പണി ഒന്നും നടക്കാത്ത 'നവകേരളം'

thiruva-ethirva3
SHARE

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേല്‍ക്കും മുമ്പേ തന്ന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു നവകേരളം. അധികാരം കിട്ടിയതുമുതല്‍ നവകേരള നിര്‍മാണമായിരുന്നു. നിര്‍മാണത്തിലെ അപാകത പണ്ടേ വന്നതാണെന്നും മാറിമാറി ഭരിച്ച ഇടതുവലതന്‍മാരൊക്കെ നവീകരിച്ച് നവീകരിച്ച് കേരളത്തിന്‍റെ പ്രകൃതിയെ ഒരുവഴിക്കാക്കിയിട്ടുണ്ടെന്നും അറിയാന്‍ പാടില്ലാത്തതുകൊണ്ടൊന്നും അല്ലായിരുന്നു. എന്നിരുന്നാലും പുതിയൊരു കേരളം പിണറായി സ്വപ്നം കണ്ടിരുന്നു. എല്ലാം ശരിയായ കേരളം. അതിനുമാത്രം ശരിയില്ലായ്മ ഈ നാട്ടിലുണ്ടെന്ന് നമ്മളെ ഓര്‍മിപ്പിച്ചതും ഈ സര്‍ക്കാരാണ്. എന്തൊ, ഇതൊക്കെ കണ്ടിട്ടാവണം പ്രളയം വന്നത്. മൊത്തത്തില്‍ അങ്ങട്ട് ശരിയാക്കി കൊടുത്തു. കയ്യേറി ഇല്ലാതായ പുഴകള്‍ വരെ തങ്ങളുടെ വഴികള്‍ തിരിച്ചുപിടിച്ചു. എന്നാല്‍ സകലതും നഷ്ടപ്പെട്ടവരെ തിരിച്ച് പുതിയൊരു ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള റീ ബില്‍ഡ് കേരള പദ്ധതി, അതായത് കേരള പുനര്‍നിര്‍മാണ പ്രക്രിയ ആരംഭിച്ചിട്ട് വര്‍ഷം ഒന്നാവുന്നു. പക്ഷേ പണിയൊന്നും നടക്കുന്നില്ല. പ്രതിപക്ഷ നിരയില്‍ വി.ഡി.സതീശനാണെങ്കില്‍ ഇത് സഹിക്കാനേ പറ്റാത്ത ആളാണ്. അതുകൊണ്ട് സഭയില്‍ ചര്‍ച്ച ചെയ്യണമെന്നൊരു ആഗ്രഹം പ്രകടിപ്പിച്ചു.

ഒച്ച് മാനനഷ്ടത്തിന് കേസ് കൊടുക്കാതിരുന്നാല്‍ കൊള്ളാം. അതുപോട്ടെ. കാര്യം അതല്ല. പ്രളയം വന്നുകഴിഞ്ഞപ്പോള്‍ എന്നാ പിന്നെ പിണറായി വിജയന്‍ പുനര്‍നിര്‍മിച്ച ഒരു കേരളം എന്ന ബ്രാന്‍ഡില്‍ നാടിനെ പുനരവതരിപ്പിക്കാമെന്നൊക്കെയാണ് ശിങ്കിടികള്‍ ഉപദേശിച്ചത്. കേരളത്തെ സിംഗപ്പൂരാക്കാനായിരുന്നു പ്ലാന്‍. കുറെ നശിച്ചു. ഏതാണ്ട് പത്തുമുപ്പതിനായിരം കോടി രൂപയുടെ നഷ്ടം. ഒന്നാം മോദി സര്‍ക്കാര്‍ പറ്റാവുന്ന രീതിയിലൊക്കെ പണി കൊടുത്തതാണ്. അങ്ങനെ സ്വന്തം നിലയ്ക്കും അല്ലാതെയും സഹായം ചോദിച്ചും സന്‍മനസുള്ള മലയാളികൂട്ടങ്ങളെക്കൊണ്ടുമൊക്കെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാശൊക്കെ അത്യാവശ്യത്തിന് വന്നുകൊണ്ടിരുന്നു. ഇതിനിടെയിലാണ് ശബരിമല യുവതീപ്രവേശത്തില്‍ സുപ്രീം കോടതിയുടെ വിധി വരുന്നത്. എപ്പോ പിന്നെ പുനര്‍നിര്‍മാണ നായകനില്‍ നിന്ന് നവോത്ഥാന നായകനാകാനുള്ള ഒരു സാധ്യത ആരോ ഉപദേശിച്ചു. അതോടെ പുനര്‍നിര്‍മാണം വിട്ടു. നവോത്ഥാനം വന്നതുമില്ല.

നവോത്ഥാനം വന്നില്ലെന്ന് മാത്രമല്ല ഇപ്പോഴൊന്നും ഈ അടുത്തകാലത്തൊന്നും ഇങ്ങനെയൊരു നവോത്ഥാനം വേണ്ടെന്നാണ് ജനം പറഞ്ഞത്. അതുകൊണ്ട് പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ തോറ്റു. അപ്പോഴാണ് റീബില്‍ഡ് കേരളയെക്കുറിച്ചൊക്കെ പൊടിതട്ടിയെടുത്ത് ആലോചിച്ചു തുടങ്ങിയത്. ഇത്രേം കാലം ഉദ്യോഗസ്ഥരുടെ എന്തൊ പരിപാടിയായിരുന്നു അത്. പക്ഷേ കണക്കുചോദിച്ചാല്‍ പറയാന്‍ വേറെ കണക്കൊക്കെ സതീശന്‍റെ കൈയ്യിലുണ്ടായിരുന്നു.

കൃഷിനാശം, തീരദേശത്തെ നഷ്ടം. പ്രശ്നം തുടരുകയാണല്ലോ. കൃഷി മന്ത്രി വി.എസ്. സുനില്‍കുമാറിനേയും ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയേയും സതീശന്‍ മാര്‍ക്ക് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി ഒറ്റയ്ക്കല്ല. കൂട്ടിനാളുണ്ട്.

ഇമോഷണലായിപ്പോവുന്നത് തെറ്റൊന്നും അല്ല. പക്ഷേ ശപിക്കുന്ന അവസ്ഥയിലേക്ക് ഇമോഷണലാവുകയാണെങ്കില്‍ സൂക്ഷിക്കണം. നിസ്സഹായാവസ്ഥയുടെ പരമ്പരാഗതമായ ഒരു ബൈപ്രോഡക്ട് എന്ന നിലയിലല്ലാതെ ശാപം കൊണ്ട് വല്യകാര്യമൊന്നും ഈ നാട്ടിലുണ്ടാവാറില്ല. ഒരു സമാധാനത്തിന്, തികച്ചും വ്യക്തിപരമായ സമാധാനത്തിന് വേണ്ടി പറ‍്ഞ് സ്വയം ആശ്വസിക്കാമെന്നേയുള്ളു. ഇക്കാര്യത്തില്‍ സതീശന്‍ കുറച്ചൂടെ ശ്രദ്ധിക്കണം.

ഒരു ചര്‍ച്ചയെ അത് കൈകാര്യം ചെയ്യുന്ന ഒരു വിഷയത്തെ ഏറ്റവും ലാഘവമായി കണ്ട് പരിഹാസമാണ് നിങ്ങള്‍ക്ക് കിട്ടുന്ന മറുപടിയെങ്കില്‍ അതിനനര്‍ഥം മറുപക്ഷം ഒളിച്ചോടുകയാണ് എന്നതാണ്. രണ്ടു സമയങ്ങളിലാണ് ഒരാള്‍ നിങ്ങളുടെ വാദങ്ങളെ പരിഹസിക്കുന്നത്. ഒന്ന് കൃത്യമായ മറുപടി ചോദ്യങ്ങള്‍ക്കില്ലാത്ത നേരത്ത്. രണ്ട് ഉള്ളിലെ കള്ളത്തരം ഒളിപ്പിക്കാന്‍. ഇതിലേതാണെന്ന് ജനം വിലയിരുത്തട്ടെ. ജനത്തിന്‍റെ കാര്യമാണ്, ഫാന്‍സിന്‍റെ കാര്യമല്ലെന്ന് പ്രത്യേകം ഓര്‍മിപ്പിക്കുന്നു. 

പക്ഷേ ഒന്നുണ്ട്. ഈ മാധ്യമങ്ങളൊക്കെ സര്‍ക്കാരിന്‍റെ അന്ത്യം കാണാന്‍ ആഗ്രഹിക്കുന്നവരാണല്ലോ. മാത്രമല്ല പ്രതിപക്ഷവുമായി അവിശുദ്ധ കൂട്ടുകെട്ടുമുണ്ട്. വിജയേട്ടനാണ് ശരി. വിജയേട്ടന്‍ മാത്രം. അതുകൊണ്ട് ഒരിടവേള എടുക്കുന്നു. ദേശീയ മുസ്ലിം എ.പി.അബ്ദുല്ലക്കുട്ടി മൈക്കുമായി തയ്യാറായിരിപ്പുണ്ട്. ഉടനെ വരും.

എ.പി. അബ്ദുല്ലക്കുട്ടി ഇനി വെറും അബ്ദുല്ലക്കുട്ടി അല്ല. അബ്ദുല്ലക്കുട്ടി എന്നു പറഞ്ഞാലുടന്‍ അല്ലെങ്കില്‍ എഴുതിയാലുടന്‍ ബ്രാക്കറ്റില്‍ മെയ്ഡ് ഇന്‍ ഇന്ത്യ എന്ന് പ്രത്യേകം പറയണം. ബിജെപിയില്‍ ചേര്‍ന്ന ശേഷമാണ് ഈയൊരു പദവി തനിക്ക് കിട്ടിയെന്ന് അബ്ദുല്ലകുട്ടി സ്വയം കണ്ടെത്തിയത്. എന്തിനാണ് അബ്ദുല്ലക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു എന്ന ചോദ്യത്തിനുള്ള വിശദീകരണമാണ് അദ്ദേഹം ആദ്യം നല്‍കാന്‍ പോകുന്നത്. അബ്ദുല്ലക്കുട്ടീ...സോറി ദേശീയ മുസ്ലിം അബ്ദുല്ലക്കുട്ടി റെഡി. അപ്പോ തുടങ്ങാം. സ്റ്റാര്‍ട്ട്.

പാര്‍ട്ടി മാറുന്നതിനെ ഇത്ര താത്വികമായി അവലോകനം ചെയ്യാന്‍ ഇത് സിപിഎമ്മിലേക്കൊന്നും അല്ലല്ലോ പോയത്. മാത്രവുമല്ല സിപിഎം പുറത്താക്കിയപ്പോള്‍ കോണ്‍ഗ്രസിലേക്കും കോണ്‍ഗ്രസ് പുറത്താക്കിയപ്പോള്‍ ബിജെപിയിലേക്കും പോയ പോക്കല്ലേ. അതിനെ വളരെ സിംപിളായി പറഞ്ഞാലെന്താ. ഒറു പാര്‍ട്ടി പുറത്താക്കി അപ്പോള്‍ വേറൊരു പാര്‍ട്ടിയില്‍ ചേര്‍ന്നു. പാര്‍ട്ടിയില്ലാതെ എനിക്കെന്താഘോഷം എന്ന് പച്ചമലയാളത്തില്‍ പറഞ്ഞാ പോരേ.

ഇതിപ്പോ ഇങ്ങനെയാണെങ്കില്‍ അതായത് ബിജെപിയില്‍ ചേര്‍ന്ന് ദേശീയ മുസ്ലിം ആയ അബ്ദുല്ലക്കുട്ടി ഇനി പെട്ടെന്നെങ്ങാനും ഇന്‍റര്‍നാഷണല്‍ മുസ്ലിം ആവണമെന്ന് തോന്നി വല്ല റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ചേരുമോ എന്നാണ് പേടി. പക്ഷേ അത് നല്ലൊരു ചോയ്സ് ആണ്. അങ്ങനെയായാല്‍ ഡൊണാള്‍ഡ് ട്രെംപിനേയും അമേരിക്കന്‍ ഭരണകൂടത്തേയും ഭയക്കുന്ന ആഗോള മുസ്ലിംങ്ങള്‍ക്കിടയില്‍ ആ പേടി മാറ്റാന്‍ അബ്ദുല്ലക്കുട്ടിക്ക് പലതും ചെയ്യാന്‍ സാധിക്കും. പക്ഷേ ഇപ്പോ പോവണ്ട. ഇന്ത്യയെ നമുക്കൊരുവഴിക്കാക്കണം. അതുകഴിഞ്ഞ് മതി.

ഗൗരിയമ്മയെയൊക്കെ തന്നോട് തന്നെ താരതമ്യം ചെയ്യാന്‍ മാത്രം അബ്ദുല്ലക്കുട്ടിയ്ക്ക് പറ്റുന്നുണ്ട് എന്നതുതന്നെയാണ് ബിജെപിയിലേക്ക് പോകാനുള്ള അടിസ്ഥാന യോഗ്യത. ഇങ്ങനെ കടലിനേയും കടലാടിയേയും ഒരേ നുകത്തില്‍ കെട്ടാന്‍ കഴിയുന്നവരാണല്ലോ അവിടെ ഏറിയ ആളുകളും. ചരിത്രത്തെ വരെ അങ്ങനെയാണ് അവര്‍ വിശദീകരിക്കാറ്. ഈ കണക്കിന് ഇ.എം.എസിനെവരെ തന്നോട് ചേര്‍ത്ത് വയ്ക്കാന്‍ അബ്ദുല്ലക്കുട്ടിക്ക് പറ്റുന്നതില്‍ ഒട്ടും അത്ഭുതകാണേണ്ടതില്ല. കുട്ടിയെ ഒരു അത്ഭുതകുട്ടിയെന്ന് ആരോ പണ്ട് വിളിച്ചതാണ്.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...