മാണിസാറിനു ശേഷം ജോസ് ടോം; ജോസ് കെ മാണിയുടെ പാലായിലെ സര്‍ജിക്കല്‍ സ്ട്രൈക്ക്

thiruva
SHARE

പാലായില്‍ ഇത്രേം വലിയ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്താന്‍ ജോസ് കെ. മാണിയെ പ്രാപ്തനാക്കിയ പി.ജെ. ജോസഫിന് കൈയ്യടിച്ച് ആദരിച്ച് ആരംഭിക്കുകയാണ്, ഇന്നത്തെ തിരുവാ എതിര്‍വാ.

പാലായില്‍ മാണി സാറിന്‍റെ പിന്‍ഗാമിയെ അങ്ങനെ ‌കേരള കോണ്‍ഗ്രസ് കണ്ടെത്തിയിരിക്കുന്നു. പത്തമ്പത്തിനാലു കൊല്ലം കെ.എം മാണി ജയിക്കുകയും അതില്‍ പകുതിയോളം കാലം മന്ത്രിയൊക്കെയായി മാറിയ മണ്ഡലമാണല്ലോ ഈ പാല. ആ പാലയിലേക്ക് മാണിസാറിനു ശേഷം ആര് എന്ന വലിയ ചോദ്യത്തിന് ഇങ്ങനെയൊരു ഉത്തരം നല്‍കാന്‍ മാണിസാറിന്‍റെ മകനും എംപിയുമായ ജോസ് കെ. മാണിക്കല്ലാതെ ഈ കേരളരാഷ്ട്രീയത്തില്‍ മറ്റൊരാള്‍ക്കും സാധിക്കാനിടയില്ല. മാണിസാറിന്‍റെ മകന്‍, അല്ലെങ്കില്‍ മരുമകള്‍ നിഷ ഇവരെയല്ലാതെ മറ്റൊരാളെയും പ്രതീക്ഷിക്കാതെ യോഗത്തിനെത്തിയവരാണ് യുഡിഎഫ് നേതാക്കള്‍. ഇതിനപ്പുറം ജോസഫും പോയില്ല. കേരളത്തെ ഞെട്ടിച്ച ആ തീരുമാനം ഉരുത്തിരിഞ്ഞ യോഗത്തിലേക്ക് കടക്കാം ആദ്യം. വാശിയേറിയ പോരാട്ടം തന്നെയായിരുന്നു.

നിലവില്‍ എം.പിയായ ജോസ് കെ.മാണി തന്‍റെ പിതാവിന്‍റെ പിന്‍ഗാമിയായി പാലായില്‍ മല്‍സരിക്കണമെന്ന് ഒരു കൂട്ടര്‍. പക്ഷേ ഇനി ആകെ ഒന്നരകൊല്ലമാണ് ബാക്കിയുള്ളത്. അതിനായി എം.പി.സ്ഥാനം രാജിവച്ച് വരേണ്ട വല്ല കാര്യവുമുണ്ടോ. അപ്പോഴാണ് എന്നാ പിന്നെ നിഷ ജോസ് കെ.മാണി മല്‍സരിക്കട്ടെ എന്ന് ആ കൂട്ടരുതന്നെ പറഞ്ഞത്. ഈ കൂട്ടര്‍ക്കിടയില്‍ സ്ഥിരമായുള്ള രണ്ടുപേരാണ് ഈ ജോസ് കെ. മാണിയും നിഷയും. പിന്നെ ഒരു ഓളത്തിന് റോഷി അഗസ്റ്റിനും. ഈ രണ്ടുപേരേയും പറ്റില്ലെന്ന് പറയാനാണ് പി.ജെ. ജോസഫ് ഒരുങ്ങി വന്നത്. നിഷയ്ക്ക് ജയസാധ്യതയില്ലെന്ന പഠനറിപ്പോര്‍ട്ട് ജോസഫ് വിഭാഗം നേരത്തെ തന്നെ തയ്യാറാക്കി ഫയലില്‍ സൂക്ഷിച്ചിരുന്നു.

പക്ഷേ പ്രഖ്യാപനമായാല്‍ ഇങ്ങനെ തന്നെ വേണം. സ്ഥാനാര്‍ഥിയെ കുറിച്ച് നിഷ ജോസ് കെ. മാണി തന്നെ നേരത്തെ ഒരു ചിത്രം തന്നതാണ്. ആ സൂചനകള്‍ വച്ച് പലരും പലതും മറിച്ചും തിരിച്ചും ചിന്തിച്ചു നോക്കി. സ്മാര്‍ട്ടായ, യങ്ങായ കേരള കോണ്‍ഗ്രസ് കാരന്‍ നിലവില്‍ ജോസ്. കെ. മാണിയല്ലാതെ മറ്റാരും ഇല്ലെന്നാണല്ലോ വയ്പ്. പക്ഷേ ആ സൂചനകളെല്ലാം ജോസ് ടോം എന്ന ആളെക്കുറിച്ചായിരുന്നെന്ന് സാക്ഷാല്‍ ജോസ് ടോം പോലും സ്വപ്നത്തിലെങ്കില്‍ വിചാരിച്ചിട്ടേ ഉണ്ടാവില്ല.

ജോസ് ടോമിനും പിന്നെ ജോസ് കെ. മാണിയും ഒഴിച്ചുള്ള കേരള കോണ്‍ഗ്രസിന് തന്നെ ആ പേരത്രെ സുപരിചതമൊന്നും അല്ല. സ്ഥാനാര്‍ഥിക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടാക്കാന്‍ പോയ പ്രതിപക്ഷ സിംഹം രമേശ് ചെന്നിത്തലയ്ക്ക് പോലും പേരുമാറിപ്പോയത് അതുകൊണ്ടാണ്.  ചെന്നിത്തല ആയതുകൊണ്ട് ഇക്കാര്യത്തില്‍ നമുക്ക് ക്ഷമിക്കാവുന്നതാണ്. 

പ്രചാരണ പരിപാടികളിലൊക്കെ പോയി പ്രസംഗിക്കേണ്ട ആളാണ്. പേര് മറക്കാതെ നോക്കണം. ചുമ്മാ ആ പാലാക്കാര്‍ക്കെങ്കിലും കണ്‍ഫ്യൂഷണനുണ്ടാക്കിക്കൊടുക്കരുത്. 

ജോസ് ടോം ഒരു മാണിസാര്‍ കണ്ടുപിടിത്തമെന്നാണല്ലോ ജോസ് മോന്‍ തന്നെ പറയുന്നത്. 8ാം ക്ലാസ്സില്‍ പഠിക്കുന്ന ജോസ് ടോമിലെ രാഷ്ട്രീയക്കാരനെ അന്ന് കെ.എം. മാണി കണ്ടെത്തിയതിനേക്കാള്‍ വലിയ കണ്ടുപിടിത്തം പക്ഷേ ഇപ്പോ ജോസ് കെ.മാണി സ്ഥാനാര്‍ഥിയായി ജോസ് ടോമിനെ കണ്ടെത്തിയ കണ്ടെത്തല്‍ തന്നെയാണ്. അതറിയണമെങ്കില്‍ പി.ജെ. ജോസഫിന്‍റെ മുഖത്തേക്ക് നോക്കിയാല്‍ മതി. ആ മുഖം പറയുന്നുണ്ട് എല്ലാം. 

ഇനി രണ്ടിലയുടെ കാര്യത്തില്‍ വല്ല തീരുമാനവും ആവുമോന്ന് നോക്കാം. അതിലൊന്നും വലിയ കാര്യമില്ലെന്നാണ് ജോസിന്‍റെ വിചാരം. ആ ഇലകിട്ടാതെ മല്‍സരിക്കുന്നതില്‍ ജോസഫിനൊരു സന്തോഷമുണ്ടാവുമെങ്കില്‍ ഉണ്ടായിക്കോട്ടെ എന്നു കരുതിക്കാണും. പാലായില്‍ പാലം വലിച്ചാലും ജോസഫിന് ജോസിനെ വല്ലാതെ വീഴ്ത്താനൊന്നും ഒക്കില്ലെന്ന് ജോസിനും ജോസഫിനും നല്ല ധാരണയുണ്ട്.

രാജ്യത്തിന്‍റെ ആഭ്യന്തരോല്‍പാദനം നല്ല വളര്‍ച്ചയിലാണ്. പടവലങ്ങ പോലെയാണെന്ന് മാത്രം. പ്രധാനമന്ത്രി മോദി ധനകാര്യമന്ത്രി നിര്‍മലാ സീതാറാമിനെ വിളിച്ച് കണ്ണുരുട്ടിയെങ്കിലും രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ നിലവിളിച്ചുകൊണ്ടിരിക്കുകയാണ്. പോയ കൊല്ലം ആദ്യപാദത്തില്‍ 8 ശതമാനമുണ്ടായിരുന്നത് ഇപ്പോള്‍ അഞ്ചായിട്ടുണ്ടത്രെ. ഇനി എട്ടാണോ അഞ്ചാണോ വലുതെന്ന് ചോദിച്ചാല്‍ അത് ആരുടെ എട്ട് ആരുടെ അഞ്ച് എന്നതിനെ ആശ്രയിച്ചിരിക്കും. പുതിയ മാത്തമാറ്റിക്സ് വരെ ഉണ്ടാക്കുന്ന ടീംസാണ് ഈ ബിജെപിക്കാര്‍. അതുകൊണ്ട് അഞ്ച്, എട്ടിനേക്കാള്‍ വലുതാവുന്ന ദേശസ്നേഹാധിഷ്ഠിതമായ ഒരു പ്രത്യേക ചരിത്രമുഹൂര്‍ത്തത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. അപ്പോഴാണ് വിദ്യാഭ്യാസം കൊണ്ടും ബുദ്ധികൊണ്ടും കണക്ക് നന്നായി അറിയാവുന്ന മന്‍മോഹന്‍ സിങ് തനിക്ക് പറയാനുള്ളത് പറയാന്‍ പ്രത്യക്ഷപ്പെട്ടത്.  അതായത് സാമ്പത്തിക രംഗം കുളം തോണ്ടിക്കൊണ്ടിരിക്കുകയാണെന്ന് സാരം. 

പേടിക്കേണ്ട കാര്യമൊന്നും ഇല്ല. രാജ്യസ്നേഹികള്‍ വിഷമിക്കുകയും വേണ്ട. ഇതിനൊക്കെ പരിഹാരമായി രാജ്യത്ത് പുതിയൊരു പരിപാടി ആരംഭിച്ചിട്ടുണ്ട്. ആഭ്യന്തര അഭയാര്‍ഥി ഉല്‍പാദനം. അഭയാര്‍ഥികളുടെ എണ്ണം കൂട്ടും. അസമില്‍ പട്ടികയായിട്ടുണ്ട്. 19 ലക്ഷത്തിലധികം വരും. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും തെലങ്കാനയിലും ബംഗാളിലുമൊക്കെ ഇത്തരത്തില്‍ പട്ടിയുണ്ടാക്കാന്‍ മുറവിളി വന്നിട്ടുണ്ട്. അങ്ങനെ അവിടെയൊക്കെ പട്ടികയുണ്ടാക്കി അഭയാര്‍ഥികളെ ഉല്‍പാദിപ്പിക്കും. അസമില്‍ 1220 കോടി രൂപയാണ് ഇതിനായി ചിലവഴിച്ചത്. ഇതുപോലെ മറ്റിടങ്ങളിലും ചെലവഴിക്കുമ്പോ പണം വിപണിയിലേക്കൊഴുകും. ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിക്കും. പോരാത്തതിന് ഈ അഭയാര്‍ഥികളെ തടവില്‍ പാര്‍പ്പിക്കാന്‍ തടവറകളുണ്ടാക്കണം. അതിന് കല്ലും മണ്ണും സിമന്‍റും കമ്പിയും ഒക്കെ വേണം. തൊഴിലാളികളേയും. അങ്ങനെ തൊഴിലും കൂടും, നിര്‍മാണമേഖല സജീവമാവുകയും ചെയ്യും. ഇതാണ് ജിഡിപി കൂട്ടാനുള്ള മോദിസര്‍ക്കാരിന്‍റെ പുതിയ ഐഡിയ.

ശശി തരൂരിനോട് കെ. മുരളീധരന് എന്തോ പകയുണ്ട്. തരൂര്‍ ഒന്ന് സൂക്ഷിക്കണം. മറുപടി കത്തിലൂടെ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെകൊണ്ട് തൃപ്തികരം എന്ന് പറയിപ്പിക്കാന്‍ പറ്റിയെങ്കിലും മുരളീധരന്‍ പിന്നേയും പറഞ്ഞോണ്ടിരിക്കുകയാണ്. ചാപ്റ്റര്‍ ക്ലോസ്ഡ് എന്ന് മുല്ലപ്പള്ളി പറഞ്ഞിട്ടും മുരളി അതേ ചാപ്റ്റര്‍ തുറക്കുന്നതിലും ഉറക്കെ വായിക്കുന്നതിലും കുഴപ്പമൊന്നും ഇല്ല. പക്ഷേ തരൂര്‍ ബെര്‍ണാഡ് ഷ്വായെ ഒക്കെ കൂട്ടുപിടിച്ച് പോസ്റ്റര്‍ ഇറക്കിക്കളയും എന്നതാണ് പ്രശ്നം.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...