പാലാരിവട്ടം പാലം പൊളിച്ച് ഭരണം 'പൊളി'യാക്കാൻ സർക്കാർ

palarivattom17
SHARE

കേരളത്തില്‍ ആകെ ഒരു കണ്‍ഫ്യൂഷനേ ഇപ്പോ ഉള്ളു. അത് പാലായില്‍ ജോസ് ടോം ജയിക്കുമോ അതോ മാണി സി കാപ്പന്‍ ജയിക്കുമോ എന്നൊന്നും അല്ല. എറണാകുളത്തെ മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുമോ ഇല്ലയോ എന്നതാണത്. സുപ്രീം കോടതി വിധി പ്രകാരം ശബരിമലയില്‍ യുവതികള്‍ കയറുമോ ഇല്ലയോ എന്നതില്‍ പോലും ഇത്രയും കണ്‍ഫ്യൂഷന്‍ നമ്മള്‍ അനുഭവിച്ചിട്ടില്ല. കാനം രാജേന്ദ്രനുമാത്രമാണ് ഇടതുമുന്നണിയില്‍ ഇക്കാര്യത്തില്‍ യാതൊരു കണ്‍ഫ്യൂഷനും ഇല്ലാത്തത്. ഡിവൈഎഫ്ഐ സിംഹവും ഇപ്പോള്‍ എംഎല്‍എയുമായ സഖാവ് എം. സ്വരാജിന്‍റെ മണ്ഡലത്തിലാണ് ഫ്ളാറ്റുള്ളത്. ഇത്രയും കാലം നടത്തിയ പ്രകൃതിസംരക്ഷണ, പാരിസ്ഥിതിക പ്രസംഗങ്ങളെല്ലാം സ്വരാജിന് പോലും വേണ്ടെന്ന് വയ്ക്കേണ്ടിവന്നസാഹചര്യമാണ് മരടിലുള്ളത്. അതിന്‍റെ ഭാഗമായിട്ടാണ് ഒഴിയാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കാന്‍ വന്ന മുനിസിപ്പാലിറ്റി സെക്രട്ടറിയോട് ഹീറോയിസം കാണിക്കാന്‍ സ്വരാജ് തയ്യാറായത്. താമസക്കാരെ സംരക്ഷിക്കല്‍ എന്ന ബാനറില്‍ വളരെ സങ്കീര്‍ണമായ ഒരു പ്രത്യേകതരം നാടകമാണ് മുന്നണിവ്യത്യാസമില്ലാതെ രാഷ്ട്രീയ നേതാക്കള്‍ ഇവിടെ കളിച്ചുകൊണ്ടിരിക്കുന്നത്. 

ഫ്ളാറ്റിന്‍റെ കാര്യം അവിടെ നിന്നാലും തൊട്ടപ്പുറത്തുള്ള പാലാരിവട്ടം പാലം ഏതായാലും പൊളിക്കാന്‍ തീരുമാനിച്ചതാണ്. പാലം പൊളിക്കുന്നതിനോട് പക്ഷേ ആര്‍ക്കും വിയോജിപ്പുകളില്ല. അല്ലെങ്കിലും അതിനി നിലനിര്‍ത്തുന്നതുകൊണ്ട് എന്ത് മെച്ചം ഉണ്ടാകാനാണ്. പൊളിക്കുക, പിന്നെ പണിയുക എതിലാണ് പുരോഗമനം നിലനില്‍ക്കുന്നത്. പുതുക്കി പണിയുന്നതിന് വേണ്ട പണം പക്ഷേ മുപ്പത് ചാക്ക് സിമന്‍റിന് പകരം മൂന്ന് ചാക്ക് ഉപയോഗിച്ചവരില്‍ നിന്നും അതിന് കൂട്ടുനിന്നവരില്‍ നിന്നും ഇടാക്കാനെങ്കിലും തീരുമാനം ഉണ്ടാകണം. ഒരു കാര്യമുണ്ട്, ഇപ്പോ ജയിലിലുള്ള പഴയ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ് അന്നത്തെ മന്ത്രി ഇബ്രാഹിം കുഞ്‍ഞിനെതിരെ മൊഴി കൊടുത്തിട്ടുണ്ട്.

പാലം പൊളിക്കുമ്പോള്‍ അത് വച്ച് തന്‍റെ ഭരണവും പൊളിയാവുമെന്ന് പിണറായി സഖാവ് കരുതുന്നുണ്ടാവും. ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണല്ലോ പാലം പണിതത്. ഉദ്ഘാടനം ചെയ്തത് മാത്രം നമ്മള്‍. അതാണ് ലൈന്‍.  ആ ഉദ്ഘാടനപരിപാടിക്ക് സത്യത്തില്‍ ആ ഉമ്മന്‍ചാണ്ടിയേയും ഇബ്രാഹിം കുഞ്ഞിനേയും വിളിക്കേണ്ടതായിരുന്നു. അതുകൊണ്ട് ഇനിവരുന്ന സര്‍ക്കാരുകള്‍ മുന്‍ സര്‍ക്കാര്‍ നിര്‍മിച്ച പാലം പോലുള്ള കാര്യങ്ങളുടെ ഉദ്ഘാടനത്തിന് അവരേയും വിളിക്കുന്നത് നന്നാവും. അതവരവരുടെ പേരില്‍ തന്നെ കിടക്കുന്നതാവും ഇനിയുള്ള കാലത്ത് നല്ലത്.

സി.പി. സുഗതന്‍ അത്ര സുപരിചിതനായിരുന്നില്ല, പിണറായി കാലത്ത് സംഭവിച്ച നവോഥാനത്തിന്‍റെ ബാക്കിയായ ചില മുഖങ്ങളില്‍ ഒന്നാണ് സുഗതന്‍. ഹിന്ദു പാര്‍ലമെ‍ന്‍റ് നേതാവാണ്. വെള്ളാപ്പള്ളി നടേശന്‍ നാലു പറഞ്ഞപ്പോഴാണ് സുഗതനെ നാലാള്‍ അറിഞ്ഞത്. അറിഞ്ഞ സ്ഥിതിക്ക് സുഗതന് തന്നക്കുറിച്ച് ഒന്നുകൂടെ വിശദമായി പറയാന്‍ ആഗ്രഹം തോന്നി. വന്നു. പറഞ്ഞു. എങ്കില്‍ ആ ബാക് ഗ്രൗണ്ട് ഹിസ്റ്ററി ഒന്നു ചിക‍ഞ്ഞുനോക്കാം. സുഗതന്‍ പൂര്‍വാശ്രമത്തില്‍ സംഘിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അല്ലത്രെ. ഹിന്ദു പാര്‍ലമെന്‍റ് എന്ന സംഘടനയില്‍ ഹിന്ദു എന്നുണ്ടെന്ന് കരുതി അതൊരു സംഘപരിവാര്‍ സംഘടന അല്ലെന്ന വലിയൊരു വെളിപ്പെടുത്തലാണ് സുഗതന് നടത്താനുള്ളത്. സി.പി. സുഗതന്‍ ഇതൊക്കെ വച്ച് ഒരു പുസ്തകം എഴുതണം. വൈ ഐ ആം നോട്ട് എ സംഘി എന്ന പേരില്‍. ഞാനെന്തുകൊണ്ട് സംഘിയല്ല. ചുരുങ്ങിയ പക്ഷം ഇവിടുത്തെ ഇടതുപക്ഷക്കാരെങ്കിലും അതെടുത്ത് വായിക്കും. ഈ ഗോള്‍ഡന്‍ ചാന്‍സ് മിസ് ചെയ്യരുത്. പിണറായി സഖാവിനൊക്കെ വല്ലാതെ ഇഷ്ടപ്പെടും. ഇതൊക്കെ കുറച്ച് നേരത്തേ തന്നെ പറയാമായിരുന്നു സുഗതന്. ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഒരു പാട്ട് കേട്ട് പിരിയാം. പാലായിലെത്തുന്നവര്‍ പാട്ടുപുസ്തകവുമായേ വരാവൂ എന്നുകൂടി ഓര്‍മിപ്പിക്കുന്നു, ഇന്നത്തെ പാട്ട് കടന്നപ്പള്ളി രാമചന്ദ്രന്‍റെ വകയാണ്. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...