നാട്ടുകാരും വീട്ടുകാരും നിർബന്ധിച്ചെന്ന് തള്ള്; ഇരുട്ടിവെളുത്തപ്പോൾ ബിജെപിയില്‍

abdullakkutty-bjp-26
SHARE

ബിജെപിയിലേക്കാണോ എന്ന് ഇന്നലെ ചോദിച്ചപ്പോള്‍ തീരുമാനമെടുത്തില്ല എന്നായിരുന്നു അബ്ദുല്ലക്കുട്ടിയുടെ മറുപടി. അബ്ദുല്ലക്കുട്ടിയൊഴികെ എല്ലാവരും ഇതുകേട്ട് മനസില്‍ ചിരിച്ചു.  ഒരു രാത്രി ഇരുട്ടിവെളുത്തപ്പോള്‍ തീരുമാനത്തിന്‍റെ കാര്യത്തില്‍ ഒരു തീരുമാനമായി. നാട്ടുകാരും വീട്ടുകാരും നിര്‍ബന്ധിച്ചതുകൊണ്ടാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്ന മഹാ തള്ളുമായാണ് തുടക്കം. തള്ളുകാര്‍ ബിജെപിയില്‍ ചേരുന്നതാണോ അതോ ബിജെപി മെമ്പര്‍ഷിപ്പ് കിട്ടുമ്പോള്‍ തള്ളുകാരാകുന്നതാണോയെന്നത് അല്‍പ്പം വിശദമായ പഠനം ആവശ്യമുള്ള വിഷയമാണ്. 

സിപിഎം പുറത്താക്കിയപ്പോള്‍ മഹാത്മാഗാന്ധിയാണ് തന്‍റെ വഴികാട്ടിയെന്ന് മനസില്‍ പറഞ്ഞാണ് കുട്ടി കോണ്‍ഗ്രസില്‍ ചേര്‍ന്ന് ഖദര്‍ ഇട്ടത്. എന്നാല്‍ ലോക്സഭയും നിയമസഭയും ഇനി കിട്ടപ്പോരില്ലാത്ത മരീചികയാണെന്ന് പത്തുകൊല്ലംകൊണ്ട് തിരിച്ചറിഞ്ഞപ്പോള്‍ മറ്റൊരു തിരിച്ചറിവുകൂടി അബ്ദുല്ലക്കുട്ടിക്കുണ്ടായി. ഗാന്ധിയല്ല മോദിയാണത്രേ ശരിക്കും മഹാന്‍. അപ്പോള്‍തന്നെ ഫേസ്ബുക്കില്‍ സംഗതി പോസ്റ്റാക്കുകയും ലോഗൗട്ട് ചെയ്യും മുന്നേ കോണ്‍ഗ്രസ് ഗറ്റൗട്ട് അടിക്കുകയും ചെയ്തു. അതിനു ശേഷമാണ് സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കാതെയുള്ള പുതിയ അംഗത്വം. കേരളത്തിലെ ഒരു സാധാരണ മുസ്ലിം സഹോദരന്‍ ദേശീയ മുസ്ലീമായ കഥ. 

ട്രോളുകളെ ഇഷ്ടപ്പെടുക എന്നതാണ് അബ്ദുല്ലക്കുട്ടിക്ക് ചെയ്യാവുന്ന ഏറ്റവും എളുപ്പമുള്ള മാര്‍ഗം. അല്ലെങ്കില്‍ ചിലപ്പോള്‍ ചിരിക്കാന്‍ സമയം കിട്ടിയില്ലെന്നുവരും. ദേശീയ കഥകള്‍ മാറ്റിവച്ച് നമുക്കിനി നിയമസഭയിലേക്കുപോകാം. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിയെ കാണാതായിട്ട് ദിവസങ്ങളായി. എന്നിട്ടും പിണറായിയുടെ പൊലീസിന് തുമ്പോ തുമ്പിയോ ഉണ്ടാക്കാനായില്ല. അവര്‍ക്ക് സമയമില്ലാത്തതിനെ അങ്ങനങ്ങ് കുറ്റപ്പെടുത്താനുമാവില്ല.

ഉരുട്ടല്‍ ഗരുഡന്‍ തൂട്ടം തുടങ്ങിയ കലാപരിപാടികളുമായി അവര്‍ തിരക്കിലാണ്. പീരുമേട് നെടുങ്കണ്ടം തുടങ്ങിയ കിഴക്കന്‍ മേഖലയില്‍ പൊതുവേ തണുപ്പാണെങ്കിലും അവിടുത്തെ പൊലീസ് സ്റ്റേഷനുകള്‍ ആകെ ചൂടിലാണുള്ളതെന്നാണ് ഇപ്പോള്‍ വെളിവാകുന്നത്. പിണറായിപ്പോലീസിന്‍റെ വണ്ടിയുള്ളപ്പോള്‍ സംസ്ഥാനത്ത് വേറെ ആംബുലന്‍സിന്‍റെ ആവശ്യമില്ലെന്നാണ് പിടി തോമസ് പറയുന്നത്. കിഴക്കിന്‍റെ ചൂടും ചൂരും നന്നായറിയാവുന്നവനാണ് പിടി. അത് മറക്കരുത്. ഇന്ന് ഈ വിഷയം അടിയന്തര പ്രമേയമായി വന്നതാണ് പിണറായിയുടെ ഭാഗ്യം. അടിയന്തരാവസ്ഥ ഒരാളെ രക്ഷിക്കുന്നത് കാണാനും അതിലൂടെ നമുക്കായി. 

തോമസ് ഐസക് ബഷീറിനെ വായിക്കുമ്പോള്‍ കിട്ടുന്നത് ധനതത്വ ശാസ്ത്രമാണെങ്കില്‍ ചെന്നിത്തലക്ക് കിട്ടാറുള്ളത് ബഷീറിന്‍റെ തലപ്പാവിനുള്ളില്‍ നിന്ന് കെട്ടുബീഡി തട്ടിയെടുക്കുന്ന പൊലീസുകാരെയാണ്. 

ഈ ചെന്നിത്തലക്ക് മലയാള സാഹിത്യത്തില്‍ മാത്രമല്ല അറിവിന്‍റെ ആഴം. സാങ്കേതിക പരിഞ്ജാന്തിന്‍റെ കാര്യത്തിലും കക്ഷി ചാണക്യനാണ്. ഞാന്‍ കണ്ട അമേരിക്ക എന്ന പുസ്തകം ഉടന്‍ കെപിസിസി പുറത്തിറക്കുന്നതായിരിക്കും. ചെന്നിത്തല ചിലത് പറഞ്ഞുവരുമ്പോള്‍ അത് പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാതെ മുങ്ങി നടക്കുന്ന രാഹുല്‍ ഗാന്ധിയെപ്പറ്റിയാണോ എന്ന് ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ അതില്‍ കമ്മിറ്റിക്ക് ഉത്തരവാദിത്തമുണ്ടായിരിക്കുന്നതല്ല

MORE IN THIRUVA ETHIRVA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...