മുഖ്യനെ 'തള്ളി' ചീഫ് സെക്രട്ടറി

thiruva45
SHARE

ചൈനയുടെ നേതാവായിരുന്ന മാവോ സെതൂങ്ങിന്‍റെ അഭിപ്രായങ്ങളില്‍ നിന്ന് ഉത്ഭവിച്ച രാഷ്ട്ര തന്ത്രമാണ് മാവോയിസം. ചൈനീസ് സാധനങ്ങളെല്ലാം ഡൂപ്ലിക്കേറ്റാണ് എന്നതുകൊണ്ടല്ല സര്‍ക്കാരുകള്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളെ വിലക്കുന്നത്. അവരുടെ ആയുധ രീതിയെപ്രോല്‍സാഹിപ്പിക്കാനാകാത്തതിനാലാണ്. എന്നാല്‍ സിപിഐ ഇപ്പോളും മെയ്ഡ് ഇന്‍ ചൈന സാധനങ്ങളെ സ്നേഹിക്കുന്നു. മഞ്ചക്കണ്ടി വനമേഖല സന്ദര്‍ശിച്ച സിപിഐ സംഘം സിബിഐ സംഘത്തേക്കാള്‍ വൃത്തിക്ക് തെളിവുകള്‍ ശേഖരിച്ചു. തെല്ലും കാലതാമസമില്ലാതെ റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തു. ഈ റിപ്പോര്‍ട്ട് വല്യേട്ടന്‍റെ മുന്നിലാണ് സമര്‍പ്പിക്കേണ്ടത് എന്നിരുന്നിട്ടും തെല്ലും പേടിയോ പേടിമൂലമുള്ള ഭയമോ ഭയം മൂലമുള്ള വിറയലോ അന്വേഷണ സംഘത്തലവന്‍ പ്രകാശ് ബാബുവിനുണ്ടായില്ല. കുളിച്ചൊരുങ്ങി നിയമസഭയിലെത്തിയ സിപിഐ അംഗങ്ങള്‍ ഒന്‍പതുപേജുള്ള അത്ര ഭാരിച്ചതല്ലാത്ത റിപ്പോര്‍ട്ട് മുഖ്യന്‍ പിണറായിക്ക് കൈമാറി. കൊച്ചുകുട്ടികള്‍ പടക്കത്തിന് തീ കൊടുക്കുന്ന വിറയലാണ് സിപിഎം പ്രതീക്ഷിച്ചതെങ്കിലും പിണറായിയുടെ തോക്കിന് മുന്നില്‍ തോല്‍ക്കില്ലെന്ന് സിപിഐ പ്രഖ്യാപിച്ചു. എന്തിനോ തിളക്കുന്ന സാമ്പാര്‍ എന്നുപറഞ്ഞ് മുഖ്യന്‍ അത് ഏറ്റുവാങ്ങി.

മഞ്ചക്കണ്ടിയില്‍വച്ചോ അതിനുശേഷമോ സിപിഐ പറഞ്ഞ അത്ര കടുപ്പം റിപ്പോര്‍ട്ടിനുണ്ടോ എന്ന് ചെറിയൊരു സംശയമുണ്ട്. കാരണം റിപ്പോര്‍ട്ട് നല്‍കിയിറങ്ങിയ സംഘം പറയുന്നത് പൊലീസിന് വീഴ്ചപറ്റി എന്നാണ്. പാലിന്‍റെ കളര്‍ അത്ര പെട്ടെന്ന് മാറാത്തതുകൊണ്ട് വെള്ളം ചേര്‍ത്താലും ഉടന്‍ കണ്ടുപിടിക്കാനാകില്ലല്ലോ. സിപിഐയുടെ മുഖത്തുനോക്കി തിരിച്ചൊന്നും പറയാതിരുന്ന പിണറായി സഭക്കകത്ത് പ്രതിപക്ഷത്തെ നോക്കി പലതും പറഞ്ഞു. ആ പറഞ്ഞതൊക്കെ സിപിഐയെ ആണെന്ന് എംഎന്‍ സ്മാരകത്തിലെ തൂണുകള്‍ക്കുമാത്രം മനസിലായില്ല. 

മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുമ്പോള്‍ നിയമസഭ തുടങ്ങിയോ ഇല്ലയോ എന്നു നോക്കിയിട്ട് വരാം കാത്തുനില്‍ക്കൂ എന്ന് പറയാന്‍ പറ്റുമോ.  പൊലീസ് ഇങ്ങനെ ചോദിച്ചാല്‍ തിരിച്ചുപറയാന്‍ മറുപടിയില്ല. പക്ഷേ വീഴാന്‍ ആടി നില്‍ക്കുന്ന മുഖ്യനെ താഴെയിടുന്നതരത്തില്‍ ഒരു തള്ളുകൊടുക്കേണ്ട കാര്യം നമ്മുടെ ചീഫ് സെക്രട്ടറിക്ക് ഇല്ലായിരുന്നു. വല്ലവിധേനെയും സഭയില്‍ ആട്ടിന്‍കുട്ടി ചെന്നായ് ഡയലോഗ് അടിച്ച് പിടിച്ചുനില്‍ക്കുകയാണ് സര്‍ക്കാര്‍. അപ്പോളാണ് ചീഫ് സെക്രട്ടറിയുടെ മാവോയിസ്റ്റ് വിരുദ്ധ ലേഖനം പത്രത്തില്‍ അച്ചടിച്ചുവന്നത്. മാവോയിസ്റ്റുകള്‍ക്ക് മനുഷ്യാവകാശമില്ലെന്ന ടോം ജോസിന്‍റെ കണ്ടുപിടുത്തത്തെ തെല്ലും മനുഷ്യപ്പറ്റില്ലാതെയാണ് പ്രതിപക്ഷവും ഘടകകക്ഷിയായ സിപിഐയും നേരിട്ടത്. ഒരു പിന്തുണ അഭിനയിക്കല്‍, അത്രയേ ചീഫ്സെക്രട്ടറി ഉദ്ദേശിച്ചു കാണുകയുള്ളൂ. പക്ഷേ അച്ചടി മഷി പുരട്ടിയത് അനവസരത്തിലായിപ്പോയി. ഒരു വെടിയുടെ ക്ഷീണം മാറിവന്ന പിണറായിക്ക് തലക്കടി കിട്ടിയ ഫീല്‍ വീണ്ടുമുണ്ടായി.

സര്‍ക്കാരിനെതിരായ എല്ലാ ആരോപണങ്ങവും ഒരേ സമയം നേരിടാന്‍ പിണറായി വിജയന് കഴിയുന്നില്ലെന്ന് തോന്നിയിട്ടാകണം കുറച്ചു ദിവസങ്ങളായി ബിജെപി മുഖ്യന്‍റെ ഒപ്പം കട്ടക്ക് നില്‍ക്കുന്നുണ്ട്. മാവോയിസ്റ്റുകള്‍ക്കു നേരെ വെടിവച്ചതിനെ ന്യായീകരിച്ചത് എംടി രമേശ് ആണെങ്കില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കുനേരെ യുഎപിഎ ചുമത്തിയതിനെ പിന്തുണക്കാനെത്തിയിരിക്കുന്നത് കെ സുരേന്ദ്രനാണ്. യുഎപിഐ നിലനില്‍ക്കുമോ എന്ന് മുഖ്യനുള്ള സംശയംപോലും സുരേന്ദ്രനില്ല. ഈ കട്ട സപ്പോര്‍ട്ട് ഇങ്ങനെ തുടരുമോ എന്നതാണ് കണ്ട് അറിയാനുള്ളത്.

രണ്ടുവര്‍ഷത്തിനിടെ മുപ്പത്തിനാല് ടയര്‍ മാറിയ ആ വണ്ടി ഒടുവില്‍ പണിക്കുകയറ്റി. ഇടുക്കിയിലെ ടയറുകടയുടെ ഉദ്ഘാടനത്തിനാണ് എംഎം മണി എത്തിയത്. കടക്കാരന്‍റെ ബുദ്ധിയാണ് ബുദ്ധി. ഈ സമയത്ത് ടയര്‍കട ഉദ്ഘാടനം ചെയ്യാന്‍ ഇതിലും യോഗ്യനും അനുയോജ്യനുമായ മറ്റൊരാളെ കിട്ടാനില്ലെന്ന് അവവര്‍ തിരിച്ചറിഞ്ഞു. ആരോപണങ്ങളെ പണ്ടേ ഭയമില്ലാത്ത ആശാന്‍ ചെന്നുകേറി കൊടുക്കുകയും ചെയ്തു. അതുകൊണ്ടെന്താ സര്‍ക്കാര്‍ വണ്ടിക്ക് ഫ്രീ ചെക്അപ്പ്. ഖജനാവിന് ആ തുക ലാഭം.

ഇനി ഒരു നാടകമാണ്. എ സമ്പത്ത് മികച്ച നടനാണെന്ന കാര്യത്തില്‍ ആര്‍ക്കും തെല്ലും സംശയമുണ്ടാകില്ല. ഡല്‍ഹിയില്‍ ക്യാബിനറ്റ് പദവിയുമായി സ്റ്റേജ് തകര്‍ക്കുകയാണ്  ഈ ബസ്റ്റ് ആക്ടര്‍. മികച്ച പ്രകടനവുമായി സഖാവ് ആനി രാജയും അരങ്ങിലുണ്ട്. അപ്പോ കര്‍ട്ടന്‍ ഉയരുകയാണ്.

അപ്പോ ഇന്നത്തെ നാടകം ഇവിടെ അവസാനിപ്പിച്ച് കര്‍ട്ടനിടുകയാണ്. വീണ്ടും കാണുംവരേക്കും നന്ദി. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...