കാലം മാറിയിട്ടും മാറാതെ കോൺഗ്രസിലെ തർക്കങ്ങൾ

thiryva-25-09
SHARE

കാലം മാറി, കഥ മാറി എന്നൊക്കെ കേട്ടിട്ടുണ്ട്. ചരിത്രം വരെ മാറ്റാന്‍ ശ്രമിക്കുന്ന കാലമാണിത്. അപ്പോഴും പക്ഷേ മാറ്റമില്ലാതെ തുടരുന്ന ഒരേര്‍പ്പാടുണ്ട്. നിങ്ങള്‍ കരുതുംപോലെ അത് മാറ്റത്തിനാണ് മാറ്റമില്ലാത്തത് എന്നചൊല്ലൊന്നുമല്ല. പറ‍ഞ്ഞുവരുന്നത് കോണ്‍ഗ്രസിലെ തര്‍ക്കങ്ങളാണ്. അധികാരം ഇല്ലെങ്കിലും രാഷ്ട്രീയ കാലാവസ്ഥ മാറിയാലും ഇതിനൊരു മാറ്റവുമില്ല. എന്തെങ്കിലും കാരണം കിട്ടാന്‍ കാത്തിരിക്കുന്ന പാര്‍ട്ടിക്കാരാണ്. ഇപ്പോഴത്തെ പ്രശ്നം ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വം ആണ്. പ്രത്യേകിച്ചും വട്ടിയൂര്‍കാവിലേക്ക് പീതാംബരക്കുറുപ്പ് വരുമെന്ന ഊഹാപോഹങ്ങള്‍. ജനാധിപത്യ പാര്‍ട്ടി എന്ന് ഇടക്കിടെ വിളിച്ചുപറയുന്നതുകൊണ്ട് എല്ലാവരും നേതാക്കളാണ്. എല്ലാവര്‍ക്കും അഭിപ്രായങ്ങളുമുണ്ട്. അപ്പോ പിന്നെ കെപിസിസി യോഗം നടക്കുന്ന ഇന്ദിരാഭവനുമുന്നില്‍ വന്ന് പ്രതിഷേധിക്കുന്നതും ജനാധിപത്യസ്വഭാവമായിവേണം കാണാന്‍.

വട്ടിയൂര്‍കാവുകാര്‍ക്ക് പിതാംബരക്കുറുപ്പിനെ വേണ്ടപോലും. എല്ലാവരുടേയും കാര്യം അറിയില്ല. പക്ഷേ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍് വരെ പ്രതിഷേധിക്കാന്‍ എത്തിയിരുന്നു. എംപിയാവാന്‍ പോയ മുരളീധരനായിരുന്നു കഴിഞ്ഞ ഏഴെട്ടുവര്‍ഷം വട്ടിയൂര്‍കാവിന്‍റെ പ്രതിനിധി. മുരളിക്ക് പകരം മുരളി പറയുന്ന ആളെ നിര്‍ത്തണമെന്നാണ് കോണ്‍ഗ്രസിലെ അപ്രഖ്യാപിത നയം. അല്ലെങ്കില്‍ പണി വാങ്ങും. അത്ര തന്നെ. അതിനെ നയമായിട്ടൊന്നും കാണേണ്ട. സ്ഥാപിത താല്‍പര്യം എന്നുപറഞ്ഞാമതി.

പ്രതിഷേധക്കാര്‍ ഒന്നു കണ്‍ട്രോള്‍ ചെയ്യുന്നതായിരുന്നു നല്ലത്. ഒന്നുമില്ലേലും ഇത് സ്വന്തം പാര്‍ട്ടിയെക്കുറിച്ച് ഒരു അവബോധം പ്രവര്‍ത്തകര്‍ക്കെങ്കിലും ഉണ്ടായിരിക്കേണ്ടതാണ്. ഇങ്ങനെ ഒരു പ്രതിഷേധം കണ്ട് തീരുമാനം മാറ്റിയ വല്ല ചരിത്രവും ഉണ്ടോന്ന് ആദ്യം അന്വേഷിക്കാമായിരുന്നു. ഇതിപ്പോ പീതാംബരക്കുറുപ്പ് തന്നെ വന്നേക്കും. അപ്പോ പിന്നെ എന്തുചെയ്യാനാണ്. ഇതാണ് ഈ അച്ചടക്കത്തിന്‍റെ ഒക്കെ ഗുണം എന്നുപറയുന്നത്. സിപിഎമ്മിനെ കണ്ടുപഠിക്കൂ... വി.എസിന് വേണ്ടിയല്ലാതെ തെരുവില്‍ പ്രതിഷേധിച്ചിട്ടേയില്ല സഖാക്കള്‍.

കെ. മുരളീധരന്‍ ഒന്നാമത് റിലേ പോയി നില്‍പാണ്. ശശി തരൂരിനോട് കൊമ്പുകോര്‍ത്തതിന്‍റെ ക്ഷീണം ശരിക്കങ്ങോട്ട് വിട്ടുപോയിട്ടില്ല. ഇനി തന്‍റെ നോമിനിയായ കുറുപ്പിനെ മാറ്റിയാല്‍ പിന്നേയും ക്ഷീണമാവും. അപ്പോ നന്നായി ശ്രദ്ധിക്കണം. ഗ്രൂപ്പുവച്ച് നോക്കുമ്പോള്‍ ഐ ഗ്രൂപ്പിന്‍റെ കൈയ്യിലെ സീറ്റാണ് വട്ടിയൂര്‍ കാവ്. ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തലയ്ക്കും പീതാംബരക്കുറുപ്പിനോട് ലവലേശം താല്‍പര്യക്കുറവില്ല. ഇനി എ ഗ്രൂപ്പിന് സീറ്റ് നല്‍കിയാല്‍ അരൂര്‍ മണ്ഡലത്തിലും വച്ചുമാറേണ്ടിവരും. അതാണല്ലോ കീഴ് വഴക്കം. രാജ്യം ഭരിക്കുന്നതിലും പാടാണ് ഈ കോണ്‍ഗ്രസില്‍ സീറ്റിന്‍റെ വീതംവയ്പ്. അതുകൊണ്ട് കെപിസിസി യോഗം ഗംഭീരമായി തന്നെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. പക്ഷേ ഒക്കെ രഹസ്യങ്ങളാണ്. പുറത്ത് പറയരുതെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ കട്ടായം. അതുപക്ഷേ അദ്ദേഹം മാത്രം അനുസരിക്കാനേ തരമുള്ളു.

അതെ, എന്താണ് ഉദ്ദേശ്യം. അതുതന്നെയാണ് ചോദ്യം. കോണ്‍ഗ്രസിനോടാണ്. എന്താ ഒന്നും പഠിക്കാത്തത്. ആലത്തൂരിലെ രമ്യാ ഹരിദാസിന്‍റെ വിജയത്തില്‍ നിന്നൊന്നും ഈ പാര്‍ട്ടി ഒന്നും പഠിച്ചില്ലേ, പ്രത്യേകിച്ചും എങ്ങനെയുള്ളവരാകണം സ്ഥാനാര്‍ഥികളെന്ന കാര്യത്തിലെങ്കിലും. അപ്പുറത്ത് നോക്കു, സിപിഎം സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നത് കണ്ടിട്ടില്ലേ. വട്ടിയൂര്‍കാവില്‍ തിരുവനന്തപുരം മേയര്‍ പ്രശാന്തിനെ കൊണ്ടുവന്നിരിക്കുന്നു. ഇനി ബിജെപി കുമ്മനേട്ടനെക്കൂടി നിര്‍ത്തിയാല്‍ സംഗതി പൊളിക്കും. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...