍ ഇടതുമുന്നണി യോഗത്തില്‍ കസേര തികയില്ലെന്ന് സിപിഎം സൂചിപ്പിച്ചെന്നും തോന്നുന്നു.

പണ്ട് ഇടതുമുന്നണി വിട്ടിറങ്ങിയ വീരന് എകെജി സെന്‍ററിന്‍റെ വാതില്‍ക്കല്‍ നിന്ന് കെ കൃഷ്ണന്‍കുട്ടിയും മാത്യു ടി തോമസുമൊക്കെ ടാറ്റ നല്‍കിയിരുന്നു. അന്ന് പോകല്ലേ പോകല്ലേ എന്നാണ് ഞങ്ങള്‍ പറഞ്ഞതെന്നാണ് ഇപ്പോള്‍ ജനതാദള്‍ എസിന്‍റെ അവകാശവാദം. പാവം വീരനും മകനും അത് വിശ്വസിച്ചു. കുഴപ്പം എന്താണെന്നുവച്ചാല്‍ ഇവിടുത്തെപോലല്ല ദേശീയ തലത്തില്‍ കാര്യങ്ങള്‍. ബിജെപി നീട്ടുന്ന പ്ലാവിലക്കു നേരെ എപ്പോളാണ് ഈ പാര്‍ട്ടികളുടെ കേന്ദ്ര നേതൃത്വം നാവുനീട്ടുകയെന്ന് ഉറപ്പില്ല. അതുതന്നെയാണ് ഒരു പായില്‍ ഉറങ്ങാന്‍ തീരുമാനമെടുക്കുന്നതിനുള്ള ബുദ്ധിമുട്ടും

പറഞ്ഞല്ലോ. ഇരുവരും ഒന്നായാല്‍ അതിന്‍റെ ഗുണം ഇടതുമുന്നണിക്കുതന്നെയാണ്. വീരേന്ദ്രകുമാറും മകന്‍ ശ്രേയാംസ്കുമാറും അവരുടെ പാര്‍ട്ടിയുടെ പേര് ഇടക്കിടക്ക് മാറ്റാന്‍ നിര്‍ബന്ധിതരാകാറുണ്ട്. ഇടതുമുന്നണിക്ക് അവര്‍ വരുമ്പോള്‍ ആദ്യം റജിസ്റ്ററില്‍ പേര് പാര്‍ട്ടി എന്നീ കോളങ്ങള്‍ നിര്‍ബന്ധമായും എഴുതിപ്പിക്കാന്‍ കണ്‍വീനര്‍ വിജയരാഘവന്‍ പ്രത്യേകം ശ്രദ്ധിക്കും. അങ്ങനെയാണ് അവരുടെ ലേറ്റസ്റ്റ് പേര് ഉറപ്പിക്കുന്നത്. കര്‍ണാകട തിരഞ്ഞെടുപ്പില്‍ പ്ലാവിലക്കു നേരെ ജെഡിഎസ് മുഖം തിരിച്ചതിനാല്‍ ഇനി സമാഗമ സമയം എന്നാണത്രേ വാരഫലം

സവാളക്കു വിലകൂടി. വെറുതെ കൂടി എന്നുപറഞ്ഞാപ്പോര കൂൂൂടി. ഈ വിഷയത്തില്‍ പല ടിക്ടോക്കുകളും ട്രോളുകളും ഇറങ്ങുന്നുണ്ട്. നമ്മളെപ്പോലുള്ള സാധാരണക്കാര്‍ക്ക് മാത്രമല്ല ഇത്തംര ട്രോളുകള്‍ ഫോര്‍വേഡ് ചെയ്ത് കിട്ടുക. അത് മനസിലായത് സവാള ട്രോളുകള്‍ നിരത്തിവച്ച് കേരളത്തിന്‍റെ ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ പ്രസംഗിച്ചപ്പോളാണ്. പണ്ട് അതായത് മാവേലി നാടുവാണകാലത്ത് സവാളയും സവാള വിലയും ഇവിടെ വിഷയമേ അല്ലായിരുന്നു. ഇറച്ചി കഴിച്ചു തുടങ്ങിയതോടെയാണത്രേ നാം സവാളയെ ഓര്‍ത്ത് കണ്ണീര്‍ തൂവിത്തുടങ്ങിയത്. പണ്ട് ഉള്ളിക്കറി വച്ചിരുന്നത് ചേമ്പിന്‍ താള്‍കൊണ്ടായിരുന്നുവെന്നു തോന്നുന്നു. എന്തായാലും കേരളത്തിലെ ഇറച്ചി സ്നേഹികള്‍ക്ക് സന്തോഷിക്കാം.കപ്പല്‍ തീരത്തണയേണ്ട താമസം നിങ്ങള്‍ക്കായി നമ്മുടെ ഭക്ഷ്യമന്ത്രി ആവശ്യത്തിന് ഉള്ളിയും സവാളയും കൊണ്ടുവരും. 

സംസ്ഥാനത്തെ ഖജനാവില്‍ പാറ്റ ഓടുന്ന കഥ പറയുക എന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ദിനചര്യയാക്കിയിട്ടുണ്ട്. ഇതുകേട്ടു കേട്ടുമടുത്തിട്ടെങ്കിലും കണക്കപ്പിള്ള തോമസ് ഐസക് എവിടെനിന്നെങ്കിലും കാശൊപ്പിച്ചു കാണ്ടുവന്നാല്‍ മതിയാരുന്നു. പറഞ്ഞതൊന്നും മാറ്റിപ്പറയുന്നവനല്ല രമേശ്. അതുകൊണ്ടാകണം കഴിഞ്ഞ രണ്ടാഴ്ചയായി പറയുന്നത് ഒരേ വാചകമാണ്. പുതിയതായി ഒരു ലോപോയിന്‍റുമില്ല. ധനമന്ത്രിയും കണക്കാണ്. കേന്ദ്രം ജിഎസ്ടി എന്നല്ലാതെ പട്ടിണിയുടെ മറ്റൊരു കാരണം ചൂണ്ടിക്കാട്ടാന്‍ ഐസക്കിനുമാവുന്നില്ല. വന്നുവന്ന് പുതിയ ആരോപണങ്ങള്‍ക്കും മറുപടികള്‍ക്കുംവരെ കേരളത്തില്‍ ദാരിദ്രമായി

അടുത്ത കാലത്തായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നന്നായി വിത്തെറിയുന്നുണ്ട്. ബ്ലൂബറിയും മാര്‍ക്ക് ദാനവുമൊക്കെ മുളക്കും മുളക്കുമെന്ന പ്രതീക്ഷയിലാണ് ടിയാന്‍. ഇതൊക്കെ മുളച്ച് കൊയ്യാറാകുമ്പോളേക്ക് സര്‍ക്കാരിന്‍റെ കാലാവധി പൂര്‍ത്തിയാകുമോ എന്നതാണ് സംശയം. എന്തായാലും വിതക്കുന്നത് നിര്‍ത്തുന്നില്ല. കാരണം വിതച്ചതേ കൊയ്യൂ

ഒരു ചെറിയ ഉപദേശത്തോടെ ഇന്നത്തെ പറച്ചിലിന് കര്‍ട്ടിനിടുകയാണ്. മറ്റൊന്നുമല്ല. സ്വന്തം രീതിയില്‍ ചിരിച്ചുകൊണ്ട് മറുപടി പറയുന്നവര്‍ തെല്ലൊന്ന് സൂക്ഷിച്ചാല്‍ നന്ന്. അല്ലെങ്കില്‍ കൂനിന്മേല്‍ കുരു എന്നതുപോലെ വിലക്കിനുമേല്‍ വിലക്കുവരും. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...