കാട്ടിൽ പോയി അന്വേഷണം ‌നടത്താൻ സിപി‌ഐ; വെടിവെയ്പ്പ് സിപിഎമ്മുമായി

thiruva
SHARE

ഓറഞ്ച് യെല്ലോ അലര്‍ട്ടുകളെ ഭയപ്പാടോടെ നോക്കിക്കൊണ്ട് മുന്നറിയിപ്പുകളൊന്നുമില്ലാതെ തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ

************************************

കുറച്ചു നാളുകളായി ഉറക്കമായിരുന്ന അല്ലെങ്കില്‍ ഉറക്കം നടിച്ചിരുന്ന സിപിഐ സംസ്ഥാന മുതലാളി കാനം രാജേന്ദ്രന്‍ വെടിയൊച്ച കേട്ടാണെന്നു തോന്നുന്നു ഞെട്ടിയുണര്‍ന്നു. പിന്നെ സര്‍ക്കാരിനെതിരെ നാക്കു ചൂണ്ടി. പണ്ടൊക്കെ സര്‍ക്കാരിന് വീഴ്ച വരുമ്പോള്‍ കേരളത്തിലെ ജനങ്ങള്‍ പ്രതിപക്ഷത്തേക്കല്ല മറിച്ച് എംഎന്‍ സ്മാരകത്തിലേക്കായിരുന്നു ഉറ്റുനോക്കിയിരുന്നത്. ആരാധകരെ നിരാശരാക്കാതെ കാനം ന്യൂനമര്‍ദം പോലെ സര്‍ക്കാരിനുമേല്‍ ആഞ്ഞടിച്ചിരുന്നു. എന്നാല്‍ ഇടക്കാലത്ത് ആ നാക്കിന് ചെറിയൊരു ലോക്കുവീണു. കാനത്തിന്‍റെ മകനെതിരായ ആരോപണത്തിന്‍റെ ചില ചരടുകള്‍ മുഖ്യന്‍റെ കൈവശമുള്ളതിനാലാണ് സിപിഐ സെക്രട്ടറി സൈലന്‍റ് മോഡിലായതെന്നായിരുന്നു അടക്കം പറച്ചില്‍. എന്നാല്‍ പുലി പതുങ്ങുന്നത് കുതിക്കാനാണെന്ന് തെളിയിച്ച കാനം സര്‍ക്കാരിന്‍റെ മാവോയിസ്റ്റ് വേട്ടയെ നിഷ്കരുണം വിമര്‍ശിച്ചു. 

************************************

കാനം രാജേന്ദ്രന്‍ എംഎല്‍എ അല്ലാത്തത് മുഖ്യന്‍റെ ഭാഗ്യം. അല്ലെങ്കില്‍ വെടിവെപ്പു വിഷയത്തില്‍ അടിയന്തരപ്രമേയം വന്നപ്പോള്‍ പ്രതിപക്ഷത്തിനുവേണ്ടി എഴുനേറ്റുനിന്ന് പ്രസംഗിച്ചേനേ. മാവോയിസ്റ്റ് വേട്ടക്കുപിന്നാലെ പൊലീസിന് വാഴ്ചപറ്റിയോ എന്നു ചോദിക്കാന്‍ മാധ്യമങ്ങള്‍ ഡിജിപി ലോക്നാഥ് ബഹ്റക്കുമുന്നിലെത്തി മൈക്കു നീട്ടി. പൊലീസിന്‍റെ ഏതു വീഴ്ചയെക്കുറിച്ചാണ് വിശദീകരിക്കേണ്ടത് എന്നാണ് ഡിജിപി മറുചോദ്യം ചോദിച്ചത്. അതാണ് ശരിക്കും പിണറായി പൊലീസിന്‍റെ ഇപ്പോളത്തെ അവസ്ഥ. വാളയാര്‍ വിവാദത്തില്‍ നിന്നി ശ്രദ്ധതിരിക്കാന്‍ മാവോയിസ്റ്റ് വേട്ട നടത്തിയെന്ന് ആരാപണം ഉയരുന്നുണ്ട്. കേസ് ഏതാണെങ്കിലും പ്രതി പൊലീസ് എന്ന അവസ്ഥമാത്രം ബാക്കി. 

************************************

എന്തായാലും സംഗതി അങ്ങനെ വെറുതെ വിടാന്‍ സിപിഐ തീരുമാനിച്ചിട്ടില്ല. കാട്ടില്‍ പോയി അന്വേഷണം നടത്താനാണ് തീരുമാനം. കെ പ്രകാശ് ബാബുവിന്‍റെ നേതൃത്വത്തില്‍ അഞ്ചംഗ സായുധ സംഘത്തെ ഇതിനായി നിയോഗിച്ചു കഴിഞ്ഞു. ഇക്കാര്യം കാട്ടിയുള്ള വാര്‍ത്താക്കുറിപ്പ് പൊലീസ് ആസ്ഥാനത്തേക്കും അയച്ചിട്ടുണ്ട്. അല്ലെങ്കില്‍ ചിലപ്പോള്‍ തണ്ടര്‍ബോള്‍ട്ടിന്‍റെ ഉണ്ട തിന്നേണ്ടി വരും. ഇനി നടക്കുന്ന എല്‍ഡിഎഫ് യോഗത്തിന് എകെ 47 കൊണ്ടായിരിക്കും 

************************************

സിപിഎമ്മും സിപിഐയും തമ്മില്‍ ഇടലെടുത്ത വെടിവയ്പ്പ് മുതലെടുക്കാന്‍ ഉടന്‍ തന്നെ ബിജെപി രംഗത്തെത്തി എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. 

************************************

സിപിഐക്കെതിരെ വിമര്‍ശനവുമായി എത്തിയ ബിജെപി മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ സര്‍ക്കാരിന് ഗുഡ്സര്‍ട്ടിഫിക്കറ്റ് എന്‍ട്രി നല്‍കി. വെടിയുടെ എണ്ണമ കുറഞ്ഞു എന്ന പരാതിയാണ് എംടി രമേശ് ഉന്നയിക്കുന്നത്. സര്‍ക്കാരിനെതിരെ നിലപാടെടുത്ത പ്രതിപക്ഷത്തെ രമേശിനെ ബിജെപിയിലെ രമേശ് കണക്കറ്റ് പറയുകയും ചെയ്തു. ഇതോടെ സിപിഐ കൂടെയില്ലെങ്കിലും ഒറ്റക്കല്ല എന്ന ഫീല്‍ പിണറായിക്കും പാര്‍ട്ടിക്കും കിട്ടി. ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ഉടന്‍ ആളെ നിയമിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ താല്‍ക്കാലികമായി മാരാര്‍ജി ഭവനിലെ പണികള്‍ക്കൂടി കോടിയേരി ബാലകൃഷ്ണന് അധിക ചുമതലയായി നല്‍കാവുന്നതാണ്. ഒരു വശത്ത് വിപ്ലവം ജയിക്കട്ടെയെന്ന് മുദ്രാവാക്യം മുഴക്കിയ മാവോയിസ്റ്റുകളെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കൊല്ലുന്നു. മറുവശത്ത് ആ ഇടത് സര്‍ക്കാരിന് ബിജെപി കൈയ്യടിക്കുന്നു. സര്‍ക്കാരിനെതിരായി പറയുന്ന പ്രതിപക്ഷത്തിന് സര്‍ക്കാരിനുവേണ്ടി മറുപടി പറയുന്നതുപോലും ബിജെപിയാണ് എന്ന അവസ്ഥക്കാണ് ഇതോടെ കേരളം സാക്ഷ്യം വഹിക്കുന്നത്. രമേശ് വേഴ്സസ് രമേശ്.

************************************

കെടി ജലീലിനെ മന്തിസഭയില്‍നിന്ന് ഇറക്കി ജലീലാക്കുമെന്ന വാശിയിലാണ് പ്രതിപക്ഷം. മാര്‍ക്കു സക്കാത്തിനെതിരെ മുമ്പ് പലതവണ ആഞ്ഞടിച്ച പ്രതിപക്ഷം നിയമസഭയിലും ആ കര്‍മം ആവര്‍ത്തിച്ചു. എങ്കില്‍ മാത്രമേ സഭയുടെ രേഖയില്‍ അവ വരുകയും ചരിത്ര രേഖരളായി മാറുകയും ചെയ്യൂ. തന്‍റെ ചോദ്യങ്ങള്‍ക്ക് ആരോപണ വിധേയനായ മന്ത്രി ജലീല്‍ മറുപടി നല്‍കുന്നില്ല എന്നതായിരുന്നു ചെന്നിത്തലയുടെ വലിയ പരാതി. നിയമസഭയില്‍ ആ കളി നടക്കില്ല. അടിയന്തരപ്രേയത്തിന് വകുപ്പു മന്ത്രി മറുപടി പറയുകതന്നെ വേണം. വിഡി സതീശനെയാണ് ജലീല്‍ വേട്ടക്ക് നിയോഗിച്ചത്. സതീശനും ജലീലും കൊണ്ടും കൊടുത്തും മുന്നേറി. ഇതുകാണുന്ന ആരും രണ്ടുപേര്‍ക്കും പത്തുമാര്‍ക്കുവീതം അധികം നല്‍കിപ്പോകും. അത്രക്കാണ് പെര്‍ഫോമന്‍സ്

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...