മാണിയെ വിട്ടുള്ള കളിയില്ല; പക്ഷെ കുഞ്ഞുമാണിക്ക് പണി കിട്ടി

Thiruvaa_27-091
SHARE

മാണിയെ വിട്ടുള്ള ഒരു കളിക്ക് പാലാക്കാര്‍ തയ്യാറല്ല. പക്ഷേ ജോസ് കെ. മാണിക്ക് പണികൊടുക്കുന്നതിനോട് ഒരു മര്യാദയും പാലാക്കാര്‍ക്കില്ല. 

പാലായിയില്‍ പരാപരാന്ന് നേരം വെളുത്തു എന്നൊക്കെയാണ് വലതുമുന്നണിയോട് ശത്രുതയുള്ളവരൊക്കെ പറഞ്ഞു നടക്കുന്നത്. കഴിഞ്ഞ അരനൂറ്റാണ്ടുകാലം പാല ഭരിച്ച അതും തന്‍റെ രണ്ടാംഭാര്യയെന്നൊക്കെപറഞ്ഞു കൊണ്ടുനടന്ന മണ്ഡലം കെ.എം.മാണിയുടെ വിയോഗത്തോടെ ഇടത്തോട്ട് തിരിഞ്ഞുകിടക്കുന്നതാണ് ദാ ഇപ്പോ കാണുന്നത്. അങ്ങെ മാണിസാര്‍ മരിച്ചതിന്‍റെ സിംപതിയേക്കാള്‍ വലുതായിരുന്നു പാലക്കാര്‍ക്ക് പലവട്ടം തങ്ങള്‍ തോല്‍പിച്ചുവിട്ട മാണി സി. കാപ്പനോട്. എല്ലാത്തിനും അവര്‍ പ്രായശ്ചിത്തം ചെയ്തു. 2943 വോട്ടുകള്‍കൊണ്ട്. എല്‍ഡിഎഫിനെ സംബന്ധിച്ച് അതൊരു ലോട്ടറിയാണ്. ഘടകക്ഷിയായ എന്‍സിപിയെ  ആണ് മല്‍സരിപ്പിച്ചെങ്കിലും സിപിഎമ്മിന്‍റെ വിജയമെന്ന് സിപിഎം പറയും.

ഇടതുപക്ഷം പോലും ഇതത്ര പ്രതീക്ഷിച്ചിതല്ല. ആകെയുള്ള പ്രതീക്ഷ ജോസഫ് ജോസ് മോന്‍ സംഘത്തിന്‍റെ തമ്മിലടിയില്‍ ആയിരുന്നു. അതൊക്കെ പാലാക്കാരിലെ വോട്ടില്‍ കാണുമോ ഇല്ലയോ എന്നൊന്നും അത്ര ഉറപ്പില്ല. പക്ഷേ കാപ്പന്‍ തുണച്ചു. ഉപതിരഞ്ഞെടുപ്പുകളില്‍ സിക്സറടിക്കാന്‍ ബാറ്റ് ഓങ്ങിയ മുല്ലപ്പള്ളി രാമചന്ദ്രന് പക്ഷേ ആദ്യ വിക്കറ്റാണ് നഷ്ടപ്പെട്ടത്. ഈ വിക്കറ്റ് തെറിച്ചതിന്‍റെ ആഹ്ലാദം അധികം വേണ്ടെന്നാണ് കോടിയേരി സഖാവിന്‍റെ മുന്നറിയിപ്പ്. 

ചരിത്രത്തില്‍ ഇതാദ്യമായിരിക്കും ഒരു വിജയത്തെ തുടര്‍ന്ന് ഇത്രമാത്രം സമചിത്തതയോടെയും സംയമനത്തോടെയും പാര്‍ട്ടി സെക്രട്ടറി പ്രതികരിക്കുന്നത്. സഖാക്കളെ ഈ വിജയം ഇത്രമാത്രം വിനയാന്വിതരാക്കും എന്നറിഞ്ഞിരുന്നെങ്കില്‍ പാലാക്കാര്‍ ഒരു ഇരുപത്തയ്യായിരം വോട്ടിന്‍റെ ഭൂരിപക്ഷം എങ്കിലും കൊടുത്തേനെ.

കേരള കോണ്‍ഗ്രസിന്‍റേതായിരുന്നു പാല. മണ്ഡലരൂപീകരണശേഷം ഇന്നലെ വരെ അതങ്ങനെത്തന്നെയായിരുന്നു. തോല്‍ക്കാന്‍ മാത്രം മല്‍സരിച്ചവനായിരുന്നു മാണി സി. കാപ്പന്‍. ബാര്‍ കോഴ കേസില്‍ ആടിയുലഞ്ഞിട്ടും രണ്ടിലയ്ക്ക് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ ഇളക്കമൊന്നും സംഭവിച്ചിട്ടേയില്ലായിരുന്നു. ചെറിയൊരു വാട്ടം മാത്രം പ്രകടിപ്പിച്ച് ഭൂരിപക്ഷം കുറഞ്ഞു. ഇക്കുറി പക്ഷേ കെ.എം. മാണിയില്ലാത്ത തിരഞ്ഞെടുപ്പായിരുന്നു. രണ്ടിലയും കണ്ടില്ല. പക്ഷേ ജോസഫും ജോസ് കെ. മാണിയും തമ്മിലടിക്കണകണ്ട വോട്ടര്‍മാര്‍ നീട്ടിയൊരു വിസലടിച്ചു. അത് മാണി സി. കാപ്പന്‍ ജയിക്കാനായിരുന്നു.

തിരഞ്ഞെടുപ്പ് ചരിത്രം ഇങ്ങനെയായിരുന്നു. കേരള കോണ്‍ഗ്രസിന്‍റെ ചെയര്‍മാന്‍ സ്ഥാനം പി.ജെ. ജോസഫിന് കൊടുക്കാന്‍ ജോസ്. കെ.മാണി സമ്മതിച്ചില്ല. ജോസിന്‍റെ നോമിനി സ്ഥാനാര്‍ഥി ജോസ് ടോമിന് രണ്ടില ചിഹ്നം കൊടുക്കാന്‍ ജോസഫും സമ്മതിച്ചില്ല. ഈ കൂട്ടര്‍ക്ക് വോട്ട് നല്‍കാന്‍ പാലാക്കാരും സമ്മതിച്ചില്ല. മാണി സി കാപ്പന്‍ ജയിച്ചു.

കെ.മുരളീധരന്‍ പറയുന്നതില്‍ ഒരു കാര്യമുണ്ട്. അക്കമിട്ട് പറഞ്ഞതിന് പുറത്ത് വേറൊരു കാര്യം പറഞ്ഞു. കോണ്‍ഗ്രസ് എണ്ണയിട്ട യന്ത്രം പോലെ പണിയെടുത്ത തിരഞ്ഞെടുപ്പാണത്രെ പാലായിലേത്. അപ്പോ അതും പരാജയത്തിന്‍റെ കാരണങ്ങളില്‍ ഒന്നായി പെടുത്തേണ്ടി വരും. കോണ്‍ഗ്രസ് മരിച്ച് പണിയെടുത്ത് ജയിച്ച വല്ല തിരഞ്ഞെടുപ്പും കേരളത്തിലുണ്ടായിട്ടുണ്ടോ.  

തോറ്റ സ്ഥാനാര്‍ഥിക്ക് വിഷമം ഉണ്ടാവും. സ്വാഭാവികമല്ലേ. കെ.എം. മാണിയുടെ പേരുകൊണ്ട് മാത്രം വോട്ടുകിട്ടുമെന്ന് കരുതി ചിഹ്നം പോലും വേണ്ടെന്ന് വച്ച് ഗോദയിലേക്കിറങ്ങിയ മഹാനല്ലേ...പലതും പ്രതീക്ഷിച്ചു കാണും. അതിന്‍റെ വേദനയും ഉണ്ടാവും. ജോസ് കെ.മാണിയോടാണ്, ഇങ്ങനെയൊന്നും ആരോടും ചെയ്യരുത്. തമാശക്കാണെങ്കില്‍ പോലും. 

പക്ഷേ ഇതിലും വലിയ ചെയ്ത്തായിപ്പോയി മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ ചെയ്തുവച്ചത്. വിധി വരും മുമ്പേ ജോസ് ടോമിനെ എംഎല്‍എയാക്കി. സ്വീകരണപരിപാടികളുടെ ഫ്ളക്സും അടിച്ചു പൊക്കിക്കെട്ടിവച്ചു. അടുത്ത ഒന്നരവര്‍ഷത്തേക്കുള്ള എംഎല്‍എയുടെ പരിപാടികളുടെ ഷെഡ്യൂള്‍ വരെ പുറത്തിറക്കിയ ടീംസാണ്. അതുകൊണ്ട് ജോസ് ടോം പാലായുടെ തോറ്റ എംഎല്‍എ എന്നറിയപ്പെടും. 

ആഘോഷം അത് ഹര്‍ത്താല്‍ ആയാലും പെരുനാളായാലും ഇരിക്കപ്പൊറുതിയില്ലാത്തത് കോഴിക്കാണ്. ഇതേ അവസ്ഥയിലാണ് കേരളത്തിലെ ബിജെപി. എല്‍ഡിഎഫ് ജയിച്ചാലും യുഡിഎഫ് ജയിച്ചാലും വോട്ട് മറിച്ചതിന്‍റെ കുറ്റം കേള്‍ക്കാനാണ് വിധി. പാലായിലാണെങ്കില്‍ 2016ല്‍ കിട്ടിയ വോട്ടിനേക്കാളും കുറഞ്ഞും പോയി. ആകെയുള്ള പിടിവള്ളി ജയിച്ച മാണി സി. കാപ്പന്‍ ബിജെപി വോട്ട് കിട്ടിയില്ലെന്ന് പറഞ്ഞതുമാത്രമാണ്. ആ കച്ചിത്തുരുമ്പ് ഇല്ലാതിരുന്നെങ്കില്‍ പിള്ളാജി പെട്ടുപോയേനെ. വലിയ കഷ്ടമാണിത്, തോല്‍ക്കുകയും വേണം ജയിച്ചവന്‍റെ ജയത്തെക്കുറിച്ച് പറയുകയും വേണം. വല്ലാത്ത ഒരു യോഗം തന്നെ.

പിള്ള വക്കീലിന്‍റെ അന്നും ഇന്നും എന്ന പ്രത്യേക പരിപാടിയാണ് ഇനി. വെള്ളാപ്പള്ളി നടേശന്‍ ചേട്ടനേയും പി.സി.ജോര്‍ജച്ചായനേയും ഉള്‍പ്പെടുത്താന്‍ സാധിക്കാത്തതിലെ അതിയായ വിഷമം പങ്കുവച്ച് ഇന്നത്തേക്ക് അവസാനിപ്പിക്കുകയാണ്. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...