മനോരോഗമോ മനോവിഷമമോ?; ട്വിസ്റ്റോടു ട്വിസ്റ്റ്

Thiruvaa_09_12
SHARE

രാവിലെ ഇടവേള ബാബു ക്യാമറക്കുമുന്നില്‍ വന്നു. മേക്കപ്പില്ലാതെ വന്നെ ബാബു ക്ലാപ്പടിക്കാന്‍ കാത്തുനില്‍ക്കാതെ ഷെയ്ന്‍ നിഗം വിഷയത്തില്‍ ചില പ്രതീക്ഷകള്‍ പറഞ്ഞു. ഷെയ്നും നിര്‍മാതാക്കളും തമ്മിലുള്ള കാര്‍കൂന്തല്‍ വിഷയത്തിന് ഒരു ഇടവേളയായി എന്നായിരുന്നു ഇടവേള ബാബു പറഞ്ഞത്. അതായത് ഇനി തമ്മിലടിയില്ല. വെയില്‍ മാറി മഴ തുടങ്ങുന്നതിന് മുമ്പ് വെയില്‍ സിനിമ ഉള്‍പ്പെടെയുള്ളവ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും. അതിനുള്ള ചര്‍ച്ചകള്‍ സജീവം. പക്ഷേ സിനിമയാണ്. ട്വിസ്റ്റ് എപ്പോളാണെന്ന് ആദ്യ ഷോ കഴിയുമ്പോള്‍ മാത്രമേ പറയാന്‍ കഴിയൂ. തിരുവനന്തപുരത്ത് ചലച്ചിത്രമേള നടക്കുകയാണ്. തന്‍റെ ചിത്രങ്ങളായ ഇഷ്ക്കും കുമ്പളങ്ങി നൈറ്റ്സുമൊക്കെ മേളയില്‍ മേളംതീര്‍ക്കുന്നത് കാണാന്‍ ഷെയിനും പോയിരുന്നു. ശേഷം സ്ക്രീനില്‍

***************************

അമ്മയും നിര്‍മാതാക്കളുമെല്ലാം ഒന്നു സെറ്റായി വന്നതാണ്. ഷെയിന്‍ പ്രശ്നത്തിന്‍റെ പിന്നാലെ ഉയര്‍ന്ന പുകകള്‍ വല്ലവിധേനെയും തീയാകാതെ കെടുത്താന്‍ എല്ലാവരും ആത്മാര്‍ഥമായി ശ്രമിച്ചു എന്നുവേണം പറയാന്‍. അപ്പോളാണ് നായകന്‍റെ വക അപ്രതീക്ഷിത ഡയലോഗ്. ഇപ്പോ കണ്ടില്ലേ മേള കാണാനെത്തിയ ഷെയിനെ. താങ്കള്‍ മുടി മുറിച്ചത് നിര്‍മാതാക്കള്‍ക്ക് മനോവിഷമം ഉണ്ടാക്കിയോ എന്ന് ഒരു നൈസ് ചോദ്യം. അവര്‍ക്ക് മനോവിഷമമല്ല മനോരോഗമാണെന്ന് കൗണ്ടര്‍ ഡയലോഗ്. ശുഭം. സത്യത്തില്‍ സിനിമയിലെ ജേര്‍ണലിസ്റ്റുകളാണ് സൂപ്പര്‍. ഹീറോയ്ക്ക് മാധ്യമപ്രവര്‍ത്തനത്തിന്‍റെ എബിസിഡി ക്ലാസ് അവര്‍ക്കായി എടുക്കാം. എന്നാല്‍ സിനിമക്കുപുറത്തുള്ള  റിപ്പോര്‍ട്ടര്‍മാര്‍ ഇതിന് നേരെ വിപരീതമാണ്. അവര്‍ ചുമ്മാ കുത്തി കുത്തി ചോദിക്കും. കുമ്പളങ്ങിയില്‍ ഷമ്മിക്കുനേരെ എറിയുന്ന വലപോലെ. കുടുങ്ങിയാല്‍ തീര്‍ന്നു. ഇവിടെ നായകന്‍ കുടുങ്ങി. അതോടെ ഇനി കാശിറക്കാനില്ലെന്ന് നിര്‍മാതാക്കള്‍ കട്ടായം പറഞ്ഞു. 

***************************

ആ പടം. അതിനി നടന്നതുടന്നെ. എന്നിട്ടുവേണമല്ലോ കണ്ട് വിലയിരുത്താന്‍. അപ്പോള്‍ ആ പ്രതീക്ഷ പോയ സ്ഥിതിക്ക് നമുക്ക് നിറയെ പ്രതീക്ഷയുമായി കടല്‍കടന്നെത്തിയ മറ്റൊരാളെ കണ്ട് കേട്ടുവരാം. പിണറായി വിജയന്‍ ജപ്പാന്‍ കൊറിയ സന്ദര്‍ശനം കഴിഞ്ഞ് നാട്ടിലെ കാലാവസ്ഥയിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. പിണറായി വിമാനം കയറുമ്പോള്‍ വിവാദങ്ങള്‍ പാരച്യൂട്ടില്‍ നാട്ടില്‍ പറന്നിറങ്ങും. ആ പതിവ് ഇക്കുറിയും തെറ്റിയില്ല. ജപ്പാനില്‍ കണ്ടതും കേട്ടതുമായ കഥകള്‍ മുഖ്യന്‍ വിളമ്പി. പക്ഷേ അത് പ്രതിപക്ഷത്തിന് തെല്ലും ദഹിച്ചിട്ടില്ല. ചിലത് അങ്ങനെയാണ്. അത്രപെട്ടന്നൊന്നും ദഹിക്കില്ല. വരാന്‍പോകുന്ന മെയ്ഡിന്‍ ജപ്പാന്‍ വികസനം കാണുമ്പോള്‍ രമേശ്ചെന്നിത്തലയൊക്കെ മൂക്കത്ത് വിരല്‍വയ്ക്കും. ഉദയ സൂര്യന്‍റെ നാടാകാന്‍ ചെങ്കൊടിക്കീഴില്‍ നാം ഒരുങ്ങുകയായ്. 

***************************

ചിലവാണ് എല്ലാത്തിനും കാരണം. കാശ് ചില വായില്‍ പോയോ എന്നതാണ് പ്രതിപക്ഷത്തിന്‍റെ സംശയം. പിണറായി വിജയന്‍ നാട്ടിലില്ലാത്ത ധൈര്യത്തില്‍ ചെന്നിത്തലയൊക്കെ മുഖ്യന്‍റെ യാത്രയെപ്പറ്റി പലതും വിളിച്ചുപറഞ്ഞു. ഇതൊന്നും പുള്ളി അറിയില്ല എന്നതായിരുന്നു വിശ്വാസം. പക്ഷേ ടെക്നോളജിയുടെ നാട്ടിലേക്കാണ് മൂപ്പര്‍ പറന്നതെന്ന് ആരും ഓര്‍ത്തില്ല. നമ്മള്‍ ചിന്തിക്കുന്നതിനു മുമ്പുതന്നെ മുഖ്യന്‍ ആ കാര്യങ്ങള്‍ അറിഞ്ഞുകഴിഞ്ഞിരുന്നു. താന്‍ തിരക്കിലായിരിക്കുമ്പോള്‍ പകരം കാര്യങ്ങള്‍ നോക്കാന്‍ പാകത്തിനൊരു  റോബോര്‍ട്ടിനെ മുഖ്യന് കൊണ്ടുവരാമായിരുന്നു. അങ്ങനെ കൊണ്ടുവന്നിരുന്നെങ്കില്‍ ചിലപ്പോള്‍ പ്രതിപക്ഷം അതിനെ ആന്‍ഡ്രോയിഡ് വിജയനെന്ന് വിളിച്ചേനേ.  എന്തായാലും യാത്രാവിജയനാണ് താനെന്ന് പിണറായിയും അല്ല യാത്രാ പരാജയനാണെന്ന്  ചെന്നിത്തലയും പരസ്പരം പറയുന്നു. 

***************************

ജപ്പാനിലെത്തിയ മന്ത്രി എകെ ശശീന്ദ്രന്‍ അവിടുത്തെ ഇരുചക്ര വാഹന യാത്രക്കാരെ കട്ടക്ക് നിരീക്ഷിച്ചു. അതെ എല്ലാവരും ഹെല്‍മറ്റ് വച്ചാണ് യാത്ര. മടങ്ങിയെത്തി ശേഷം ഈ ഇവിടെയും നടപ്പാക്കാന്‍ തീരുമാനിച്ചാണ് വിമാനം കയറിയത്. എന്നാല്‍ തന്‍റെ മടങ്ങി വരവിന് മുമ്പേ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയകാര്യം ലാന്‍ഡിങ്ങിനിടെയാണ് അറിഞ്ഞത്. എങ്കിലും വിട്ടുകൊടുക്കാന്‍ മന്ത്രി ഒരുക്കമല്ല. വിദേശ യാത്ര കഴിഞ്ഞെത്തിയ ഗതാഗത മന്ത്രിയുടെ സ്വദേശ യാത്ര.

***************************

അടുത്ത കാലത്തായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നന്നായി വിത്തെറിയുന്നുണ്ട്. ബ്ലൂബറിയും മാര്‍ക്ക് ദാനവുമൊക്കെ മുളക്കും മുളക്കുമെന്ന പ്രതീക്ഷയിലാണ് ടിയാന്‍. ഇതൊക്കെ മുളച്ച് കൊയ്യാറാകുമ്പോളേക്ക് സര്‍ക്കാരിന്‍റെ കാലാവധി പൂര്‍ത്തിയാകുമോ എന്നതാണ് സംശയം. എന്തായാലും വിതക്കുന്നത് നിര്‍ത്തുന്നില്ല. കാരണം വിതച്ചതേ കൊയ്യൂ

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...