ഒറ്റപ്പെട്ട വീഴ്ചകളുമായി കേരള പൊലീസ് മുന്നോട്ട്

thiruva29
SHARE

കൊച്ചിയില്‍ ഡിഐജി ഓഫീസിലേക്ക് നടത്തിയ സിപിഐ പ്രകടനവും തുടര്‍ന്ന് ആ പ്രകടനത്തിനുനേരെ പൊലീസ് നടത്തിയ പ്രകടനവും നാട്ടില്‍ ചര്‍ച്ചാ വിഷയമായിട്ട് ദിവസങ്ങളായി. അടി കിട്ടിയ എല്‍ദോയ്ക്ക് അത് തെളിയിക്കാന്‍ ഒരു എംഎല്‍എമാരും സഞ്ചരിക്കാത്ത പാതയിലൂടെ സഞ്ചരിക്കേണ്ടിവന്നു.

സിപിഐ പ്രതിനിധിയായതാണ് എല്‍ദോക്ക് വിനയായത്. വിഷയം എല്‍ഡിഎഫിനെ സാരമായി ബാധിക്കുമെന്നൊക്കെയാണ് എല്ലാവരും ആദ്യം കരുതിയത്. പക്ഷേ കാണാനായത് ആഭ്യന്തരവകുപ്പിന്‍റെ ആ പ്രകടനം സിപിഐയുടെ ആഭ്യന്തര പ്രശ്നമായി മാറുന്നതാണ്.

സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി രാജു കാനത്തിന്‍റെ എതിര്‍ചേരിയാണ്. എന്നുവച്ചാല്‍ ഇസ്മായില്‍ അനുഭാവി. വലതുപക്ഷമാണെങ്കില്‍ നമുക്ക് കാനം ഗ്രൂപ്പ് ഇസ്മയില്‍ ഗ്രൂപ്പ് എന്നൊക്കെ പറയാം. പക്ഷേ ഇടതുപക്ഷത്ത് എല്ലാം പക്ഷമാണ്. കാനം പക്ഷം ഇസ്മയില്‍ പക്ഷം എന്നൊക്കെയാണ് വിളിക്കേണ്ടത്. ഇടതുസര്‍ക്കാരിന്‍റെ പൊലീസിനെതിരെ പ്രകടനം നടത്തിയ രാജു പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു പോകേണ്ടതായിരുന്നു. പക്ഷേ കാനത്തിനോട് അടുപ്പമുള്ള എല്‍ദോ എംഎല്‍എക്ക് അടി വീണതോടെ സംഗതി ആകെ ജോറായി. പെട്ടുപോയത് എല്‍ദോയാണ്. അടി കൊണ്ടെന്നും അടിയില്‍ കാര്യമായി കിട്ടിയെന്നും തെളിയിക്കേണ്ട അതി ദയനീയ അവസ്ഥയിലാണ് കക്ഷി.

ജില്ലാ കലക്ടര്‍ക്കരുകില്‍ തന്‍റെ കൈയ്യും കൈയ്യുടെ സ്കാന്‍ റിപ്പോര്‍ട്ടും ഹാജരാക്കി എല്ല് ദോ ആയ വിവരം തെളിയിച്ച് എംഎല്‍എ അഗ്നിശുദ്ധി വരുത്തി. കലക്ടറുടെ റിപ്പോര്‍ട്ട് വന്നുകഴിഞ്ഞാലുടന്‍ നടപടിയെന്ന് മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് ഉയര്‍ത്തിക്കാട്ടിയാണ് ഇത്രയും ദിവസം പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന്‍ രക്ഷപെട്ടുനിന്നത്. വയ്യാത്ത കൈയ്യും വച്ച് മൂന്ന് ആശുപത്രികളാണ് എല്‍ദോ കയറിയിറങ്ങിയത്. എന്നിട്ടും കേരള പൊലീസ് എംഎല്‍എയെ വിശ്വസിച്ചില്ല. ജനയുഗം ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രം മോര്‍ഫിങ്ങാണെന്നായിരുന്നു പൊലീസ് ഭാഷ്യം. ദേശാഭിമാനിക്കാരെങ്ങാണും പിടിച്ച പടമായിരുന്നെങ്കില്‍ എല്‍ദോയ്ക്ക് സത്യം തെളിയിക്കാന്‍ ഇത്രക്ക് ബുദ്ധിമുട്ടേണ്ടി വരില്ലായിരുന്നു.

നാട്ടുകാരുടെ വിചാരം കാനം രാജേന്ദ്രന്‍ രാവിലെ എഴുന്നേല്‍ക്കുന്നതു തന്നെ പിണറായി വിജയനെ കുറ്റം പറയാനാണ് എന്നാണ്. ആ ശീലം അല്ലെങ്കില്‍ ദുശീലം കാനം ഉപേക്ഷിച്ചുവെന്ന് തിരിച്ചറിയാന്‍ വൈകിയതുകൊണ്ടാണ് പൊലീസ് ലാത്തിച്ചാര്‍ജ് വിഷയത്തിലും പലരും പലതും പ്രതീക്ഷിച്ചത്. 

കിട്ടിയ അവസരത്തില്‍ കാനത്തിനെതിരെ പോസ്റ്ററുമായി ചില വിരുതന്മാര്‍ ആലപ്പുഴയില്‍ ഇറങ്ങി. സിസിടിവി ക്യാമറകള്‍ക്ക് പക്ഷ വ്യത്യാസമില്ലാത്തതിനാല്‍ പോസ്റ്ററൊട്ടിച്ചവര്‍ തല്‍സമയം അതില്‍ പതിഞ്ഞു. ടെക്നോളജിയുടെ സഹായത്തോടെ പാര്‍ട്ടി അവരെ പുറത്താക്കി. ഇത്രയും ഉത്തരവാദിത്തം പാര്‍ട്ടിയുടെ പോസ്റ്റര്‍ പതിക്കാന്‍ കാണിച്ചിരുന്നെങ്കില്‍ സിപിഎമ്മിനൊപ്പം സിപിഐ വളരുകയെങ്കിലും ചെയ്തേനേ.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...